Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഞങ്ങളുടെ പ്രേതമേ ഇനി കാണൂ എന്ന് പറഞ്ഞ അമ്മ; ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റയ്ക്കാകും... ഞാൻ മരിച്ചാൽ അമ്മയും ഒറ്റയ്ക്കാകുമെന്ന് വേദനിച്ച മകൾ; മരുമകളുടെ മരണമറിഞ്ഞ് കള്ളക്കണ്ണീരൊഴുക്കിയത് 50,000 രൂപ സ്ത്രീധനം കുറഞ്ഞതിന് വിഷം നൽകിയ അതേ അമ്മായി അമ്മ; എല്ലാം ലേഖ മനസ്സിൽ ഒതുക്കിയത് മകൾക്ക് അച്ഛനെ നഷ്ടമാകാതിരിക്കാൻ; മന്ത്രവാദവും കുതന്ത്രവുമായി നടന്ന ഭർത്താവിനെ കുരുക്കി കണ്ണീരിൽ കുതിർന്ന ആത്മഹത്യാ കുറിപ്പും; മാരായമുട്ടത്തെ ട്വിസ്റ്റ് എത്തിയത് ഇങ്ങനെ

ഞങ്ങളുടെ പ്രേതമേ ഇനി കാണൂ എന്ന് പറഞ്ഞ അമ്മ; ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റയ്ക്കാകും... ഞാൻ മരിച്ചാൽ അമ്മയും ഒറ്റയ്ക്കാകുമെന്ന് വേദനിച്ച മകൾ; മരുമകളുടെ മരണമറിഞ്ഞ് കള്ളക്കണ്ണീരൊഴുക്കിയത് 50,000 രൂപ സ്ത്രീധനം കുറഞ്ഞതിന് വിഷം നൽകിയ അതേ അമ്മായി അമ്മ; എല്ലാം ലേഖ മനസ്സിൽ ഒതുക്കിയത് മകൾക്ക് അച്ഛനെ നഷ്ടമാകാതിരിക്കാൻ; മന്ത്രവാദവും കുതന്ത്രവുമായി നടന്ന ഭർത്താവിനെ കുരുക്കി കണ്ണീരിൽ കുതിർന്ന ആത്മഹത്യാ കുറിപ്പും; മാരായമുട്ടത്തെ ട്വിസ്റ്റ് എത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ആത്മഹത്യയിലെ ട്വിസ്റ്റിനു നാടകീയത കൈവന്നത് ആത്മഹത്യാ കുറിപ്പ് പൊലീസിനു കിട്ടാൻ ഒരു ദിവസം വൈകിയത്. തീ കത്തിയണഞ്ഞ മുറിക്കുള്ളിൽ ഇന്നലെ രാവിലെയാണ് പൊലീസ് പരിശോധന നടത്തിയത്. കുറിപ്പ് ആദ്യ ദിവസമേ കിട്ടിയിരുന്നെങ്കിൽ ഈ ട്വിസ്റ്റിന് സാധ്യത ഇല്ലാതാകുമായിരുന്നു. കുറിപ്പ് തീയിൽപ്പെട്ടു കത്തിക്കരിഞ്ഞില്ലെന്നതും ബന്ധുക്കൾ നേരത്തെ കണ്ടില്ല എന്നതും നിർണ്ണായകമായി. ഇതോടെ ഭാര്യയുടേയും മകളുടെ ആത്മഹത്യയിൽ ബാങ്കിനെ പഴിച്ച് ഗൃഹനാഥൻ എത്തി. മാധ്യമങ്ങൾ അത് വാർത്തയാക്കി. ബാങ്കിനെ തല്ലി തകർത്തു. ഇതിനിടെയാണ് കത്ത് ട്വിസ്റ്റായി എത്തിയത്. ഇതോടെ വാദി പ്രതിയായി. ജപ്തിയിലേക്ക് കാര്യങ്ങളെത്തിയതിന് പിന്നിൽ ബാങ്കിനൊപ്പം ഗൃഹനാഥന്റേയും പങ്ക് തെളിഞ്ഞു.

ജപ്തി നടപടികളിൽ മനംനൊന്ത് അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന വാർത്ത പ്രചരിച്ചപ്പോഴും ഭർത്താവ് ചന്ദ്രന്റെ മുഖത്ത് വേദനയുണ്ടായിരുന്നില്ല. മരണത്തിനു ശേഷവും ബാങ്കുകാർ തന്നെ വിളിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞത് കഥ മറ്റൊരു വഴിക്ക് കൊണ്ടു പോയി. കുടുംബ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞു വയ്ക്കാനായിരുന്നു ശ്രമം. എന്നാൽ പൊടുന്നനെ കത്തിയമർന്ന മുറിയിലേക്ക് പൊലീസ് പരിശോധനയ്ക്ക് എത്തി. അമ്മ ലേഖയും മകൾ വൈഷ്ണവിയും ചുവരിൽ എഴുതിയ ഒട്ടിച്ച കത്ത് പൊലീസ് കണ്ടു. കത്ത് മുറിയിൽ മറ്റൊരിടത്ത് വച്ചാൽ കത്തി നശിക്കുമെന്നുള്ളതു കൊണ്ടാണ് അമ്മയും മകളും അത് ചുവരിൽ ഒട്ടിച്ചത്. ഈ ബുദ്ധിയാണ് മന്ത്രവാദ കളങ്ങളൊരുക്കി കുതന്ത്രവുമായി നടന്ന ചന്ദ്രനേയും അമ്മ കൃഷ്ണമ്മയേയും കുടുക്കിയത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ ട്വിസ്റ്റ്. ആത്മഹത്യ നടന്ന് ഒറ്റ രാത്രി കൊണ്ടു വാദി പ്രതിയായ നെയ്യാറ്റിൻകര സംഭവം അങ്ങനെ ചർച്ചയാവുകയാണ്. വില്ലനായത് ആത്മഹത്യാക്കുറിപ്പും. കാള പെറ്റു എന്നു കേൾക്കുമ്പോഴേ കയറെടുത്ത് ബാങ്ക് തല്ലി തകർത്ത രാഷ്ട്രീക്കാരും ഇളഭ്യരായി.

'ഞങ്ങളുടെ പ്രേതമേ ഇനി കാണൂ'- ജപ്തി നടപടികൾക്കായി അഭിഭാഷക കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ വെള്ളിയാഴ്ച വൈകുന്നേരം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെയാണ്. മരണം നടക്കുന്നതിന്റെ തലേന്ന് വൈകിട്ടും ആത്മഹത്യ ചെയ്യുമെന്ന സൂചന പങ്കുവച്ചതായി ശാന്ത പറഞ്ഞു. മരിക്കുന്ന കാര്യം മകൾ വൈഷ്ണവിയോട് പറഞ്ഞപ്പോൾ അവളുടെ പ്രതികരണവും ശാന്തയെ ഞെട്ടിച്ചിരുന്നു. 'ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റയ്ക്കാകും, ഞാൻ മരിച്ചാൽ അമ്മയും ഒറ്റയ്ക്കാകും'. ഇതും ശാന്തയോട് ലേഖ പറഞ്ഞിരുന്നു. മരിക്കുന്നതിന് 10 മിനിറ്റ് മുൻപും ലേഖ ശാന്തയുടെ വീട്ടിലേക്ക് വന്നിരുന്നു. ബാങ്കിൽ നിന്ന് വിളിച്ചിരുന്നുവെന്നും പൈസയുടെ കാര്യമൊന്നും ശരിയായില്ലല്ലോ എന്നും പറഞ്ഞു. ഇത്രയും പറഞ്ഞിട്ടാണ് തിരികെ പോയത്. അതിന് ശേഷമായിരുന്നു ആത്മഹത്യ. അതുകൊണ്ട് തന്നെ എല്ലാം മനസ്സിൽ ഉറപ്പിച്ചായിരുന്നു അമ്മയും മകളും മരണം വരിച്ചത്. അതുകൊണ്ടാണ് വിശദമായ ആത്മഹത്യാ കുറിപ്പും എഴുതിയത്. ഇതാണ് വാദികളെ പ്രതികളാക്കിയത്.

ചൊവ്വാഴ്ച ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയെ മൊഴിയെടുക്കാനായി പൊലീസ് ജീപ്പിൽ കയറ്റിയപ്പോൾ തടഞ്ഞ അതേ നാട്ടുകാർക്ക് മുന്നിലൂടെയാണ് കൃഷ്ണമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയതും. ആത്മഹത്യാ കുറിപ്പിന്റെ കരുത്താണ് ഇതിന് കാരണം. തികഞ്ഞ പരിഹാസത്തോടെയും കൂക്കുവിളികളോടെയുമാണ് 4 പ്രതികളെയും നാട്ടുകാർ സ്റ്റേഷനിലേക്ക് യാത്രയാക്കിയത്. ആദ്യദിവസം സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്കും പൊലീസിനും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കിയതു സമീപത്തു താമസിക്കുന്ന ശാന്തയും ഭർത്താവ് കാശിയുമായിരുന്നു. മരിച്ച രണ്ടു പേരേക്കുറിച്ചും വാചാലരായ ഇവർ ആർക്കും സംശയത്തിനിട കൊടുത്തുമില്ല. ഇവരും കഥയിലെ വില്ലന്മാരാണ് ഇന്ന്. ബാങ്ക് സമ്മർദത്തിലാക്കിയതിന്റെ വിഷമത്തിലാണ് അവർ ജീവനൊടുക്കിയത്. മരണശേഷവും ബാങ്കിൽ നിന്നു വിളിച്ച് ഭീഷണിപ്പെടുത്തി. ഫോൺ രേഖ പരിശോധിച്ചാൽ അറിയാമെന്നായിരുന്നു ആത്മഹത്യാ കുറിപ്പ് കിട്ടും മുമ്പ് ചന്ദ്രൻ പറയുന്നത്.

എന്നാൽ ഇത് ഇന്നലെ ചന്ദ്രൻ മാറ്റി പറഞ്ഞു. 'ഞാനിതിൽ ഉത്തരവാദിയൊന്നുമല്ല. ഞാനല്ല, അമ്മയാണ് അവളുമായി വഴക്ക് കൂടുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മന്ത്രവാദം ചെയ്തിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് തെറ്റാണ്. അവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഗൾഫിൽ നിന്നു വന്നിട്ട് 6 മാസമായിട്ടേയുള്ളു.'-ഇങ്ങനെയാണ് പുതിയ മൊഴി. ചൊവ്വാഴ്ച 'ഒരു വഴക്കുമുള്ള വീടല്ല. അടിയും പിടിയും പിണക്കവുമില്ല. വസ്തു വിറ്റു പണമാക്കാൻ എന്റെ മകൾ എത്ര ദിവസമായി ഓടിനടക്കാൻ തുടങ്ങിയിട്ട്. 40 ലക്ഷം രൂപ പറഞ്ഞ സ്ഥലമാണ്. 24 ലക്ഷത്തിന് വിൽക്കാമെന്നു പറഞ്ഞിട്ടും ആ ബ്രോക്കർ ചതിച്ചു' -ഇതായിരുന്നു ആദ്യ ദിവസത്തെ കൃഷ്ണ്ണമ്മയുടെ കണ്ണീർ നിറഞ്ഞ വിശദീകരണം. ഇന്നലെ ഇത് വിഴുങ്ങേണ്ടി വന്നു. തെറ്റു കണ്ടാൽ ഞാൻ ചൂണ്ടിക്കാണിക്കും, അത്രയേ ചെയ്തിട്ടുള്ളു. മന്ത്രവാദമൊന്നുമില്ല, മഹാദേവനെ പ്രാർത്ഥിച്ചു കഴിയുന്നയാളാണു ഞാൻ. വീടു വിൽക്കാൻ ഞാൻ തടസ്സം നിന്നിട്ടില്ല-ഇങ്ങനെയായി കൃഷ്ണമ്മയുടെ മൊഴി.

അറസ്റ്റിലായ ശാന്ത ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയുടെ സഹോദരിയുടെ സഹോദരിയാണ്. 'ഈ ലോണിന്റെ പേരിലല്ലേ അവർ ആത്മഹത്യ ചെയ്തത്. അവന് (ചന്ദ്രൻ) ഒരു പുള്ളയല്ലേയുള്ളു. അവൻ തിരികെ വന്നാൽ ജീവിച്ചിരിക്കുമെന്നുറപ്പുണ്ടോ? ഇവിടെ വല്ലതും നടക്കും'-ഇതായിരുന്നു ആത്മഹത്യ ചെയ്ത ദിവസം ശാന്തയുടെ പ്രതികരണം. 'ഞങ്ങൾക്കിതിൽ പങ്കില്ല, അവർ തമ്മിലെന്തെങ്കിലുമുണ്ടോയെന്നറിയില്ലെന്നാക്കി ശാന്ത. ശാന്തയുടെ ഭർത്താവാണ് കാശി. അവൻ വളരെ കഷ്ടപ്പെട്ടാണ് ആ കൊച്ചിനെ പഠിപ്പിച്ചുകൊണ്ടുവന്നത്. ബാങ്കിന്റെ സമ്മർദമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് ആദ്യ ദിനം പറഞ്ഞ കാശിയും വാക്ക് മാറ്റി. ലേഖയുടെയും ചന്ദ്രന്റെയും കുടുംബകാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്നായി ഇന്നലെ. ഏതായാലും ഇവർ നാലു പേരും ചേർന്നാണ് ലേഖയേയും മകളേയും സമ്മർദ്ദത്തിലാക്കിയതെന്ന് മാരായമുട്ടം തിരിച്ചറിയുന്നുണ്ട്.

ലേഖയുടെ ബന്ധുക്കളുടെ മൊഴിയും നിർണ്ണായകം

സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് വർഷങ്ങൾക്കു മുൻപ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖയ്ക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ലേഖയുടെ ബന്ധുക്കളും പറയുന്നു. പീഡനത്തിന്റെ പേരിൽ ലേഖ ആത്മഹത്യയ്ക്കും തുനിഞ്ഞിരുന്നതായി സഹോദരി ബിന്ദു പറഞ്ഞു. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണ് എത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛൻ ഷൺമുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ചശേഷം ഒത്തുതീർപ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നുവെന്ന് ബിന്ദുവിന്റെ ഭർത്താവ് ദേവരാജൻ പറഞ്ഞു. 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് കൊടുക്കുകയും ചെയ്തിരുന്നു.

സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ ലേഖയെ വിവാഹം കഴിച്ചത്. പിന്നീട് അമ്മായി അമ്മ നീ പറഞ്ഞിട്ടല്ലേ വലിയ വീട് വച്ചതെന്ന മട്ടിൽ കുത്തുവാക്കുകളുമായിട്ടാണ് എപ്പോഴും ലേഖയെ നേരിട്ടത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപും ലേഖ ദേവരാജനെ വിളിച്ചിരുന്നു. വീട് വിൽപന മുടങ്ങിയതിനാൽ പണം ശരിയായില്ലെന്നും രാവിലെയും ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നതായും ലേഖ പറഞ്ഞു. കടുത്ത മാനസികസമ്മർദം ഫോൺ സംഭാഷണത്തിൽ നിന്ന് മനസിലാകുമായിരുന്നുവെന്ന് ദേവരാജൻ പറഞ്ഞു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാൽ അവർക്ക് മനസിലാകുമെന്ന് ദേവരാജൻ ആശ്വസിപ്പിക്കുകയും ചെയ്തു.

ഫോൺ വഴി ബിന്ദുവുമായിട്ടായിരുന്നു ലേഖയ്ക്ക് അടുപ്പം കൂടുതൽ. എന്നാൽ അങ്ങോട്ടോ ഇങ്ങോട്ടോ പോകാറില്ല. ശവസംസ്‌കാരം, കല്യാണം തുടങ്ങിയ ചടങ്ങുകൾക്കാണ് പലപ്പോഴും ഇവർ തമ്മിൽ കാണാറുണ്ടായിരുന്നത്. കല്യാണത്തിന് ശേഷം ലേഖയുടെ ബന്ധുക്കളാരും വീട്ടിൽ വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP