Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ജീപ്പിലിരുന്ന് വീട്ടുകാരോട് വീഡിയോ കോളിൽ ചിരിച്ചു സംസാരിച്ച് കെവിൻ കേസിലെ പ്രതി; കണ്ടിട്ടും കയ്യും കെട്ടി നിന്ന് പൊലീസ്; പൊലീസ് കസ്റ്റഡിയിൽ ഉള്ള ഇന്നോവ കാർ മഴ കൊള്ളാതെ നോക്കണമെന്ന് പ്രതി പൊലീസിനോട്: കെവിനെ കൊന്ന പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴും വീഴ്‌ച്ചകൾ തന്നെ ബാക്കി

പൊലീസ് ജീപ്പിലിരുന്ന് വീട്ടുകാരോട് വീഡിയോ കോളിൽ ചിരിച്ചു സംസാരിച്ച് കെവിൻ കേസിലെ പ്രതി; കണ്ടിട്ടും കയ്യും കെട്ടി നിന്ന് പൊലീസ്; പൊലീസ് കസ്റ്റഡിയിൽ ഉള്ള ഇന്നോവ കാർ മഴ കൊള്ളാതെ നോക്കണമെന്ന് പ്രതി പൊലീസിനോട്: കെവിനെ കൊന്ന പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴും വീഴ്‌ച്ചകൾ തന്നെ ബാക്കി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന് ഭാര്യ വീട്ടുകാർ നിഷ്ഠൂരം കൊന്നു തള്ളിയ കെവിൻ കേസിലെ പ്രതികൾക്ക് പൊലീസ് കാവലിൽ വീഡിയോ കോൾ. ഇവരെ കോടതിയിലേക്ക് കൊണ്ടു വന്നപ്പോഴാണ് പൊലീസ് നോക്കി നിൽക്കെ വീട്ടുകാരുമായി ഫോണിൽ വീഡിയോ കോൾ ചെയ്ത് കണ്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത്. വളരെ സന്തോഷത്തിൽ ചിരിച്ചു കൊണ്ടാണ് പ്രതിയായ ഷെഫിൻ ബന്ധുക്കളുമായി ഫോണിൽ സംസാരിക്കുന്നത്. പൊലീസ് വാനിലിരുന്ന് തല പുറത്തേക്കിട്ട് ബന്ധുവായ യുവതിയുടെ ഫോണിലൂടെയായിരുന്നു ഷെഫിന്റെ കിന്നാരം. എന്നിട്ടും കയ്യും കെട്ടി നോക്കി നിൽക്കുക മാത്രമാണ് പൊലീസ് ചെയ്തത്.

ഇന്നലെ പ്രതികളെ എല്ലാവരേയും ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനായി ജയിലിൽ നിന്നും ജീപ്പിൽ കോടതി വളപ്പിൽ എത്തിച്ചപ്പോളാണ് ഷെഫിൻ വീട്ടുകാരുമായി വീഡിയോ കോളിലൂടെ സന്തോഷം പങ്കുവെച്ചത്. ഇന്നലെ വൈകിട്ടു നാലരയ്ക്കാണ് പത്തു പ്രതികളെ കോടതിയിൽ എത്തിച്ചത്. കോടതി വളപ്പിൽ നിൽക്കുമ്പോൾ ബന്ധുവായ വനിത ഷെഫിനെ കാണാൻ എത്തി. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണിൽ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിൽ ഇരുന്നു ഷെഫിൻ സംസാരിച്ചു. വീഡിയോ കോൾ പൊലിസ് ഉദ്യോഗസ്ഥർ കണ്ടുനിൽപ്പുണ്ടായിരുന്നു.

പൊലീസുകാരോട് വളരെ സ്വാതന്ത്ര്യത്തോടെയാണ് കെവിൻ കൊലപാതക കേസിലെ പ്രതികളുടെ പെരുമാറ്റം. കെവിൻ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് പുറമേ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയിൽ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികൾ പൊലീസിനോട് പറയുന്നതും കേൾക്കാമായിരുന്നു. കെവിനെ അതി ക്രൂരമായി കൊലപ്പെടുത്തിയിട്ടും അതിൽ അൽപ്പം പോലും പശ്ചാത്താപം തോന്നുന്നില്ല എന്ന് കൂടി നിന്നവരെ എല്ലാം വ്യക്തമാക്കി തരും വിധമായിരുന്നു പ്രതികളുടെ പെരുമാറ്റം. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനു വേണ്ടി 13 വരെ കസ്റ്റഡിയിൽ വിട്ടു നൽകി.

അതേസമയം കെവിൻ വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ കോട്ടയം ഡിവൈഎസ്‌പി ഷാജിമോൻ ജോസഫിനെയും സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാറിനെയും സ്ഥലം മാറ്റി. പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് മാറ്റം. ഷാജിമോൻ ജോസഫിനെ ഇടുക്കി സ്‌പെഷൽ ബ്രാഞ്ചിലേക്കു മാറ്റി പകരം ചങ്ങനാശേരി ഡിവൈഎസ്‌പി ആർ.ശ്രീകുമാറിനെ കോട്ടയത്തു നിയമിച്ചു. കഴിഞ്ഞ 27നു പുലർച്ചെ കെവിനെ തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞിട്ടും അന്നു വൈകിട്ടോടെയാണു അന്വേഷണം ആരംഭിച്ചത്. എസ്‌പിക്കും ഡിവൈഎസ്‌പിക്കും മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചുവെന്നും സംഭവത്തിന്റെ ഗൗരവം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ സ്‌പെഷൽ ബ്രാഞ്ചിനും വീഴ്ച വന്നുവെന്നും കണ്ടെത്തിയിരുന്നു.

ഇതിനിടെ സ്വന്തം മകൾക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് അവളെ തട്ടിയെടുക്കാനുള്ള ശ്രമവും ഹൈക്കോടതി മുഖാന്തിരം നീനുവിന്റെ പിതാവ് നടത്തിയിരുന്നു. അവൾക്ക് മാനസിക രോഗമുണ്ട്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ വീട് മാറി നിൽക്കുന്നതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടർ ചികിത്സ നടത്താൻ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നാണ് ഹർജിയിൽ ചാക്കോ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

അതേസമയം സ്വന്തം വീട്ടിൽ തനിക്ക് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്ന നീനുവിന്റെ ആരോപണം ശരിവെക്കും വിധം തന്നെയായിരുന്നു പ്രതികളുടെ പെരുമാറ്റം. സ്വന്തം വീട്ടിൽ കുട്ടിക്കാലം മുതൽ ക്രൂരമായ മർദനവും മാനസികപീഡനവുമാണ് നേരിടേണ്ടിവന്നതെന്നാണ് നീനു വ്യക്തമാക്കിയിരുന്നത്. പണ്ടു തന്നെ കൗൺസിലിങ്ങിനു കൊണ്ടുപോയിട്ടുണ്ട്. അന്ന് മാതാപിതാക്കൾക്ക് ചികിൽസ വേണമെന്നാണ് ഡോക്ടർ പറഞ്ഞതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ തന്റെ അമ്മയ്ക്കു പങ്കുണ്ട്. കെവിന്റെ വീട്ടിൽ തുടർന്നു തന്നെ പഠനം പൂർത്തിയാക്കും. സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവില്ലെന്നും നീനു വ്യക്തമാക്കിയിരുന്നു. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ല. തനിക്കു മാനസികപ്രശ്‌നമുണ്ടെന്നു വരുത്തി കെവിന്റ വീട്ടിൽനിന്നു പുറത്തുകൊണ്ടുവരാനാണ് തന്റെ അച്ഛന്റെ ശ്രമമെന്ന് നീനു നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP