Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ കഫേ, റെഡ് ചില്ലീസ്, ഹസ്‌ബൻഡ് ഇൻ ഗോവ എന്ന മലയാള ചിത്രങ്ങളും മദ്രാസ് കഫേ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു; റെഡ് ചില്ലീസിന്റെ സെറ്റിൽ മുറിയെ ചൊല്ലി തർക്കിച്ചു; രാജ്യത്ത് എവിടെ ചെന്നാലും സുഖമായി ജീവിക്കാൻ സൗകര്യങ്ങൾ ഒരുക്കി കാമുകൻ കാവൽ നിന്നു; തട്ടിപ്പ് കേസുകൾക്ക് പുറമേ ആൾമാറാട്ടം, വ്യാജരേഖ നിർമ്മാണം തുടങ്ങിയ നിരവധി കേസുകളിൽ കുടുങ്ങി; അധോലോക രാജാവ് രവി പൂജാര ഉന്നം വയ്ക്കുന്നതിന് പിന്നലെ കാരണം അജ്ഞാതം; ലീനാ മരിയാ പോളിന്റെ ജീവിതം ഒരു സിനിമാ കഥപോലെ ദുരൂഹം

കേരളാ കഫേ, റെഡ് ചില്ലീസ്, ഹസ്‌ബൻഡ് ഇൻ ഗോവ എന്ന മലയാള ചിത്രങ്ങളും മദ്രാസ് കഫേ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു; റെഡ് ചില്ലീസിന്റെ സെറ്റിൽ മുറിയെ ചൊല്ലി തർക്കിച്ചു; രാജ്യത്ത് എവിടെ ചെന്നാലും സുഖമായി ജീവിക്കാൻ സൗകര്യങ്ങൾ ഒരുക്കി കാമുകൻ കാവൽ നിന്നു; തട്ടിപ്പ് കേസുകൾക്ക് പുറമേ ആൾമാറാട്ടം, വ്യാജരേഖ നിർമ്മാണം തുടങ്ങിയ നിരവധി കേസുകളിൽ കുടുങ്ങി; അധോലോക രാജാവ് രവി പൂജാര ഉന്നം വയ്ക്കുന്നതിന് പിന്നലെ കാരണം അജ്ഞാതം; ലീനാ മരിയാ പോളിന്റെ ജീവിതം ഒരു സിനിമാ കഥപോലെ ദുരൂഹം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടികളുടെ തട്ടിപ്പു കേസിലെ പ്രതി നടി ലീന മരിയ പോളിന്റെ എറണാകുളം പനമ്പള്ളിനഗറിലുള്ള ആഡംബര ബ്യൂട്ടി പാർലറിൽ പട്ടാപ്പകൽ വെടിവയ്‌പ്പിലെ ദുരൂഹത മാറുന്നില്ല. അക്രമത്തിന് ഏതുതരം തോക്കാണ് ഉപയോഗിച്ചതെന്ന് പോലും മനസിലാക്കാൻ പൊലീസിന് ആയിട്ടില്ല. ബൈക്കിൽ എത്തിയവരെ കുറിച്ചും സൂചനയൊന്നുമില്ല. മുംബയ് അധോലോകസംഘത്തിലെ രവിപൂജാരയാണ് സംഭവത്തിന് പിന്നിലെന്ന് നടി ജീവനക്കാരോട് സൂചിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കുറിപ്പും ലഭിച്ചു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.

കഴിഞ്ഞ ദിവസം 25 കോടി രൂപ നൽകണമെന്ന് രവി പൂജാര ആവശ്യപ്പെട്ടതായാണ് വിവരം. പണം നൽകാനോ പൊലീസിൽ വിവരം അറിയിക്കാനോ നടി ശ്രമിച്ചില്ല. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് വെടിവയ്‌പ്പിന് പിന്നിലെന്ന് സംശയിക്കുന്നു. ഈ വഴിക്കാണ് പൊലീസ് അന്വേഷണവും. എന്നാൽ രവി പൂജാരയും ലീനയും തമ്മിലുള്ള ബന്ധം കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഏറെ ദുരൂഹതകളിലേക്ക് കേസ് പോകുന്നത്. രവി പൂജാരയുടെ ഗ്രൂപ്പ് കൊച്ചിയിൽ സജീവമാണെന്ന സൂചന നേരത്തേയും കിട്ടിയിരുന്നു. ചന്ദ്രബോസ് വധക്കേസിൽ അകത്തുള്ള നിസാമുമായും രവി പൂജാരയ്ക്ക് ബന്ധമുണ്ട്.

ദുബായിൽ ജനിച്ചുവളർന്ന ലീനയുടെ മാതാപിതാക്കൾ ചാലക്കുടി സ്വദേശികളാണ്. ദുബായിൽനിന്നു ചെന്നൈയിലെത്തിയാണ് ലീന സിനിമയിൽ അഭിനയിച്ചുതുടങ്ങിയത്. ഇതിനിടയിലാണു കൊച്ചിയിൽ ആഡംബര ബ്യൂട്ടി പാർലർ തുടങ്ങിയത്. രവി പൂജാരെയുടെ സംഘാംഗങ്ങൾ കേരളത്തിലെത്തിയോ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്. മംഗലാപുരത്തും, മുബൈയിലും വൻവേരുകളുള്ള സംഘമാണിത്. സംസ്ഥാനത്തിന് പുറത്തുള്ള നടിയുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. ഇവർ അടുത്ത ദിവസം നേരിട്ട് മൊഴി നൽകാനെത്തും. ഇതിന് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരൂ. ഏറെ ദുരൂഹതകൾ ലീനയെ ചുറ്റിപ്പറ്റിയുണ്ടെന്നതാണ് ഇതിന് കാരണം. അക്രമികളെ കണ്ടെത്താൻ ലീനയുടെ മൊഴികൾ കേസിൽ നിർണായകമാണ്. ഇപ്പോൾ ഹൈദരാബാദിലുള്ള ലീനയോട് ഉടൻ കൊച്ചിയിലെത്താൻ നിർദ്ദേശിച്ചട്ടുണ്ട്.

കേരളാ കഫേ, ഹസ്‌ബൻഡ്സ് ഇൻ ഗോവ, റെഡ് ചില്ലീസ് എന്നീ മലയാള ചിത്രങ്ങളിലും മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചെന്നൈയിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണു ലീന മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ലീനയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അണ്ണാനഗറിലെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ 19 കോടിയുടെ തട്ടിപ്പ് നടത്തി എന്ന വാർത്ത 2013-ലാണു പുറത്തുവന്നത്. ഇതിന് ശേഷം ഏറെ തട്ടിപ്പുകൾക്ക് ലീനയുടെ പേര് ചർച്ചയായി. ലീനയുടെ ജീവിത പങ്കാളി സുകാഷ് നിരവധി കേസിൽ പിടിയിലാവുകയും ചെയ്തു. പഠനത്തിനിടെ മോഡലിങ് ചെയ്തിരുന്ന ലീന ബംഗളുരുവിൽ വച്ചാണ് സുകാഷ് ചന്ദ്രശേഖറുമായി അടുത്തതെന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ബന്ധം തട്ടിപ്പിനു കൂട്ടാളിയായി ലീനയെ മാറ്റുകയായിരുന്നു.

മോഹൻലാൽ സിനിമയായ 'റെഡ് ചില്ലീസി'ന്റെ സെറ്റിൽവച്ച് സ്വന്തമായി മുറിവേണമെന്നുള്ള ഇവരുടെ പിടിവാശി ചെറിയ പ്രശ്നങ്ങൾക്കുവഴിവച്ചിരുന്നു. സെറ്റിൽ ഇവർ സ്വന്തമായി കൊണ്ടുവന്നിരുന്ന വസ്ത്രങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് കേസിൽ പ്രതിയായതോടെ ഒളിവിൽപോയ ഇവരെ ഒരുമാസത്തിനുശേഷം ന്യൂഡൽഹിയിലെ അസോളയിലെ ഫാം ഹൗസിൽനിന്നാണു പിടികൂടിയത്. പിടികൂടുമ്പോൾ റോൾസ് റോയിസ്, ബി.എം.ഡബ്ല്യു, ലാൻ ക്രൂയിസർ, ഓഡി, നിസാൻ തുടങ്ങിയ ഒമ്പത് കാറുകളും 84 വാച്ചുകളും കണ്ടെത്തിയിരുന്നു. മുൻ സൈനികനടക്കം സ്വകാര്യ സുരക്ഷാ സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ കൈയിൽനിന്നും പിടിച്ചെടുത്ത ആയുധങ്ങൾക്ക് ലൈസൻസ് ഇല്ലാത്തതിനെതുടർന്ന് ആയുധ നിരോധന നിയമപ്രകാരം തട്ടിപ്പ് കേസിൽ ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ കേസുകളും എടുത്തിരുന്നു. പിന്നീട് മൂംബൈയിൽ പത്തുകോടിയുടെ തട്ടിപ്പുകേസിൽ ലീനയും സുകാഷും പിടിയിലായിരുന്നു. ബോളിവുഡ് താരങ്ങളടക്കമുള്ളവരെ നിക്ഷേപത്തിന്റെ ഇരട്ടി തിരിച്ചുനൽകാമെന്നു വിശ്വസിപ്പിച്ചു പണംതട്ടിയതിനായിരുന്നു 2015ൽ ലീനയും കൂട്ടാളിയും പിടിയിലായത്.

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ 'രണ്ടില' തിരിച്ചുകിട്ടാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർക്ക് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത കേസിൽ പണം ഹവാലയായി കൈമാറാൻ ശ്രമിച്ച കുറ്റത്തിനു സുകാഷ് ചന്ദ്രശേഖറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു 10 കോടിരൂപ കൊച്ചി വഴിയാണു കടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. ശേഖർ റെഡ്ഡിയെന്ന വ്യാജപ്പേരിലാണു സുകേഷ് തട്ടിപ്പുകൾ നടത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞു ബെംഗളൂരുവിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസുകളിൽ 2010ൽ ലീനയെയും സുകാഷിനെയും പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. കർണാടകയിലെ ഹുനസമാരനഹള്ളി ഡെന്റൽ കോളജിൽ ലീന പഠിക്കുമ്പോഴാണു സുകേഷിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ അകന്നതായി ലീന സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്.

റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ എന്നീ മലയാള ചിത്രങ്ങളിൽ ലീന അഭിനയിച്ചിരുന്നു. ബോളിവുഡ് ചിത്രമായ 'മദ്രാസ് കഫേ'യിൽ പ്രശസ്തതാരം ജോൺ എബ്രഹാമിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. പനമ്പള്ളിനഗറിലെ തിരക്കേറിയ സ്ഥലത്ത് 'ദ നെയിൽ ആർട്ടിസിറ്റി' എന്ന ലീനയുടെ ബ്യൂട്ടി പാർലർ ഒന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. താഴത്തെ നിലയിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ ഫിഷ് ഹബ്ബ് എന്ന മത്സ്യവില്പനശാലയാണ്. ഇതിന്റെ വശത്തുകൂടിയുള്ള പടികളിലൂടെ മുകളിലെത്തിയ അക്രമികൾ ബ്യൂട്ടിപാർലറിന്റെ ഡോറിന് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരനെ കണ്ടതോടെ ചുവരിലേക്ക് രണ്ടു തവണ വെടിയുതിർക്കുകയായിരുന്നു. പാർലറിന് ഉള്ളിലേക്ക് പ്രവേശിച്ചില്ല. ഈ സമയം രണ്ടു ജീവനക്കാരും രണ്ട് ഇടപാടുകാരും ഉള്ളിലുണ്ടായിരുന്നു. വെടിയുതിർത്ത ശേഷം പുറത്തിറങ്ങിയ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ്, അസി. കമ്മിഷണർ പി.പി.ഷംസ്, സൗത്ത് സിഐ. സിബി ടാേം എന്നിവരും ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ആക്രമികൾ കടന്നുകളയും മുൻപു മുംബൈ അധോലോക ക്രിമിനൽ 'രവി പൂജാര'യുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസുകഷണം ഇവർ സലൂണിനു മുന്നിൽ ഉപേക്ഷിച്ചിരുന്നു. എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവയ്ക്കുന്ന ശബ്ദമുണ്ടാക്കി ശ്രദ്ധയാകർഷിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു സംശയവും ഉണ്ട്. ഒരാഴ്ച മുൻപ് എറണാകുളം കലൂർ മണപ്പാട്ടിപ്പറമ്പിലെ കെട്ടിട നിർമ്മാണ സൈറ്റിലും മൂന്നംഗ സംഘം കരാറുകാരനു നേരെ വെടി ഉതിർത്ത സംഭവമുണ്ടായിരുന്നു. ഇതു രഹസ്യമാക്കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രണ്ടാമത്തെ സംഭവമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP