Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് കണ്ണീരോടെ അവൾ യാചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സന്ദർശനം കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു; ശനിയാഴ്‌ച്ച രാത്രിയിൽ വീടാക്രമിച്ചു ഗുണ്ടകൾ പിടിച്ചു കൊണ്ടുപോയിട്ടും പൊലീസ് അനങ്ങിയത് ഞായറാഴ്‌ച്ച വൈകീട്ട്; തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് വ്യക്തമായിട്ടും യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാൻ പൊലീസ് കാത്തുനിന്നു

എന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് കണ്ണീരോടെ അവൾ യാചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സന്ദർശനം കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു; ശനിയാഴ്‌ച്ച രാത്രിയിൽ വീടാക്രമിച്ചു ഗുണ്ടകൾ പിടിച്ചു കൊണ്ടുപോയിട്ടും പൊലീസ് അനങ്ങിയത് ഞായറാഴ്‌ച്ച വൈകീട്ട്; തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് വ്യക്തമായിട്ടും യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാൻ പൊലീസ് കാത്തുനിന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ പ്രിയപ്പെട്ട കാമുകൻ കെവിനെ നീനു വിവാഹം ചെയ്തത് കടുത്ത സമ്മർദ്ദങ്ങൾക്ക് നടുവിലായിരുന്നു. സ്വന്തം വീട്ടുകാർ തന്നെയാണ് അവളുടെ പ്രണയത്തിന് തടസമായി നിന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമായിരുന്നു നീനുവിന്റേത്. കെവിന്റേതാകട്ടെ നിർധന കുടുംബവും. ഈ സാമ്പത്തിക അന്തരം കാരണമാണ് വീട്ടുകാർ വിവാഹത്തെ എതിർത്തത്. എന്നാൽ, ആ എതിർപ്പുകൊണ്ട് തന്റെ പ്രിയപ്പെട്ടവന്റെ ജീവൻ എടുക്കുമെന്ന് നീനു കരുതിയില്ല.

സഹോദരന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വീടുകയറി കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയി എന്ന് അറിഞ്ഞപ്പോൾ ആദ്യം പൊലീസ് സ്‌റ്റേഷനിൽ എത്തിയത് കെവിന്റെ പിതാവായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ പരാതി പൊലീസ് സ്വീകരിച്ചില്ല. ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പൊലീസ്സ്റ്റേഷനിലെത്തി. എന്നാൽ ആ പരാതിയും പൊലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ മാത്രമാണ് പൊലീസ് കേസെടുത്തത്. കെവിനൊപ്പം മർദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്.

ഭർത്താവിനെ അപായപ്പെടുത്തുമെന്ന് കരഞ്ഞു കൊണ്ട് നീനു ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. 'ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകൾ കഴിഞ്ഞ് നോക്കാം' എന്നാണ് ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായെത്തിയ യുവതിയോട് പൊലീസ് പറഞ്ഞത്. സഹോദരൻ തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യം അവൾ പറയുകയും ചെയ്തു. എന്നാൽ, പൊലീസ് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ തയ്യാറായില്ല. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയതറിഞ്ഞ നീനു ഗാന്ധിനഗർ സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് എസ്‌ഐ പെൺകുട്ടിയുടെ സഹോദരനോട് ഫോണിൽ സംസാരിച്ചിരുന്നു.

കെവിൻ വണ്ടിയിൽനിന്ന് ചാടിപ്പോയെന്നാണ് എസ്‌ഐയോട് സഹോദരൻ പറഞ്ഞത്. എന്നാൽ, പിന്നീട് പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നീനു ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാവിലെ മുതൽ സ്‌റ്റേഷന് മുന്നിൽ നിന്ന പെൺകുട്ടിയെ പ്രതിഷേധം കനത്തതോടെ വൈകീട്ട് ഏറ്റുമാനൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ചു എന്ന ആക്ഷേപത്തിന് കരുത്തു പകരുന്നതാണ് ഈ സംഭവം.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കോട്ടയത്തുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ തിരക്കുകൾ ഉള്ളതിനാൽ പിന്നീട് അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചതെന്നും ഗുണ്ടസംഘത്തിൽനിന്ന് പൊലീസ് പണം വാങ്ങിയതായും കെവിന്റെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കൃത്യമായും പൊലീസിന്റെ അനാസ്ഥയാണ് ഇതിൽ വ്യക്തമാക്കുന്നത്. യുവാവിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ട്രാക്ക് ചെയ്യാൻ പൊലീസിന് വേണ്ടുവോളം സമയമുണ്ടായിരുന്നു. എന്നിട്ടും പെൺവീട്ടുകാരുടെ പക്ഷത്തു നിന്നാണ് എസ്‌ഐ പെരുമാറിയത്.

തിരുവനന്തപുരം റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്നതും ഇതിന്റെ നമ്പർ ഉൾപ്പെടെ വിവരം നൽകിയിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ അനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. തെന്മലയിലെത്തിയപ്പോൾ ഛർദിക്കണമെന്നുപറഞ്ഞപ്പോഴാണ് തന്നെ ഇറക്കിവിട്ടത്. പിന്നീട് രണ്ട് വാഹനങ്ങളിൽ നിന്നുള്ളവർ തുടരെ മർദിച്ചു. പെൺകുട്ടിയെ തിരികെ എത്തിച്ച് തന്നാൽ വിട്ടയക്കാമെന്ന് പറഞ്ഞു. അതിന് സഹായിക്കാമെന്നു പറഞ്ഞപ്പോഴായിരുന്നു മർദനം നിർത്തിയത്.മർദനത്തിൽ സാരമായി പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്താണ് പരിക്ക്. കെവിനെയും അവർ ക്രൂരമായി മർദിച്ചിട്ടുണ്ടെന്നും കെവിൻ മറ്റൊരു വണ്ടിയിൽനിന്ന് ചാടിപ്പോയെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞതായും അനീഷ് കൂട്ടിച്ചേർത്തു.

വീടിന്റെ അടുക്കള അടിച്ചുതകർത്ത് അഞ്ചുപേർ വീട്ടിൽ കയറി, വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങൾ മുഴുവൻ തകർത്ത ശേഷം ഇരുവരെയും ക്രൂരമായി മർദിച്ചാണ് അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയത്. രണ്ടുപേരുടെയും കഴുത്തിൽ വടിവാൾ വെച്ച ശേഷം സംഘം വന്ന മൂന്ന് കാറുകളിലൊന്നിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ 11ഓടെ പുനലൂർ ഭാഗത്താണ് അനീഷിനെ ഇറക്കിവിട്ടത്. രാത്രിയോടെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാർ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിലാണ് കണ്ടെത്തിയത്. ദുരഭിമാനക്കൊല നടത്തിയത് കെവിന്റെ ഭാര്യയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളാണെന്നത് ഉറപ്പാണ്.

മർദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയിൽ ഉപേക്ഷിച്ചിരുന്നു. കെവിവുവേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാൻ കസ്റ്റഡിയിൽ. അഞ്ചൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയത്ത് നവവരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗർ എസ്‌ഐയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നവവരനെക്കുറിച്ച് 30 മണിക്കൂറായിട്ടും വിവരമില്ലായിരുന്നു. പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗർ എസ്‌ഐയ്‌ക്കെതിരെയാണ് അന്വേഷണം. പ്രതികളിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്‌പി അന്വേഷിക്കുന്നത്.

ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതു വിശ്വസനീയമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.

നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പിൻവാങ്ങി.

ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിൻ കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേർ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകർത്തശേഷം കാറിൽ കയറ്റി കൊണ്ടുപോയി. കാറിലും മർദനം തുടർന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു.

സമീപമുള്ള വീട്ടുകാർ ഉണർന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാൽ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മർദനത്തിൽ വീണ്ടും പരുക്കേറ്റിട്ടുണ്ട്. മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നൽകിയതോടെ നീനുവിനെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP