Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലീലാമ്മയുടെ മനമുരുകിയത് മുഴുവൻ മകനു വേണ്ടി; ലാളിച്ച കരങ്ങൾ തന്നെ ഒടുവിൽ ജീവനും എടുത്തു; മജോയ്ക്ക് വേണ്ടി മാതാവ് നേർന്ന വഴിപാടിന്റെ കഥകൾ; എണ്ണിപ്പറഞ്ഞ് പടുകോട്ടുക്കൽ നിവാസികൾ: ഉന്നത കുടുംബത്തിലെ ഇരട്ട കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് സമൂഹവും

ലീലാമ്മയുടെ മനമുരുകിയത് മുഴുവൻ മകനു വേണ്ടി; ലാളിച്ച കരങ്ങൾ തന്നെ ഒടുവിൽ ജീവനും എടുത്തു; മജോയ്ക്ക് വേണ്ടി മാതാവ് നേർന്ന വഴിപാടിന്റെ കഥകൾ; എണ്ണിപ്പറഞ്ഞ് പടുകോട്ടുക്കൽ നിവാസികൾ: ഉന്നത കുടുംബത്തിലെ ഇരട്ട കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് സമൂഹവും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പുറമേനിന്നു നോക്കുന്നവർക്ക് കാഞ്ഞിരവിളയിൽ വീടിനെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. നല്ല സാമ്പത്തിക ശേഷി, സമൂഹത്തിൽ ഉന്നതസ്ഥാനം, കുഴപ്പങ്ങളില്ലാത്ത കുടുംബം. പക്ഷേ, ഇവിടെ സർവത്ര കുഴപ്പമായിരുന്നുവെന്ന നാട്ടുകാർ അറിയുന്നത് ഇന്നലെയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിൽ പടുക്കോട്ടുക്കൽ കാഞ്ഞിരവിളയിൽ ജോൺ (72), ലീലാമ്മ(63) എന്നിവരെ മകൻ മജോ തല്ലിക്കൊന്നു കുഴിച്ചു മൂടിയപ്പോൾ മാത്രം.

പക്ഷേ, കുടുംബശ്രീയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ലീലാമ്മയുടെ വേദനകൾ കുറച്ചു പേർക്ക് അറിയാമായിരുന്നു. മകനെ വഴിപിഴച്ച ജീവിതത്തിൽ നിന്നും മുക്തമാക്കുവാൻ പ്രാർത്ഥനകളും നേർച്ചകളുമായി കഴിഞ്ഞ മാതാപിതാക്കളെ അടുത്തറിഞ്ഞവർ വിരളം. മാതാവ് ലീലാമ്മ മകനു വേണ്ടി പ്രാർത്ഥിക്കാത്ത ദിനങ്ങളില്ല, നേരാത്ത വഴിപാടുകളില്ല. കഴിഞ്ഞ മൂന്നുനാല് വർഷമായി അവരുടെ ജീവിതചര്യയിൽ ഭൂരിഭാഗവും മകന്റ ദുശീലങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയുള്ള പ്രാർത്ഥനകളുടേതായിരുന്നു.

സ്വന്തം സഭയുടെ കൂടാതെ മറ്റു സഭകളുടെ പ്രാർത്ഥനാ യോഗങ്ങളിലും അവർ നിത്യസന്ദർശകയായിരുന്നു. ജോലിക്ക് പോകാതെ വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന മകൻ മയക്കുമരുന്നിന്റെ അടിമ കൂടിയാണെന്ന തിരിച്ചറിവ് ആ മാതൃഹൃദയത്തെ വല്ലാതെ ഉലച്ചിരുന്നു. പള്ളി വികാരിയോടും മറ്റും മകന്റെ ദുശീലത്തെ കുറിച്ച് അവർ പറയുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പള്ളി പിരിഞ്ഞതിന് ശേഷം ഇടവക വികാരി ജോണിനെയും ഭാര്യ ലീലാമ്മയെയും പള്ളിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടിൽ തിരക്കിയെത്തിയിരുന്നു. അച്ചൻ വീടിനുള്ളിലേക്ക് കയറാതിരിക്കാൻ വാതിൽക്കൽ വഴിയടച്ച് നിന്നാണ് മജോ സംസാരിച്ചത്.

ഇത് വകവയ്ക്കാതെ വീടിനുള്ളിൽ കയറി ഇരുന്ന അച്ചനോട് മാതാപിതാക്കൾ പോട്ട ധ്യാനകേന്ദ്രത്തിൽ പോയതാണെന്നാണ് പറഞ്ഞത്. വർത്തമാനത്തിൽ അസ്വാഭാവികത തോന്നിയിട്ടുമില്ലായിരുന്നു. പിതാവ് ജോൺ പകൽ സമയമെല്ലാം വീടിന് ചുറ്റുമുള്ള കൃഷി തോട്ടത്തിലായിരിക്കും. വാഴ, ചേന, ചേമ്പ്, പടവലം തുടങ്ങി നിരവധി കൃഷികൾ വീടിന് ചുറ്റുമുണ്ട്. ഏതോ വിത്ത് പാകിയ ഗ്രോ ബാഗും വീടിന് സമീപം വെച്ചിരുന്നു. വെള്ളം നനയ്ക്കാത്തതിനെ തുടർന്ന് ഇവ കരിഞ്ഞുണങ്ങിയ നിലയിലായിരുന്നു.

കുരമ്പാല-കീരുകുഴി റോഡിൽ എൻ. എസ്. എസ് പോളിടെക്നിക് കഴിഞ്ഞ് ഇരുന്നൂറ് മീറ്ററോളം മുന്നോട്ടു വരുമ്പോഴാണ് വലതു ഭാഗത്ത് കാഞ്ഞിരവിളയിൽ വീട്. സഹോദരങ്ങളുടെ രണ്ടു വീടുകൾക്ക് മുന്നിലൂടെ ഉള്ളിലേക്ക് നൂറ്റമ്പത് മീറ്ററോളം കടന്നുവേണം ജോണിന്റെ വീട്ടിലെത്താൻ. ഇവിടെ എന്തു നടന്നാലും പുറമേ അറിയാൻ കഴിയാത്ത നിലയിലാണ്. മിലിട്ടറിയിൽ ഡ്രൈവറായിരുന്ന ജോൺ റിട്ടയർ ചെയ്ത് നാട്ടിലെത്തിയ ശേഷം 16 വർഷം ഗൾഫിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തി കൃഷിപ്പണി ചെയ്തു ജീവിച്ചു വരികയായിരുന്നു.

പുറംലോകവുമായി വലിയ ബന്ധമില്ലാതിരുന്ന മജോയ്ക്ക് നാട്ടിൽ സുഹൃത്തുക്കളായി ആരുമില്ല. മാതാപിതാക്കളോട് വഴക്കിട്ട് പണം വാങ്ങി ധൂർത്തടിക്കുകയായിരുന്നു. എംഎസ്സി നഴ്സിങ് ബിരുദമുള്ളതുകൊണ്ട് ഒരു ജോലി നേടണമെന്ന് മാതാപിതാക്കൾ മജോയെ ഇടയ്ക്കിടെ ഉപദേശിക്കുമായിരുന്നു. കൊലപ്പെടുത്താനുപയോഗിച്ചെന്ന് കരുതുന്ന മരത്തടി കണ്ടെടുത്തു. മൃതദേഹങ്ങൾ തള്ളിയശേഷം മൂടിയ പൊട്ടക്കിണറ്റിലെ മണ്ണ് നീക്കിയപ്പോഴാണ് വടി കിട്ടിയത്. ഒരു മീറ്ററോളം നീളമുള്ള കനത്ത ഉരുളൻ തടി ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് മജോ പൊലീസിനോടു പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം വടി മൃതദേഹങ്ങൾക്കൊപ്പം കിണറ്റിലിട്ട് മൂടിയിരുന്നു.

ജന്മം നൽകിയ മാതാപിതാക്കളെ ഒരു തടിക്കഷണത്തിൽ ഒടുക്കിയതിന്റേതായ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് മാത്യൂസ് ജോൺ എന്ന മജോ പൊലീസുകാർക്ക് മുന്നിൽ നിന്നത്. സ്വന്തം കൈ കൊണ്ട് മാതാപിതാക്കളെ കാലപുരിക്കയക്കുകയും ഒരു ദിവസം മൃതദേഹങ്ങൾക്ക് കാവലിരിക്കുകയും ചെയ്ത മജോ പൊലീസിന് മുന്നിൽ മനസു തുറന്നതും ഇതേ മാനസിക അവസ്ഥയോടെയാണ്. കർക്കശക്കാരനായിരുന്നു പിതാവ് കെഎം ജോൺ. വിമുക്തഭടന്റെ എല്ലാ പിടിവാശിയും ഉള്ളയാൾ. മകന്റെ വഴിപിഴച്ച പോക്കിൽ എതിർപ്പുണ്ടായിരുന്നു. ഇത്രയും ഭീകരമായ ഒരു മാനസികാവസ്ഥയിലേക്ക് മജോ എത്തണമെങ്കിൽ അയാൾ ലഹരി മരുന്നുകൾക്ക് അടിമയായിരിക്കണം എന്നു പൊലീസും സമ്മതിക്കുന്നുണ്ട്. മൃതദേഹങ്ങൾ കിണറ്റിൽ നിക്ഷേപിച്ചതും താനൊറ്റയ്ക്കാണെന്നാണ് മജോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

എന്നാൽ, പൊലീസ് പൂർണമായി ഇത് വിശ്വസിച്ചിട്ടില്ല. ജോണിന്റെ പഴയ ഒരു വീട്ടിൽ ബംഗാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ നിന്ന് ആരുടെയെങ്കിലും സഹായം മജോയ്ക്ക് കിട്ടിയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കയുന്നില്ല. കൊല ചെയ്യപ്പെട്ട ജോണിനെയും ലീലാമ്മയേയും കഴിഞ്ഞ മൂന്നിന് ബന്ധു മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ലീലാമ്മയുടെ അനുജത്തി കുഞ്ഞുമോളുടെ ഭർത്താവ് കുളത്തൂപ്പുഴ സ്വദേശി ജോസാണ് കഴിഞ്ഞ മൂന്നിന് വിളിച്ചത്. കുഞ്ഞുമോൾ സുഖമില്ലാതെ കിടപ്പായതിനാൽ കാണാൻ വരുമെന്ന് ജോണും ലീലാമ്മയും നേരത്തെ ജോസിനോട് പറഞ്ഞിരുന്നു. എന്ന് വരുമെന്ന് അറിയാനാണ് വിളിച്ചതെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ജോസ് പറഞ്ഞു. ജോണിന്റെ സഹോദരന്മാർ അടുത്തു തന്നെയാണ് താമസിച്ചിരുന്നത്. ഇവർക്ക് പഴയ തറവാട് കൂടാതെ ഇരുനില വീടും ഉണ്ട്.

വിദ്യാഭ്യാസകാലം മുതൽ മാത്യൂസ് ജോൺ എന്ന മജോ തനിക്ക് തോന്നിയ വിധമാണ് ജീവിച്ചതെന്ന് നാട്ടുകാർ പറയുന്നു. സ്‌കൂളിൽ പോകുന്ന സമയത്തു പോലും ഇയാൾ യഥാസമയം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. വീട്ടിൽ കയറാതെ അലഞ്ഞു തിരിയുന്ന സ്വഭാവവും ഇയാൾക്കുണ്ടായിരുന്നു. ആരോടും അധികം സഹകരിക്കാത്ത പ്രകൃതമായതിനാൽ മാത്യൂസിന് കൂട്ടുകാർ അധികം ഉണ്ടായിരുന്നില്ല. അടുത്ത കാലത്തായി ഇയാൾക്ക് മദ്യപാനം കൂടുതലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതിനാൽ പണത്തിനായി മാതാപിതാക്കളെ ശല്യപ്പെടുത്തുക പതിവായിരുന്നു. ഇക്കാര്യം ജോണും ലീലാമ്മയെയും ബന്ധുക്കളോട് പല തവണ പറയുകയും ചെയ്തിരുന്നു. പണം ലഭിച്ചില്ലെങ്കിൽ പിന്നെ വഴക്കാണ്. ചിലപ്പോൾ മദ്യപിച്ച് വന്ന് മാതാപിതാക്കളെ അസഭ്യം പറയുന്ന സ്വഭാവവും ഇയാൾക്കുണ്ടായിരുന്നു.

നാട്ടുകാരുമായി നല്ല അടുപ്പത്തിലായിരുന്നു ലീലാമ്മ. കുടുംബശ്രീയുടെ സജീവ പ്രവർത്തകയായതിനാൽ ഇവരുടെ വീട്ടുമുറ്റത്തു വച്ചാണ് 14 കുടുംബശ്രീ യൂണിറ്റുകളുടെ സംയുക്ത ഓണാഘോഷ പരിപാടികൾ വരെ നടന്നിട്ടുള്ളത്. ഇവർക്ക് ഓണസദ്യ നൽകിയതും ലീലാമ്മ ജോണായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP