Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി മെട്രോയിൽ ശീമാട്ടി മാത്രമല്ല, മെത്രാന്മാരും നേട്ടമുണ്ടാക്കി; കല്ലൂരിലെ കോളേജ് ഗ്രൗണ്ട് ഏറ്റെടുക്കൽ കരാറിൽ നിറഞ്ഞതു വോട്ട് ബാങ്ക് രാഷ്ട്രീയം; ഒത്തുതീർപ്പ് ഫോർമുലയിൽ പാട്ടക്കുടിശിക എഴുതിത്തള്ളി; പകരം ഭൂമിക്ക് കൈവശ രേഖയും; സെന്റ് ആൽബർട്‌സ് കോളേജ് കോടികൾ കൈക്കലാക്കിയത് ഇങ്ങനെ

കൊച്ചി മെട്രോയിൽ ശീമാട്ടി മാത്രമല്ല, മെത്രാന്മാരും നേട്ടമുണ്ടാക്കി; കല്ലൂരിലെ കോളേജ് ഗ്രൗണ്ട് ഏറ്റെടുക്കൽ കരാറിൽ നിറഞ്ഞതു വോട്ട് ബാങ്ക് രാഷ്ട്രീയം; ഒത്തുതീർപ്പ് ഫോർമുലയിൽ പാട്ടക്കുടിശിക എഴുതിത്തള്ളി; പകരം ഭൂമിക്ക് കൈവശ രേഖയും; സെന്റ് ആൽബർട്‌സ് കോളേജ് കോടികൾ കൈക്കലാക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അതിവേഗം ബഹുദൂരം വികസനമെത്തിക്കുകയാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ പരമാവധി വിട്ടു വീഴ്ചകളും സർക്കാർ ചെയ്തു നൽകും. കൊച്ചി മെട്രോ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മെട്രോ ട്രാക്കിലിറക്കാൻ സർക്കാരിന് കഴിഞ്ഞു. നവംബർ ഒന്നിന് അത് പൊതുജനങ്ങളുമായി യാത്ര തുടങ്ങും. ഇ ശ്രീധരനും ഡിഎംആർസിയും ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുമ്പോൾ പല തടസ്സങ്ങളും മുന്നിൽ വന്നു. അതിൽ പ്രധാനമായിരുന്ന സ്ഥലം ഏറ്റെടുപ്പ്. ശീമാട്ടിയാണ് വലിയ എതിർപ്പുകളുമായെത്തിയത്. അവരെ എന്തും നൽകി സമാധാനിപ്പിക്കാൻ സർക്കാർ തയ്യാറായി. അങ്ങനെ കോടികളുടെ നഷ്ടം ഖജനാവിനുണ്ടായി. ശീമാട്ടിക്കായുള്ള കളക്ടർ രാജമാണിക്യത്തിന്റെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളിയായിരുന്നു.

കൊച്ചിയുടെ ഹൃദയഭാഗത്തെ ശതകോടികൾ വിലമതിക്കുന്ന 32 സെന്റ് സ്ഥലം മെട്രോയ്ക്ക് വേണ്ടി വെറുതെ വിട്ടുകൊടുത്തുവെന്ന ശാമാട്ടി മുതലാളി ബീനാകണ്ണന്റെ വാദം പൊളിച്ചത് മറുനാടനാണ്. സ്ഥലം കൊടുത്തത് വെറുതെയല്ലെന്നും സെന്റിന് 52 ലക്ഷം വീതം 13 കോടിയോളം രൂപ നൽകിയെന്നുമായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും പിന്നീട് വ്യക്തമായി. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് വാർത്ത എത്തിയത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്. ഇങ്ങനെ ശീമാട്ടി കോടികളുടെ ലാഭമുണ്ടാക്കാൻ ശ്രമിച്ചു. ഇതിനൊപ്പം സ്ഥലം കൈമാറ്റത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു കൂട്ടരും കൊച്ചിയിലുണ്ട്. സെന്റ് ആൽബെർട്‌സ് കോളേജ്.

സർക്കാരിന്റെ ഭൂമി അവർക്കു തന്നെ നൽകി ലാഭമുണ്ടാക്കി. പാട്ട ഭൂമിയെ കൈവശാവകശാ ഭുമിയുമാക്കി. ഇതിനെല്ലാം മതത്തിന്റെ പരിവേഷവും വോട്ട് ബാങ്കും സമർദ്ദമായി ഉപയോഗിച്ചു. കൊച്ചി മെട്രോയുടെ പണി തടസ്സപ്പെടുത്താൻ വിദ്യാർത്ഥികളും തെരുവിലിറങ്ങി. ഇതോടെ കൊച്ചി മെട്രോ തന്നെ മുടങ്ങുമെന്ന സ്ഥിതി വന്നു. ഇതോടെ വിട്ടുവീഴ്ചകൾക്ക് അതിവേഗം സർക്കാർ തയ്യാറായി. അങ്ങനെ ലോകത്തൊരിടത്തുമില്ലാത്ത കരാറും നേട്ടവും സെന്റ് ആൽബർട്‌സിന് സ്വന്തമായി. മെട്രോ പദ്ധതിക്കായി ആൽബർട്‌സ് കോളേജിന്റെ ഭുമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു സർക്കാരിനു കോടികളുടെ നഷ്ടവും ഒപ്പം ഭുമിയും നഷ്ടവുമാണ് സർക്കാരിനുണ്ടായത്. എന്നാൽ മതവുമായി ബന്ധപ്പെട്ട കോളേജായതിനാൽ പ്രതിപക്ഷം പോലും ശബ്ദിക്കാനെത്തിയില്ല. ആരും വാർത്തയുമാക്കിയില്ല. ഇങ്ങനെ ശീമാട്ടിയെ പോലെ സെന്റ് ആൽബർട്‌സിനും കൊച്ചി മെട്രോ ലാഭമായി.

യഥാർത്ഥത്തിൽ കലൂരിൽ സ്റ്റേഡിയത്തിന് സമീപമുള്ള 4.67 ഏക്കറിൽ ആൽബേർട്‌സ് കോളേജ് മാനേജ്‌മെന്റിന് ഒരവകാശവുമില്ലെന്നതാണ് സത്യം. ഇത് സർക്കാർ ഭൂമിയാണ്. 1983 ൽ പത്തു വർഷത്തെ പാട്ടത്തിന് സർക്കാർ ഇത് കോളേജിന് കൈമാറുകയായിരുന്നു. ഫുട്‌ബോൾ പരിശീലനത്തിന് ഗ്രൗണ്ട് ആയി ഉപയോഗിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. 1993 ൽ ഈ പാട്ട വ്യവസ്ഥ കാലഹരണപ്പെട്ടെങ്കിലും സർക്കാർ ഭൂമി തിരികെയെടുത്തില്ല. നിയമാനുസൃതം അടക്കേണ്ട പാട്ടത്തുക മാനേജ്‌മെന്റ് അടച്ചിട്ടുമില്ല. 95 ൽ പുതിയ കരാർ ഉണ്ടാക്കി. ഇതിന്റെയും കാലാവധി പത്തു വർഷമായിരുന്നു. എല്ലാ വർഷവും കൃത്യമായി പാട്ടം അടക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. 2004 ൽ ഈ കരാറും കാലാവധി പൂർത്തിയായെങ്കിലും പിന്നീട് കരാറൊന്നും ഉണ്ടാക്കിയില്ല. പാട്ടക്കുടിശ്ശിക മാത്രം 1.81 കോടി രൂപ ആയി.

പിന്നീട് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചതു വഴി ഈ തുക 46 ലക്ഷമാക്കി കുറച്ചു കൊടുത്തെങ്കിലും ഒരു രൂപ പോലും ഇപ്പോഴും അടക്കാൻ തയ്യാറായിട്ടില്ല. അതിനിടെയാണ് ഈ 4.67 ഏക്കറിൽ നിന്നും 88 സെന്റ് ഭൂമി മെട്രോ റെയിൽ പദ്ധതിയുടെ ഓഫീസിനായി ഏറ്റെടുക്കാൻ തീരുമാനമുണ്ടായത്. ഇതോടെ കോളേജ് മാനേജ്‌മെന്റ് എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. 88 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനു പകരമായി ബാക്കി ഭൂമിക്ക് പട്ടയം നൽകണമെന്നും ഏറ്റെടുക്കുന്നതിനു തുല്യമായ ഭൂമി നഗരത്തിൽ വേറെ നൽകണമെന്നുമായിരുന്നു ഡിമാന്റ്. ഇത് പൂർണ്ണമായും അംഗീകരിച്ച് ഒത്തുതീർപ്പുണ്ടാക്കി. ഫലത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പ്രതിഷേധത്തിലൂടെ കോടികളുടെ നേട്ടം സെന്റ് ആൽബർട്ട് കോളേജിനുണ്ടായി. സർക്കാരിലെ പ്രമുഖരുടെ പിന്തുണയോടെയായിരുന്ന ഇത്.

കൊച്ചി മെട്രോയുടെ പണിയുമായി ബന്ധപ്പെട്ട് ഈ സ്ഥലം ഏറ്റെടുക്കാൻ തിരുമാനിച്ചപ്പോൾ സമർദ്ദമായ ഇടപെടൽ നടത്തി. ഗ്രൗണ്ട് സർക്കാർ മെട്രോ പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരെ അദ്ധ്യാപകരും വിദ്യാർത്ഥികളും വരെ സമരവുമായി മുന്നോട്ടു വന്നു. യുജിസി അംഗീകാരം പോകുമെന്ന് വിദ്യാർത്ഥികളെ പറഞ്ഞ് തെറ്റിധരിപ്പിച്ചായിരുന്നു സമരം. അന്നത്തെ പ്രതിഷേധം മുലം ഈ ഭാഗത്തെ മെട്രോ നിർമ്മാണ പ്രവർത്തനങ്ങളും അന്ന് തടസപെട്ടിരുന്നു. അവസാനം കോളേജ് അധിക്രതരും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന ചർച്ചയിൽ ധാരണ ആവുകയായിരുന്നു. ഈ ധാരണ പ്രകാരം ഭൂമി കൊച്ചി മെട്രോയ്ക്കായി. എന്നിട്ടും യുജിസിയുടെ അംഗീകാരം കോളേജിന് നഷ്ടമായില്ല. പിന്നെ എന്തിനായിരുന്നു സമരമെന്നതാണ് ഉയരുന്ന ചോദ്യം. സമരത്തിന്റെ ഭാഗമായുണ്ടാക്കിയ കരാറിൽ ഇതിനുള്ള ഉത്തരമുണ്ട്.

ഗ്രൗണ്ടിന്റെ പാട്ടക്കുടിശികയായി കോളേജ് അധികൃതർ സർക്കാരിന് നൽകാനുള്ള കുടിശിക എഴുതിത്ത്ത്ത്തള്ളുക, എറ്റെടുക്കുന്ന സ്ഥലത്തിന് പകരമായി ഭൂമി നൽകുക. പകരം നൽകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോളേജിന് നൽകുക എന്നീ ഉപാധികളോടെയാണ് സ്ഥലം വിട്ടുനൽകാൻ കോളേജ് അധികൃതർ തയ്യാറായത്. അതായത് ഗ്രൗണ്ടിന് പകരം സ്വന്തമായി ഭൂമി ലഭിച്ചു. മറ്റൊരിടത്ത് ലഭിച്ച ഈ ഭൂമി ഇനി കോളേജിന് എന്താവശ്യത്തിനും ഉപയോഗിക്കാം. ഒപ്പം സ്റ്റേഡിയത്തിന്റെ പാട്ടക്കുടിശിഖ പോവുകയും ചെയ്തു. ഇങ്ങനെ ഒരു വെടിക്ക് ഒന്നിലേറെ നേട്ടങ്ങൾ മെട്രോയെന്ന പദ്ധതിയെ മുൻനിർത്തി കോളേജ് അടിച്ചെടുത്തു. കൊച്ചി മെട്രോയിൽ ഈ സ്ഥലത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി തന്നെയാണ് ആൽബർട്‌സും പ്രതിഷേധവും ആനുകൂല്യം തട്ടിയെടുക്കും നടത്തിയത്.

നേരത്തെ മെട്രോ റെയിലിന്റെ ഓപ്പറേഷൻ കൺട്രോൾ യൂണിറ്റ് ഇവിടെ സ്ഥാപിക്കാനിരുന്നെങ്കിലും സ്ഥലം ലഭിക്കാത്തതിനാൽ മുട്ടത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മെട്രോ പദ്ധതി കാക്കനാട്ടെക്ക് നിട്ടുമ്പോൾ സെന്റ് ആൽബർട്‌സ് കോളേജിന്റെ ഭാഗത്ത് നിന്നായിരിക്കും പാത തിരിഞ്ഞു പോവുന്നത് എന്നുള്ളതുകൊണ്ട് ഈ സ്ഥലം ഏറ്റെടുത്തു കൈവശം വയ്ക്കുക എന്നത് മെട്രോയുടെ ആവശ്യമായിരുന്നു. അതിനായി വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായി. ഇതിലൂടെ പാട്ട ഭൂമി, സ്വന്തമായി അവർക്ക് കിട്ടി. പാട്ടക്കുടിശികയും എഴുതി തള്ളി. ഇത്ര വിചിത്രമായ കരാറിന്റെ ആവശ്യം എന്തായിരുന്നുവെന്നതാണ് ചോദ്യം. ഇതിൽ കള്ളക്കളികൾ ഉണ്ടെന്നാണ് സൂചന. കളിക്കളത്തിന് വേണ്ടി ജിസിഡിഎയുടെ ഭൂമിയാണ് കോളേജിന് വിട്ടുകൊടുത്തത്. സ്‌റ്റേഡിയം നിലനിർ്ത്തുക മാത്രമായിരുന്നു കോളേജിന്റെ ലക്ഷ്യമെന്നാണ് പ്രതിഷേധ സമയത്ത് പറഞ്ഞിരുന്നത്.

എങ്കിൽ എന്തിന് കൈവശാവകാശം കൊടുത്തുവെന്നതാണ് ചോദ്യം. കല്ലൂരിലെ പകരം നൽകിയ ഭൂമിയും പാട്ടത്തിന് കൊടുത്താൽ മതിയായിരുന്നു. ഇവിടെ പാട്ടക്കുടിശിഖയും ഇല്ലാതായി. പകരം സ്വന്തമായി ഭൂമിയും കിട്ടി. കൊച്ചിയിലെ പ്രധാന വോട്ട് ബാങ്കാണ് ലത്തീൻ കത്തോലിക്കർ. ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്ന നിർണ്ണായക ശക്തി. അതുകൊണ്ട് തന്നെയാണ് ഈ സഭയുടെ കീഴിലെ കോളേജിന്റെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയതും. ശീമാട്ടിക്ക് അനധികൃതമായി ആനുകൂല്യം നൽകാൻ ശ്രമിച്ചതിന് തുല്യമായ ഇടപെടലായി ഇതിനേയും വിലയിരുത്തുന്നു.

ഇവിടെ മതമേലധ്യക്ഷന്മാരെ സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നാണ് ആരോപണം. വോട്ട് ബാങ്കിൽ കണ്ണുവച്ച് കോളേജ് അധികൃതർ പറഞ്ഞ എല്ലാ കാര്യങ്ങളും സമിതിച്ചു. ഇത്തരം വിചിത്രമായ നിരവധി ഇടപാടുകൾ കൊച്ചി മെട്രോയിൽ നടന്നിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP