Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായിയുടെ മുറിക്ക് സമീപംവരെ കത്തിയുമായി എത്തിയ യുവാവ് സ്ഥിരം പ്രശ്‌നക്കാരൻ; രണ്ടുവർഷം മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതും ഈ ചെട്ടികുളങ്ങര സ്വദേശി തന്നെ; മാനസിക രോഗിയെന്ന സംശയത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഡൽഹി പൊലീസ്; പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും അന്വേഷണം

കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായിയുടെ മുറിക്ക് സമീപംവരെ കത്തിയുമായി എത്തിയ യുവാവ് സ്ഥിരം പ്രശ്‌നക്കാരൻ; രണ്ടുവർഷം മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതും ഈ ചെട്ടികുളങ്ങര സ്വദേശി തന്നെ; മാനസിക രോഗിയെന്ന സംശയത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഡൽഹി പൊലീസ്; പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂഡൽഹിയിൽ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായിയുടെ മുറിയിലേക്ക് കത്തിയുമായി കയറാൻ ശ്രമിക്കുകയും പിന്നീട് കത്തിവീശി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തയാൾ രണ്ടുവർഷം മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിലും സമാനമായ രീതിയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു എ്ന്ന് വ്യക്തമായി. ചെട്ടിക്കുളങ്ങര സ്വദേശി വിമൽരാജാണ് കേരള ഹൗസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മാനസികരോഗിയാണെന്ന് വ്യക്തമായതോടെ ഇയാളെ ശാദ്രയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അതേസമയം, ഇയാൾക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ വരെ കത്തിയുമായി ഇയാൾ എത്തിയെന്നത് വലിയ സുരക്ഷാ പാളിച്ചയെന്ന നിലയിൽ വിലയിരുത്തൽ വന്നതിന് പിന്നാലെയാണ് മുമ്പും ഇയാൾ സർക്കാരിനെതിരെ പ്രതിഷേധമുയർത്തുകയും തിരുവനന്തപുരത്തും ആത്മഹത്യാ ഭീഷണിയുമായി എത്തുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായത്. 2016 ജനുവരിയിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി കഴുത്തിൽ കുരുക്കിട്ട് ഇയാളുടെ ആത്മഹത്യാ ഭീഷണിപ്രകടനം.

മാവേലിക്കര ചെട്ടികുളങ്ങര കടവൂർ മുറിയിൽ കണ്ടൻതറയിൽ വിമൽരാജെന്ന യുവാവ് അന്ന് ഒരു മണിക്കൂറിലേറെ പൊലീസിനെ വട്ടംചുറ്റിച്ചു. അന്നും കുടുംബം പോറ്റാൻ മാർഗമില്ലെന്നും സർക്കാർ വായ്പ നൽകണമെന്നുമെല്ലാം ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി. ഇതിന് മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു വിമൽരാജ്. സർക്കാരിൽ നിന്ന് വായ്പ ആവശ്യപ്പെട്ടായിരുന്നു സമരം. ഇതിനിടെയാണ് ഒരുദിവസം രാവിലെ എട്ടുമണിയോടെ് ഇയാൾ അരയിൽ കയറുകെട്ടി മരത്തിലേക്ക് കയറിയത്. ഡൽഹിയിലും രാജസ്ഥാനിലുമായി പഞ്ചകർമ്മ സെന്ററിൽ ജോലി നോക്കിവന്ന തനിക്ക് സംസാരശേഷിയിലെ തടസത്തെ തുടർന്ന് ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും ചികിത്സയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവായെന്നും ഈ പണം സർക്കാർ തരണമെന്നും ഇയാൾ മരക്കൊമ്പിൽ ഇരുന്ന് പേപ്പറിലെഴുതി താഴേക്കിട്ടു.

അതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ചികിത്സയ്ക്കും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പുലർത്താനും സർക്കാർ സഹായം ആവശ്യമാണെന്നും ഇതിനായി സെക്രട്ടേറിയറ്റിലെത്തിയ തന്നെ അകത്തേക്ക് പ്രവേശിപ്പിക്കുകയോ മുഖ്യമന്ത്രിയെ കാണാൻ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും പിന്നാലെ എഴുതിയിട്ടു. ഇതിന് പിന്നാലെ ഫയർഫോഴ്സെത്തി ഏണി ഉപയോഗിച്ച് ഇയാളെ താഴെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ചില്ലയിലൂടെ വിമൽ താഴേക്കിറങ്ങി. തുടർന്ന് ഇയാളെ സ്റ്റേഷനിൽ എത്തിച്ചശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരക്കൊമ്പിൽ കയറി ബഹളം വച്ചതിനെ തുടർന്ന് യാത്രക്കാരും സെക്രട്ടേറിയേറ്റിലെ സുരക്ഷാ ജീവനക്കാരും ആണ് അന്ന് വിവരം പൊലീസിനെ അറിയിച്ചത്.

ഇന്ന് പക്ഷേ, കുറച്ചുകൂടെ അക്രമാസക്തനായ നിലയിലാണ് ഇന്ന് ഇയാൾ എത്തിയത്. ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇന്ന് ഉണ്ടായിരുന്നു. ഇതിനിടെയാണ് കത്തിയുമായി ഇയാൾക്ക് അകത്ത് കയറാനും മുഖ്യമന്ത്രിയുടെ മുറിക്ക് സമീപംവരെ എത്താനും കഴിഞ്ഞത്. കത്തി വീശി ആത്മഹത്യാ ഭീഷണി മുഴക്കിയതടെ ഇയാളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ 09.25നായിരുന്നു സംഭവം. വൻ സുരക്ഷാ വീഴ്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഒരു കയ്യിൽ ബാഗും പോക്കറ്റിൽ ദേശീയ പതാകയുമായി എത്തിയ ഇയാൾ മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഹൗസിൽ എത്തിയത്.

തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ജീവിക്കാൻ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. താൻ മരിക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഇയാൾ ആരോപിച്ചു. തനിക്ക് രണ്ട് മക്കളാണെന്നും നാല് ജില്ലകളിലായി മാറിമാറി താമസിക്കുകയാണെന്നും ഇയാൾ പറഞ്ഞു. സംഭവ സമയത്ത് കേരള ഹൗസിൽ ഉണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഇയാൾ തട്ടിക്കയറി. തന്റെ ചികിത്സാ സഹായത്തിന് മുഖ്യമന്ത്രി ഇടപെടുന്നില്ല എന്നായിരുന്നു മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴത്തെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP