Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിന്ദു സിജിയെ പരിചയപ്പെട്ടത് സർപ്പം പാട്ടിന് പോയപ്പോൾ; മദ്യപനായ സഹോദരന്റെ ശല്യം സഹിക്ക വയ്യാതായപ്പോൾ കുഞ്ഞിനെയും അമ്മയെയും കൂട്ടി സിജിക്കൊപ്പം താമസമായി; കളമശേരിയിൽ സിജി താമസിച്ചുവന്നത് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച്; മദ്യപാനം മൂലം ജോലി പോയതും വീട്ടിലെ അടിപിടിയുമായപ്പോൾ ടെൻഷൻ കൂട്ടി; ഒപ്പം സംശയരോഗവും കൂടി ചേർന്നപ്പോൾ മദ്യലഹരിയിൽ കൊടുംപാതകം; കൊച്ചിയെ നടുക്കിയ സംഭവത്തിന് പിന്നിലെ കഥ ഇങ്ങനെ

ബിന്ദു സിജിയെ പരിചയപ്പെട്ടത് സർപ്പം പാട്ടിന് പോയപ്പോൾ; മദ്യപനായ സഹോദരന്റെ ശല്യം സഹിക്ക വയ്യാതായപ്പോൾ കുഞ്ഞിനെയും അമ്മയെയും കൂട്ടി സിജിക്കൊപ്പം താമസമായി; കളമശേരിയിൽ സിജി താമസിച്ചുവന്നത് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച്; മദ്യപാനം മൂലം ജോലി പോയതും വീട്ടിലെ അടിപിടിയുമായപ്പോൾ ടെൻഷൻ കൂട്ടി; ഒപ്പം സംശയരോഗവും കൂടി ചേർന്നപ്പോൾ മദ്യലഹരിയിൽ കൊടുംപാതകം; കൊച്ചിയെ നടുക്കിയ സംഭവത്തിന് പിന്നിലെ കഥ ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: ഉറങ്ങികിടന്ന യുവതിയേയും ഒന്നരവയസ്സുകാരനായ കുഞ്ഞിനെയും യുവതിയുടെ മാതാവിനെയും തീ കൊളുത്തി കൊന്ന് ആത്മഹത്യ ചെയ്ത ചേർത്തല സ്വദേശി സിജി സ്വന്തം ഭാര്യയെയും കുട്ടികളേയും ഉപേക്ഷിച്ചാണ് കളമശ്ശേരിയിൽ താമസിച്ചു വന്നിരുന്നത്. 19 വർഷം മുൻപ് വിവാഹം കഴിച്ച ഇയാൾക്ക് മൂന്ന് കുട്ടികളുണ്ട്. നാലുവർഷം മുൻപ് വീട്ടിൽ നിന്നും ഭാര്യയോട് പിണങ്ങി ഇറങ്ങിയ ഇയാൾ പിന്നീട് ചേർത്തലയിലെ വീട്ടിൽ പോയിട്ടില്ല. കളമശ്ശേരിക്ക് സമീപമുള്ള മാതാ ഹോട്ടലിൽ ജോലിചെയ്ത് വരികയായിരുന്നു. ഇതിനിടെ അടുത്ത ക്ഷേത്രത്തിൽ സർപ്പം പാട്ടിനെത്തിയ ബിന്ദുവിനെ കാണുകയും ഇരുവരും പരിചയപ്പെട്ട് പിന്നീട് ഒന്നിച്ച് താമസിക്കുകയുമായിരുന്നു.

ബിന്ദുവിന്റെ വീട് തൃശ്ശൂർ പട്ടിമറ്റമാണ്. പിതാവ് മരിച്ചതിന് ശേഷം അമ്മ ആനന്ദവല്ലി ഹോം നേഴ്സായി ജോലിക്ക് പോയി കുടുംബം പുലർത്തുകയായിരുന്നു. ബിന്ദുവിന്റെ സഹോദരൻ രതീഷ് സർപ്പം പാട്ടിന് പോകുന്നയാളാണ്. ഇയാൾക്കൊപ്പം ബിന്ദുവും സർപ്പം പാട്ടിന് പോകുമായിരുന്നു. സഹോദരൻ രതീഷ് കടുത്ത മദ്യപാനിയും ലഹരിക്കടിമയുമായിരുന്നു. പട്ടിമറ്റത്തെ വീട്ടിൽ എന്നും ഇയാൾ മദ്യപിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതി പതിവായിരുന്നു. ഇതിനാൽ അമ്മയ്ക്കും ബിന്ദുവിനും വീട്ടിൽ സ്വസ്ഥത ഇല്ലായിരുന്നു. അങ്ങനെയാണ് സർപ്പം പാട്ടിന് പോയി പരിചയപ്പെട്ട സിജിയുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. പിന്നീട് അമ്മ ആനന്ദവല്ലിയെ ഒപ്പം നിർത്താൻ വിളിച്ചു കൊണ്ടു വരികയായിരുന്നു. അങ്ങനെ മൂന്ന് പേരും ഒന്നിച്ചു ജീവിക്കുന്നതിനിടയിൽ കുട്ടി ഉണ്ടായി. സിജി എന്നും മദ്യപിച്ചെത്തി വീട്ടിൽ ബഹളം വയ്ക്കുന്നത് പതിവായിരുന്നു. ഇതിനാൽ ഇവർ ആദ്യം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടിരുന്നു. പിന്നീടാണ് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ എത്തിയത്. ഇവിടെയെത്തിയിട്ട് ഒന്നരമാസം ആകുന്നതെയുള്ളു.

മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് സിജിയെ മാതാ ഹോട്ടലിൽ നിന്നും പിരിച്ചു വിട്ടു. പിന്നീട് കൽപ്പണിക്ക് പോകുകയായിരുന്നു. ഇപ്പോൾ താമസിക്കുന്ന വീട്ടിലും അടിയും ബഹളവുമായതിനാൽ വീട്ടുടമസ്ഥൻ ഈ മാസം വീടൊഴിയണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇന്നലെ രാത്രിയിൽ മദ്യപിച്ചെത്തിയ സിജി ബിന്ദുവുമായി വാക്കേറ്റമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വീടൊഴിയണമെന്ന് വീട്ടുടമസ്ഥൻ പറഞ്ഞതിനാൽ പട്ടിമറ്റത്തെ വീട്ടിലേക്ക് പോകണമെന്ന് ബിന്ദു പറഞ്ഞിരുന്നു. എന്നാൽ സിജി അതിന് തയ്യാറല്ലായിരുന്നു. സഹോദരൻ രതീഷിനൊപ്പം താമസിക്കാൻ തനിക്ക് കഴിയില്ലെന്ന് സിജി പലവട്ടം ബിന്ദുവിനോട് പറഞ്ഞിരുന്നു.

രാത്രിയിൽ ബിന്ദുവുമായി വഴക്കിട്ട ശേഷം വീടിന്റെ പുറക് വശത്തിരുന്ന് ഇയാൾ മദ്യപിച്ചു. രാത്രി 12 മണിയായപ്പോൾ പാത്രങ്ങളിൽ വെള്ളം നിറച്ച ശേഷം ബിന്ദുവിന്റെ അമ്മ കിടന്നു. ഇതിന് ശേഷമാണ് ഇയാൾ ഉറങ്ങിക്കിടന്ന ബിന്ദുവിന്റെയും കുഞ്ഞിന്റെയും ശരീരത്തിലേക്ക് വീട്ടിൽ വിറക് കത്തിക്കാൻ സൂക്ഷിച്ചിരുന്ന ഡീസൽ ഒഴിച്ച് തീ കൊളുത്തിയത്. പിന്നീട് ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയേയും ഡീസൽ ഒഴിച്ച് തീകൊളുത്തി. ആനന്ദവല്ലി തീപിടിച്ച ശരീരവുമായി നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയിറങ്ങി റോഡിൽ വീണു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ അവരോട് അകത്തെ മുറിയിൽ ആളുണ്ട് എന്ന് ഞരങ്ങിയ ശബ്ദത്തിൽ പറഞ്ഞു. വീടിനുള്ളിൽ കയറി നോക്കിയ നാട്ടുകാർ ഞെട്ടിപ്പോയി. അവിടെ ബിന്ദുവും കുഞ്ഞും കത്തിക്കരിഞ്ഞു കിടക്കുന്നു. ഈ സമയം സിജി വീടിന് പുറകു വശത്തെ ശുചിമുറിയിൽ കയറി തൂങ്ങിയിരുന്നു. സംഭവം അറിഞ്ഞ് കളമശ്ശേരി പൊലീസെത്തിയതിന് ശേഷമാണ് ആനന്ദവല്ലിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സമയം കളമശ്ശേരി സിഐ എ.പ്രസാദ് ആനന്ദവല്ലിയോട് എന്താണുണ്ടായത് എന്ന് ചോദിച്ചപ്പോഴാണ് സിജി തങ്ങളെ ഡീസൽ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്ന് മനസ്സിലായത്. അതുവരെ എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ലായിരുന്നു. ആനന്ദവല്ലിയുടെ നിലഗുരുതരമായതിനാൽ രാത്രിയിൽ തന്നെ മരണമൊഴി രേഖപ്പെടുത്തിയരുന്നു.

രാവിലെ കളമശ്ശേരി സിഐ എ.പ്രസാദിന്റെ നേതൃത്വത്തിൽ തൃക്കാക്കര എസ്‌ഐ, അമ്പലമേട് എസ്‌ഐ, കളമശ്ശേരി എസ്‌ഐ എന്നിവർ ചേർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്നതിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലായരുന്ന ആനന്ദവല്ലി മരണപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മാർച്ചത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിജിയുടെ ശരീരത്തിൽ നിന്നും ലഭിച്ച ആത്മഹത്യാകുറുപ്പിൽ കുഞ്ഞ് തന്റെതല്ല എന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ സംശയരോഗം മൂലമാണ് ഇത് ചെയ്തത് എന്നാണ് പ്രാഥമിക വിവരം. കത്തിൽ കുട്ടിയുടെ പിതാവ് എന്ന് സൂചിപ്പിച്ചിരിക്കുന്നയാളെ പൊലീസ് വിളിച്ച് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ ആത്മഹത്യാകുറുപ്പിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് അറിയാൻ സാധിക്കൂ.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പട്ടിമറ്റം ചെങ്ങര കീച്ചേരിച്ചാലിൽ ബിന്ദു (29), മകൻ ഒന്നര വയസ്സുള്ള ശ്രീഹരി എന്നിവരെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചു വന്നിരുന്ന ചേർത്തല വാരണാട് തോപ്പുവെളി പി. സിജി (40) യെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലും ബിന്ദുവിന്റെ അമ്മ ആനന്ദവല്ലി(55)യെ ഗുരുതരമായി പൊള്ളലേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്ക്കു താമസിക്കുകയാണു സജിയും കുടുംബവും. ഭാര്യ ബിന്ദുവും ഒന്നര വയസുകാരൻ മകനും നിലത്തു പായയിൽ കിടന്നുറങ്ങുമ്പോൾ ഇരുവരുടെയും ശരീരത്തിലേക്കു ഡീസൽ ഒഴിച്ചശേഷം സിജി തീകൊളുത്തുകയായിരുന്നു.. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയശേഷം സിജി ശുചിമുറിയിൽ കയറി തൂങ്ങിമരിച്ചു. പൊള്ളലേറ്റു പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP