Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴുത്തറുക്കുന്ന ഐസിസ് ഭീകരതയ്ക്ക് കുടപിടിച്ച് മലയാളിയും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഏജൻസികൾ; കേരളത്തിൽ ആദ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് കോഴിക്കോട് സ്വദേശി റിയാബിനെതിരെ; സോഷ്യൽ മീഡിയ വഴി റിക്രൂട്ട്‌മെന്റിനു ചുക്കാൻ പിടിച്ച കോഴിക്കോട് സ്വദേശി സിറിയയിലെന്നു സംശയം

കഴുത്തറുക്കുന്ന ഐസിസ് ഭീകരതയ്ക്ക് കുടപിടിച്ച് മലയാളിയും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഏജൻസികൾ; കേരളത്തിൽ ആദ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് കോഴിക്കോട് സ്വദേശി റിയാബിനെതിരെ; സോഷ്യൽ മീഡിയ വഴി റിക്രൂട്ട്‌മെന്റിനു ചുക്കാൻ പിടിച്ച കോഴിക്കോട് സ്വദേശി സിറിയയിലെന്നു സംശയം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ മലയാളിയും ചേർന്നതിന് ഔദ്യോഗിക സ്ഥിരീകരണം. റിക്രൂട്ട്‌മെന്റ് കേസിൽ ആദ്യമായി കേരളത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കോഴിക്കോട് സ്വദേശി റിയാബിനെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

സോഷ്യൽ മീഡിയ വഴി ഐസിസിലേക്കു റിക്രൂട്ട് ചെയ്തു എന്ന കേസിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവാവ് ഐസിസിൽ ചേർന്നുവെന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമായി.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. യുവാവ് സിറിയയിലുണ്ടെന്നും സുരക്ഷാ ഏജൻസികൾ. ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കാൻ മലയാളികളെ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഐഎസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ തിരുവനന്തപുരം കരിപ്പൂർ വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. യുവാക്കളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും നാടുകടത്തുന്ന ആളുകൾ കർശനനിരീക്ഷണത്തിലാണ്.

അടൂർ, കിളിമാനൂർ സ്വദേശികളാണ് തിരുവനന്തപുരത്ത് പിടിയിലായത്. അബുദാബിയിൽ ജനിച്ചുവളർന്ന യുവാക്കൾ ഐ.എസുമായി സമൂഹ മാദ്ധ്യമങ്ങൾവഴി ബന്ധം പുലർത്തിയതാണ് നടുകടത്തലിൽ അവസാനിച്ചത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് കരിപ്പൂരിൽ പിടിയിലായത്. ഐ.എസ് ബന്ധം ആരോപിച്ച് മുമ്പ് അബുദാബി നാടുകടത്തിയ മലയാളിയുമായി ഇവരിൽ ഒരാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി സൂചനയുണ്ട്.

ഐ.എസിൽ ചേരാൻ ഗൾഫിൽനിന്ന് പാലക്കാട് സ്വദേശി സിറിയയിലേക്ക് കടന്നകാര്യം അടുത്തിടെയാണ് സംസ്ഥാന ഇന്റലിജൻസ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചത്. വിസ റദ്ദാക്കി അബുദാബിയിൽനിന്ന് തിരിച്ചയച്ച മലപ്പുറം സ്വദേശി ജാബിറിനെ കഴിഞ്ഞമാസം വിമാനത്താവളങ്ങളിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളുടെ ഐ.എസ്. ബന്ധം തെളിയിക്കാനായില്ല. ഐ.എസ്. സംശയിച്ച് ഗൾഫിൽനിന്നും നാടുകടത്തിയ യുവതി കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ അറസ്റ്റിലായിരുന്നു.

ഐസിസ് ബന്ധം ആരോപിച്ച് മുമ്പ് മലപ്പുറം സ്വദേശിയായ ജാബിറിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു വിട്ടയച്ചിരുന്നു. തനിക്ക് ഐസിസുമായി യാതൊരു ബന്ധവുമില്ലെന്നും ജാബിർ പറഞ്ഞിരുന്നു. കോഴിക്കോടു സ്വദേശിയായ റിയാബിനെ കുറിച്ചും മറ്റൊരു ബംഗ്ലാദേശുകാരനെക്കുറിച്ചും മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ ജാബിർ വെളിപ്പെടുത്തിയിരുന്നു.

അബുദാബി സ്‌കൂളിൽ ഒപ്പം പഠിച്ചിരുന്ന രണ്ട് സഹപാഠികളെ കാണാതെ പോയിരുന്നു. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അബുദാബി പൊലീസ് തന്നെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നാണ് നാല് മാസം അബുദാബി ജയിലിൽ കഴിയേണ്ടി വന്നതെന്ന് ജാബിർ പറഞ്ഞു.

അബുദാബി റാസൽഖൈമയിലെ ന്യൂ ഇന്ത്യാ സ്‌കൂളിലെ സഹപാഠികളായിരുന്നു കാണാതായവർ. റിയാബ്്, മുജാഹിദ് എന്നായിരുന്നു ഇവരുടെ പേര്. ഇതിൽ ഒരാൾ മലയാളിയും മറ്റൊരാൾ ബംഗ്ലാദേശിയുമാണ്. കോഴിക്കോട് സ്വദേശിയാണ് കാണാതായ റിയാബ്. നാല് മാസമായി കാണാതായ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംശയമെന്നും ജാബിർ പറഞ്ഞിരുന്നു. അബുദാബി പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ്. നിരപരാധിയാണെന്ന് ബോധ്യമായപ്പോൾ വിട്ടയക്കുകയായിരുന്നുവെന്നും ജാബിർ മറുനാടനോടു പറഞ്ഞിരുന്നു.

ഐസിസ് എന്താണെന്ന് പോലും ശരിക്കും തനിക്ക് അറിയില്ല. സംഭവത്തിൽ താൻ തീർത്തും നിരപരാധിയാണ്.
കേസുമായി ബന്ധമില്ലെന്ന് കണ്ടാണ് കേരളത്തിലേക്ക് തിരിച്ചയച്ചത്. ഇവിടെ എത്തിയപ്പോൾ തന്നെ ചോദ്യം ചെയ്തത് ഐബിയോ റോയോ ആയിരുന്നില്ല. മറിച്ച് കേരള പൊലീസിലെ സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ആയിരുന്നു. ഇവർ ചോദിച്ചതും കാണാതായ സഹപാഠികളെ കുറിച്ചയിരുന്നു ഇവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതിനെ തുടർന്നാണ് നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതെന്നും ജാബിർ വ്യക്തമാക്കി.

എട്ട് വർഷമായി താൻ അബുദാബിയിൽ എത്തിയിട്ട്. +2 കഴിഞ്ഞ ശേഷം വീട്ടുനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടയിൽ ജോലി നോക്കിയിരുന്നു. ഈ കടയിൽ വന്ന് ഉദ്യോഗസ്ഥർ പിന്നീട് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരുള്ള ഹിന്ദു യുവാവിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. താനും തന്റെ സുഹൃത്തും നിരപരാധിയാണെന്ന് കണ്ടാണ് അബുദാബി പൊലീസ് തിരിച്ചയച്ചത്. കൂടുതൽ പേർ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ജാബിർ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജാബിർ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തിയ കോഴിക്കോടു സ്വദേശി റിയാബിനെതിരെയാണ് ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP