Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം ആവശ്യമുള്ളവരുടെ വസ്തുവിന്റെ രേഖകൾ വാങ്ങി വൻ തുകയ്ക്ക് പണയം വയ്ക്കും; ആനിക്കാട് സ്വദേശിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നാലെ പുറത്ത് വന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ! മഞ്ചേരിയിൽ നിന്നും 11 വർഷം മുൻപ് മല്ലപ്പള്ളിയിലെത്തിയ ശങ്കർ അയ്യരെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്ന കഥകൾ; അറസ്റ്റിനു പിന്നാലെ സ്റ്റേഷനിലേക്കെത്തിയത് പരാതികളുടെ ചാകര

പണം ആവശ്യമുള്ളവരുടെ വസ്തുവിന്റെ രേഖകൾ വാങ്ങി വൻ തുകയ്ക്ക് പണയം വയ്ക്കും; ആനിക്കാട് സ്വദേശിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നാലെ പുറത്ത് വന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ! മഞ്ചേരിയിൽ നിന്നും 11 വർഷം മുൻപ് മല്ലപ്പള്ളിയിലെത്തിയ ശങ്കർ അയ്യരെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്ന കഥകൾ; അറസ്റ്റിനു പിന്നാലെ സ്റ്റേഷനിലേക്കെത്തിയത് പരാതികളുടെ ചാകര

മറുനാടൻ ഡെസ്‌ക്‌

മല്ലപ്പള്ളി: പണം ആവശ്യമുള്ളവരുടെ അടുത്ത് സഹായിക്കാനെന്ന വ്യാജേന കൂടിയ ശേഷം പണം തട്ടിയെടുത്ത സംഭവത്തിൽ 48കാരൻ പിടിയിൽ. സമാനമായ രീതിയിൽ നാളുകളായി തട്ടിപ്പ് നടത്തി വന്ന മഞ്ചേരി സ്വദേശി ശങ്കർ അയ്യരാണ് പൊലീസ് പിടിയിലായത്. 11 വർഷം മുൻപാണ് ഇയാൾ മഞ്ചേരിയിൽ നിന്നും മല്ലപ്പള്ളിയിലെത്തിയത്. ഇവിടെ ആനിക്കാട് പെരുമ്പെട്ടിമണ്ണിൽ തുണ്ടിയിൽ വീട്ടിൽ എന്ന വിലാസത്തിലാണ് ഇയാൾ വർഷങ്ങളായി കഴിഞ്ഞു വന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് കീഴ്‌വായ്പൂര് പൊലീസ് ഇൻസ്പെക്ടർ കെ.സലിം, എസ്‌ഐ. സോമനാഥൻ നായർ എന്നിവർ അടങ്ങുന്ന സംഘം ശങ്കർ അയ്യരെ അറസ്റ്റ് ചെയ്തത്.

ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒട്ടനവധി പരാതികളാണ് സ്‌റ്റേഷനിലേക്ക് എത്തുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. നാലു കോടിയിലധികം രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തത്. തട്ടിപ്പ് നടത്താൻ ശങ്കർ അയ്യരെ സഹായിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പൊലീസ് പറയുന്നു. 40 ലക്ഷം രൂപ മല്ലപ്പള്ളിയിലെ ഒരു സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് കബളിപ്പിച്ചതായി ആനിക്കാട് സ്വദേശി യോഹന്നാൻ നൽകിയ പരാതിയാണ് അന്വേഷണത്തിന് തുടക്കമിട്ടത്.

പ്രായമായവരെയും സ്ത്രീകളെയുമാണ് പ്രതി വലയിലാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു. മാന്യമായ വസ്ത്രം ധരിച്ച് ആഡംബര വാഹനങ്ങളിലെത്തി ചെറിയ സഹായങ്ങൾ നൽകി ആളുകളുടെ വിശ്വാസം നേടിയെടുക്കും. അൽപം കൂടി പണം ആവശ്യമുള്ളവരോട് വസ്തുവിന്റെ രേഖകൾ വാങ്ങി ബാങ്കിൽ വൻതുകയ്ക്ക് പണയംവെയ്ക്കും. ഇതിൽ കുറച്ച് രൂപ ഉടമസ്ഥനു നൽകും. തിരിച്ചടയ്ക്കാതെ ബാങ്കിൽ നിന്ന് നോട്ടീസ് വരുമ്പോഴാണ് വീട്ടുകാർ അമിത തുക ലോണെടുത്ത വിവരം അറിയുക.

സ്ഥല ഉടമസ്ഥനെ ബാങ്കിലെത്തിക്കാതെയും മതിപ്പുവിലയിൽനിന്ന് വളരെ ഉയർത്തിയുമാണ് വായ്പ തരപ്പെടുത്തി സിംഹഭാഗവും തട്ടിയെടുത്തിരുന്നത്. തട്ടിപ്പു നടത്താനായി ബാങ്ക് മാനേജർമാരുമായി ഇയാൾ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതായി ഇൻസ്പെക്ടർ കെ.സലിം പറയുന്നു. പൊലീസ്, ആർ.ടി., റവന്യൂ അടക്കമുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇടപാടുകളുണ്ട്. ചില സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയും ഭാരവാഹിയാകുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. എസ്‌ഐ.മാരായ ശ്യാം മുരളി, കലാധരൻപിള്ള, സി.കെ.ഹരികുമാർ, ഉദ്യോഗസ്ഥരായ കെ.സന്തോഷ്, കെ.എ.ഷാനവാസ്, അഭിലാഷ് കുമാർ, പി.എച്ച്.അൻസിം, എ.എസ്.സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP