Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രമേഹവും കാൻസറും തൈറോയിഡും തുള്ളിമരുന്നിൽ മാറുമോ? പത്രപ്പരസ്യം കൊടുത്ത് ആളെ പിടിക്കുന്ന ഡോ.കെ.സിദ്ധാർഥന്റെ ആയുർവേദ ചികിൽസയ്‌ക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്; കാൻസറിനുള്ള തുള്ളിമരുന്ന് ഉൽപാദിപ്പിക്കുന്നതും കൊല്ലം മാറനാടുള്ള എൻപി ആയുർവേദ റിസർച്ച് ലബോറട്ടീസ്! എല്ലാ മാറാരോഗങ്ങൾക്കും ഒറ്റമൂലി ഒരുക്കുന്ന അത്ഭുതമരുന്നിന്റെ ഗുട്ടൻസ് അറിയാതെ നാട്ടുകാർ

പ്രമേഹവും കാൻസറും തൈറോയിഡും തുള്ളിമരുന്നിൽ മാറുമോ? പത്രപ്പരസ്യം കൊടുത്ത് ആളെ പിടിക്കുന്ന ഡോ.കെ.സിദ്ധാർഥന്റെ ആയുർവേദ ചികിൽസയ്‌ക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്; കാൻസറിനുള്ള തുള്ളിമരുന്ന് ഉൽപാദിപ്പിക്കുന്നതും കൊല്ലം മാറനാടുള്ള എൻപി ആയുർവേദ റിസർച്ച് ലബോറട്ടീസ്! എല്ലാ മാറാരോഗങ്ങൾക്കും ഒറ്റമൂലി ഒരുക്കുന്ന അത്ഭുതമരുന്നിന്റെ ഗുട്ടൻസ് അറിയാതെ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'പ്രമേഹം, തൈറോയിഡ്, കാൻസർ തുടങ്ങിയ എല്ലാ മാറാരോഗങ്ങൾക്കും ഡോ.കെ.സിദ്ധാർഥന്റെ ആയുർവേദ തുള്ളിമരുന്ന് ചികിൽസ. കരൾ രോഗങ്ങൾക്ക് സമഗ്ര ആയുർവേദ തുള്ളിമരുന്ന് ചികിൽസ.' ഏപ്രിൽ നാലിലെ ദേശാഭിമാനി പത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ ഈ പരസ്യം കണ്ട് അമ്പരന്നത് നാട്ടുകാർ മാത്രമല്ല കേരളീയരാകെയാണ്. തുള്ളിമരുന്ന് ഉൽപ്പാദിപ്പിക്കുന്നതുകൊല്ലം മാറനാടുള്ള എൻപി ആയുർവേദ റിസർച്ച് ലബോറട്ടീസിലാണ്. ഇതിന്റെ ഉടമയാണ് ഡോ.കെ.സിദ്ധാർഥൻ.

പത്രപ്പരസ്യത്തിൽ ഇങ്ങനെ പറയുന്നു: ആയുർവേദ ശാസ്ത്രവിധിപ്രകാരം ഇരുപത് തരം പ്രമേഹ രോഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ചികിൽസയാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ, പുതുതായി കണ്ടെത്തിയ ആയുർവേദ തുള്ളിമരുന്ന് ചികിൽസയിൽ എല്ലാത്തരം പ്രമേഹത്തിനും ഒരുചികിൽസ തന്നെയാണ്. ഇതുകൂടാതെ കരൾ രോഗങ്ങൾക്കും ഫലപ്രദമായ ചികിൽസ കിട്ടുമെന്നാണ് പരസ്യത്തിലെ വാഗ്ദാനം. ഹെപ്പറ്റൈറ്റിസ് ബി, ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങി എല്ലാത്തരം കരൾരോഗങ്ങൾക്കും ഫലപ്രദമായ ചികിൽസ ലഭിക്കുന്നു.

'ദഹനത്തകരാറിനെ പരിഹരിച്ച് കരളിന്റെ പ്രവർത്തനം ശരിപ്പെടുത്തിയാൽ രോഗങ്ങൾക്ക് എല്ലാം ആശ്വാസം കിട്ടും. ശരിയായ ആഹാരക്രമത്തിന്റെയും ഔഷധത്തിന്റെയും പ്രയോഗം കൊണ്ട് ഇത് സാധ്യമാക്കാമെന്നും പരസ്യത്തിൽ വാഗ്ദാനം ചെയ്യുന്നു 'സോറിയാസിസ്, അലർജി മൂലമൂണ്ടാകുന്ന രോഗങ്ങൾ, ത്വക് രോഗങ്ങൾ തുടങ്ങിയവയ്ക്കും ആശ്വാസം നൽകുന്ന ചികിൽസ എൻപി. ആയുർവേദ റിസർച്ച് ലബോറട്ടറീസിന്റെ പരസ്യത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

തുള്ളിമരുന്ന് ഒറ്റമൂലിയോ?

ആയുർവേദ ചികിൽസാ രംഗത്ത് 40 വർഷത്തെ ചികിൽസാപരിചയമാണ് എൻപി ആയുർവേദ റിസർച്ച് ലബോറട്ടറീസും ഡെ.കെ.സിദ്ധാർഥനും അവകാശപ്പെടുന്നത്. എന്നാൽ, പ്രമേഹത്തിനും തൈറോയിഡിനും കാൻസറിനുമെല്ലാം ഒരേ തുള്ളി മരുന്ന് എങ്ങനെ പ്രതിവിധിയാകും എന്ന ചോദ്യമാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്നത്. ഈ തുള്ളിമരുന്നിന്റെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നതിനൊപ്പം ഇത്തരത്തിൽ മാറാരോഗങ്ങൾക്ക് ഒറ്റമൂലി എന്ന തരത്തിൽ പരസ്യം നൽകുന്നതിനെ ചോദ്യം ചെയ്ത് പരിഷത്ത് പ്രവർത്തകൻ എം.എസ്.ബാലകൃഷ്ണൻ ഡ്രഗ്‌സ് കൺട്രോളർ, മെഡിക്കൽ കൗൺസിൽ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.

പരാതി കിട്ടിയതിനെ തുടർന്ന് ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശപ്രകാരം ഡ്രഗ്‌സ് ഇൻസ്പക്ടർ മാറാടെ എൻപി ആയുർവേദ റിസർച്ച് ലബോറട്ടറീസിൽ പരിശോധന നടത്തി.

പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തലുകൾ

പ്രമേഹം, അമിതവണ്ണം, ആസ്തമ, കാൻസർ, അൾസർ, തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നുവെന്ന തരത്തിലുള്ള അവകാശവാദങ്ങൾ മരുന്നുകൾക്ക് ലേബൽ വഴിയോ പരസ്യങ്ങൾ വഴിയോ വിൽപന നടത്തുന്നത് ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ, ഒരു ചികിൽസകൻ ഇത്തരം രോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസ ഉണ്ടെന്ന് പരസ്യപ്പെടുത്തുന്നത് നിയമപ്രകാരം നടപടി സ്വീകരിക്കാൻ കഴിയാത്തതുമാണ്.

അതേസമയം, ഇത്തരത്തിൽ ചികിൽസകൻ പരസ്യം നൽകുന്നത് മെഡിക്കൽ എത്തിക്‌സിനും മെഡിക്കൽ കൗൺസിലിന്റെ ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ റിപ്പോർട്ടിൽ പറയുന്നു. ഡ്രഗ്‌സ് കൺട്രോളറുടെ റിപ്പോർട്ടിനെ തുടർന്ന് ഇത്തരത്തിൽ പരസ്യം നൽകുന്നതിൽ നിന്ന് ഡോക്ടറെ മെഡിക്കൽ കൗൺസിൽ വിലക്കിയിരിക്കുകയാണ്. പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. അടുത്ത സിറ്റിങ്ങിൽ വിശദീകരണം നൽകാനാണ് ഡോക്ടർ.കെ.സിദ്ധാർഥനോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈസൻസ് പ്രശ്‌നം

ചില ക്ലാസിക്കൽ ആയുർവേദ മരുന്നുകളും, 14 മറ്റുമരുന്നുകളും ഉൽപാദിപ്പിക്കുന്നതിന് ഡ്രഗ്‌സ് ലൈസൻസ് കിട്ടിയ സ്ഥാപനമാണ് എൻപി ആയുർവേദ റിസർച്ച് ലബോറട്ടറീസ്. സംസ്ഥാനത്തൊട്ടാകെ ഏകദേശം 35 ഓളം ക്ലിനിക്കുകളിൽ ഡോ.സിദ്ധാർഥൻ ചികിൽസയ്ക്കായി പോകുന്നുണ്ട്. ഈ സന്ദർശനവേളകളിൽ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ മറ്റുചില സെയിൽസ് ഔട്ട്‌ലെറ്റുകൾ വഴിയും മരുന്ന് വിൽക്കുന്നുണ്ട്. എന്നാൽ, പുതുതായി കണ്ടെത്തിയ തുള്ളിമരുന്ന് എന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന പത്രപരസ്യമാണ് നൽകിയതെന്ന് ഡപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ റിപ്പോർട്ടിലുണ്ട്. പത്രപരസ്യത്തിൽ പറഞ്ഞിരിക്കുന്ന മാറാരോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസയുണ്ടെന്ന് തെളിയിക്കുന്ന ക്ലിനിക്കൽ ട്രയൽ റിപ്പോർട്ട് ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകുന്നത് മെഡിക്കൽ എത്തിക്‌സിന് നിരക്കുന്നതല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഡപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കൗൺസിൽ ഇത്തരത്തിൽ പരസ്യം നൽകുന്നത് വിലക്കിയത്.

കൈവല്യം തൈലം കാൻസർ മാറ്റുമോ?

ഈ സ്ഥാപനത്തിന്റെ ഒരുൽപ്പന്നമായ കൈവല്യ തൈലത്തിന്റെ ഫോർമുലയിലെ സൂചനയിൽ കാൻസർ മാറ്റും എന്ന അവകാശവാദമുണ്ട്. ഇത് ഡ്രഗ്‌സ് കൺട്രോളർ അംഗീകരിച്ചുനൽകിയത് എങ്ങനെ എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്. ഡ്രഗ് ലൈസൻസ് പുതുക്കിയ അവസരത്തിലോ, നെടുമ്പുറത്ത് ഫാർമസി എന്ന പഴയ പേര് മാറ്റിയപ്പോഴോ ഈ അവകാശവാദം ഒഴിവാക്കിയിരുന്നോ എന്നതിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്.

ഏതായാലും ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത സിറ്റിങ്ങിൽ സ്ഥാപനവും ഡോക്ടറും നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP