Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലറുടെ ഫോണിൽ നിന്ന് കൊന്ന് കുഴിച്ചു മൂടിയ ഭർത്താവിന്റെ അനുജനെ കൂസലൊന്നും ഇല്ലാതെ വിളിച്ച് ലിജി; തിരക്കുന്നതുകൊല്ലാതെ വെറുതെ വിട്ട മൂത്ത രണ്ട് മക്കളെ കുറിച്ചും; കുട്ടികളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജിജോഷ് പറഞ്ഞത് കുട്ടികൾ സ്‌കൂളിൽ എന്ന്; ഇനി ബന്ധമില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞ് ഫോണെടുത്ത എല്ലാ ബന്ധുക്കളും; റിജോഷിനേയും ജൊവാനയേയും കൊന്ന ലിജിയോടുള്ള രോഷം മറയ്ക്കാതെ പ്രതികരിച്ച് ശാന്തൻപാറ

ജയിലറുടെ ഫോണിൽ നിന്ന് കൊന്ന് കുഴിച്ചു മൂടിയ ഭർത്താവിന്റെ അനുജനെ കൂസലൊന്നും ഇല്ലാതെ വിളിച്ച് ലിജി; തിരക്കുന്നതുകൊല്ലാതെ വെറുതെ വിട്ട മൂത്ത രണ്ട് മക്കളെ കുറിച്ചും; കുട്ടികളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജിജോഷ് പറഞ്ഞത് കുട്ടികൾ സ്‌കൂളിൽ എന്ന്; ഇനി ബന്ധമില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞ് ഫോണെടുത്ത എല്ലാ ബന്ധുക്കളും; റിജോഷിനേയും ജൊവാനയേയും കൊന്ന ലിജിയോടുള്ള രോഷം മറയ്ക്കാതെ പ്രതികരിച്ച് ശാന്തൻപാറ

മറുനാടൻ മലയാളി ബ്യൂറോ

രാജകുമാരി: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനൊപ്പം മുംബൈയിൽ എത്തി, ഇളയ മകളെ വിഷം കൊടുത്തുകൊലപ്പെടുത്തിയ ലിജി കുര്യൻ കുടുംബത്തെ ചേർത്ത് നിർത്താൻ പുതിയ നമ്പരുമായി രംഗത്ത്. രണ്ടര വയസ്സുള്ള ജൊവാനയെ കൊന്ന കേസിൽ റിമാൻഡിലായ ലിജി സമയം കിട്ടുമ്പോഴെല്ലാം നാട്ടിലേക്ക് വിളിയോട് വിളിയാണ്. കൊന്ന് കുഴിച്ചു മൂടിയ ഭർത്താവ് റിജോഷിന്റെ സഹോദരനേയും അവർ വിളിച്ചു. കുട്ടികളെ തിരക്കുകയാണ് അവർ. എന്നാൽ വിളിച്ചവരിൽ നിന്നൊന്നും അനുകൂല മറുപടി ലിജിക്ക് കിട്ടിയില്ല.

ജയിലിലെ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് ആണ് ലിജി എല്ലാവരേയും വിളിച്ചത്. കുട്ടികൾ എവിടെയെന്നു ചോദിച്ച ലിജി അവരോട് സംസാരിക്കണമെന്നും റിജോഷിന്റെ സഹോദരനോട് ആവശ്യപ്പെട്ടു. എന്നാൽ കുട്ടികൾ സ്‌കൂളിൽ പോയി എന്ന് അറിയിച്ചതോടെ ലിജി ഫോൺ വച്ചു. കൂടുതലൊന്നും സംസാരിച്ചില്ലെന്ന് റിജോഷിന്റെ സഹോദരൻ ജിജോഷ് പറഞ്ഞു. റിജോഷ്-ലിജി ദമ്പതികളുടെ മറ്റു 2 മക്കൾ റിജോഷിന്റെ കുടുംബ വീട്ടിലാണ് കഴിയുന്നത്. ലിജി തന്റെ ഉറ്റ ബന്ധുക്കളെയും കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു.എന്നാൽ ലിജിയുമായി ഒരു ബന്ധവും ഇല്ലെന്നും ഫോണിൽ വിളിക്കരുത് എന്നും ഇവർ ആവശ്യപ്പെട്ടു.

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷി(31)നെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ(32) കൂടെ കഴിഞ്ഞ 7 നാണ് ലിജി മുംബെയിൽ എത്തിയത്. റിജോഷിന്റെ ഇളയ മകൾ ജൊവാനയെ(2) വിഷം കൊടുത്തുകൊലപ്പെടുത്തിയ ശേഷം ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലിജി അപകടനില തരണം ചെയ്തപ്പോൾ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വസീം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഭർത്താവിനേയും മകളേയും കൊന്ന ലിജിക്കും വസീമിനുമെതിരെ ശാന്തൻപാറയിൽ ജനരോഷം അതിശക്തമാണ്.

ജൊവാനയെ വിഷം കൊടുത്തുകൊന്ന കേസിൽ ശാന്തൻപാറ മുല്ലൂരിലെ ലിജിയുടെ അറസ്റ്റ് മുംബൈ പനവേൽ പൊലീസാണ് രേഖപ്പെടുത്തിയത്. വിഷം കഴിച്ച് ചികിത്സയിൽ കഴിയുന്ന ലിജിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് പൊലീസ് ജെ.ജെ. ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ലിജിയെ റിമാൻഡ് ചെയ്യുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി വസീം ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ശാന്തൻപാറയിലെ റിസോർട്ട് ജീവനക്കാരനായിരുന്ന മുല്ലൂർ റിജോഷിനെ (31) കൊലപ്പെടുത്തി ഒളിവിൽ പോയ ഭാര്യ ലിജിയും വസീമും മുംബൈയിൽ വച്ചാണ് ജൊവാനയ്ക്ക് വിഷം നൽകിയത്. ലിജിയും വസീമും വിഷം കഴിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചതിനാൽ രക്ഷപ്പെട്ടു. എന്നാൽ ജൊവാന മരിച്ചു.

പനവേൽ പൊലീസ് വസീമിനെയും കൂടി അറസ്റ്റ് ചെയ്താലേ അവിടെ പ്രാഥമികാന്വേഷണം പൂർത്തിയാകൂ. എങ്കിൽ മാത്രമേ റിജോഷ് വധക്കേസിൽ കേരള പൊലീസിന് ഇരുവരെയും അറസ്റ്റ് ചെയ്യാനാകൂ. ഒക്ടോബർ 31-നാണ് റിജോഷിനെ കാണാതായത്. പിന്നാലെ റിസോർട്ടിലെ മാനേജരായിരുന്ന വസീമിനെയും ലിജിയെയും മകൾ ജൊവാനയെയും കാണാതായി. നവംബർ ഏഴിന് റിസോർട്ട് വളപ്പിൽ റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, പനവേലിലെ ലോഡ്ജിൽ വെച്ച് ലിജിയും വസീമും വിഷം കഴിച്ചശേഷം ജൊവാനയെ വിഷം നൽകി കൊന്നത്.

മുറിയെടുത്ത് മണിക്കൂറുകളായിട്ടും മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ ഏഴ് വ്യാഴാഴ്ചയാണ് ലിജിയുടെ ഭർത്താവ് റിജോഷിന്റെ മൃതദേഹം ശാന്തൻപാറയിലെ റിസോർട്ടിലെ പറമ്പിൽ ചാക്കിൽകെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കൊച്ചിക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ നവംബർ നാലിന് ലിജിയേയും ഇവർ ജോലി ചെയ്യുന്ന സ്വകാര്യ റിസോർട്ടിലെ മാനേജരായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി.

ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിനിടെ വസീമിന്റെ കുറ്റസമ്മത വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമായിരുന്നു സന്ദേശം. എന്നാൽ എവിടെയാണുള്ളതെന്ന് വസീം വെളിപ്പെടുത്തിയിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായതോടെ മകൾക്ക് വിഷം നൽകിയ ശേഷം ലിജിയും വസീമും വിഷം കഴിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP