Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയുടെ കോടനാട്ടെ ബംഗ്ലാവിലെ കൊലയിൽ ദുരൂഹത വർദ്ധിക്കുന്നു; കേസിലെ ഒന്നാം പ്രതി കനകരാജൻ സേലത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; കൂട്ടുപ്രതി സയന് മറ്റൊരു വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സയന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടു; അപകടത്തിൽപെട്ടത് മോഷണത്തിന് പിന്നിലെ സത്യം അറിയാവുന്നവർ; സംശയം നീളുന്നത് ശശികലയുടെ മന്നാർഗുഡി മാഫിയയിലേക്ക്

ജയലളിതയുടെ കോടനാട്ടെ ബംഗ്ലാവിലെ കൊലയിൽ ദുരൂഹത വർദ്ധിക്കുന്നു; കേസിലെ ഒന്നാം പ്രതി കനകരാജൻ സേലത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; കൂട്ടുപ്രതി സയന് മറ്റൊരു വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സയന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടു; അപകടത്തിൽപെട്ടത് മോഷണത്തിന് പിന്നിലെ സത്യം അറിയാവുന്നവർ; സംശയം നീളുന്നത് ശശികലയുടെ മന്നാർഗുഡി മാഫിയയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ സത്യം ഇനി പുറംലോകം അറിയില്ല. ഇതിന്റെ സത്യാവസ്ഥ അറിയാവുന്ന രണ്ട് പേരും വ്യ്ത്യസ്തമായ സ്ഥലങ്ങളിൽ വാഹനാപകടത്തിൽപെട്ടു. മോഷണത്തിന് കരുക്കൾ നീക്കിയ കനകരാജും ക്വട്ടേഷൻ നൽകിയ സയനും ഒരേ ദിവസം അപകടത്തിൽപെട്ടത് ദുരൂഹമാണ്. കനകരാജ് പുലർച്ചെ സേലത്തുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. കൂട്ടു പ്രതി സയൻ പരിക്കേറ്റ് ആശുപത്രിയിലാണ് സയന്റെ ഭാര്യയും മകളും അപകടത്തിൽ കൊല്ലപെട്ടിട്ടുണ്ട്. ഇതോടെ കോടനാട്ടെ മോഷണത്തിലും കൊലപാതകത്തിലും മനാർഗുഡി മാഫിയയുടെ പങ്ക് കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യവും ഉണ്ടായി. അതുകൊണ്ട് തന്നെ രണ്ട് വാഹനാപകടങ്ങളും വ്യക്തമായ ഗൂഢാലോചനയാണെന്ന് പൊലീസ് സംശയിക്കുന്നു.

എസ്റ്റേറ്റിലെ കാവൽക്കാരനായിരുന്ന നേപ്പാൾ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്‌നാട്ടിലുമായി അപകടത്തിൽപെട്ടുകായായിരുന്നു. കേസിലെ ഒന്നാം പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന കനകരാജ് പുലർച്ചെ സേലത്തുണ്ടായ അപകടത്തിൽ മരിച്ചു. ഇതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ കെ.വി.സയൻ എന്നയാളുടെ വാഹനം പാലക്കാട്ട് അപകടത്തിൽപെട്ടത്. സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സയൻ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോടനാട്ടെ മോഷണത്തിന് ഉപയോഗിച്ച വാഹനമാണ് പാലക്കാടെ കണ്ണാടിയിൽ അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ചെയാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ മോഷണശ്രമത്തിനിടെ കൊല്ലപ്പെടുന്നത്. തുടർന്ന് തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കനകരാജിനും സയനും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കായി തമിഴ്‌നാട്ടിലും കേരളത്തിന്റെ അതിർത്തി ജില്ലകളിലും പൊലീസ് തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഓരേ ദിവസം രണ്ടിടത്ത് പ്രതികളുടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത്.സേലത്തെ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പാലക്കാട് കണ്ണാടിയിലുണ്ടായ അപകടം ബോധപൂർവമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ പ്രതികൾ അപകടം വരുത്തിവച്ചതാണെന്നാണ് സംശയമുയർന്നിരിക്കുന്നത്.

സയൻ ഓടിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ലോറിക്കടിയിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് എത്തി പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. സയന്റെ ഭാര്യ വിനുപ്രിയയും മകൾ അഞ്ച് വയസുകാരി നീതുവുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ദുരൂഹത തോന്നി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തമിഴ്‌നാട് പൊലീസ് തെരയുന്ന സയനാണ് അപകടത്തിൽപെട്ടതെന്ന് തിരിച്ചറിഞ്ഞത്. കോടനാട്ടെ കേസുമായി കേസുമായി ബന്ധപ്പെട്ട് ഏഴ്് മലയാളികളും അറസ്റ്റിലായിരുന്നു. പുതുക്കാടിനടുത്ത് പള്ളം സ്വദേശി സതീശൻ, മൂന്നുമുറി സ്വദേശി സന്തോഷ്, മാപ്രാണം സ്വദേശി ദീപു, മലപ്പുറം സ്വദേശി ഉദയൻ എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ കേസിൽ മലയാളി ബിടെക് വിദ്യാർത്ഥിയും പിടിയിലായിരുന്നു. മലപ്പുറം സ്വദേശി ബിജിത് ജോയിയാണ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇവർ കാവൽക്കാരനായ ഓം ബഹദൂറിനെ (37) കൊലപ്പെടുത്തി മോഷണം നടത്തിയത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഓം ബഹദൂർ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു കാവൽക്കാരനായ കിഷൻ ബഹദൂറിനും ആക്രമണത്തിൽ നിസാര പരിക്കേറ്റിരുന്നു. കിഷൻ ബഹദൂറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്. അവസാനം പിടിയിലായ മലയാളി ബിടെക് വിദ്യാർത്ഥി കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. അറസ്റ്റിലായവരിൽ നാലുപേർ മലപ്പുറം സ്വദേശികളും മുന്നു പേർ തൃശ്ശൂർ സ്വദേശിയുമാണെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കാവൽക്കാരനായ കിഷൻ ബഹദൂറിനും പരിക്കേറ്റിരുന്നു. എന്നാൽ ഇയാൾക്ക് മോഷണവുമായി ബന്ധമുണ്ടെന്നും ഇയാളുടെ നിസ്സാര പരിക്കുകൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നുമാണ് പൊലീസ് സംഘത്തിന്റെ നിഗമനം.

പത്തോളം പേർ ആണ് എസ്റ്റേറ്റിൽ കടന്നത്. ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയിലുൾപ്പെടെ കള്ളന്മാർ കടന്നിരുന്നു. എന്തൊക്കെ വസ്തുക്കൾ ഇവർ മോഷ്ടിച്ചെന്ന് വ്യക്തമായിട്ടില്ല. ഏപ്രിൽ 23ന് എഐഎഡിഎംകെയുടെ കൊടിവെച്ച ഒരു എസ്യുവി ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് കോട്ടാഗിരിയിൽ കിടന്നിരുന്നു. വാഹനം മാറ്റാൻ ആവശ്യപ്പെട്ട പൊലീസുകാരുമായി ഡ്രൈവർ തർക്കിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വാഹനം ചെന്നൈയിൽ നിന്നുള്ളതാണെന്നും കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. അതുകൊണ്ട് തന്നെ പ്രതികൾക്ക് അണ്ണാ ഡിഎംകെയുമായി ബന്ധമുണ്ടെന്ന സംശയവും ഉയർന്നു. ശശികലയുടെ മന്നാർഗുഡി മാഫിയയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.

1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് 5000 ചതുരശ്രയടിയിൽ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് കോടനാടെത്തി വിശ്രമിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയായ കാലത്ത് ജയലളിത എത്തിയാൽ ഭരണസിരാകേന്ദ്രവും കോടനാടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസിൽ സുപ്രീംകോടതി വിധിപ്രകാരം കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു ഊട്ടി കോടനാട്ടെ അവധികാല വസതിയിൽ പണവും സ്വർണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക സൂചന.

കേസന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസ് സംഘമെത്തി സയനെ കൊയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ സയന്റെ അപകടം ആത്മഹത്യയാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്. അപകടത്തിൽപെടുന്നതിനു മുമ്പുതന്നെ സയന്റെ ഭാര്യ വിനുപ്രീയയും മകളും കൊല്ലപെട്ടിരുന്നതായാണ് സൂചന. ഇക്കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാലെ വ്യക്തത വരികയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP