Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിക്കൊണ്ട് പോയി കൊന്ന് കളഞ്ഞത് സഹോദരൻ ഷാനുവും കൂട്ടരും അടങ്ങിയ 13 അംഗ സംഘം; ഇതുവരെ പിടിയിലായത് മൂന്ന് പേർ മാത്രം; സഹോദരൻ അടക്കമുള്ളവർ തമിഴ്‌നാട്ടിലുണ്ടെന്ന സൂചനയോടെ അന്വേഷണം വ്യാപിപ്പിച്ചു; ഒരു ദിവസം പോലും ഒരുമിച്ച് കഴിയാതെ വിധവയായ 20കാരി പെൺകുട്ടിക്ക് താങ്ങായി കെവിന്റെ വീട്ടുകാർ മാത്രം; കോട്ടയത്ത് ആളനക്കം ഇല്ലാത്ത ഹർത്താൽ

തട്ടിക്കൊണ്ട് പോയി കൊന്ന് കളഞ്ഞത് സഹോദരൻ ഷാനുവും കൂട്ടരും അടങ്ങിയ 13 അംഗ സംഘം; ഇതുവരെ പിടിയിലായത് മൂന്ന് പേർ മാത്രം; സഹോദരൻ അടക്കമുള്ളവർ തമിഴ്‌നാട്ടിലുണ്ടെന്ന സൂചനയോടെ അന്വേഷണം വ്യാപിപ്പിച്ചു; ഒരു ദിവസം പോലും ഒരുമിച്ച് കഴിയാതെ വിധവയായ 20കാരി പെൺകുട്ടിക്ക് താങ്ങായി കെവിന്റെ വീട്ടുകാർ മാത്രം; കോട്ടയത്ത് ആളനക്കം ഇല്ലാത്ത ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി. ജോസഫി (23)നെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്നത് 13 പേരെ. ഇതിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു.

ഇടമൺ സ്വദേശികളായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മരിച്ച കെവിന്റെ ഭാര്യ തെന്മല ഷാനുഭവനിൽ നീനു(20)വിന്റെ അമ്മവഴിയുള്ള ബന്ധുക്കളാണിവർ. വിവാഹം കഴിഞ്ഞെങ്കിലും കെവിനും നിനുവും ഒരു ദിവസം പോലും ഒരുമിച്ച് താമസിച്ചിരുന്നില്ല. വീട്ടുകാരെ പേടിച്ച് നീനുവിനെ കെവിൻ ഹോസ്റ്റലിലാണ് നിർത്തിയത്. ഇതിനിടെയാണ് കെവിനെ പ്രതികാരമെന്നോണം തട്ടിക്കൊണ്ട് പോയതും കൊന്നതും. അതുകൊണ്ട് തന്നെ ഭർത്താവുമായി കഴിയാതെ തന്നെ വിധവയായ നീനുവിന് ഇനി ആശ്രമയായുള്ളത് കെവിന്റെ കുടുംബം മാത്രമാണ്. സഹോദരനെതിരെ പോലും പരാതി കൊടുത്തത് നീനുവാണ്.

അതിനിടെ പ്രതികളെ പിടിക്കാൻ പൊലീസ് ഊർജ്ജിത ശ്രമം തുടങ്ങിയിട്ടുണ്ട്. പിടിയിലായ നിയാസ് ഡിവൈഎഫ്ഐ.യുടെ ഇടമൺ 34 യൂണിറ്റ് പ്രസിഡന്റാണ്. ഇഷാൻ പ്രവർത്തകനും. ഇവരെ സംഘടനയിൽനിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറി ആർ. ബിജു പറഞ്ഞു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. പ്രതികൾ വിദേശത്തേക്കു കടക്കുന്നതു തടയുകയാണു ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ 10 പേരാണു ഇനി പിടിയിലാകാനുള്ളത്.

ഇഷാനെ ഇടമണിൽനിന്ന് ഞായറാഴ്ച രാത്രിതന്നെ തെന്മല പൊലീസിന്റെ സഹായത്തോടെ കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഇഷാൻ നൽകിയ വിവരമനുസരിച്ചാണ് മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് ധാരണ ലഭിച്ചതും ചാലിയക്കരയിൽനിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയതും. കാറിൽ ചാലിയക്കരവഴി കൊണ്ടുവരവേ കെവിൻ കാറിൽനിന്ന് ചാടി രക്ഷപ്പെട്ടെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. രാത്രിതന്നെ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കെവിനെ കണ്ടെത്താനായിരുന്നില്ല. അതിനിടെ കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിൽ പൊലീസ് പിടിയിലായ ഇഷാൻ ഇയിൽ നൽകിയ വിവരമനുസരിച്ചു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. കേസന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം എസ്‌പി വി. എം.മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. കോട്ടയം ഗാന്ധിനഗർ എസ്‌ഐ എം.എസ്. ഷിബു, എഎസ്‌ഐ സണ്ണിമോൻ എന്നിവർക്ക് സസ്‌പെൻഷനുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. പ്രതികളെ പിടികൂടാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാലു സംഘങ്ങൾക്കാണു ചുമതല.

പ്രതികൾ തമിഴ്‌നാട്ടിൽ ഒളിവിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രണയ വിവാഹവത്തിന്റെ പേരിൽ ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. ഇത് ശരിയാണെന്ന് പൊലീസ് കരുതുന്നില്ല.

ഹർത്താൽ പൂർണ്ണം

കൊലപാതകത്തിൽ പ്രതിഷേധിച്ചു കോട്ടയത്ത് യുഡിഎഫും ബിജെപിയും ബിഎസ്‌പിയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ്, കേരള പുലയർ മഹാസഭ ജില്ലാ കമ്മിറ്റി, അഖില കേരള ചേരമർ ഹിന്ദുമഹാസഭ എന്നിവർ ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് എമ്മും ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. എന്നാൽ ഇന്നു നടത്താനിരുന്ന എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമില്ല. ഹർത്താൽ ജില്ലയിൽ പൂർണ്ണമാണ്.

ഇന്ന് സംസ്‌കാരം

കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. ആർഡിഒയുടെയും മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടറുടെയും സാന്നിധ്യത്തിൽ വേണം പോസ്റ്റ്‌മോർട്ടം എന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികളെല്ലാം വിഡിയോയിൽ പകർത്തണമെന്നും ആവശ്യമുണ്ട്. മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയൻ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.

അതിനിടെ കെവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്ന കാര്യത്തിൽ വ്യക്തത വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മൂന്നു വ്യവസ്ഥകളുമായി എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കണം പോസ്റ്റ്‌മോർട്ടം. ഇതിന്റെ നടപടിക്രമങ്ങളെല്ലാം വിഡിയോയിൽ പകർത്തണം. ഏറ്റവും സീനിയറായ ഡോക്ടർ തന്നെ വേണം പോസ്റ്റ്‌മോർട്ടത്തിനു നേതൃത്വം നൽകേണ്ടതെന്നും ആവശ്യപ്പെടുന്നു.

തിരിമറിയില്ലാത്ത വിധത്തിലുള്ള പോസ്റ്റ്‌മോർട്ടമാണ് ഉറപ്പാക്കേണ്ടത്. ഒന്നും ഒളിച്ചുവയ്ക്കുന്ന സാഹചര്യമുണ്ടാകരുത്. നിബന്ധകളെല്ലാം പാലിച്ച് ഏതു സമയത്തു നടപ്പാക്കാൻ പറ്റുമോയെന്നു വേണം നോക്കേണ്ടത്. അതു പകൽ സമയത്തു തന്നെ ചെയ്യണമെന്നുണ്ട്. രാത്രിയാണെങ്കിൽ അതിനുള്ള എല്ലാ സൗകര്യവും ഒരുക്കണം. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ട്, പരുക്കുകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഒന്നും ഒളിച്ചുവയ്ക്കാൻ ഇടവരരുതെന്നും ആവശ്യം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP