Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോയമ്പത്തൂർ യാത്രകൾ സയനൈയ്ഡ് തെളിവുകൾ നശിപ്പിക്കാനോ? റോയിയുടെ മരണത്തിന് മുമ്പ് തന്നെ ജോളിയും ജോൺസനും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് സൂചന; ബി എസ് എൻ എൽ ജീവനക്കാരന്റെ മൊബൈൽ നമ്പരിലെ അന്വേഷണം അതിനിർണ്ണായകമാകും; റോയി തോമസിന്റെ നമ്പർ എന്തിന് ജോളിയുടെ സുഹൃത്ത് സ്വന്തമാക്കിയെന്നതിൽ ദുരൂഹതകൾ ഏറെ; റാണിയെ പ്രതിയാക്കില്ല; ഷാജുവിനെ പരിഗണിക്കുന്നത് മാപ്പുസാക്ഷിയാക്കാൻ തന്നെ; കൂടത്തായിയിൽ ഇനിയുള്ള ജോളിയുടെ മൊഴിയെടുക്കൽ നിർണ്ണായകം

കോയമ്പത്തൂർ യാത്രകൾ സയനൈയ്ഡ് തെളിവുകൾ നശിപ്പിക്കാനോ? റോയിയുടെ മരണത്തിന് മുമ്പ് തന്നെ ജോളിയും ജോൺസനും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് സൂചന; ബി എസ് എൻ എൽ ജീവനക്കാരന്റെ മൊബൈൽ നമ്പരിലെ അന്വേഷണം അതിനിർണ്ണായകമാകും; റോയി തോമസിന്റെ നമ്പർ എന്തിന് ജോളിയുടെ സുഹൃത്ത് സ്വന്തമാക്കിയെന്നതിൽ ദുരൂഹതകൾ ഏറെ; റാണിയെ പ്രതിയാക്കില്ല; ഷാജുവിനെ പരിഗണിക്കുന്നത് മാപ്പുസാക്ഷിയാക്കാൻ തന്നെ; കൂടത്തായിയിൽ ഇനിയുള്ള ജോളിയുടെ മൊഴിയെടുക്കൽ നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് സൂചന. പ്രധാന പ്രതി ജോളി ജോസഫിന സിലി വധക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അതിന് ശേഷമാകും കൂടുതൽ അറസ്റ്റ്. ജോളിയുടെ ഭർത്താവ് ഷാജു, ഷാജുവിന്റെ അച്ഛൻ സഖറിയാസ് തുടങ്ങിയവർ സംശയ നിഴലിലാണ്. ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. സിലിയുടെ മരണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് പൊലീസിനോട് ഷാജു സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസിൽ ഷാജുവിനെ മാപ്പുസാക്ഷിയാക്കാനും സാധ്യതയുണ്ട്. സഖറിയാസിനെതിരെ സംശയങ്ങളുണ്ട്. എന്നാൽ തെളിവൊന്നും കിട്ടിയിട്ടുമില്ല. സിലി കേസിൽ ജോളിയെ ചോദ്യം ചെയ്ത ശേഷമാകും എല്ലാ കാര്യത്തിലും വ്യക്തത വരുത്തുക.

അതിനിടെ ജോളിയുടെ സുഹൃത്ത് ജോൺസണിനെതിരെ അതിശക്തമായ തെളിവുകൾ പൊലീസിന് കിട്ടിയെന്നാണ് സൂചന. ജോളിയും ജോൺസണും തമ്മിലെ അസ്വാഭാവിക ബന്ധം തെളിഞ്ഞിട്ടുണ്ട്. എന്നാൽ കൊലപാതകങ്ങളിൽ ജോൺസണ് പങ്കുണ്ടോ എന്ന് വ്യക്തമായിട്ടില്ല. അറിയാമായിരുന്നോ എന്നതിലും വ്യക്തത വന്നിട്ടില്ല. അതിനിടെയാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണ ശേഷം ജോൺസൺ മൊബൈൽ നമ്പർ സ്വന്തം പേരിലേക്ക് മാറ്റിയെന്ന കണ്ടെത്തലെത്തുന്നത്. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ ഇതിലൂടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജോളിയും ജോൺസനുമായി സൗഹൃദത്തിലായിരുന്നുവെന്ന് ജോൺസൺ പൊലീസിനോട് പറഞ്ഞിരുന്നു. ജോൺസന്റെ പേരിലുള്ള സിം ആണ് ജോളി ഉപയോഗിച്ചിരുന്നതും. ഈ സാഹചര്യത്തിൽ ജോൺസണും കുടുങ്ങാനാണ് സാധ്യത. ജോളിയുടെ സുഹൃത്ത് റാണിക്കെതിരെ പൊലീസിന് കൊലപാതക കേസുമായി ബന്ധപ്പെട്ട തെളിവൊന്നും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ റാണിയെ കേസിൽ സാക്ഷിയാക്കാനാണ് സാധ്യത. എൻ ഐ ടിയിലെ വ്യാജ അദ്ധ്യാപക എന്ന വാദം തെളിയിക്കാനാകും ഇത്.

റോയിയുടെ മരണത്തിന് മുമ്പ് തന്നെ ജോളിയും ജോൺസനും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ വിവരങ്ങൾ. ഒരേ സമയം ജോളി ജോൺസനുമായും ഷാജുവുമായും ബന്ധം സ്ഥാപിച്ചുവെന്നാണ് വിവരം. ഇവർ പലപ്പോഴും വീട്ടിൽ ജോളിയുടെ വീട്ടിൽ എത്തിയിരുന്നതായും വിവരമുണ്ട്. ജോൺസണോടായിരുന്നു ജോളിക്ക് കൂടുതൽ അടുപ്പം. റോയി മരിച്ച ശേഷം ഷാജുവിനെ വിവാഹം ചെയ്തത് സർക്കാർ ജോലിയിൽ കണ്ണുവച്ചാണ്. ഷാജുവിനെ വകവരുത്തി ആശ്രിത നിയമനത്തിലൂടെ ജോലി നേടാനായിരുന്നു ശ്രമം. ഇതിന് വേണ്ടി തന്നേയും കൊല്ലാൻ ജോളി ശ്രമിച്ചിരുന്നുവെന്ന് ഷാജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോൺസണും കുടുംബവും പിണക്കത്തിലുമായിരുന്നു. ജോൺസണിന്റെ ഭാര്യയേയും ജോളി കൊല്ലാൻ ശ്രമിച്ചു. ഷാജുവിനെ കൊന്ന് ജോൺസണെ മൂന്നാം വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് സൂചന.

ജോളി ജോൺസനെ കാണുന്നതിനു വേണ്ടിയാണ് കോയമ്പത്തൂരിലേക്കു പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരിൽ താമസിച്ചു. ജോൺസനൊപ്പം ജോളി ബെംഗളൂരുവിൽ പോയിരുന്നതായും പൊലീസ് കണ്ടെത്തി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഈ വർഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂർ സന്ദർശനം. അതേസമയം കേസിൽ ജോളി അറസ്റ്റിലായ ശേഷവും ജോൺസൺ കോയമ്പത്തൂരിലെത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. സയനൈഡ് കൈമാറ്റത്തിന്റെ തെളിവുകൾ നശിപ്പിക്കാനാണ് ഇതെന്ന സംശയവും ബലപ്പെടുന്നു. എൻഐടിയിലെ വിദ്യാർത്ഥികൾക്കൊപ്പം വിനോദയാത്ര പോകുന്നുവെന്ന് തെറ്റിധരിപ്പിച്ചിറങ്ങിയാണ് ജോളി കോയമ്പത്തൂരിൽ ജോൺസണുമൊത്ത് കറങ്ങിയത്.

ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയത് പ്രജികുമാറും മാത്യുവുമെന്നാണ് റിപ്പോർട്ട്. പ്രജികുമാറിന് സയനൈഡ് നൽകിയ കോയമ്പത്തൂരിലെ വ്യാപാരി രണ്ടുവർഷം മുമ്പ് മരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കോയമ്പത്തൂരിലെ ഈ വ്യാപാരിയിൽ നിന്നു പേരാമ്പ്ര പാലേരി സ്വദേശിയായ സ്വർണപ്പണിക്കാരനാണു സയനൈഡ് വാങ്ങിയത്. ഇയാളിൽ നിന്നാണു പ്രജികുമാറിനു സയനൈഡ് ലഭിക്കുന്നത്. ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണപ്പണിക്കെന്ന പേരിലാണു പ്രജികുമാർ സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാൾ അന്വേഷണസംഘത്തിനു മൊഴി നൽകി. സ്പെഷൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടുദിവസം മുൻപാണ് കോയമ്പത്തൂരിലെത്തിയത്.

കൂടത്തായി ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിലും ജോളിക്കെതിരെ കേസ് എടുക്കും. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ജോളിയെ സഹായിച്ചത് ജയശ്രീ വാര്യർ ആയിരുന്നു. ജോളിക്ക് വേണ്ടി വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ചതിന്റെ പേരിൽ ജയശ്രീ വാര്യർ അന്വേഷണം നേരിടുന്നുണ്ട്.. ജയശ്രീയിൽ നിന്നും പൊലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. തന്റെ മകളെ കൊല്ലാനും ജോളി ശ്രമിച്ചിരുന്നതായി ജയശ്രീ പൊലീസിന് മൊഴി നൽകിയിരുന്നു. മകളുടെ വായിൽ നിന്ന് നുരയും പതയും വന്നതായും ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് മാത്രം രക്ഷപ്പെട്ടതാണെന്നും ജയശ്രീ മൊഴി നൽകിയിരുന്നു.

റോയി തോമസ് കേസിൽ റിമാന്റ് കാലാവധി അവസാനിച്ചതിനെതുടർന്ന് കോടതിയിൽ ഹാജരാക്കിയ ജോളിയുടെയും മറ്റു പ്രതികളുടെയും റിമാന്റ് കാലാവധി നവംബർ രണ്ടു വരെ കോടതി നീട്ടിയിരുന്നു. വെള്ളിയാഴ്ചയാണ് സിലി വധക്കേസിൽ ജോളിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ജോളിയെയും ബന്ധുവായ എം. എസ്. മാത്യുവിനെയുമാണ് ഈ കേസിൽ പ്രതിചേർത്തിരിക്കുന്നത്. റോയിതോമസ് കേസിലെ മൂന്നാമത്തെ പ്രതിയായ പ്രജികുമാറിനെ ഈ കേസിൽ പ്രതി ചേർത്തിട്ടില്ല. ജോളിയിൽ നിന്ന് കടുത്ത മാനസിക ശാരീരിക പീഡനങ്ങളുണ്ടായിരുന്നുവെന്ന് രണ്ടാംഭർത്താവ് ഷാജുവിന്റെയും കൊല്ലപ്പെട്ട സിലിയുടെയും മകൻ പൊലീസിന് മൊഴി നൽകി. വീട്ടിൽ ഒറ്റപ്പെടുത്തി, രണ്ടാനമ്മ എന്ന രീതിയിൽ എല്ലാ വിവേചനങ്ങളും കാണിച്ചിരുന്നുവെന്നും സിലിയുടെ മകൻ അന്വേഷണസംഘത്തോട് പറഞ്ഞതായാണ് വിവരം. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മകൻ ജോളിയുടെ പീഡനത്തെക്കുറിച്ച് അന്വേഷണ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞത്.

ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാൻ താൻ രണ്ട് വട്ടം ശ്രമിച്ചിരുന്നു എന്നാണ് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജോളിക്ക് ജയശ്രീയുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല ബന്ധമുണ്ടായിരുന്നു. എൻഐടി അദ്ധ്യാപിക എന്ന പേരിലാണ് ഇവരുമായി ജോളി അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്. ജയശ്രീയുടെ വീട്ടിൽ ജോളി നിരന്തര സന്ദർശകയായിരുന്നു. മകളെ പരിചരിക്കുന്നതടക്കമുള്ള സ്വാതന്ത്ര്യം ജോളിക്ക് ആ വീട്ടിലുണ്ടായിരുന്നു. മൂന്ന് മാസത്തെ ഇടവേളകളിലാണ് ജോളി രണ്ട് തവണ കുഞ്ഞിന് വിഷം കൊടുത്തുകൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കാലത്ത് ജോളി കൂടത്തായിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജോളിയെ കുറിച്ച് ജയശ്രീക്കോ വീട്ടുകാർക്കോ ഒരു വിധത്തിലുള്ള സംശയങ്ങളും ഉണ്ടായിരുന്നില്ല. വിഷം അകത്ത് ചെന്ന് തളർന്ന് വീണ കുഞ്ഞിനെ രണ്ട് തവണയും തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാനായത്. ഒരു തവണ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരു തവണ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ കുട്ടിയെ പരിശോധിച്ച ശേഷം ശരീരത്തിൽ വിഷം ചെന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. രണ്ട് തവണ കുഞ്ഞ് ബോധമറ്റ് വീണപ്പോഴും ജയശ്രീയുടെ വീട്ടിൽ ജോളിയുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ട് പോകാനും ജോളി മുന്നിലുണ്ടായിരുന്നു. നമ്മുടെ മോള് പോയി ജയശ്രീ ചേച്ചീ എന്ന് ഒരു തവണ ജോളി തന്നെ ഫോണിൽ വിളിച്ച് കരയുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനൊപ്പം റിയൽ എസ്റ്റേറ്റ് ഇടപാടുകളും ചർച്ചയായിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിനായി പണം നൽകിയ തിരുവമ്പാടിയിലെ വ്യാപാരിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപയാണ്. പലതവണ തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനെ തുടർന്ന് ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തു വിറ്റാണ് ഇയാൾ ബാധ്യത തീർത്തത്. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നു പറഞ്ഞാണ് ജോളി പണം വാങ്ങിയിരുന്നത്.

എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതിനൊപ്പം ചില ബിസിനസ് ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. പണം നൽകിയ വ്യാപാരി ഇടനിലക്കാർ വഴി പലതവണ ഇതു തിരികെ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് വസ്തുവും വീടും കടമുറികളും വിൽക്കുകയായിരുന്നു. ഇതിന്റെ വിശദ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും പല ഇടപാടുകളിലും പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പലരിൽനിന്നായി പണം വാങ്ങി ജോളിക്കു കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP