Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഞ്ചാവ് വിൽപ്പനയും കൊട്ടേഷനുമായി സാമൂഹിക വിരുദ്ധന്മാർ തമ്പടിക്കുന്ന സ്ഥലം നോട്ടമിട്ട് പണി കൊടുത്തു; എതിരാളിക്ക് പണികൊടുക്കാനായി നെല്ലിക്കാട് കുളത്തിന് സമീപം നിന്ന ക്വട്ടേഷൻ സംഘത്തെ വിരട്ടി ഓടിച്ചു; സ്വൈര്യ വിഹാരത്തിന് തടസമായതോടെ പണികൊടുക്കണമെന്ന് ഉറപ്പിച്ചു; മാറനല്ലൂർ എസ്‌ഐയുടെ കാർ തല്ലി തകർത്തത് മാഫിയ സംഘം

കഞ്ചാവ് വിൽപ്പനയും കൊട്ടേഷനുമായി സാമൂഹിക വിരുദ്ധന്മാർ തമ്പടിക്കുന്ന സ്ഥലം നോട്ടമിട്ട് പണി കൊടുത്തു; എതിരാളിക്ക് പണികൊടുക്കാനായി നെല്ലിക്കാട് കുളത്തിന് സമീപം നിന്ന ക്വട്ടേഷൻ സംഘത്തെ വിരട്ടി ഓടിച്ചു; സ്വൈര്യ വിഹാരത്തിന് തടസമായതോടെ പണികൊടുക്കണമെന്ന് ഉറപ്പിച്ചു; മാറനല്ലൂർ എസ്‌ഐയുടെ കാർ തല്ലി തകർത്തത് മാഫിയ സംഘം

ആർ പീയൂഷ്

തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടറുടെ വീട്ടു മുറ്റത്ത് നിർത്തി ഇട്ടിരുന്ന കാർ അക്രമി സംഘങ്ങൾ അടിച്ചു തകർത്തത് കുടിപ്പക മൂലം. അക്രമി സംഘങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസം നിന്നതാണ് എസ്ഐയോട് പക കൂടാൻകാരണം. കഴിഞ്ഞദിവസമാണ് മാറനല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കൊല്ലോട് കാവനാട്ടുകോണം ശാലിനി നിലയത്തിൽ ആർ.സജീവിന്റെ കാർ അക്രമി സംഘം തല്ലി തകർത്തത്. രാത്രിയിൽ ബൈക്കിലെത്തിയ അക്രമി സംഘം കാറിന്റെ ചില്ലുകൾ മുഴുവൻ തല്ലി തകർത്തു. സംഭവത്തിൽ ഉൾപ്പെട്ട കണ്ടല സ്വദേശിയും കഞ്ചാവുവിൽപന സംഘത്തിലെ അംഗവുമായ കണ്ടല കഴിയൂർകോണം ചിറയിൽ വീട്ടിൽനിന്നു പാലേലി കുറകോണത്തു വാടകയ്ക്കു താമസം പുഷ്പൻ എന്നുവിളിക്കുന്ന പുഷ്പാംഗദ(40)നെ പൊലീസ് അറസ്റ്റ് ചെയ്തു.

സജീവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് നെല്ലിക്കാട് കുളം. ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. കഞ്ചാവ് ലോബിയും, വിവിധ കേസുകളിലെ പിടികിട്ടാ പുള്ളികളും ഉൾപ്പെടെ നിരവധി ക്രിമിനലുകളാണ് ഇവിടം മുഴുവൻ. ഇവിടെ തമ്പടിക്കുന്ന കഞ്ചാവുലോബി കച്ചവടം ഉറപ്പിക്കുന്നതും സാധനം കൈമാറുന്നതും എതിരാളികളെ തളയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നതും ഇവിടെയാണ്. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന സംഘങ്ങൾ നാട്ടുകാർക്ക് ഏറെ തലവേദനയാണ്. കഞ്ചാവ് കച്ചവടവും മദ്യപാനവും അടക്കം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും ഇവർ നടത്തിയിരുന്നു. നാട്ടുകാർക്ക് ഇതിനെതിരെ പ്രതികരിക്കാൻ ഭയമായതിനാൽ ഇവർ പൂണ്ട് വിളയാടുകയായിരുന്നു. ഇതിനിടയിലാണ് എസ്ഐ സജീവിന്റെ ശ്രദ്ധയിൽ നാട്ടുകാർ ഇക്കാര്യം അറിയിക്കുന്നത്.

കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ വിരം അവിടെ അറിയിച്ച് പൊലീസ് പട്രോളിങ് ശക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച എതിർ സംഘത്തിലെ ഒരാൾക്ക് 'പണി' കൊടുക്കാനെത്തിയ സംഘം രാത്രിയിൽ കുളത്തിൻകരയിൽ തമ്പടിച്ചിരിക്കെ, വീട്ടിലേക്കു പോകുകയായിരുന്ന മാറനല്ലൂർ എസ്ഐയുടെ ശ്രദ്ധയിൽപെട്ടു. ജീപ്പ് നിർത്തിയതോടെ റബർ തോട്ടത്തിലേക്ക് അക്രമികൾ ഓടി ഒളിച്ചു. അതിനാൽ അന്നു രാത്രി എതിരാളിയെ ആക്രമിക്കാനായില്ല. മാത്രമല്ല, സംഘത്തിലെ ചിലരെ കാട്ടാക്കട പൊലീസ് സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ കൈമാറിയതു മാറനല്ലൂർ എസ്ഐയാണെന്നു സംഘം കരുതി. ഈ വൈരാഗ്യവും പ്രദേശത്തു പൊലീസ് പട്രോളിങ് സജീവമായതുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നൽകുന്ന വിവരം.

അക്രമം നടന്ന ദിവസം എസ്ഐ സജീവ് നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടിൽ മാതാവും ഭാര്യയും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് തെളിച്ചു പുറത്തിറങ്ങുന്നതിനിടെ അക്രമികൾ സ്ഥലം വിട്ടു. സംഘത്തിലെ നാലുപേർ വീടിനുള്ളിൽ കടന്നാണു കാർ തകർത്തത്. ഈ സമയം ബൈക്കുമായി കുറച്ചുപേർ പുറത്തു നിൽപുണ്ടായിരുന്നു.

കഴിഞ്ഞ മാസം 18നാണു സജീവ്, മാറനല്ലൂർ സ്റ്റേഷനിൽ എസ്ഐ ആയി ചുമതലയേറ്റത്. ഇതിനുശേഷം നിരവധി പേരെ ചെറിയ അളവിൽ കൈവശം വച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അക്രമി സംഘങ്ങളെയും വെറുതെ വിട്ടിട്ടില്ല. പ്രതികളുടെ ബൈക്കുകളും പിടിച്ചെടുത്തു. കഴിഞ്ഞ ചില ദിവസങ്ങളിൽ കണ്ടലയ്ക്കു സമീപം ചില കേന്ദ്രങ്ങളിൽ വിവിധ കേസുകളിൽ പ്രതികളായി ഒളിവിൽ കഴിയുന്ന ചിലരെ തേടിയെത്തിയിരുന്നു. ഇതൊക്കെ മൂലം കുറ്റവാളികളുടെ മുഖ്യ ശത്രുവായി മാറിയിരിക്കുകയാണ് സജീവ്.

അക്രമിസംഘത്തിലെ എല്ലാവരും കൊടുംക്രിമിനലുകളാണത്രേ. ആമച്ചൽ സ്വദേശി ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ചിലരും കള്ളിക്കാട് സ്വദേശിയായ ക്രിമിനലുമൊക്കെ അംഗങ്ങളായ സംഘത്തിലുള്ള ആറുപേരാണ് എസ്ഐയുടെ വീട്ടിൽ കടന്നു കാർ തല്ലിത്തകർത്തതെന്നാണു പൊലീസ് പറയുന്നത്. അക്രമികൾ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കാട്ടാക്കട സിഐ: കെ.വിജയരാഘവൻ, എസ്ഐ: ബി.എസ്.സജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP