Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീട്ടിൽ നിന്ന് സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കരഞ്ഞ് പറഞ്ഞ് അടിയന്തിര ലീവ് നേടി; ദുരഭിമാന കൊല അറിഞ്ഞ് ദുബായിലെ തൊഴിലുടമയും ഞെട്ടി; ജാമ്യം നേടി വിദേശത്ത് ജോലി ചെയ്ത് സുഖിക്കാമെന്ന മോഹം പൊലിഞ്ഞു; കെവിനെ കൊന്ന ഷാനുവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് ദുബായിലെ മുതലാളി; അന്വേഷണം അട്ടിമറിക്കാൻ നീക്കം സജീവമെന്ന് സംശയിച്ച് നീനുവും ബന്ധുക്കളും

വീട്ടിൽ നിന്ന് സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കരഞ്ഞ് പറഞ്ഞ് അടിയന്തിര ലീവ് നേടി; ദുരഭിമാന കൊല അറിഞ്ഞ് ദുബായിലെ തൊഴിലുടമയും ഞെട്ടി; ജാമ്യം നേടി വിദേശത്ത് ജോലി ചെയ്ത് സുഖിക്കാമെന്ന മോഹം പൊലിഞ്ഞു; കെവിനെ കൊന്ന ഷാനുവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് ദുബായിലെ മുതലാളി; അന്വേഷണം അട്ടിമറിക്കാൻ നീക്കം സജീവമെന്ന് സംശയിച്ച് നീനുവും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കെവിൻ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയിൽ നിന്നു പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയിൽ പ്രവേശിപ്പിക്കില്ല എന്നു ദുബായിലെ തൊഴിലുടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛനു സുഖമില്ല എന്നും കാട്ടി എമർജൻസി ലീവിലാണു ഷാനു നാട്ടിലേയ്ക്കു പോയത്. അടുത്ത വർഷം ജൂലൈവരേയും ഷാനുവിനു വിസാ കാലവധി ഉണ്ട്.

ജാമ്യം ലഭിച്ചു ഷാനു തിരിച്ചെത്തിയാൽ പോലും ഉടൻ വിസ റദ്ദാക്കി നാട്ടിലേയ്ക്കു തിരിച്ചയക്കാനാണു കമ്പനിയുടെ തീരുമാനം. ദുബായിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റെ ശ്രമം തടയുന്നതിനായാണ് ഒന്നാം പ്രതി ഷാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ആസൂത്രണം ചെയ്തത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോയാണു കൃത്യത്തിന്റെ സൂത്രധാരൻ. എന്നാൽ കേസിൽ നിന്ന് പ്രതികളെ രക്ഷിക്കാൻ ആസൂത്രിത നീക്കം അണിയറയിൽ സജീവമാണ്.

ഷാനു ചാക്കോയ്ക്ക് നാട്ടിലേക്ക് പോകാൻ അടിയന്തിര ലീവ് അനുവദിച്ചതിൽ ഖേദിക്കുന്നു. അദ്ദേഹം ഇനി തിരിച്ചെത്തിയാൽ കമ്പനിയിൽ പ്രവേശിപ്പിക്കില്ലെന്നും തൊഴിലുടമ അറിയിച്ചു. വീട്ടിൽ നിന്ന് സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കരഞ്ഞ് പറഞ്ഞാണ് ഇയാൾ അടിയന്തിര ലീവ് ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരത്തിലൊരു ക്രിമിനൽ ഉദ്ദേശമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും തൊഴിലുടമ അറിയിച്ചു. കെവിൻ ജോസഫും നീനുവും രജിസ്റ്റർ വിവാഹംം കഴിച്ചു എന്നറിഞ്ഞതിനെ തുർന്നാണ് ഷാനുചാക്കോ ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഈ കേസിൽ ഷാനുവിന്റെ അമ്മയ്ക്കും പങ്കുണ്ട്. എന്നാൽ രഹനയെ രക്ഷിക്കും വിധമാണ് അന്വേഷണം പുരോഗമിക്കുന്നത്. ചാക്കോയേയും ഷാനുവിനേയും മാത്രം മുഖ്യപ്രതികളാക്കാനാണ് പൊലീസ് നീക്കമെന്നാണ് ആരോപണം.

തട്ടിക്കൊണ്ടുപോകുന്നതിനിടെ കാർ നിർത്തിയപ്പോൾ കെവിൻ രക്ഷപ്പെട്ടെന്ന പ്രതികളുടെ മൊഴി തള്ളി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. പ്രണയവിവാഹത്തിന്റെ പേരിൽ വധുവിന്റെ സഹോദരനടക്കമുള്ളവർ തട്ടിക്കൊണ്ടുപോയ കോട്ടയം നട്ടാശേരി എസ്.എച്ച്. മൗണ്ട് പിലാത്തറ കെവിൻ പി. ജോസഫിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കെവിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ ഓടിച്ച് പുഴയിൽ ചാടിച്ചത്. ഇത് മരണത്തിലേക്ക് നയിച്ചു. മർദനമേറ്റ് അവശനിലയിലായതിനാൽ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ നീനുവിന്റെ പിതാവ് ചാക്കോ മകളുടെ വിവാഹക്കാര്യം തന്റെ വർക്ഷോപ്പിൽ എത്തി സംസാരിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് മാസങ്ങൾക്ക് മുമ്പ് കെവിൻ സൂചിപ്പിച്ചിരുന്നു. എന്നാൽ, അതിനെ കുറിച്ച് കൂടുതലായൊന്നും സംസാരിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചാക്കോ വർക്ഷോപ്പിൽ എത്തി കെവിനും നീനുവും തമ്മിൽ ഇഷ്ടത്തിലാണെന്നും വിവാഹം ഉടൻ നടത്താമെന്നും അറിയിച്ചെന്ന് ജോസഫ് പറഞ്ഞു. നീനു എവിടെയാണെന്ന് ചോദിച്ചു. സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ അദ്ദേഹം മടങ്ങി.

പിറ്റേന്ന് രാവിലെയാണ് കെവിന്റെ പേരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്ന വിവരം അറിയുന്നത്. കെവിനെയും ഒപ്പമുണ്ടായിരുന്ന നീനുവിനെയും പൊലീസുകാർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതിന്റെ രേഖകൾ ഇവർ കാട്ടിയെങ്കിലും പൊലീസ് ഇതുനോക്കാൻപോലും തയാറായില്ല. സ്റ്റേഷനു മുന്നിൽനിന്ന് പിതാവ് നീനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കെവിന്റെ ഒപ്പം പോകണമെന്നു കരഞ്ഞ് ബഹളംെവച്ചതോടെ പൊലീസ് സ്റ്റേഷനിൽ എഴുതിവെച്ച ശേഷം നീനുവിനെ കെവിനൊപ്പം അയച്ചു. രണ്ടാം വട്ടവും തന്നെ കാണാൻ ചാക്കോ എത്തി. എല്ലാം പറഞ്ഞ് ശരിയാക്കാമെന്ന് പറഞ്ഞു.

ഇതിനു പിന്നാലെ ഷാനു ചാക്കോയും തന്നെ കാണാൻ വർക്ഷോപ്പിൽ എത്തിയിരുന്നു. നീനു എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. അറിയില്ലെന്ന് പറഞ്ഞതോടെ മടങ്ങുകയായിരുന്നുെവന്നും ചാക്കോ പറഞ്ഞു. ഇതിന് ശേഷമാണ് അനീഷിന്റെ വീട്ടിൽ നിന്ന് കെവിനെ തട്ടിക്കൊണ്ട് പോയതും കൊന്നതും. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, അപായപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറുക, മർദിക്കുക, വീട്ടിൽ നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തേ റിമാൻഡ് ചെയ്ത പ്രതികൾക്കെതിരെയും സമാനകുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നീനുവിനെ വിവാഹം കഴിച്ചതിനാൽ കെവിനോടും ഇവർക്ക് താമസസൗകര്യമൊരുക്കിയ ബന്ധു മാന്നാനം കളമ്പാട്ടുചിറയിൽ അനീഷിനോടും(31) പ്രതികൾക്ക് വിരോധമുണ്ടായിരുന്നു. കെവിനെയും അനീഷിനെയും മർദിച്ച് കൊന്നശേഷം നീനുവിനെ തിരികെ വീട്ടിലെത്തിക്കാനായിരുന്നു പ്രതികളുടെ തീരുമാനം. ഇതിനായി ഷാനുവിന്റെ നേതൃത്വത്തിൽ 13 അംഗസംഘം കോട്ടയത്ത് എത്തി. മുൻകൂട്ടി ഗൂഢാലോചന നടത്തിയശേഷം മൂന്ന് കാറിലായി മാന്നാനത്തെ അനീഷിന്റെ വീട്ടിൽ ഞായറാഴ്ച പുലർച്ച ഒരുമണിയോടെ എത്തി. വീട്ടിലേക്ക് അതിക്രമിച്ചുകയറി ക്രൂരമായി അവരെ മർദിച്ചു.

വീട്ടുപകരണങ്ങളും നശിപ്പിച്ചു. 75,000 രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. തുടർന്ന് കെ.എൽ 01 ബി.എം 8800 ഇന്നോവ കാറിലും ചുവന്ന ഐ 20 കാറിലും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. തെന്മല ഭാഗത്തു കാർ നിർത്തിയപ്പോൾ പുറത്തിറങ്ങിയ കെവിൻ രക്ഷപ്പെടാനായി ഇറങ്ങി ഓടി. ഇവിടെ ആഴമുള്ള പുഴയുണ്ടെന്ന് അറിയാമായിരുന്ന പ്രതികൾ കെവിനെ പുഴയിൽ വീഴ്‌ത്തണമെന്ന ഉദ്ദേശ്യത്തോടെ പിന്തുടർന്നു. ചിറവത്തൂർ വില്ലേജിൽ വന്മളമുറിയിൽ തോട്ടത്തുങ്കൽ ചാലിയക്കര ആറ്റിൽ കെവിനെ പ്രതികൾ ഓടിച്ചുവീഴ്‌ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP