Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോയി തോമസിൽ സയനൈഡ് കണ്ടെത്തിയത് ഗന്ധം തിരിച്ചറിയാൻ കഴിവുള്ള ഡോക്ടർ സോനു; പോസ്റ്റ്‌മോർട്ടം നടത്തിയ അസി പ്രൊഫസർ മരിച്ചെങ്കിലും അഞ്ച് കൊല്ലം കഴിഞ്ഞ് കിട്ടിയ രാസപരിശോധനാ ഫലത്തിലെ സയനൈഡിന്റെ സാന്നിധ്യം പൊലീസിന് പ്രതീക്ഷ; കൊല നടത്തുന്നതിലെ വൈദഗ്ധ്യം സംശയങ്ങൾ ഉന്നയിച്ചവരേയും ഒതുക്കി; ആളുകൾ എത്തി കുലുക്കി വിളിച്ചപ്പോൾ മാത്യു ഞരങ്ങിയിട്ടും പോസ്റ്റ്‌മോർട്ടം നടത്താത്ത് രണ്ട് ജീവൻ കൂടി എടുത്തു; കില്ലർ ജോളി പഠിപ്പിക്കുന്നത് പോസ്റ്റ്‌മോർട്ടത്തോട് നോ പറയരുത് എന്ന പാഠം

റോയി തോമസിൽ സയനൈഡ് കണ്ടെത്തിയത് ഗന്ധം തിരിച്ചറിയാൻ കഴിവുള്ള ഡോക്ടർ സോനു; പോസ്റ്റ്‌മോർട്ടം നടത്തിയ അസി പ്രൊഫസർ മരിച്ചെങ്കിലും അഞ്ച് കൊല്ലം കഴിഞ്ഞ് കിട്ടിയ രാസപരിശോധനാ ഫലത്തിലെ സയനൈഡിന്റെ സാന്നിധ്യം പൊലീസിന് പ്രതീക്ഷ; കൊല നടത്തുന്നതിലെ വൈദഗ്ധ്യം സംശയങ്ങൾ ഉന്നയിച്ചവരേയും ഒതുക്കി; ആളുകൾ എത്തി കുലുക്കി വിളിച്ചപ്പോൾ മാത്യു ഞരങ്ങിയിട്ടും പോസ്റ്റ്‌മോർട്ടം നടത്താത്ത് രണ്ട് ജീവൻ കൂടി എടുത്തു; കില്ലർ ജോളി പഠിപ്പിക്കുന്നത് പോസ്റ്റ്‌മോർട്ടത്തോട് നോ പറയരുത് എന്ന പാഠം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 മരണങ്ങളിൽ അഞ്ചിലും പോസ്റ്റ്‌മോർട്ടം നടന്നിരുന്നില്ല. റോയ് തോമസിന്റെ മരണത്തിൽ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടന്നതും സയ്‌നൈയ്ഡ് കണ്ടെത്തിയതും. ശുചിമുറിയിൽ കുഴഞ്ഞുവീണ് ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടായിരുന്നെന്ന് അന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ അഡീഷനൽ പ്രഫസർ ഡോ. ആർ. സോനു രേഖപ്പെടുത്തിയിരുന്നു. റോയിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. സോനുവിനെ ബന്ധപ്പെടാൻ അടുത്തിടെ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2 മാസം മുൻപ് വൃക്കരോഗത്തെ തുടർന്ന് ഡോക്ടർ മരിച്ചു. അൻപതാം വയസ്സിലായിരുന്നു ഡോക്ടറുടെ മരണം. ഇത് കൂടത്തായിയിലെ സയനൈയ്ഡ് കില്ലർ ജോളിക്ക് തുണയാണ്. പോസ്റ്റമോർട്ടം ചെയ്ത ഡോക്ടർ കോടതിയിൽ മൊഴി നൽകിയാലേ ആ രേഖയുടെ ആധികരാകിത തെളിയൂ. ഇത് പൊലീസിന് കടുത്ത വെല്ലുവിളിയാണ്.

പോസ്റ്റ്‌മോർട്ടം നടക്കുകയും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടും റോയിയുടെ മരണത്തിലെ അന്വേഷണം വർഷങ്ങളോളം നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. കൂടത്തായിയിലെ ഓരോ മരണത്തിലും പോസ്റ്റ്‌മോർട്ടവും അന്വേഷണവും നടക്കുന്നത് കുടുംബത്തിന് അഭിമാനക്ഷതമായി മറ്റു ബന്ധുക്കൾ കരുതി. ജോളിയുടെ തന്ത്രപരമായ ഇടപെടലായിരുന്നു ഇതിന് കാരണം. സംശയകരമായ ഓരോ കേസിലും അന്വേഷണം നടത്താൻ ബാധ്യതയുള്ള പൊലീസ് ബന്ധുക്കളുടെ താൽപര്യക്കുറവ് സൗകര്യപൂർവം ഉപയോഗിച്ചു. കൊലപാതകം നടത്തുന്നതിലെ വൈദഗ്ധ്യം, സംശയങ്ങൾ ഉന്നയിച്ചവരെ ഒതുക്കുന്നതിലും മുഖ്യപ്രതി ജോളി പുലർത്തി. റോയ് തോമസിന്റെ മരണത്തിൽ സയനൈഡിന്റെ പ്രത്യേക ഗന്ധം തിരിച്ചറിയാൻ കഴിവുണ്ടായിരുന്ന ഡോക്ടർ സോനു സംശയമില്ലാതെ തന്നെ ഇതു വ്യക്തമാക്കിയെങ്കിലും രാസപരിശോധനാ ഫലം വന്നത് 5 വർഷത്തിനു ശേഷം 2016 ലാണ്. അന്ന് ഡോക്ടറുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ തുടർന്നുണ്ടായ മരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.

തന്ത്രപരമായാണ് ഓരോ കൊലപാതകവും സാദാ മരണമാക്കി ജോളി മാറ്റിയത്. സിലിക്ക് ഗർഭകാലത്ത് ചിക്കൻപോക്‌സ് വന്നതു കുഞ്ഞിനെ ബാധിച്ചെന്ന പ്രചാരണം കാര്യമായി നടന്നു. വീട്ടിലെ ആദ്യകുർബാന ചടങ്ങിനിടെ ഇറച്ചിക്കറിയിൽ മുക്കിയ ബ്രെഡ് കഴിച്ച് അബോധാവസ്ഥയിലായ ആൽഫൈൻ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി 3 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. പൊന്നാമറ്റം കുടുംബമോ സിലിയുടെ കുടുംബമോ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ടില്ല. ഡെന്റൽ ക്ലിനിക്കൽ കുഴഞ്ഞുവീണു മരിച്ച സിലിയുടെ കേസിൽ സംശയമൊഴിവാക്കാൻ പ്രതികൾക്ക് സഹായകമായത് നേരത്തേ നടത്തിയ 2 കൊലപാതക ശ്രമങ്ങളാണ്. മുമ്പ് രണ്ട് തവണയും സിലിക്ക് വിഷം കൊടുത്തപ്പോൾ അബോധാവസ്ഥയിലാവുകയും കാരണം കണ്ടെത്താനാവാതെ ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കുകയും ചെയ്ത സിലിക്ക് കാര്യമായ എന്തോ അസുഖമായിരുന്നെന്നു തന്നെ ബന്ധുക്കൾ കരുതി. ഇത് തന്ത്രപരമായി ജോളി ഉപയോഗിക്കുകയായിരുന്നു.

വയോധികരായ ടോമും അന്നമ്മയും മാത്യുവും ഹൃദയാഘാതം മൂലം മരിച്ചെന്ന് വരുത്തിത്തീർക്കാൻ ജോളിക്ക് എളുപ്പം സാധിച്ചു. ഛർദിക്കുന്നതൊഴികെ മറ്റു ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ കാര്യമായ സംശയമൊന്നും ഉയർന്നില്ല. ഏറെ ആസൂത്രണം ചെയ്തു നടപ്പാക്കിയ മാത്യു മഞ്ചാടിയിലിന്റെ കൊലപാതകത്തിൽ ജോളി പിടിക്കപ്പെടേണ്ടതായിരുന്നു. മദ്യത്തിൽ സയനൈഡ് നൽകിയ ശേഷം നിശ്ചലനായെന്ന് ബോധ്യമായാണ് അയൽക്കാരെ വിളിച്ചത്. എന്നാൽ ആളുകൾ എത്തി കുലുക്കി വിളിച്ചപ്പോൾ മാത്യു ഞരങ്ങി. അവ്യക്തമായി എന്തോ പറയുകയും ചെയ്തു. ഇതോടെ അടുക്കളയിലേക്കു വലിഞ്ഞ ജോളി പിന്നീട് സ്വീകരണ മുറിയിലേക്കു വന്നതേയില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞും പലരും ജോളിയെ അന്വേഷിച്ചെങ്കിലും കണ്ടില്ല.

'പോസ്റ്റ്‌മോർട്ടത്തോട് ഒരിക്കലും നോ പറയരുത് എന്നതാണ് കൂടത്തായി കേസ് നൽകുന്ന പ്രധാന പാഠം. ഏറ്റവും ബഹുമാനത്തോടു കൂടി ഡോക്ടർമാർ ചെയ്യുന്ന കാര്യമാണത്. പലരും കരുതുന്നതുപോലെ വെറുതേ വെട്ടിമുറിക്കുകയല്ല. ഏതു കേസിലും ഏതു സാഹചര്യത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാവുക എന്ന് പറയാനാവില്ലെന്ന് എസ്‌പി കെ.ജി.സൈമൺ പറയുന്നു. ചോദ്യം ചെയ്യലിൽ വളരെ വിദഗ്ധമായാണു പൊലീസിന്റെ ചോദ്യങ്ങളെ ജോളി നേരിടുന്നത്. ഒടുവിൽ തെളിവുകൾ നിരത്തുമ്പോഴും നിസ്സംഗതയോടെയാണ് കുറ്റങ്ങൾ സമ്മതിക്കുന്നത്. ടോം തോമസ്, അന്നമ്മ തോമസ് എന്നിവരെ കൊലപ്പെടുത്തിയത് തന്റെ ആദ്യഭർത്താവ് റോയി തോമസായിരിക്കും എന്നായിരുന്നു ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ ജോളിയുടെ നിലപാട്. എന്നാൽ അന്നമ്മയുടെ മരണസമയത്തു വീട്ടിലുണ്ടായിരുന്നവരുടെ മൊഴികൾ ചൂണ്ടിക്കാണിച്ചതോടെ ജോളി പ്രതിരോധത്തിലായി.

ടോം തോമസ് മരിക്കുന്ന സമയത്തു വീട്ടിൽ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ജോലിക്കാരന്റെ മൊഴിയും ജോളിയാണു മരണവിവരം അറിയിച്ചതെന്ന അയൽവാസിയുടെ മൊഴിയും ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ ടോം തോമസിന്റെ കൊലപാതകത്തിലും ജോളി കുറ്റം സമ്മതിച്ചു. ജോളിയുമായി ബന്ധമുള്ള 2 അഭിഭാഷകരാവാം ചോദ്യം ചെയ്യലിനെ നേരിടാനുള്ള വിദഗ്ധ പരിശീലനം നൽകിയതെന്നാണു പൊലീസിന്റെ നിഗമനം. അറസ്റ്റിലാവുന്നതിന്റെ തലേദിവസം ജോളി കുന്നമംഗലത്തുള്ള ഒരു അഭിഭാഷകനെ കാണാൻ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. മറ്റൊരു അഭിഭാഷകനുമായി ജോളിക്കു ദീർഘകാലത്തെ അടുപ്പമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ജോളിയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രാദേശിക മുസ്ലിം ലീഗ് നേതാവിന്റെ വീടും കടയും പൊലീസ് റെയ്ഡ് ചെയ്തിരുന്നു. മുസ്ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ വി.കെ.ഇമ്പിച്ചിമോയിയുടെ വീടും മകന്റെ കടയുമാണ് ഇന്നലെ റെയ്ഡ് ചെയ്തത്. പരിശോധനയിൽ കൂടത്തായി അങ്ങാടിയിലുള്ള കടയിൽ നിന്നു ജോളിയുടെ റേഷൻ കാർഡ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണസംഘം മുഖ്യപ്രതി ജോളിയുടെ സഹോദരീഭർത്താവ് രാജകുമാരി സ്വദേശി ജോണിയെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും ചെയ്തു. സിഐ വിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ജോണിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. രാജാക്കാട് പൊലീസിനൊപ്പമാണ് സംഘം വീട്ടിൽ എത്തിയത്.

കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്നും ജോളിയുമായി സഹോദരി എന്ന നിലയിലുള്ള ബന്ധം മാത്രമാണുള്ളതെന്നും ജോണി പറഞ്ഞു. അന്വേഷണസംഘവുമായി പൂർണമായി സഹകരിക്കുമെന്നും ജോണി പറഞ്ഞു. ജോളിക്കു വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനു സഹായം ചെയ്തതു ജോണി ആണെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചതിനെത്തുടർന്നാണു ചോദ്യം ചെയ്യൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP