Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാന പ്രതിയും ജയലളിതയുടെ ഡ്രൈവറുമായിരുന്നയാളും കൊല്ലപ്പെട്ടു; ഇന്നലെ അറസ്റ്റ് ചെയ്ത സയാന് ഗുരുതരമായി പരിക്കേറ്റു; സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നയാൾ ആത്മഹത്യ ചെയ്തു; കോടനാട് എസ്‌റ്റേറ്റിലെ മോഷണത്തിൽ വെളിപ്പെടുത്തൽ നടത്തിയ മലയാളി മാധ്യമ പ്രവർത്തകന്റെ പിന്നാലെ തമിഴ്‌നാട് പൊലീസ്; നാടകീയമായി അറസ്റ്റ് ചെയ്തതും രണ്ട് മലയാളികളെ; പളനിസ്വാമിയാണ് കൊലയാളി എന്നാവർത്തിച്ച് തെഹൽക്കയിലൂടേയും നാരദയിലൂടേയും കോളിളക്കം സൃഷ്ടിച്ച മാത്യു സാമുവൽ

പ്രധാന പ്രതിയും ജയലളിതയുടെ ഡ്രൈവറുമായിരുന്നയാളും കൊല്ലപ്പെട്ടു; ഇന്നലെ അറസ്റ്റ് ചെയ്ത സയാന് ഗുരുതരമായി പരിക്കേറ്റു; സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നയാൾ ആത്മഹത്യ ചെയ്തു; കോടനാട് എസ്‌റ്റേറ്റിലെ മോഷണത്തിൽ വെളിപ്പെടുത്തൽ നടത്തിയ മലയാളി മാധ്യമ പ്രവർത്തകന്റെ പിന്നാലെ തമിഴ്‌നാട് പൊലീസ്; നാടകീയമായി അറസ്റ്റ് ചെയ്തതും രണ്ട് മലയാളികളെ; പളനിസ്വാമിയാണ് കൊലയാളി എന്നാവർത്തിച്ച് തെഹൽക്കയിലൂടേയും നാരദയിലൂടേയും കോളിളക്കം സൃഷ്ടിച്ച മാത്യു സാമുവൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കവർച്ച ഏറെ ദുരൂഹതകൾ നിറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തൽ നടന്നു. ഇതോടെ വീണ്ടും കോടനാട്ടെ കവർച്ച ചർച്ചാ വിഷയമായി. ഇതിനെല്ലാം പിന്നിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തൽ നടത്തിയ മാധ്യമപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകനായ മാത്യു സാമുവലിനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇതിന് ശേഷവും ജയലളിതയുടെ കൊലപാതകത്തിന് പിന്നിൽ പളനിസ്വാമിയാണെന്ന് മാത്യു സാമുവൽ പറയുന്നു. ഇതോടെ വിവാദത്തിന് പുതിയ തലമെത്തുകയാണ്. കൂടാതെ പളനിസാമിക്കെതിരെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ആരോപണം ഉന്നയിച്ച കേസിലെ പ്രതികളായ മലയാളികളായ കെ.വി സയൻ, വാളയാർ മനോജ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരേയും തമിഴ്‌നാട് പൊലീസ് പീഡിപ്പിക്കുകയാണ്.

ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി രേഖകൾ കവർന്നത് പളനിസാമിക്ക് വേണ്ടിയെന്ന ആരോപണവുമായി രണ്ടാംപ്രതിയും മലയാളിയുമായ കെ.വി.സയൻ രംഗത്ത് വന്നതാണ് വിവാദങ്ങൾക്ക് പുതിയ മാനം നൽകിയത്.. അഞ്ചു കോടി രൂപയ്ക്കാണ് കവർച്ചയ്ക്കുള്ള ക്വട്ടേഷൻ നൽകിയതെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സയൻ പറഞ്ഞു. എടപ്പാടി പളനിസാമിയെ ലക്ഷ്യംവച്ച് പ്രതികളുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടത് ഇന്ത്യ എഹെഡ് എഡിറ്റർ മാത്യു സാമുവലാണ്. ജയലളിതയുടെ മരണത്തിലടക്കമുള്ള ദുരൂഹതകളെക്കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും മാത്യു സാമുവൽ അറിയിച്ചു. ഇതോടെയാണ് മാത്യു സാമുവലിനെതിരെ വേട്ടയാടൽ തുടങ്ങിയത്. സയൻ, വാളയാർ മനോജ് എന്നിവരെ പളനിസ്വാമി നൽകിയ പരാതിയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമെത്തിയാണ് പിടികൂടിയത്.

സയനെയും മനോജിനെയും ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നും ഇവരുടെ വെളിപ്പെടുത്തൽ ദൃശ്യങ്ങൾ പുറത്തുവിട്ട മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ ആരോപിച്ചു. പളനിസ്വാമിയുടെ പരാതിയെ ത്തുടർന്ന് കേസെടുത്ത ചെന്നൈ സിറ്റി പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഡെപ്യൂട്ടി കമ്മിഷണർ സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലേക്ക് തിരിച്ചത്. സയനും മനോജും കേരളത്തിലുണ്ടായിരിക്കാമെന്ന സംശയത്തെ ത്തുടർന്ന് തൃശ്ശൂരിലേക്ക് മറ്റൊരു സംഘവും പുറപ്പെട്ടിരുന്നു. 2017 ഏപ്രിലിൽ നടന്ന കോടനാട് എസ്റ്റേറ്റിലെ കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിൽ എടപ്പാടി പളനിസ്വാമിയാണെന്ന് ഈ കേസിലെ പ്രതികളായ സയനും മനോജും കഴിഞ്ഞ ദിവസമാണ് ആരോപണമുന്നയിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ മാത്യു സാമുവൽ ഡൽഹിയിൽ പുറത്തുവിടുകയായിരുന്നു.

വാർത്താ മാസികയായ തെഹൽകയുടെ മുൻ എഡിറ്ററും സ്ഥാപക അംഗങ്ങളിൽ ഒരാളുമാണ് മാത്യു സാമുവൽ. തെഹൽകയുടെ പ്രത്യേക ലേഖകൻ എന്ന നിലയിൽ ഓപ്പറേഷൻ വെസ്റ്റ് ഏൻഡ് എന്ന പേരിൽ ഒളികാമറ ഓപ്പറേഷൻ നടത്തി. ഓപ്പറേഷൻ വെസ്റ്റ് എൻഡിന്റെ ഫലമായി എൻ.ഡി.എ യിലെ നാല് മുതിർന്ന മന്ത്രിമാർ രാജിവെക്കേണ്ടി വന്നു 2001 ലെ ബിജെപി സർക്കാരിനെ അത് തകർത്തു. 2014 ഇൽ അദ്ദേഹം മാനേജിങ് എഡിറ്ററായി. ഇവകൂടാതെ ഇന്ത്യ ടുഡേ പ്രസിദ്ധീകരണത്തിന് വേണ്ടിയും ന്യൂസ്ത, ലൈവ്ഇന്ത്യ, ഇന്ത്യ ടീവി തുടങ്ങിയ ചാനലുകൾക്ക് വേണ്ടിയും പ്രവർത്തിച്ചു.പ്രധാനമായും ന്യൂഡൽഹി ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം. 2016 ഫെബ്രുവരിയിൽ തെഹൽകയിൽനിന്നു രാജിവെച്ച അദ്ദേഹം തന്റെ സ്വന്തം വാർത്താ സംരംഭമായ നാരദ ന്യൂസ് ആരംഭിച്ചു. ഇതിലൂടെയും കോളിളക്കമുണ്ടാക്കുന്ന പല വാർത്തയും ചെയ്തു. ഇത്തരത്തിൽ അറിയപ്പെടുന്ന മാത്യു സാമുവലിനെതിരെയാണ് തമിഴ്‌നാട് പൊലീസ് പ്രതികാര നടപടി തുടങ്ങിയത്. ഇതിന് ശേഷവും പളനി സ്വാമിക്കെതിരെ ആരോപണത്തിൽ ഉറച്ച് നിന്നതോടെ ജയലളിതയുടെ മരണത്തിൽ പുതിയ സംശയങ്ങൾ ഉയരുകയാണ്.

അതിനിടെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ ക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ കമ്മിഷനെ നിയോഗിക്കണമെന്ന് ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഈ ആവശ്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം ഗവർണറെ കാണും. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. വെളിപ്പെടുത്തൽ നടത്തിയ സയനും മനോജിനും അവരുടെ കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ കത്തിപടരുന്ന വിഷയമായി ഇത് മാറുകയാണ്. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംഭവം എ.ഐ.എ.ഡി.എം.കെയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

മാത്യു സാമുവലിന്റെ ആരോപണങ്ങൾ തെറ്റാണെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമായിരുന്നു പളനിസാമി പ്രതികരിച്ചിട്ടുണ്ട്. വി.കെ ശശികല ടി.ടി.വി ദിനകരൻ എന്നിവരുടെ കുറ്റസമ്മതം നടത്തിയ വീഡിയോ ടേപ്പുകൾക്ക് വേണ്ടിയാണ് കവർച്ചനടത്തിയതെന്നായിരുന്നു മാത്യു സാമുവൽ ആരോപിച്ചത്. അതേസമയം വീഡിയോ പുറത്തിറക്കിയവർ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു എ.ഐ.ഡി.എം.കെ ജോയിന്റ് കോർഡിനേറ്റർ പറഞ്ഞത്. പളനിസ്വാമിയുടെ നിർദ്ദേശ പ്രകാരം എസ്റ്റേറ്റിൽ നിന്ന് രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് 2017 ഏപ്രിലിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതെന്ന് സയൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞു. പിന്നീട് ദുരൂഹമായി കൊല്ലപ്പെട്ട എസ്റ്റേറ്റ് ഡ്രൈവർ കനകരാജാണ് അഞ്ചുകോടി കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്.

സയന്റെ ഭാര്യ വിനുപ്രിയയും അഞ്ചു വയസുള്ള മകളും കാർ അപകടത്തിൽ മരിച്ചിരുന്നു. സയൻ രക്ഷപ്പെട്ടു. എസ്റ്റേറ്റിലെ കംപ്യൂട്ടർ ഓപ്പറേറ്റർ ദിനേഷ് കുമാറും ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചു. എസ്റ്റേറ്റിൽ സൂക്ഷിച്ച 2000കോടി രൂപ മോഷ്ടിക്കാനാണ് കനകരാജ് ആവശ്യപ്പെട്ടത്. അവിടെയുള്ള രേഖകളായിരുന്നു ലക്ഷ്യം. താനും സംഘവും മോഷ്ടിച്ച ആ രേഖകളുടെ ബലത്തിലാണ് പളനിസ്വാമി അധികാരത്തിൽ ഇരിക്കുന്നതെന്നും ജയലളിതയുടെ മരണത്തിന്റെ വിവരങ്ങൾ പുറത്തു വരുമെന്നും സയൻ പറയുന്നു. ആയിരം ഏക്കറോളം ഉള്ള കൊടനാട് എസ്റ്റേറ്റിൽ ജയലളിതയ്ക്കും ഇപ്പോൾ ജയിലിലുള്ള തോഴി ശശികലയ്ക്കും ഉടമസ്ഥാവകാശമുണ്ട്. ബിനാമി സ്വത്തിന്റെ വിവരങ്ങൾ എസ്റ്റേറ്റിൽ സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. ജയലളിതയുടെ മരണത്തിന് തൊട്ട് പിന്നാലെയായിരുന്നു ഇവിടെ കവർച്ചാ ശ്രമം ഉണ്ടായത്.

ജയലളിതയുടെ കോടികളുടെ സ്വത്തിന്റെ അവകാശി ആര്? വിൽപ്പത്രം എവിടെ?

ജയലളിതയുടെ വേനൽക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലെ കവർച്ചയിലും തുടർന്നുണ്ടായ മരണങ്ങളിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പങ്കുണ്ടെന്നാണ് പ്രതികളായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയനും വാളയാർ മനോജും ആരോപിക്കുന്നത്. കവർച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു ക്വട്ടേഷൻ നൽകിയത്. അഞ്ചുകോടി രൂപയായിരുന്നു വാഗ്ദാനം. 2017 ഏപ്രിൽ 23ന് കൊടനാടെത്തിയ പത്തംഗസംഘം സുരക്ഷ ജീവനക്കാരനെ കെട്ടിയിട്ടു. നാലുപേർ ഉള്ളിൽകടന്നു. രണ്ടായിരം കോടി പണം എസ്റ്റേറ്റിൽ ഉണ്ടെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ യഥാർഥ ലക്ഷ്യം രേഖകളായിരുന്നു. എടപ്പാടി പളനിസാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്ന് കനകരാജ് തന്നോടു പറഞ്ഞെന്ന് സയൻ പറഞ്ഞു.

കോയമ്പത്തൂർ: ജീവിച്ചിരുന്ന കാലത്തും മരണശേഷവും ഒരുപാട് നിഗൂഢതകൾ അവശേഷിപ്പിച്ചാണ് ജയലളിത എന്ന രാഷ്ട്രീയക്കാരി പോയത്. അഴിമതിക്ക് പേരുകേട്ട ഇവരുടെ കാലത്ത് പലയിടങ്ങളിലായി സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടുകയായിരുന്നു. എവിടെയൊക്കെ ജയലളിതയ്ക്ക് സ്വത്തുണ്ടെന്ന കാര്യം അധികമാർക്കും അറിവു പോലുമില്ല. അഴിമതിയിലൂടെ ജയ സമ്പാദിച്ചു കൂട്ടിയ നിധിക്ക് തൂല്യമായ സ്വത്തുക്കളുടെ പേരിൽ തമ്മിലടിക്കുകയാണ് ഒരു പറ്റം ആളുകൾ. ജയയുടെ വേനൽക്കാല വസതിയായിരുന്ന കോടനാട് എസ്റ്റേറ്റിലെ കവർച്ചയും കൊലപാതകവും ദുരൂഹതകളുയർത്തുന്നതിനിടയിൽ ജയലളിതയുടെ സ്വത്തുക്കളെക്കുറിച്ചും ഇതിന്റെ പിന്തുടർച്ചാവകാശികളെക്കുറിച്ചും വീണ്ടും ചർച്ച സജീവമായി്. കോടനാട് എസ്റ്റേറ്റിലെ മോഷണക്കഥ വ്യാജമെന്ന വിധത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്.

കേസിലെ ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജ് (36) ചെന്നൈബെംഗളൂരു ദേശീയപാതയിൽ സേലത്തിനടുത്ത് ആത്തൂരിൽ അപകടത്തിൽ മരിക്കുകയായിരുന്നു. 2007 മുതൽ അഞ്ചുവർഷം ജയലളിതയുടെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്നു ഇയാൾ. രണ്ടാം പ്രതി കോയമ്പത്തൂർ മധുക്കര സ്വദേശി കെ.വി.സയനും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ചുകയറി. സയനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവരെ കഴുത്തിന് ആഴത്തിൽ മുറിവേറ്റു മരിച്ച നിലയിലും കാറിൽ കണ്ടെത്തി. വിനുപ്രിയയും മകൾ നീതുവും അപകടത്തിൽ തൽക്ഷണം മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണു കഴുത്തിൽ സമാനരീതിയിൽ ആഴത്തിൽ മുറിവുള്ളതായി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തു.

ജയലളിതയുടെ ചെന്നൈ പോയസ് ഗാർഡനിലെ വീടായ വേദനിലയവും സുഖവാസകേന്ദ്രമായ കോടനാട് എസ്റ്റേറ്റും ഉൾപ്പെടെയുള്ള സ്വത്തുക്കളിൽ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവർക്ക് കണ്ണുണ്ടായിരുന്നു. എന്നാൽ, ജയലളിത ഇവ ഓരോന്നിനും അവകാശികളെ കൃത്യമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് വ്യക്തമാകണമെങ്കിൽ വിൽപ്പത്രം ലഭിക്കണം. 2016-ലെ ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ജയലളിത കോടനാട് എസ്റ്റേറ്റിന്റെ വിവരം സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നില്ല. എന്നാൽ, അതിനുമുമ്പ് മത്സരിച്ചപ്പോൾ സ്വത്തുക്കളുടെ കൂട്ടത്തിൽ കോടനാട് എസ്റ്റേറ്റുമുണ്ടായിരുന്നു. വിൽപ്പത്രം ലഭിച്ചാൽമാത്രമേ ഇക്കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയുള്ളൂ. കോടനാട് എസ്റ്റേറ്റിൽനിന്ന് കവർച്ച ചെയ്യപ്പെട്ടതെന്തൊക്കെയാണെന്ന് ഇനിയും പൂർണമായും വ്യക്തമല്ല. കൊല്ലപ്പെട്ട കോടനാട് എസ്റ്റേറ്റ് കാവൽക്കാരൻ റാം ബഹദൂറും വാഹനാപകടത്തിൽ മരിച്ച മുൻഡ്രൈവർ കനകരാജും ജയലളിതയുമായി അടുപ്പമുള്ളവരായിരുന്നു. എസ്റ്റേറ്റിൽ എന്തൊക്കെയാണുണ്ടായിരുന്നതെന്ന് ഇവർക്ക് അറിയാമായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ട് ഇവരെ ഇല്ലാതാക്കാൻ മനഃപൂർവം ശ്രമിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

2017 ഏപ്രിൽ 23 നു രാത്രി കവർച്ചാശ്രമം തടയുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരൻ ഓം ബഹദൂർ കൊല്ലപ്പെട്ടത്. പ്രതികളും സാക്ഷികളുമായി പിന്നീടുണ്ടായ തുടർമരണങ്ങൾ സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചു. ഏപ്രിൽ 28ന് സേലത്തുണ്ടായ വാഹനാപകടത്തിൽ കനകരാജ് കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സയനും ഭാര്യയും സഞ്ചരിച്ച കാർ പാലക്കാട് കണ്ണാടിയിൽ വച്ച് ലോറിക്ക് പിന്നിലിടിച്ചു. ഭാര്യ വിനുപ്രിയയും അഞ്ചുവയസ്സുകാരി മകൾ നീതുവും മരിച്ചു. പരുക്കുകളോടെ സയൻ രക്ഷപെട്ടു. പിന്നാലെ എസ്റ്റേറ്റിലെ കംപ്യൂട്ടർ ഓപ്പറേറ്റർ ദിനേശ് കുമാറിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP