Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകട വേളയിൽ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുൻ തന്നെയെന്ന ആദ്യ മൊഴിയിൽ ഉറച്ച് ലക്ഷ്മി ബാലഭാസ്‌ക്കർ വീണ്ടും; സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും വിശദീകരണം; തമ്പിക്കുട്ടനും ഭാര്യയും വീട്ടിലും ആശുപത്രിയിലും വരാറുണ്ടായിരുന്നെന്നും സ്ഥിരീകരണം; ബാലഭാസ്‌ക്കറിന്റെ ഭാര്യയുടെ തുറന്നു പറച്ചിലിലും നിറയുന്നത് ദുരൂഹതകൾ

അപകട വേളയിൽ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുൻ തന്നെയെന്ന ആദ്യ മൊഴിയിൽ ഉറച്ച് ലക്ഷ്മി ബാലഭാസ്‌ക്കർ വീണ്ടും; സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും വിശദീകരണം; തമ്പിക്കുട്ടനും ഭാര്യയും വീട്ടിലും ആശുപത്രിയിലും വരാറുണ്ടായിരുന്നെന്നും സ്ഥിരീകരണം; ബാലഭാസ്‌ക്കറിന്റെ ഭാര്യയുടെ തുറന്നു പറച്ചിലിലും നിറയുന്നത് ദുരൂഹതകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വർദ്ധിപ്പിച്ചു കൊണ്ടുള്ള വെളിപ്പെടുത്തലുകൾ തുടരുന്നു. ബാലുവിന്റെ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുൻ ആണെന്ന് ആദ്യ മൊഴിയിൽ ലക്ഷ്മി വീണ്ടും ഉറച്ചു നിന്നുകൊണ്ട് ഇന്ന് രംഗത്തെത്തി. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളും പ്രോഗ്രാം കോ-ഓഡിനേറ്റർമാരുമായ വിഷ്ണുവും പ്രകാശ് തമ്പിയും സ്വർണ്ണക്കടത്തു കേസിൽ പിടിയിലായതോടെ ഉണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ലക്ഷ്മി ബാലഭാസ്‌ക്കർ അപകടമുണ്ടായപ്പോൾ വാഹനം ഓടിച്ചത് അർജ്ജുൻ തന്നെയാണെന്ന് പ്രതികരിച്ചത്. എന്നാൽ, അർജുൻ ക്രൈംബ്രാഞ്ചിൽ നൽകിയ മൊഴി പ്രകാരം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറായിരുന്നു. ഈ മൊഴിയിലെ വൈരുദ്ധ്യം ഇപ്പോഴും നിലനിൽക്കുന്നു എന്നു വെളിപ്പെടുത്തുന്നാണ് ലക്ഷ്മി വെളിപ്പെടുത്തിയത്.

അതേസമയം ബാലഭാസ്‌ക്കറിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തുവരണമെന്ന് ലക്ഷ്മി പ്രതികരിച്ചു. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ലക്ഷ്മി ആവർത്തിച്ചു. ബാലഭാസ്‌കറിന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റിട്ടതുകൊച്ചിയിലെ ഏജൻസിയാണെന്ന് ലക്ഷ്മി വ്യക്തമാക്കി. വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജർമാർ ആയിരുന്നില്ല. പ്രോഗ്രാം കോഓഡിനേറ്റർമാരായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. അപകടത്തിൽപെട്ട് ആശുപത്രിയിലും വീട്ടിലും കഴിയുന്ന വേളയിലും ഇവർ എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് എത്തിയതെന്നും ബാലഭാസ്‌ക്കറിന്റെ ഭാര്യ പറയുന്നു.

അപകടമുണ്ടായിരുന്ന വേളയിൽ വാഹനം ഓടിച്ചിരുന്നത് അർജ്ജുനാണ്. തന്നോടു പറഞ്ഞാണ് അവർ പുറത്ത് ചായയോ ജ്യൂസോ കുടിക്കാനും മറ്റും ഇരുവരും പുറത്തിറങ്ങിയത്. വാഹനത്തിന് പിന്നിലേക്ക് കയറിയപ്പോഴും ബാലഭാസ്‌ക്കർ തന്നോട് എന്തെങ്കിലും വേണോ എന്നു ചോദിച്ചിരുന്നതായും ലക്ഷ്മി പറയുന്നു. എന്നാൽ, അപകടമുണ്ടായ വേളയിൽ നടന്ന കാര്യങ്ങൾ ഓർക്കുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ ലക്ഷ്മി പ്രതികരണവുമായി രംഗത്തുവന്നത്. തൃശ്ശൂരിൽ നിന്നും മടങ്ങവേ പുലർച്ചെ കൊല്ലത്ത് എത്തുന്നതുവരെ അർജ്ജുനാണ് കാർ ഓടിച്ചിരുന്നത്. കൊല്ലത്ത് കാർ നിർത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കർ വാഹനമോടിക്കാൻ കയറിയതായാണ് അർജ്ജുൻ പറഞ്ഞത്.

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും കുഞ്ഞും മുൻവശത്ത് ഇടതുവശത്തെ സീറ്റിലായിരുന്നു ഇരുന്നത്. പിൻസീറ്റിൽ ഇരുന്ന അർജ്ജുൻ അപകടസമയത്ത് ഉറക്കത്തിലായിരുന്നു എന്നുമാണ് ഡ്രൈവറുടെ മൊഴി. എന്നാൽ, ഇതിന് വിരുദ്ധമായാണ് ലക്ഷ്മി മൊഴി നൽകിയത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയുടെ മൊഴി ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്നത് വൈകുമെന്നാണ് പുറത്തുവരുന്ന വിവരം. ക്രൈംബ്രാഞ്ചിന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയിൽ വാങ്ങാനാകൂ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡിആർഐ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രകാശ് ജയിലിൽ കഴിയുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി പ്രതികളായ കേസിൽ സിബിഐയും ഇടപെട്ടിട്ടുണ്ട്. സിബിഐ പ്രകാശിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പിയെ വിട്ടു നൽകൂ. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്. അതേസമയം, ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽ പെട്ട സമയത്ത് സ്ഥലത്തു നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും ഇത് പ്രകാശ് തമ്പിയോട് പറഞ്ഞപ്പോൾ അത് ശ്രദ്ധിക്കാത്ത മട്ടിലാണ് ഇയാൾ പെരുമാറിയതെന്നും വെളിപ്പെടുത്തിയ ദൃക്‌സാക്ഷി കലാഭവൻ സോജന്റെ മൊഴി ക്രൈംബ്രാഞ്ച് രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് ആശുപത്രിയിലായ ശേഷവും മരണശേഷവും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നെന്ന് നേരത്തേ ബന്ധു പ്രിയ വേണുഗോപാൽ വെളിപ്പെടുത്തി. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്‌കറുമായി നല്ല അടുപ്പമുണ്ടായിരുന്നെന്ന് തെളിവുകൾ പുറത്തു വരുന്നതിനിടെയാണ് അപകടത്തിൽ ദുരൂഹത കൂട്ടുന്ന പല വെളിപ്പെടുത്തലുകളും പുറത്തു വരുന്നത്.

സ്വർണക്കടത്തിലെ പ്രധാന കണ്ണികളായ പ്രകാശ് തമ്പിക്കും വിഷ്ണുവിനും ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്നു. സ്റ്റേജ് പരിപാടികൾ ഏകോപിപ്പിച്ചിരുന്നത് പ്രകാശാണ്. സാമ്പത്തിക ഇടപാടുകളിൽ വിഷ്ണുവിനും ബന്ധമുണ്ടായിരുന്നു. ഡ്രൈവറായിരുന്ന അർജ്ജുനെ ബാലഭാസ്‌കറിന് പരിചയപ്പെടുത്തിയത് വിഷ്ണുവായിരുന്നുവെന്ന വിവരമാണ് പൊലീസിന് കിട്ടുന്നത്. അർജ്ജുൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ വിഷ്ണുവിന്റെ വിലാസമാണ് നൽകിയിരുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോൾ റിമാൻഡിലാണ്, വിഷ്ണുവിനെ പിടികൂടിയിട്ടുമില്ല. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. കള്ളക്കടത്തിൽ പ്രതികളായ പ്രകാശിന്റെയും വിഷ്ണുവിന്റെയും വിവരങ്ങൾ വാഹന അപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഡിആർഐയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP