Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെവിനെ മർദ്ദിച്ച് അവശനാക്കി വെള്ളത്തിൽ തള്ളിയിട്ടതോ..അഞ്ചാറുപേർ ചേർന്ന് മുക്കിക്കൊന്നതോ? രാസപരിശോധനാ റിപ്പോർട്ട് കിട്ടിയിട്ടും ആശയക്കുഴപ്പം തീരാതെ അന്വേഷണ സംഘം; ഓടിവന്ന് വീണെന്ന വാദം പൂർണമായി തള്ളി നാട്ടുകാർ; മരണകാരണത്തിൽ വ്യക്തത വരിക ഉന്നതതല കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം; അടുത്ത മാസാവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ മറുനാടനോട്

കെവിനെ മർദ്ദിച്ച് അവശനാക്കി വെള്ളത്തിൽ തള്ളിയിട്ടതോ..അഞ്ചാറുപേർ ചേർന്ന് മുക്കിക്കൊന്നതോ? രാസപരിശോധനാ റിപ്പോർട്ട് കിട്ടിയിട്ടും ആശയക്കുഴപ്പം തീരാതെ അന്വേഷണ സംഘം; ഓടിവന്ന് വീണെന്ന വാദം പൂർണമായി തള്ളി നാട്ടുകാർ; മരണകാരണത്തിൽ വ്യക്തത വരിക ഉന്നതതല കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം; അടുത്ത മാസാവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: മർദ്ദിച്ച് അവശനാക്കി വെള്ളത്തിൽ തള്ളിയിട്ടതോ ..അതോ ആഞ്ചാറുപേർ ചേർന്ന് മുക്കിക്കൊന്നോ? കെവിന്റെ മരണത്തിൽ പൊലീസ് ഇനി സ്ഥിരീകരിക്കേണ്ടത് ഇത്രമാത്രം.കഴിഞ്ഞ ദിവസം പുറത്തുവന്ന രാസപരിശോധന റിപ്പോർട്ടിലും മുങ്ങിമരണം എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. മൃതദേഹം കാണപ്പെട്ട പുഴയിലെ വെള്ളമാണ് ഉള്ളിൽച്ചെന്നതെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.ഇതോടെ തല്ലിക്കൊന്നു പുഴയിൽ തള്ളിയതാണോ എന്നുള്ള സംശയം പൂർണ്ണമായും പരിഹരിക്കപ്പെട്ടു.

കെവിൻ പുഴയിൽ അകപ്പെട്ടതും വെള്ളം ഉള്ളിൽ ചെന്നത് എങ്ങനെയെന്നാണ് ഇപ്പോൾ പൊലീസ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്.മർദ്ദിച്ചവശനാക്കിയ ശേഷം പുഴയിൽ തള്ളിയാലും ഒന്നിൽ കൂടുതൽ പേർ ചേർന്ന് തലയും ശരീരഭാഗങ്ങളും വെള്ളത്തിൽ മുക്കിപ്പിടിച്ചാലും വെള്ളം ഉള്ളിൽച്ചെന്ന് മരണത്തിന് സാധ്യത നിലനിൽക്കുന്നതായി പൊലീസ് അഭിപ്രായപ്പെടുന്നുണ്ട്.

തട്ടിക്കൊണ്ട് പോരുന്നതിനിടെ കെവിൻ തങ്ങളുടെ അടുത്തുനിന്നും രക്ഷപെട്ട് ഓടിയെന്ന് പിടിയിലായ പ്രതികൾ നൽകിയ മൊഴിയും പൊലീസ് തള്ളിക്കളയുന്നില്ല.ഇത്തരത്തിൽ ഓടി രക്ഷപെടാവുന്ന വഴികളും സാധ്യതയുമെല്ലാം പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും കൃത്യമായ നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ല.ഇരുട്ടായതിനാൽ ഓട്ടത്തിനിടെ വീണിരിക്കാമെന്നും വീണാൽപോലും പുഴയിലെത്തുന്നതിനുള്ള സാഹചര്യം വിരളമാണെന്നും അഭിപ്രായപ്പെടുന്നവരും ഏറെയാണ്.

ശ്വാസം മുട്ടിക്കുന്ന തരത്തിൽ കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളില്ലാത്തും ബലം പ്രയോഗിച്ച് വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചാൽ മരണവെപ്രാളത്താൽ ഉണ്ടാവുന്ന ശാരീരിക മാറ്റം ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ കഴിയാത്തതും മൂലമാണ് കെവിൻ മരണപ്പെട്ടത് വെള്ളം ഉള്ളിൽ ചെന്നെന്ന് പൊലീസ് സർജ്ജൻ സ്ഥിരീകരിച്ചത്.

ജീവനുള്ളപ്പോൾ ശരീര ഭാഗങ്ങളിൽ ക്ഷതങ്ങൾ ഏൽക്കുകയോ ഏൽപ്പിക്കപ്പെടുകയോ ചെയ്താൽ കോശങ്ങൾ സാധാരണ നിലയിലാവാൻ ആറുമണിക്കൂറെങ്കിലും വേണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.ക്ഷതം ഏറ്റ ആൾ ഈ സമയത്തിനുള്ളിൽ മരണപ്പെടുകയാണെങ്കിൽ കോശങ്ങൾ യഥാസ്ഥിതിയിലേയ്ക്ക് രുപപ്പെടാൻ സാദ്ധ്യത വിരളമെന്നും ഈ വിവരം പോസ്റ്റുമോർട്ടത്തിൽ തെളിയുമെന്നുമാണ് ഇക്കൂട്ടരുടെ വാദം.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മർദ്ദം ഏൽപ്പിക്കപ്പെട്ടതിന്റെ സൂചനകളില്ല.എന്നാൽ ഈ പരിക്കുകൾ മൂലം ബോധം മറയാനുള്ള സാധ്യത ഫോറൻസിക് സർജ്ജൻ തള്ളിക്കളയുന്നുമില്ല.വലത് കണ്ണിന് താഴെയും പുരികത്തിന് മുകളിലുമായി മുറിവുകളും ഇടത് കണ്ണിന് താഴെ കരിനീലിച്ച പാടും വലതുകാലിലെ മുറിവുമാണ് മൃതദേഹം കണ്ടെടുത്തപ്പോൾ കാണപ്പെട്ട ബാഹ്യക്ഷതങ്ങൾ.ബോധം നശിച്ച നിലയിൽ പുഴിയിലെറിഞ്ഞോ നാലോ അഞ്ചോപേർ ചേർന്ന് അനങ്ങാൻ കഴിയാത്ത വിധം ഇയാളെ വെള്ളത്തിൽ മുക്കിപ്പിടിച്ചോ ആണ് മരണം ഉറപ്പിച്ചതെങ്കിലും പോസ്റ്റുമോർട്ടത്തിൽ മരണകാരണം വെള്ളം ഉള്ളിൽച്ചെന്നാണെന്ന് തെളിയുമെന്നാണ് ചൂണ്ടികാണി്ക്കപ്പെടുന്നത്.കൂടുതൽ പേർ ചേർന്നാവുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കേണ്ടി വരുന്ന മർദ്ദത്തിന്റെ അളവ് കുറയുമെന്നും ഇതുമൂലം ക്ഷതങ്ങൾ രൂപപ്പെടാൻ സാദ്ധ്യത കുറവാണെന്നും വിദഗ്ധരുടെ വിലയിരുത്തുന്നു.

കെവിനെ ഷാനുവും സംഘവും റോഡിൽ ഇറക്കി കിടത്തുന്നത് കണ്ടുവെന്നും ഓടി രക്ഷപെടാൻ കഴിയാത്ത വിധം കെവിൻ അവശനായിരുന്നെന്നും കൂടെയുണ്ടായിരുന്ന അനീഷ് വെളിപ്പെടുത്തിയിരുന്നു.ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ രണ്ട് മാർഗ്ഗങ്ങളിലാണോ കെവിൻ മരണപ്പെട്ടത് എന്നത് പൊലീസ് പുറത്തുകൊണ്ടുവരണമെന്നാണ് കെവിന്റെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.മെഡിക്കൽ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചാൽ അത് സ്‌റ്റേറ്റ് ലെവൽ കമ്മിറ്റിക്ക് കൈമാറുമെന്നും ഇവിടെ നിന്നും ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പൂർത്തിയാക്കി അടുത്തമാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP