Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വാറി ഉടമയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു; സ്വർണം തിരിച്ചു ചോദിച്ചിട്ട് നൽകിയുമില്ല; കരിങ്കൽ ക്വാറിയിലെ സാജിതയുടെ കൊലയ്ക്ക് കാരണം പ്രണയനൈരാശ്യം; ഒടുവിൽ മിനി അബ്ദുവും സഹായിയും കുടുങ്ങി

ക്വാറി ഉടമയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു; സ്വർണം തിരിച്ചു ചോദിച്ചിട്ട് നൽകിയുമില്ല; കരിങ്കൽ ക്വാറിയിലെ സാജിതയുടെ കൊലയ്ക്ക് കാരണം പ്രണയനൈരാശ്യം; ഒടുവിൽ മിനി അബ്ദുവും സഹായിയും കുടുങ്ങി

എംപി റാഫി

മലപ്പുറം: വിവാഹാഭ്യാർത്ഥന നിരസിച്ചതും ആവശ്യപ്പെട്ട സ്വർണാഭരണങ്ങൾ നൽകാത്തതുമാണ് ചെങ്കൽ ക്വാറിയിലെ സാജിതയുടെ കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിൽ പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ക്വാറി ഉടമകളിലൊരാളായ പാങ്ങ് കരേക്കാട് ചെങ്കുങ്ങൻപടി കപ്പൂരത്ത് വീട്ടിൽ അബ്ദുല്ല എന്ന മിനി അബ്ദു(42), സഹായി അസം കൊക്‌റാജാർ ജില്ലയിലെ കൊറൈതല ഫക്കീർ ഗ്രാം സ്വദേശി അജീബുർറഹ്മാൻ എന്ന അജീബുർ അലി(23) എന്നിവരാണ് കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് 120ൽ അധികം പേരെ പല തവണ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിൽ നിന്നും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ഒടുവിൽ സൈബർ സെല്ലിന്റെയും വിരലടയാള വിദ്ഗദരുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലും പഠനത്തിലുമാണ് പ്രതികളിലേക്കുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് സംശയം തോന്നിയ അസം സ്വദേശിയെ പല തവണ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചതും കേസിലെ മുഖ്യ കണ്ണിയായ കോറിയുടമയിലേക്ക് എത്തുന്നതും.

വിവാഹാഭ്യാർത്ഥന നിരസിച്ചതും ആവശ്യപ്പെട്ട സ്വർണാഭരണങ്ങൾ നൽകാത്തതുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതികൾ അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ട്. നവംബർ പത്തൊമ്പതിനാണ് പാങ്ങ് ചേണ്ടി പെരുംചോലയിലെ ചെങ്കൽ ക്വാറിയിൽ കരേക്കാട് ചേനാടൻകുളമ്പ് സ്വദേശി ചോലശ്ശേരി മൂസയുടെ മകൾ സാജിത (32)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് ഒരു മാസമായിട്ടും പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ മലപ്പുറം എസ്‌പി ബീപേഷ് കുമാർ ബെഹ്‌റ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികൾക്കായി വല വിരിക്കുകയായിരുന്നു.

ഇപ്പോൾ പിടിയിലായ കോറിഉടമയെ അടക്കം സാജിതയുടെ കുടുംബം ചിലരെ സംശയിക്കുന്നതായി നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ കേസിൽ ഉന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായതോടെ വേഗത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. സാജിദയുടെ ബന്ധുക്കളും നാട്ടിലെ ജനപ്രതിനിധികളും പൊതുജനങ്ങളും ചേർന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്‌പിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേ തുടർന്ന് കേസിന്റെ മേൽ നോട്ടം ജില്ലാ പൊലീസ് മേധാവി നേരിട്ട് വഹിക്കുകയായിരുന്നു.

ക്വാറിയിലെ മെസ്സിൽ ഭക്ഷണം പാകം ചെയ്യുന്ന ജോലി സാജിതയാണ് ചെയ്തിരുന്നത്. പാചക ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സാജിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളും ധരിച്ചിരുന്ന ആഭരണങ്ങൾ കാണാതായതും സംഭവത്തിൽ ദുരൂഹതയുണ്ടാക്കി. മാത്രമല്ല, ഇതേ ക്വാറിയിൽ ജോലി ചെയ്യുന്ന രണ്ട് അസം സ്വദേശികളെ കൊലപാതകം നടന്നതിനു ശേഷം കാണാതായിരുന്നു.

ഇത് അന്വേഷണ ഉദ്യോഗസ്ഥരെ വഴിമാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതോടെ നാട്ടിലേക്കു മുങ്ങിയ അസം സ്വദേശികളെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് കണ്ടെത്തുകയായിരുന്നു. അൽപം മുമ്പ് വരെ ജീവനോടെ കണ്ടിരുന്ന സാജിതയെ കൊല്ലപ്പെട്ട ശേഷം മൃതദേഹം കാണാൻ ഇടയായ ഇവർ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. കേസിൽപെടുമോയെന്ന ഭയവും അലട്ടിയിരുന്ന ഇവർ ഇക്കാര്യം ആരെയും അറിയിക്കാതെ നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ ഇവർ പ്രതികളല്ലെന്ന് പിന്നീട് കണ്ടെത്തി.

യുവതിയുടെ തലയിൽ കല്ലുപയോഗിച്ച് പരിക്കേൽപിച്ചതായും കഴുത്തിൽ ആയുധംകൊണ്ട് ആഴത്തിൽ മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. കൊല്ലപ്പെട്ട സാജിദയുടെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അപ്പോൾ തന്നെ ക്വാറിയിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്താനായിരുന്നില്ല. സാജിത ജോലി ചെയ്യുന്ന ഷെഡിൽ തൊട്ടടുത്തു നിന്നായി വീട്ടിലേക്ക് കൊണ്ടുപോവാറുള്ള കറിപ്പാത്രവും മൃതദേഹം കിടന്നതിന് സമീപത്തു നിന്ന് ബാഗും കണ്ടെത്തി. മൂന്നു മണിക്ക് ക്വാറിയിലെ പാചക ജോലി കഴിഞ്ഞ് ഷെഡിൽ നിന്നും താഴത്തുള്ള ക്വാറിയിലൂടെ നടന്ന് വീട്ടിലേക്ക് പോവുമ്പോഴാണ് ഇരുവരും ചേർന്ന് സാജിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ക്വാറിയും പരിസരവും കൃത്യമായി അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നും കൃത്യം നടത്താൻ ആസൂത്രണം നടന്നിരുന്നതായും അന്വേഷണസംഘം നേരത്തെ പറഞ്ഞിരുന്നു.

ക്വാറിയുടെ മൂന്ന് ഉടമകളിലൊരാളും പ്രദേശത്തെ പൗരപ്രമുഖനുമായ അബ്ദുല്ല എന്ന മിനി അബ്ദുവിനു വേണ്ടിയാണ് അസം സ്വദേശിയും ക്വാറിയിലെ തൊഴിലാളിയുമായ അജീബുർ അലി കൃത്യം ചെയ്തത്. ഇരു വരും ഒരുമിച്ചായിരുന്നു കൊല നടത്തിയത്. വിവാഹ മോചിതയായ സാജിതയെ വിവാഹം കഴിക്കണമെന്ന അഭ്യർത്ഥനയുമായി പലതവണ അബ്ദുല്ല സമീപിച്ചിരുന്നു. പല ഇടനിലക്കാരോടും ഇക്കാര്യം ഇയാൾ പറഞ്ഞ് സാജിതയെ സമീപിക്കുകയുണ്ടായി. എന്നാൽ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സാജിതയെ പലതവണ സമീപിച്ചതെന്ന് ഇയാൾ മൊഴിനൽകിയിട്ടുണ്ട്. പണവും സ്വർണവും ആവശ്യപ്പെട്ട് സാജിതയെയും വീട്ടുകാരെയും അബ്ദുല്ല പല തവണ സമീപിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. വിവാഹാഭ്യാർത്ഥന നിരസിച്ചതുമുതൽ സാജിതയോടുള്ള പക അബ്ദുല്ലയിൽ വർദിച്ചു.

ഇതിനു ശേഷം സ്വർണാഭരണം ആവശ്യപ്പെട്ടെന്ന പേരിൽ പതിവായി പിന്നാലെ കൂടുമായിരുന്നു. സംഭവം നടന്ന ദിവസവും സാജിതയെ പിന്തുടർന്ന് വിവാഹാഭ്യർത്ഥന നടത്തുകയും സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണയം വെയ്ക്കുന്നതിനു വേണ്ടി ആഭരണങ്ങൾ അത്യാവശ്യമാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ സ്വർണം നൽകാൻ കൂട്ടാക്കാതിരുന്ന സാജിതയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും അസം സ്വദേശിയുടെ സഹായത്തോടെ കൊല നടത്തുകയുമായിരുന്നെന്ന് പെരിന്തൽമണ്ണ സി.ഐ കെ.എം ബിജു പറഞ്ഞു. സാജിതയുടെ ദേഹത്ത് കല്ലുപയോഗിച്ച് പരിക്കേൽപിച്ചിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഇൻക്വസ്റ്റിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും നേരത്തെ കണ്ടെത്തിയിരുന്നു.

നിരന്തരമായി സാജിതയെ കൊലപ്പെടുത്തണമെന്ന് തന്നോട് പറയുമായിരുന്നെന്നും ഇതിൽ നിന്നും ഒഴിഞ്ഞു മാറിയ തന്നെ നിർബന്ധിച്ച് ചെയ്യിക്കുകയായിരുന്നെന്നും അസം സ്വദേശി അജീബുർ അലി പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നും കൊലപാതക കുറ്റം ഇരുവരും സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഡി വൈ എസ് പി. പി എം പ്രദീപ്, സി ഐ. കെ എം ബിജു, എസ് ഐ ജോബി തോമസ്, അഡീഷണൽ എസ് ഐ. കെ നരേന്ദ്രൻ, പെരിന്തൽമണ്ണ എസ് ഐ മാരായ സി കെ നാസർ, പി വിഷ്ണു, എ എസ് ഐ മോഹൻദാസ് കരുളായി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ പെരിന്തൽ മണ്ണ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP