Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുണ്ടറയിൽ പത്തു വയസുകാരിയുടെ മരണത്തിൽ ദുരൂഹയേറുന്നു; അമ്മയടക്കം ഒൻപത് പേർ കസ്റ്റഡിയിൽ; പെൺകുട്ടിയുടെ മരണത്തിൽ സൈബർ സെല്ലിന്റെ പ്രത്യേക സംഘത്തിന് രൂപം നൽകി; ആത്മഹത്യാ കുറിപ്പ് ഫോറൻസിക് പരിശോധനക്ക് അയച്ചു; അന്വേഷണവുമായി കുടുംബം സഹകരിക്കുന്നില്ലെന്ന് എസ്‌പി

കുണ്ടറയിൽ പത്തു വയസുകാരിയുടെ മരണത്തിൽ ദുരൂഹയേറുന്നു; അമ്മയടക്കം ഒൻപത് പേർ കസ്റ്റഡിയിൽ; പെൺകുട്ടിയുടെ മരണത്തിൽ സൈബർ സെല്ലിന്റെ പ്രത്യേക സംഘത്തിന് രൂപം നൽകി; ആത്മഹത്യാ കുറിപ്പ് ഫോറൻസിക് പരിശോധനക്ക് അയച്ചു; അന്വേഷണവുമായി കുടുംബം സഹകരിക്കുന്നില്ലെന്ന് എസ്‌പി

കൊല്ലം: കുണ്ടറയിൽ പത്തു വയസുകാരി പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അമ്മയടക്കം ഒൻപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളെ തന്നെയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്. മാതാപിതാക്കളേയും ബന്ധുക്കളേയും അടക്കം ഒമ്പതു പേരെയാണ് കേസുമായി ബന്ധപ്പെട്ട ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. അതേസമയം കേസിന്റെ അന്വേഷണത്തിൽ കുടുംബം സഹകരിക്കുന്നില്ലെന്ന് പുതിയതായി അന്വേഷണ ചുമതലയേറ്റ റൂറൽ എസ്‌പി അറിയിച്ചു. ഇവരുടെ നിസ്സഹകരണവും ദുരൂഹത ഉയർത്തുന്നുണ്ട്.

അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്നും റൂറൽ എസ്‌പി വ്യക്തമാക്കി. നേരത്തെ പെൺകുട്ടിയുടെ മരണത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിടുന്ന എസ്ഐയേയും സിഐയേയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് കൊല്ലം റൂറൽ എസ്‌പിക്ക് അന്വേഷണ ചുമതല നൽകിയത്.

കുണ്ടറയിലെ പെൺകുട്ടിയുടെ മരണത്തിലുണ്ടായ പൊലീസ് വീഴ്ച തുറന്നുസമ്മതിച്ച് ലൈംഗിക പീഡനം നടന്നുവെന്നത് വ്യക്തമാണെന്നും എസ്ഐക്കും സസ്പെൻഷൻ നൽകിയെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. 10 വയസുകാരിയുടെ മരണവും പീഡനവും കൊല്ലം റൂറൽ എസ്‌പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ കുണ്ടറ എസ്ഐ രജീഷ് കുമാറിനേയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഇന്നലെ കുണ്ടറ സിഐ സാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ദക്ഷിണ മേഖല ഐജി മനോജ് എബ്രഹാമാണ് ഉത്തരവിട്ടത്.

കേസിൽ ദുരൂഹതയേറുന്നത് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന സംശയത്തിലാണ്. ആത്മഹത്യാ കുറിപ്പിലെ കൈപ്പട പെൺകുട്ടിയുടെ അല്ലെന്ന് മാതാപിതാക്കൾ പറയുന്നു. കത്ത് വ്യാജമാണെന്ന് നേരത്തെ പിതാവ് പൊലീസിന് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ പരിശോധന നടത്തുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.സംശയത്തെ തുടർന്ന് കുറിപ്പ് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു.

ജനുവരി പതിനഞ്ചിനാണ് പെൺകുട്ടിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്.

കുട്ടിയുടെ മൃതദേഹത്തിൽ 22 മുറിവുകളുണ്ടെന്നും ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരത്തെ കുട്ടിെയ പിതാവ് പീഡിപ്പിച്ചെന്ന രീതിയിൽ ഉയർന്ന കേസ് പുനരന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പിതാവിനെ വ്യാജമായി പ്രതി ചേർത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാഹ്യസമ്മർദ്ദമാണ് പിതാവിനെതിരെ കോടതിയിൽ മൊഴി നൽകാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. മൂത്ത കുട്ടിയെ വീണ്ടും കൗൺസിലിങ്ങിന് വിധേയമാക്കാനും തീരുമാനിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കുട്ടി മരിച്ച് ഏഴാമത്തെ ദിവസം തന്നെ കുണ്ടറ സിഐ അടക്കമുള്ളവർക്ക് കൈമാറിയെങ്കിലും പ്രതികളെ പിടിച്ചില്ലെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ വീട്ടുകാർ സഹകരിക്കാത്തതുകൊണ്ടാണ് കേസുമായി മുന്നോട്ടു പോകാൻ കഴിയാത്തതെന്നായിരുന്നു പൊലീസിന്റെ മറുപടി. പെൺകുട്ടിയുടെ സഹോദരിയെ കൗൺസിൽ ചെയ്യാൻ ഇനിയും സാധിച്ചിട്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോഴുള്ളത്.കുട്ടിയിൽ നിന്നും നിർണായക വിവരം ലഭിച്ചേക്കുമെന്ന് ചെയർമാൻ പിജെ ആൻരണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP