Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

300 മൂർത്തികളുടെ ശക്തിയുള്ള 'ഗുരു' ജീവിച്ചിരുന്നാൽ മന്ത്രവാദം ഏൽക്കില്ലെന്ന് ഉപദേശിച്ചു; കൊലപാതകത്തിന് ഉത്തമ സമയം കുറിച്ചു നൽകി ശിഷ്യനെ അനുഗ്രഹിച്ചു; പിടിക്കപ്പെടാതിരിക്കാൻ കോഴിക്കുരുതി നടത്തിയതും ജ്യോതിഷി; കമ്പകക്കാനത്തെ കൊലയിലെ മുഖ്യ ഗൂഢാലോചനകനെ വെറുതെ വിടാൻ പൊലീസിൽ സമ്മർദ്ദം; ഏഷ്യാനെറ്റിലേയും ഫ്‌ളവേഴ്‌സിലേയും സീരിയൽ നടി കുടുങ്ങിയ കള്ളനോട്ട് കേസിലെ സൂത്രധാരന് വീണ്ടും രക്ഷാ കവചമൊരുക്കാൻ ഉന്നതർ

300 മൂർത്തികളുടെ ശക്തിയുള്ള 'ഗുരു' ജീവിച്ചിരുന്നാൽ മന്ത്രവാദം ഏൽക്കില്ലെന്ന് ഉപദേശിച്ചു; കൊലപാതകത്തിന് ഉത്തമ സമയം കുറിച്ചു നൽകി ശിഷ്യനെ അനുഗ്രഹിച്ചു; പിടിക്കപ്പെടാതിരിക്കാൻ കോഴിക്കുരുതി നടത്തിയതും ജ്യോതിഷി; കമ്പകക്കാനത്തെ കൊലയിലെ മുഖ്യ ഗൂഢാലോചനകനെ വെറുതെ വിടാൻ പൊലീസിൽ സമ്മർദ്ദം; ഏഷ്യാനെറ്റിലേയും ഫ്‌ളവേഴ്‌സിലേയും സീരിയൽ നടി കുടുങ്ങിയ കള്ളനോട്ട് കേസിലെ സൂത്രധാരന് വീണ്ടും രക്ഷാ കവചമൊരുക്കാൻ ഉന്നതർ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണനെയും ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ ഗൂഡാലോചകനായ ജ്യോതിഷിയെ പൊലീസ് വെറുതെ വിടും. വിവിഐപികളുടെ ഇഷ്ടക്കാരനായ ജ്യോതിഷിയെ കേസിൽ പ്രതിചേർക്കാതിരിക്കാൻ ഇടപെടലുകൾ സജീവമായിരുന്നു. സീരിയിൽ നടിയും അമ്മയും കുടുങ്ങിയ കള്ളനോട്ട് കേസിലും ഇതേ സ്വാമിയെന്ന് അറിയപ്പെടുന്ന ജ്യോതിഷി ഉൾപ്പെട്ടിരുന്നു. എന്നാൽ കള്ളനോട്ട് അടിക്കാൻ സീരിയൽ നടിക്കും അമ്മയ്ക്കും മാനസിക പിന്തുണ നൽകിയ സ്വാമിയെ ഒഴിവാക്കി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരേയും കുറ്റവാളിയാക്കില്ലെന്ന നിലപാടാണ് പൊലീസ് അന്ന് സ്വീകിരച്ചത്. കമ്പകക്കാനം കൊലയിലും ഇതേ ജ്യോതിഷിയെ പൊലീസ് രക്ഷിച്ചെടുക്കും.

ഒന്നാം പ്രതി അനീഷിനെ ചോദ്യം ചെയ്തപ്പോൾ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയതെന്നാണ് അനീഷിന്റെ മൊഴി. കൃഷ്ണന്റെ ശിഷ്യത്വം ഉപേക്ഷിച്ച അനീഷ് ആറ് മാസത്തോളം ജ്യോത്സ്യനൊപ്പം മന്ത്രവിധികൾ അഭ്യസിച്ചിരുന്നു. അനീഷിന്റെ മന്ത്രവാദം ഫലിക്കാത്തത് കൃഷ്ണൻ ജീവിച്ചിരിക്കുന്നതിനാലാണെന്നും 300 മൂർത്തികളുടെ ശക്തി കൃഷ്ണനുണ്ടെന്നും അനീഷിനെ ജ്യോത്സ്യൻ വിശ്വസിപ്പിച്ചു. ഇതായിരുന്നു കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അടിമാലി സ്വദേശി ജ്യോത്സ്യനെതിരെ അന്വേഷണ സംഘം തിരിയുകയും ചെയ്തു. ഇതിനിടെ ക്വട്ടേഷൻ കൊലപാതകത്തിന്റെ സാധ്യതളും എത്തി. എന്നാൽ പെട്ടെന്ന് ഈ വഴിക്കുള്ള അന്വേഷണം നിലച്ചു.

ജ്യോത്സ്യനെയും അനീഷിന്റെ സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് അന്വേഷിക്കുകയാണ്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും രക്ഷപ്പെടാൻ അനുവദിച്ചതെന്നാണ് സൂചന. കൊലപാതകം നടത്താൻ അനീഷിനെ പ്രേരിപ്പിച്ചെന്ന കുറ്റമാണ് ജ്യോതിഷനെതിരെ ചുമത്തുന്നതിനെ കുറിച്ച് പൊലീസ് തീരുമാനിച്ചത്. ഇതിനിടെയിൽ ഉന്നത ഇടപെടലുകളെത്തി. അനീഷിനെ കൃഷ്ണനു പരിചയപ്പെടുത്തിയ അടിമാലി സ്വദേശി കൃഷ്ണകുമാറും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. രണ്ടാംപ്രതി ലിബീഷ് ബാബു, കവർച്ചാസ്വർണം പണയംവയ്ക്കാൻ സഹായിച്ച സുനീഷ്, പ്രതികൾക്കു കൈയുറയും മറ്റും വാങ്ങിനൽകിയ ശ്യാം പ്രസാദ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
കൂട്ടക്കൊലപാതകം നടത്തുന്നതിനുള്ള സമയം കുറിക്കുന്നതിന് അടിമാലിയിൽ എത്തി ഒരു ജ്യോതിഷിയെ കണ്ടിരുന്നതായി ചോദ്യം ചെയ്യലിൽ മുഖ്യപ്രതി അനീഷ് വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് താൻ കുറിച്ച് നൽകിയ സമയം ഉത്തമമാണെന്നും പിടിക്കപ്പെടില്ലെന്നും ജ്യോതിഷി അനീഷിനോട് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ കോഴിക്കുരുതി നടത്തിയെന്നും ഈ ജ്യോതിഷി ഇതിൽ പങ്കെടുത്തതായും അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മന്ത്രവാദിയെയും കുടുംബത്തെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം ക്വട്ടേഷനെന്ന് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ ലിബീഷിന്റെ സുഹൃത്തുക്കളാണ് സനീഷും ശ്യമ പ്രസാദും. കൊലപാതകത്തിനുശേഷം ഇയാൾ പ്രതികളുമായി ചേർന്നു മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. കൃഷ്ണന്റെ വീട്ടിൽനിന്നു മോഷ്ടിച്ച സ്വർണം പണയം വച്ചതു സനീഷാണ്. ഇതിനായി ഇരുപതിനായിരം രൂപ പ്രതിഫലവും വാങ്ങി. അനീഷിന് കൃഷ്ണനോടുണ്ടായിരുന്ന പകയ്ക്കുപുറമേ മറ്റാരുടേയൊ പ്രേരണയും കൂട്ടക്കൊലപാതകത്തിനു പിന്നിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യംചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. അനീഷിന്റെ സുഹൃത്തും അടിമാലി സ്വദേശിയുമായ കൃഷ്ണകുമാറിന്, കൊല്ലപ്പെട്ട കൃഷ്ണനോടു പകയുണ്ടായിരുന്നു. കൃഷ്ണന്റെയടുക്കൽ പതിവായി പൂജകൾ നടത്താറുണ്ടായിരുന്ന ഇയാൾക്ക് ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിനുശേഷം പിടിക്കപ്പെടാതിരിക്കാൻ പ്രതികളോടൊപ്പം കോഴിവെട്ടുപൂജയും ഇയാൾ നടത്തി. ഇതിൽ ജ്യോതിഷിയും പങ്കെടുത്തിരുന്നു.

കൊലയിൽ ക്വട്ടേഷനുണ്ടെന്നും കൂടെ ചെല്ലാനും സുഹൃത്തായ രണ്ടാം പ്രതി ലിബീഷ് പറഞ്ഞതായാണ് ഇരുവരും മൊഴി നൽകിയിട്ടുള്ളത്. നൂറ്റിയിരുപത് കിലോ വരെ ഭാരമുണ്ടായിരുന്ന മൃതദേഹങ്ങൾ രണ്ടുപേർ ചേർന്ന് വലിച്ചിഴക്കാതെ എടുത്തുകൊണ്ട് പോയെന്ന പ്രതികളുടെ മൊഴിയും പൂർണ്ണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. കൃഷ്ണകുമാറിന്റെയോ അതുപോലെ നഷ്ടം സംഭവിച്ച തമിഴ്‌നാട് സ്വദേശികളുടെയോ മറ്റോ ക്വട്ടേഷനാകാം കൂട്ടക്കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൃഷ്ണകുമാറിനെയും കൊലപാതകത്തിന് സമയം കുറിച്ച ജ്യോതിഷിയേയും പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. എന്നാൽ ഉന്നതരുടെ ഇടപെടൽ മൂലം ജ്യോതിഷിയെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ജ്യോതിഷിക്കുണ്ടെന്നാണ് സൂചന.

മന്ത്രശക്തി സ്വായത്തമാക്കുന്നതിനും താളിയോലകളും സ്വർണവും പണവും കവരുന്നതിനുമാണു വണ്ണപ്പുറം കമ്പകക്കാനത്ത് കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതെന്നു പൊലീസ് ആദ്യം പറയുന്നു. കൊലയാളി സംഘത്തിൽ രണ്ടു പേർ മാത്രമാണുണ്ടായിരുന്നതെന്നും മന്ത്രവാദ ക്രിയകളിൽ കൃഷ്ണന്റെ അടുത്ത ശിഷ്യനായ അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷാണു കൊലയ്ക്കു നേതൃത്വം നൽകിയതെന്നും പൊലീസ് ആദ്യം പറഞ്ഞിരുന്നത്. ഇതിലേക്ക് തന്നെ അന്വേഷണം എത്തിക്കാനാണ് നീക്കം. ഇതിലൂടെ ജ്യോതിഷിയെ രക്ഷിച്ചെടുക്കും. കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെയാണു രണ്ടാഴ്ച മുമ്പാണ് കൊല്ലപ്പെട്ട നിലയിൽ വീടിനു പിന്നിലെ ചാണകക്കുഴിയിൽ കണ്ടെത്തിയത്. കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

3500 രൂപയും 20 പവന്റെ സ്വർണവുമാണു പ്രതികൾ കവർന്നത്. ഞായറാഴ്ചയാണു കൊല നടത്തിയതെന്നും പിറ്റേന്നാണു മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നും തെളിഞ്ഞു. ഞായറാഴ്ച രാത്രി 12ന് ആണു ഷോക്ക് അബ്‌സോർബർ പൈപ്പു കൊണ്ടു തലയ്ക്കടിച്ചും കുത്തിയും കൊല നടത്തിയത്. തുടർന്നു മൃതദേഹങ്ങൾ വീടിനുള്ളിലെ മുറിക്കുള്ളിൽ സൂക്ഷിച്ചു. ഈ സമയം കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. പിറ്റേന്നു രാത്രി എത്തിയപ്പോൾ ഇരുവർക്കും ജീവനുണ്ടെന്നു കണ്ടതിനെത്തുടർന്നു ചുറ്റികയും കത്തിയും തൂമ്പയും ഉപയോഗിച്ച് ഇവരുടെ തലയ്ക്കടിച്ച ശേഷം കൃഷ്ണനെയും അർജുനെയും കുഴിയിൽ വച്ചപ്പോൾ ജീവനുണ്ടായിരുന്നുവെന്നും തൂമ്പാക്കൈ കൊണ്ട് അനീഷ് ഇവരെ വീണ്ടും തലയ്ക്കടിച്ചതായും ലിബീഷ് മൊഴി നൽകി. കൊല നടന്ന വീട്ടിൽനിന്ന് 20 വിരലടയാളങ്ങൾ ലഭിച്ചിരുന്നു.

ഇതിൽ ആറു വിരലടയാളങ്ങളാണു നിർണായകമായത്. നെടുങ്കണ്ടം, തിരുവനന്തപുരം സ്വദേശികളെ ചോദ്യം ചെയ്തതിൽനിന്നു വിലപ്പെട്ട വിവരം പൊലീസിനു ലഭിച്ചു. കേസിലെ പ്രതികളായ ലിബീഷും അനീഷും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. വീടിനോടു ചേർന്നു ബൈക്ക് റിപ്പയറിങ് സ്ഥാപനം നടത്തുകയാണു ലിബീഷ്. അണക്കരയിൽ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിലായ കേസിലും ഈ ജ്യോതിഷി സംശയ നിഴലിലായിരുന്നു. മലയാളം ചാനലുകളിലെ വിവിധ പരമ്പരകളിൽ അഭിനയിക്കുന്ന നടി സൂര്യ ശശികുമാർ, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി അണക്കരയിൽ നിന്ന് നിന്ന് കള്ളനോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിലായിരുന്നു അറസ്റ്റ്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജ്യോതിഷനാണ് ഇവരെ കള്ളനോട്ട് സംഘവുമായി അടുപ്പിച്ചതെന്ന് വ്യക്തമായിരുന്നു. ഇവരുടെ വീട്ടിലും കമ്പകക്കാനത്തുകൊല്ലപ്പെട്ട കൃഷ്ണനും ആഭിചാര പൂജകൾക്ക് എത്തിയിരുന്നു. ഇതിന് പിന്നിലും ജ്യോതിഷന്റെ ഇടപെടലായിരുന്നു. പക്ഷേ കള്ളനോട്ട് കേസിൽ ജ്യോതിഷനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതുപോലുമില്ല. ഉന്നത ബന്ധങ്ങളായിരുന്നു ഇതിന് കാരണം. കമ്പകക്കാനത്തെ കേസിലും ഇത് തന്നെ സംഭവിക്കുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP