Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മർദ്ദിച്ച് അവശനാക്കി പുഴയിൽ എറിഞ്ഞതോ? ഓടിപ്പോയ വഴി വെള്ളത്തിൽ വീണ് മരിച്ചതോ? വെള്ളത്തിൽ മുക്കി കൊന്നതോ? മരണം വെള്ളം കുടിച്ചെന്ന് വ്യക്തമായതോടെ എങ്ങനെ കൊന്നു എന്ന് പരിശോധിക്കാൻ പൊലീസ്; കൊന്നത് പ്രതികൾ എന്ന് തെളിഞ്ഞില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ല; ഓടിപോയെന്ന വാദം പ്രതികളെ രക്ഷിക്കാൻ തന്നെ

മർദ്ദിച്ച് അവശനാക്കി പുഴയിൽ എറിഞ്ഞതോ? ഓടിപ്പോയ വഴി വെള്ളത്തിൽ വീണ് മരിച്ചതോ? വെള്ളത്തിൽ മുക്കി കൊന്നതോ? മരണം വെള്ളം കുടിച്ചെന്ന് വ്യക്തമായതോടെ എങ്ങനെ കൊന്നു എന്ന് പരിശോധിക്കാൻ പൊലീസ്; കൊന്നത് പ്രതികൾ എന്ന് തെളിഞ്ഞില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ല; ഓടിപോയെന്ന വാദം പ്രതികളെ രക്ഷിക്കാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ദുരഭിമാന കൊലയെ അങ്ങനെ അല്ലെന്ന് വരുത്താൻ അണിയറ നീക്കങ്ങൾ സജീവം. കെവിൻ മുങ്ങിമരിച്ചതോ മുക്കിക്കൊന്നതോ എന്ന ചർച്ച സജീവമാക്കാനാണ് ശ്രമം. പ്രതികളുടെ മൊഴികളും അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സാക്ഷിമൊഴികളും വിശ്വാസത്തിലെടുത്ത് കേസ് ഒതുക്കി തീർക്കാനാണ് അണിയറ നീക്കം. കാറിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെവിൻ കനാലിൽ വീണു മരിച്ചുവെന്ന് വരുത്താനാണ് നീക്കം. എന്നാൽ കെവിനെ മർദ്ദിച്ച് അവശനാക്കി മരിച്ചെന്ന് കരുതി വെള്ളത്തിൽ തള്ളിയതാണെന്ന വാദം പൊലീസ് കണ്ടില്ലെന്ന് നടിക്കാനാണ് ശ്രമം. എന്നാൽ പൊതു സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതു കൊണ്ട് തന്നെ സത്യസന്ധമായ അന്വേഷണത്തിനാണ് ഐജി വിജയ് സഖാറയുടെ ശ്രമം. ഇതിലാണ് ഏക പ്രതീക്ഷ.

കാറിൽവച്ചു മർദനമേറ്റ കെവിൻ ബോധംകെട്ടു. മരിച്ചുവെന്നു കരുതി കനാലിൽ തള്ളിയെന്ന വാദത്തിലാണ് ഐജി മുന്നോട്ട് നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മുങ്ങിമരണമെന്ന പ്രാഥമിക നിഗമനമാണ് എല്ലാത്തിനും കാരണം. തെളിവുകൾക്കായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും മരിച്ചുകിടന്ന തോട്ടിലെ വെള്ളവും പരിശോധിക്കും. അതിന് ശേഷം മാത്രമേ അന്തിമ നിലപാട് എടുക്കൂ. കെവിന്റെ തലയിലെയും ജനനേന്ദ്രിയത്തിലെയും ക്ഷതങ്ങൾ നിർണായകം. മരണ കാരണമാകാവുന്ന മുറിവുകൾ ശരീരത്തിൽ വേറെയില്ല. ഈ സാഹചര്യത്തിലാണ് പല സാധ്യതകൾ പൊലീസ് തേടുന്നത്.

കെവിനെ പ്രതികൾ തന്നെ കനാലിൽ തള്ളിയതു കൊണ്ടാണ് കെവിൻ ഓടിരക്ഷപ്പെട്ടെന്ന വാദം അവതരിപ്പിച്ചതെന്നാണ് പൊതുവേയുള്ള വിലടിരുത്തൽ. മൂന്ന് കാറുകളിലായാണ് കെവിനെ തട്ടിക്കൊണ്ട് പോകുന്ന ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്നത്. രണ്ട് കാറിലുള്ളവരെ അതിസമർത്ഥമായി ഓടിപോകൽ കഥ വിശ്വസിപ്പിക്കുകയും ചെയ്തു. ഷാനു ചാക്കോയാണ് ഇതിന് പിന്നിലെ ബുദ്ധി കേന്ദ്രം. നീനുവിന്റെ സഹോദരനായ ഷാനു ഇപ്പോഴും ഈ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ കാനാലിന് സമീപം കെവിനെ വലിച്ചിഴച്ചു കൊണ്ടു പോയ പാടുകളുണ്ട്. ഇതിൽ നിന്ന് തന്നെ നടന്നതുകൊലപാതകമെന്ന് ഉറപ്പിക്കാം. കൊലപാതകം ഉറച്ചാൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കും. ഇത് ഒഴിവാക്കാനാണ് ഓടി പോകൽ കഥ അവതരിപ്പിക്കുന്നത്.

അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തിൽ തള്ളിയതാകാം. ശ്വാസകോശത്തിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവു നോക്കിയാണ് ബോധാവസ്ഥയിൽ മുങ്ങിമരിച്ചതാണോ അബോധാവസ്ഥയിൽ തള്ളിയതാണോ എന്നു പരിശോധിക്കുന്നത്. ചാലിയേക്കരയിലെ സ്ഥലം പൊലീസ് പരിശോധിച്ചു. പകൽ പോലും ഇവിടെ എത്തിപ്പെടാൻ എളുപ്പമല്ല. വാഹനത്തിൽനിന്നു ചാടിയ കെവിൻ താഴ്ചയിലേക്കു വീണു കനാലിൽ പതിച്ചതാകാമെന്നു കരുതിയാൽത്തന്നെ ശരീരത്തിൽ മുറിവുകൾ കാണണം. മൃതദേഹത്തിൽ അത്തരം മുറിവുകളില്ല. സ്ഥലം കൃത്യമായി അറിയാവുന്നവർക്കേ ഇവിടെ എത്താനാകൂ എന്നാണു നിഗമനം. അതായത് കെവിനെ മർദ്ദിച്ച് അവശനാക്കി ഇവിടെ എത്തിക്കുകയാണെന്നാണ് വിലയിരുത്തുന്നത്.

കാറിൽവച്ച് 'ഇവൻ (കെവിൻ) ചത്തെടാ. മറ്റവനെയും (അനീഷ്) കൊല്ലാം' എന്നു ഗുണ്ടാസംഘം പറഞ്ഞു. അവനെ കൊല്ലുമെന്നു പലവട്ടം പറയുന്നതു കേട്ടുവെന്ന് കെവിന്റെ സുഹൃത്ത് അനീഷ് മൊഴി കൊടുത്തിട്ടുണ്ട്. കെവിൻ ചാടിപ്പോയെന്നു പറഞ്ഞപ്പോഴും സംഘാംഗങ്ങളുടെ മുഖത്തു പരിഭ്രാന്തി ഉണ്ടായിരുന്നു. ക്രൂരമായ മർദനം ഏറ്റ കെവിനെ എടുത്ത് കാറിനു പുറത്തു കിടത്തിയതായി അനീഷ് കണ്ടിരുന്നു. ചാലിയേക്കരയിൽ ഒന്നര മണിക്കൂറോളം സംഘം നിന്നു. ഈ സമയത്ത് രണ്ടുപേർ അനീഷിനെ തടഞ്ഞുവച്ചു. മാത്രമല്ല, കൃത്യത്തിനുശേഷം കുളി കഴിഞ്ഞാണു സംഘം മടങ്ങിയത്. ഇതെല്ലാം കൊലപാതകത്തിന്റെ സൂചനകളാണ്. എന്നാൽ ഇതെല്ലാം മറച്ചു വക്കാനാണ് പൊലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നത്.

കെവിനും മകൾ നീനുവും ഒരുദിവസം പോലും ദമ്പതികളായി കഴിയരുതെന്നായിരുന്നു പൊലീസിനോടും ചാക്കോയുടെ കുടുംബത്തിന്റെ ആവശ്യം. അനുനയിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ നീനുവിനെ തിരികെ വീട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആസൂത്രണമത്രയും. വിവാഹ രജിസ്ട്രേഷൻ വിവരം അറിഞ്ഞതിനു പിന്നാലെ, ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം മാന്നാനത്തേക്കു തിരിച്ചതായാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. കഴിഞ്ഞ ശനിയാഴ്ചതന്നെ ഇവർ കോട്ടയത്തെത്തി. നഗരത്തിനു സമീപമുള്ള ഒരു ആഡംബര ഹോട്ടലിൽ തങ്ങിയാണു ഗൂഢാലോചന നടത്തിയത്. വിവാഹം രജിസ്റ്റർ ചെയ്ത വ്യാഴാഴ്ചതന്നെ നീനുവിനെ കെവിനും സുഹൃത്തും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. എന്നാൽ, മകളെ കാണാതായെന്ന പരാതിപ്രകാരം ചാക്കോയേയും കെവിനെയും നീനുവിനെയും ഗാന്ധിനഗർ എസ്‌ഐ. സ്റ്റേഷനിൽ വിളിച്ചുവരുത്തി. നീനു മാതാപിതാക്കൾക്കൊപ്പം പോകണമെന്നായിരുന്നു എസ്‌ഐയുടെ നിലപാട്.

ചർച്ച തുടങ്ങുന്നതിനു മുമ്പുതന്നെ ചാക്കോയോടു മകളെ കൊണ്ടുപൊയ്ക്കൊള്ളാൻ എസ്‌ഐ. പറഞ്ഞു. തുടർന്ന്, ഹാൻഡ് ബാഗുമായി സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന നീനുവിനെ വലിച്ചിഴച്ചു ചാക്കോ കാറിൽ കയറ്റാൻ ശ്രമിച്ചു. എസ്‌ഐയോ പൊലീസുകാരോ ഇടപെട്ടില്ല. തടയാൻ ശ്രമിച്ച കെവിനെ എസ്‌ഐ. അടിച്ചതായും ആരോപണമുണ്ട്. എന്നാൽ, കെവിനൊപ്പം പോകണമെന്ന ആവശ്യത്തിൽ നീനു ഉറച്ചുനിന്നതോടെ പൊലീസ് നിലപാടു മാറ്റി. നീനുവിനെ കെവിന്റെ വീട്ടിൽ കൊണ്ടുപോകരുതെന്നും ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിൽ താമസിപ്പിച്ചാൽ മതിയെന്നുമായി നിർദ്ദേശം. ഇതേത്തുടർന്നാണു നീനുവിനെ അമലഗിരിയിലുള്ള ഹോസ്റ്റലിലേക്കു മാറ്റിയത്.

നീനു കൊണ്ടുവന്ന ബാഗിലെ വസ്ത്രങ്ങൾ ചാക്കോ തിരികെക്കൊണ്ടുപോയി. ഇരുവരും ഒന്നിച്ചു താമസിക്കരുതെന്ന ചാക്കോയുടെയും കുടുംബത്തിന്റെയും ശാഠ്യത്തിനു കൂട്ടുനിൽക്കുകയായിരുന്നു പൊലീസ്. ഇതേ പൊലീസാണ് ചാക്കോയേയും കുടുംബത്തേയും കൊലക്കേസിൽ നിന്ന് രക്ഷിക്കാനും ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP