Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസ്‌ക്രീമിൽ ഫ്യൂരിഡാൻ കലർത്തി യുവതികളെ കൊലപ്പെടുത്താൻ ശ്രമിച്ചത് അയൽവാസി യുവാവ്; വൈരാഗ്യത്തിന് കാരണം വഴിപ്രശ്‌നം; ഐസ്‌ക്രീം പൊതി വീട്ടിലെത്തിച്ചത് റമാസാന് മുന്നോടിയായി ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നെന്ന വ്യാജേന

ഐസ്‌ക്രീമിൽ ഫ്യൂരിഡാൻ കലർത്തി യുവതികളെ കൊലപ്പെടുത്താൻ ശ്രമിച്ചത് അയൽവാസി യുവാവ്; വൈരാഗ്യത്തിന് കാരണം വഴിപ്രശ്‌നം; ഐസ്‌ക്രീം പൊതി വീട്ടിലെത്തിച്ചത് റമാസാന് മുന്നോടിയായി ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നെന്ന വ്യാജേന

കണ്ണൂർ: തളിപ്പറമ്പിൽ ഐസ്‌ക്രീമിൽ ഫ്യൂരിഡാൻ കലർത്തിയ സഹോദരങ്ങളായ യുവതികളെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. അയൽവാസിയായ യുവാവാണ് യുവതികൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചത്. തളിപ്പറമ്പ് കുറ്റ്യേരിയിലെ പാലത്തിനടുത്ത് താമസിക്കുന്ന എസ്‌പി ആയിഷയുടെ മക്കളായ സൂപ്പിപ്പോക്കറിന്റകത്ത് റുബീനയും (18), ഫർസീനയും (20)ഫ്യൂറിഡാൻ കലർന്ന ഐസ്‌ക്രീം ഉള്ളിൽചെന്ന് ഇപ്പോഴും ചികിത്സയിലാണ്. പൊലീസ് അന്വേഷണത്തിലാണ് അയൽവാസിയായ മഠത്തിൽ അബ്ദുൾ റഷീദ് (32) അറസ്റ്റിലായത്.

നേരത്തെ ഫർസീനയെ വിവാഹം ആലോചിച്ചുവന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയമാണ് ഉയർന്നത്. എന്നാൽ, കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പ്രതി അയൽവാസി തന്നെയാണെന്ന് ബോധ്യമായത്. വഴിപ്രശ്‌നമാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് യുവാവ് പറയുന്നത്. ഒരു മാസം മുമ്പ് ആയിഷയുടെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്താൻ അബ്ദുൾ റഷീദ് ശ്രമിച്ചിരുന്നു. അബ്ദുൾ റഷീദിന്റെ കുടുംബത്തിന്റെ പേരിലുള്ള 12 സെന്റ് ഭൂമിയിലൂടെയാണ് ആയിഷയുടെ പറമ്പിലേക്ക് പോകേണ്ടത്. റഷീദ് കല്ലുവച്ച് വഴി തടസപ്പെടുത്താൻ ശ്രമിച്ചപ്പോൾ ആയിഷയുടെ പെൺമക്കൾ എതിർത്തിരുന്നു. ഇവർ നാട്ടുകാരുടെയും പഞ്ചായത്ത് അംഗത്തിന്റെയും സഹായത്തോടെ കല്ലുകൾ മാറ്റി വഴി പോകാൻ തുടങ്ങി. ഈ വിരോധത്തിലാണ് പെൺകുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് അബ്ദുൾ റഷീദ് പറഞ്ഞത്.

ജൂൺ മൂന്നാം തീയ്യതിയാണ് യുവിതികൾ വിഷം ചേർത്ത ഐസ്‌ക്രീം കഴിച്ച് ആശുപത്രയിലാക്കിയത്. ഒരു ഓട്ടോഡ്രൈവർ സമീപത്തുള്ള മറ്റൊരു ആയിഷയുടെ വീട്ടിൽ ഈ ആയിഷയുടെ വിലാസവും പിന്നിൽ സലാം ഹാജിയെന്നും എഴുതിയ പൊതി എത്തിക്കുകയായിരുന്നു. റംസാൻ നോമ്പുസമയം അടുത്തുവരുന്ന സാഹചര്യത്തിൽ ദാനമായി ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നുവെന്ന വ്യാജേനയാണ് പൊതി നൽകിയത്. പൊതി എത്തിയ വീട്ടിൽ നിന്ന് അറിയിച്ചപ്പോഴാണ് എസ്‌പി ആയിഷയുടെ മക്കൾ ചെന്നു സാധനങ്ങൾ വാങ്ങിയത്.

പുഴുക്കലരിയും പച്ചരിയും അഞ്ച് പ്‌ളാസ്റ്റിക് ബോട്ടിൽ ഐസ്‌ക്രീമുമുണ്ടായിരുന്നു. ആയിഷ ആസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. റുബീനയും ഫർസീനയും ഐസ്‌ക്രീം എടുത്ത് കഴിച്ചു തുടങ്ങി. റുബീനയ്ക്ക് എന്തോ രുചി വ്യത്യാസംതോന്നി പെട്ടെന്ന് കഴിക്കൽ അവസാനിപ്പിച്ചു. അപ്പോഴേക്കും ഫർസീന ബോധരഹിതയായി വീണിരുന്നു. നിലവിളികേട്ട് എത്തിയവർ പെൺകുട്ടികളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഫർസീനയുടെ നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാവപ്പെട്ട കുടുംബമാണ് ആയിഷയുടേത്.

മൂന്ന് സെന്റ് ഭൂമി മാത്രമാണുള്ളത്. ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതിലൊരു വീടുവച്ചു താമസിക്കുന്നത്. തൊട്ടടുത്ത് ഇവരുടെ സഹോദരിയും താമസിക്കുന്നു. ഇവരുടെ കൊച്ചുകുട്ടികൾ ഉൾപ്പെടെ ഈ വീട്ടിൽ മിക്കസമയത്തും ഉണ്ടാകാറുണ്ട്. ഇവരുണ്ടെങ്കിൽ ഇവർക്കും ഐസ്‌ക്രീം നല്കുമായിരുന്നു. അങ്ങിനെ വലിയ ദുരന്തം സംഭവിക്കാനിരുന്നതാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് ഈ കുട്ടികൾ അംഗൻവാടിയിൽ പോയതാണ് രക്ഷയായത്. ദിവസങ്ങൾക്ക് മുമ്പ് ആയിഷയുടെ വീട്ടിലേക്ക് ബിരിയാണി പൊതിയും ഇതേപോലെ എത്തിയിരുന്നു. ചപ്പാരപ്പടവിൽ നിന്ന് ആരോ കൊണ്ടുവന്നതായിരുന്നു ഇത്. മണൽ കലർന്നതിനാൽ അതു കഴിച്ചിരുന്നില്ല.

വീട്ടിലേക്ക് ഐസ്‌ക്രീം കൊണ്ടുവന്ന ഓട്ടോഡ്രൈവർ പരിയാരം കോരൻപീടികയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. പാൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് ഈ വിലാസത്തിൽ സാധനം എത്തിക്കാൻ നിർദ്ദേശിച്ചതെന്നും പണം നല്കിയതെന്നും ഓട്ടോഡ്രൈവർ മൊഴി നല്കി. പൊലീസ് പ്രതിയുടെ രേഖാചിത്രവും തയ്യാറാക്കി.രേഖാചിത്രം കണ്ട നാട്ടുകാരിൽ ചിലർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു . ആ കൂട്ടത്തിലാണ് അയൽവാസി മഠത്തിൽ അബ്ദുൾ റഷീദി (32)നെയും ചോദ്യം ചെയ്തത്. സംഭവദിവസം താൻ വീട്ടിൽ നിന്ന് പുറത്തുപോയില്ലെന്ന് പൊലീസിനോട് വെളിപ്പെടുത്തി. അന്വേഷണസംഘം മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചു. ജൂൺ ഒന്നിന് തളിപ്പറമ്പിലും കോരൻപീടികയിലും പോയതായി വിവരം ലഭിച്ചു. അതോടെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എല്ലാം തുറന്നു പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP