Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ ഭർത്താവുമായുള്ള പിണക്കം ഡിവോഴ്‌സിലെത്തിയപ്പോൾ ആലോചന വന്നത് കുടുംബ സുഹൃത്ത് വഴി; മൂന്ന് വയസ്സുള്ള മകളുടെ അമ്മ ഭാര്യയായതോടെ ഗൾഫിലെ ജോലി അവസാനിപ്പിച്ച് രണ്ടാം ഭർത്താവ്; ബിസിനസ് ആവശ്യത്തിന് ഭാര്യയുടെ വസ്തു പണയം വച്ച് വാങ്ങിയത് 10 ലക്ഷം; വിൽക്കാൻ പ്രമാണം ചോദിച്ചതോടെ രണ്ടാം ദാമ്പത്യത്തിലും 25കാരിക്ക് പ്രശ്‌നങ്ങൾ തുടങ്ങി; ഒടുവിൽ ഭാര്യയെ കൊന്ന് ഭർത്താവിന്റെ അതിവേഗ കാറോടിക്കൽ; കൊല്ലത്തെ കൃതി മോഹനനെ വകവരുത്തിയത് താൻ തന്നെയെന്ന് സമ്മതിച്ച് വൈശാഖ് ബിജു

ആദ്യ ഭർത്താവുമായുള്ള പിണക്കം ഡിവോഴ്‌സിലെത്തിയപ്പോൾ ആലോചന വന്നത് കുടുംബ സുഹൃത്ത് വഴി; മൂന്ന് വയസ്സുള്ള മകളുടെ അമ്മ ഭാര്യയായതോടെ ഗൾഫിലെ ജോലി അവസാനിപ്പിച്ച് രണ്ടാം ഭർത്താവ്; ബിസിനസ് ആവശ്യത്തിന് ഭാര്യയുടെ വസ്തു പണയം വച്ച് വാങ്ങിയത് 10 ലക്ഷം; വിൽക്കാൻ പ്രമാണം ചോദിച്ചതോടെ രണ്ടാം ദാമ്പത്യത്തിലും 25കാരിക്ക് പ്രശ്‌നങ്ങൾ തുടങ്ങി; ഒടുവിൽ ഭാര്യയെ കൊന്ന് ഭർത്താവിന്റെ അതിവേഗ കാറോടിക്കൽ; കൊല്ലത്തെ കൃതി മോഹനനെ വകവരുത്തിയത് താൻ തന്നെയെന്ന് സമ്മതിച്ച് വൈശാഖ് ബിജു

മറുനാടൻ മലയാളി ബ്യൂറോ

കുണ്ടറ: കൊല്ലത്ത് കൃതി മോഹനന്റെ ജീവനെടുത്തത് ഭർത്താവിന് ഇനി കൂടുതൽ സ്വത്ത് നൽകില്ലെന്ന നിലപാട് തന്നെ. കൃതി മോഹനനെ കൊന്നതാണെന്ന് ഭർത്താവ് വൈശാഖ് ബൈജു സമ്മതിച്ചു. ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട വൈശാഖ് ബിജു പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

മുളവന കശുവണ്ടി ഫാക്ടറി ജംക്ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകൾ കൃതി മോഹൻ (25) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൊല്ലം കോളജ് ജംക്ഷൻ എംആർഎ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) ആണ് കുറ്റസമ്മതം നടത്തിയത്. കാറിൽ രക്ഷപ്പെട്ട ഇയാൾ പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. ഇന്നലെ രാത്രിയാണ് വൈശാഖ് കീഴടങ്ങിയത്. ചോദ്യം ചെയ്യലിൽ കുറ്റ സമ്മതവും നടത്തി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ടു കീഴടങ്ങിയത്. കൃതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്‌കാരം നടത്തി.

സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിന് തടയിട്ടതോടെയാണ് കൃതിയെ വൈശാഖ് കൊന്നത്. കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രഫഷനൽ കോഴ്‌സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുൻപു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങി. വീട്ടിൽ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി. വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് അമ്മ ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു.

രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു അമ്മ വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തു. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി. പിന്നീട് ഓടുകയും ചെയ്തു. ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇടിച്ചു വീഴ്‌ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഭയന്നു മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു.

വൈശാഖിന് വേണ്ടി പൊലീസ് സംഭവദിവസം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഇതിനിടയിലാണ് വൈശാഖ് കീഴടങ്ങിയത്. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP