Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ് മോർട്ടം റിപ്പോർട്ട്; ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നശേഷം അന്തിമ തീരുമാനം; പരിശോധനയ്ക്കായി വിദഗ്ധ ബോർഡ് രൂപീകരിക്കാൻ തീരുമാനം; മെഡിക്കൽ ബോർഡിന്റെ തീരുമാനം തേടാൻ അന്വേഷണ സംഘം; കേസിൽ അറസ്റ്റിലായ എഎസ്‌ഐ ഉൾപ്പെടെ ജാമ്യം നേടി പുറത്ത്; കൊലപാതകം പുനരാവിഷ്‌കരിക്കാൻ അന്വേഷണ സംഘം

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ് മോർട്ടം റിപ്പോർട്ട്; ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നശേഷം അന്തിമ തീരുമാനം; പരിശോധനയ്ക്കായി വിദഗ്ധ ബോർഡ് രൂപീകരിക്കാൻ തീരുമാനം; മെഡിക്കൽ ബോർഡിന്റെ തീരുമാനം തേടാൻ അന്വേഷണ സംഘം; കേസിൽ അറസ്റ്റിലായ എഎസ്‌ഐ ഉൾപ്പെടെ ജാമ്യം നേടി പുറത്ത്; കൊലപാതകം പുനരാവിഷ്‌കരിക്കാൻ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദുരഭിമാനക്കൊലയുടെ ഇരയായി കൊലചെയ്യപ്പെട്ട കെവിൻ എന്ന ചെറുപ്പക്കാരൻ മരിച്ചത് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തപ്പെടുമോ എന്ന ആശങ്കയും സജീവമായി. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച വന്നു എന്ന് കെവിന്റെ കൂടെ തട്ടിക്കൊണ്ടുപോകപ്പെട്ട ബന്ധുവിന്റെ ഉൾപ്പെടെ മൊഴികൾ പുറത്തുവന്നിരുന്നു.

കെവിനെ ബോധരഹിതനായ നിലയിൽ റോഡിൽ കിടത്തിയിരുന്നതായി കണ്ടുവെന്നും ബന്ധു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കെവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ വിശകലനം വേണ്ടിവരുമെന്ന നിലയിലേക്കാണ് കേസ് നീങ്ങുന്നത്. അതേസമയം, സംഭവം മൊഴികളുടേയും സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും അടിസ്ഥാനത്തിൽ പുനരാവിഷ്‌കരിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായും വിവരങ്ങൾ പുറത്തുവരുന്നു.

കെവിന്റെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷമേ എങ്ങനെ കൊല്ലപ്പെട്ടു എന്ന നിഗമനത്തിൽ പൊലീസ് എത്തൂ എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി മെഡിക്കൽ ബോർഡിന്റെയും ഉപദേശം തേടാനാണ് തീരുമാനം. അതേസമയം, കേസിൽ ദുർബലമായ വകുപ്പുകളാണ് പൊലീസ് ചാർത്തിയിട്ടുള്ളതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. കെവിനെ ആക്രമിക്കാനെത്തിയ സംഘത്തെ കണ്ടിട്ടും അവരെ ചോദ്യം ചെയ്തിട്ടും പിടികൂടാതെ കൈക്കൂലി വാങ്ങി വിട്ടയച്ചു എന്ന കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ദുർബലമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടതെന്ന വാദവും ഇതോടെ ഉയർന്നു. എഎസ്‌ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർക്കാണു ജാമ്യം ലഭിച്ചത്. കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ കോടതി തള്ളുകയായിരുന്നു.

ഇതോടൊപ്പം പൊലീസിന്റെ വീഴ്ച മറയ്ക്കാൻ മറ്റ് കരുനീക്കങ്ങളും നടക്കുന്നതായും ആക്ഷേപം ഉയരുന്നു. കെവിൻ വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്ക നടക്കുന്നതായാണ് ആക്ഷേപം. ഇവരുടെ വീഴ്ച വ്യക്തമായിട്ടും നടപടി വൈകുന്നുവെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യപ്പെട്ട പൊലീസുകാർക്ക് ജാമ്യം ലഭിക്കുന്നത്.

കോട്ടയത്ത് വീട്ടിൽ കയറി കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയത് സ്‌പെഷൽ ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്ച ഉച്ചയ്ക്കാണെന്നാണു വിവരം. ഇതിനു പുറമെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ നടന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ മറച്ചുവച്ചെന്നും ആരോപണമുണ്ട്. ഈ വിവരങ്ങൾ കോട്ടയം മുൻ എസ്‌പി മുഹമ്മദ് റഫീഖ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കെവിൻ വധക്കേസിൽ ഇന്നലെ എല്ലാ പ്രതികളെയും പിടികൂടിയിരുന്നു. ഇനി നീനു ചാക്കോയുടെ അമ്മ രഹ്നയെ കണ്ടെത്താനുമുണ്ട്. പിടിയിലായ പ്രതികളെല്ലാം കെവിൻ തോട്ടിൽ വീഴുകയായിരുന്നെന്നാണ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഒരേ തരത്തിൽ മൊഴി നൽകിയതിനാൽ തന്നെ കെവിനെ കൊലപ്പെടുത്തിയില്ലെന്ന് വരുത്താൻ ശ്രമം നടന്നോ എന്ന സംശയവും ശക്തമായി.

സംഭവം ശാസ്ത്രീയമായി തെളിയിക്കുമെന്ന് പൊലീസ്

കെവിൻ കൊല്ലപ്പെട്ടതാണോ അതോ മുങ്ങിമരണമാണോ സംഭവിച്ചതെന്ന് വ്യക്തമാകാൻ സംഭവം എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിൽ പുനരാവിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘമെന്ന സൂചനകളും പുറത്തുവരുന്നു. കെവിൻ വധക്കേസിൽ പ്രതികളെല്ലാം പൊലീസ് പിടിയിലായങ്കെിലും കുറ്റകൃത്യം നടന്നതെങ്ങനെ എന്നകാര്യത്തിൽ അന്തിമ നിഗമനത്തിന് കഴിഞ്ഞിട്ടില്ല. അതിനാൽ ലഭ്യമായ എല്ലാ തെളിവുകളും വച്ചുകൊണ്ട് സംഭവം പുനരാവിഷ്‌ക്കരിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നതായാണ് വിവരം. കസ്റ്റഡിയിലുള്ള മുഖ്യപ്രതി നീനുവിന്റെ സഹോദരൻ സാനു ചാക്കോയെ ഇന്നു തന്നെ കൂടുതൽ തെളിവെടുപ്പിനായി കൊണ്ടുപോകും. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളേയും ചോദ്യം ചെയ്യും. ഒരേ രീതിയിൽ എല്ലാവരും മൊഴി നൽകുന്നത് തന്നെ ഗൂഢാലോചനയാണെന്ന സംശയവും ശക്തമാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സാനു ചാക്കോയും ക്വട്ടേഷൻ സംഘവും കെവിനെ അന്വേഷിച്ച് കോട്ടയത്തെത്തിയതും, കെവിന്റെ അമ്മാവന്റെ മകനായ അനീഷിന്റെ വീട്ടിൽ നിന്ന് ഇരുവരെയും തട്ടിക്കൊണ്ട് പോകുന്നതും. നിലവിൽ സാനുവിന്റ മൊഴിയും മുഖ്യസാക്ഷി അനീഷ് ആദ്യം നൽകിയ മൊഴിയും തമ്മിൽ പൊരുത്തക്കേടില്ല. യാത്രയിലുടനീളം രണ്ടുപേരും പീഡിപ്പിക്കപ്പെട്ടു. കൊടിയ മർദ്ദനം വാഹനങ്ങളിൽ അരങ്ങേറി. തെന്മലയ്ക്ക് സമീപം കാർ നിർത്തി അനീഷിനെ പുറത്തിറക്കുമ്പോൾ മർദിച്ച് അവശനാക്കി കെവിനെ റോഡിൽ കിടത്തിയിരിക്കുകയായിരുന്നെന്ന് അനീഷ് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നെ എങ്ങനെയാണ് ഓടിച്ചെന്ന് കെവിൻ പുഴയിൽ ചാടിയതെന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല. എന്നാൽ പ്രതികളുടെ മൊഴി അങ്ങനെയാണ്. ഇപ്പോൾ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൂടെ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ സംശയങ്ങളും ഏറുന്നു. പിന്നീട് എങ്ങനെയാണ് പുഴയിൽ ശ്വസം മുട്ടി കെവിൻ മരിച്ചത് എന്നതിൽ ആശയക്കുഴപ്പം ശക്തമായി.

അതിനാൽ യഥാർത്ഥത്തിൽ കെവിൻ എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താൻ അന്വേഷണസംഘത്തിന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടിവരും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ റോഡരികിൽ കിടത്തിയിരുന്ന കെവിൻ അക്രമി സംഘത്തിന്റെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ചാടിയിരിക്കാം എന്ന സൂചനയാണ് ആദ്യം പരിഗണിക്കുക. അക്രമി സംഘം കെവിനെ പുഴയിലേക്കെറിഞ്ഞോ എന്നും ജീവൻ അവശേഷിച്ച കെവിനെ അക്രമി സംഘം തന്നെ പുഴയിൽ മുക്കി കൊന്നോ എന്നും കൂടുതൽ ചോദ്യം ചെയ്യലുകളിലും മറ്റ് തെളിവുകളിലും മാത്രമേ പുറത്തുവരു.

ഇതിൽ വ്യക്തത വരുത്താൻ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയും നടന്ന സംഭവങ്ങൾ പൊലീസ് പുനരാവിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട് പ്രതികളുടെ തെളിവെടുപ്പ് ആദ്യം പൂർത്തിയാക്കും. അതിനൊപ്പം സാഹചര്യ തെളിവുകളും വിലയിരുത്തും. എന്നാൽ ഇതിനെല്ലാം സൂത്രധാരിയെന്ന് കരുതുന്ന, നീനുവിന്റ അമ്മ റഹ്നക്കായുള്ള തെരച്ചിലും തുടരുന്നു. ഇവരെ കണ്ടെത്താനാകാത്തത് കേസിനെ ദുർബലപ്പെടുത്തമെന്നാണ് വിലയിരുത്തലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP