Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോന്നി പെൺകുട്ടികളുടെ മാതാപിതാക്കൾ തമ്മിൽ കേസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് തർക്കം; പൊലീസിനെതിരെയുള്ള സമരത്തിൽ നിന്നും ആര്യയുടെ മാതാപിതാക്കൾ പിന്മാറി

കോന്നി പെൺകുട്ടികളുടെ മാതാപിതാക്കൾ തമ്മിൽ കേസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് തർക്കം; പൊലീസിനെതിരെയുള്ള സമരത്തിൽ നിന്നും ആര്യയുടെ മാതാപിതാക്കൾ പിന്മാറി

പത്തനംതിട്ട: കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ തിരോധാനവും പിന്നീടുണ്ടായ ദുരൂഹമരണവും സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിലെ ഭിന്നത മറ നീക്കുന്നു. അന്വേഷണം അട്ടിമറിച്ചതിനെതിരേ പെൺകുട്ടികളുടെ ബന്ധുക്കൾ ഇന്നലെ കോന്നി പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിൽ നിന്ന് ഏറ്റവും ഒടുവിൽ മരണമടഞ്ഞ ആര്യയുടെ ബന്ധുക്കൾ വിട്ടു നിന്നു.

ഇന്നലെ നടത്തിയ ഉപവാസ സമരത്തെക്കുറിച്ച് വിശദീകരിക്കാൻ വ്യാഴാഴ്ച പത്തനംതിട്ട പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലും ആര്യയുടെ മാതാവോ മറ്റു ബന്ധുക്കളോ പങ്കെടുത്തിരുന്നില്ല. ഇതേപ്പറ്റി മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആര്യയുടെ മാതാവിന് സുഖമില്ല എന്നാണ് മറ്റുള്ളവർ നൽകിയ മറുപടി. ഇന്നലെ സമരപ്പന്തലിലും ഇതേ മറുപടി ആവർത്തിക്കുകയായിരുന്നു. പെൺകുട്ടികളുടെ മരണം സംബന്ധിച്ച് രക്ഷിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇന്നലെ മറ നീക്കിയത്. ഒരു തെറ്റും ചെയ്യാത്ത തങ്ങളുടെ കുട്ടികളെക്കൂടി മരണത്തിലേക്ക് നയിച്ചത് ആര്യയാണെന്ന് മറ്റു കുട്ടികളുടെ ബന്ധുക്കൾ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

പെൺകുട്ടികളെ കാണാതായ ദിവസം ചിത്രങ്ങളുമായി മാദ്ധ്യമങ്ങളെ സമീപിച്ച ആതിരയുടെയും രാജിയുടെയും ബന്ധുക്കൾ കുറ്റപ്പെടുത്തിയതും ആര്യയെ ആയിരുന്നു. ഇതിനെ സാധൂകരിക്കും വിധമുള്ള കാരണങ്ങളും അവർ നിരത്തിയിരുന്നു. പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലുകളും ആര്യയ്ക്ക് എതിരായിരുന്നു. പിതാവിന്റെ അക്കൗണ്ട് നമ്പരിലുള്ള എ.ടി.എം കാർഡ് ഉപയോഗിച്ച് ആര്യ രണ്ടു ലക്ഷത്തോളം രൂപ പലപ്പോഴായി പിൻവലിച്ചിരുന്നുവെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. അക്കൗണ്ടിലെ പണം തീർന്നപ്പോഴാണ് ആഭരണം അങ്കമാലിയിൽ പണയം വയ്ക്കാൻ പെൺകുട്ടികൾ ശ്രമിച്ചതത്രേ. ആര്യയുടെ കൈയിൽ മാത്രമാണ് കൂട്ടത്തിൽ ഇന്റർനെറ്റ് സംവിധാനമുള്ള ടാബ്‌ലറ്റ് ഉണ്ടായിരുന്നതും. ഇതും മറ്റു രക്ഷിതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. തങ്ങളുടെ കുട്ടികളെ ആര്യയാണ് വിളിച്ചു കൊണ്ടു പോയത് എന്ന് അവർ പരസ്യമായി പറയാനും മടിച്ചിരുന്നില്ല. ഈ കാരണങ്ങൾ കൊണ്ടാകാം ആര്യയുടെ മാതാവും ബന്ധുക്കളും സമരത്തിൽനിന്നു വിട്ടു നിന്നത് എന്നു കരുതുന്നു.

കോന്നി തെങ്ങുംകാവ് പുത്തൻപറമ്പിൽ എസ്. രാജിയുടെ മാതാവ് സുജാത, ഐരവൺ തിരുമല വീട്ടിൽ ആതിരയുടെ മാതാവ് ലളിതകുമാരി, ഇവരുടെ അടുത്ത ബന്ധുക്കൾ എന്നിവരാണ് ഇന്നലെ ഉപവാസം നടത്തിയത്. ഉപവാസസമരം ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന രക്ഷാധികാരി കെ.എൻ.കെ. നമ്പൂതിരിയാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി അഡ്വ. എ. ജയകുമാർ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി തുളസീ മണിയമ്മ എന്നിവർ പ്രസംഗിച്ചു.

ജൂലൈ ഒമ്പതിനാണ് കോന്നിയിൽനിന്നും മൂവരെയും കാണാതായത്. 13 ന് ഒറ്റപ്പാലം ലക്കിടിയിലെ റെയിൽവേ ട്രാക്കിൽ ആതിര, രാജി എന്നിവരെ മരിച്ച നിലയിലും ആര്യയെ ഗുരുതരമായി പരുക്കേറ്റും കണ്ടെത്തിയിരുന്നു. തുടർന്ന് ആര്യ 21 ന് മരണത്തിന് കീഴടങ്ങി. പൊലീസിന്റെ അന്വേഷണത്തിലുണ്ടായ അപാകതയാണ് ഉപവാസത്തിലൂടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. കാണാതായ ദിവസം ഉച്ചയ്ക്ക് മാവേലിക്കരയിൽ നിന്ന് കുട്ടികൾ ഒരാളുടെ മാതാവിനെ വിളിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾ ട്രെയിൻ യാത്രയിലായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ കുട്ടികളെ ജീവനോടെ ലഭിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇത് പൊലീസിന്റെ അനാസ്ഥയാണ്. അനാസ്ഥ കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ബന്ധുക്കളെ കൃത്യമായി വിവരം അറിയിക്കാൻ പൊലീസ് തയാറാകാത്തത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നതായി ഉപരോധ സമരത്തിന് നേതൃത്വം നൽകിയ വി.ബി. ശ്രീനിവാസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP