Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസ്റ്റ് ബന്ധമെന്ന് സംശയം: മലബാറിൽ ഇന്ന് റെയ്ഡ് നടന്നത് നാലിടത്ത്; മാധ്യമപ്രവർത്തകനടക്കം മൂന്ന് പേർ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയത് ഏഴ് മണിക്കൂറിൽ അധികം നീണ്ട ചോദ്യംചെയ്യലുകൾക്ക് ഒടുവിൽ; തേജസ്സിലെ മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരിയെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി; അറസ്റ്റ് പന്തീരാങ്കാവ് കേസ് പ്രതികളായ അലനും താഹയുമായി ബന്ധം സംശയിച്ച്

മാവോയിസ്റ്റ് ബന്ധമെന്ന് സംശയം: മലബാറിൽ ഇന്ന് റെയ്ഡ് നടന്നത് നാലിടത്ത്; മാധ്യമപ്രവർത്തകനടക്കം മൂന്ന് പേർ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയത് ഏഴ് മണിക്കൂറിൽ അധികം നീണ്ട ചോദ്യംചെയ്യലുകൾക്ക് ഒടുവിൽ; തേജസ്സിലെ മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരിയെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി; അറസ്റ്റ് പന്തീരാങ്കാവ് കേസ് പ്രതികളായ അലനും താഹയുമായി ബന്ധം സംശയിച്ച്

ജാസിം മൊയ്ദീൻ

 കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളിലായി മാവോയിസ്റ്റ് ബന്ധമെന്ന സംശയത്തിന്റെ പേരിൽ എൻഐഎ റെയ്ഡ് നടത്തിയത് നാലിടത്ത്. മലപ്പുറം പാണ്ടിക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സിപി ജലീലിന്റെ ശരീരം അടക്കം ചെയ്തിരിക്കുന്ന വീട്ടിലും ജലീലിന്റെ ഉമ്മയും സഹോദരനും താമസിക്കുന്ന വാടക വീട്ടിലും എൻ ഐ എ റെയ്ഡ് നടത്തിയപ്പോൾ കോഴിക്കോട് ജില്ലയിൽ പെരുവയൽ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി രണ്ടിടത്തും കൊച്ചിയിൽ നിന്നെത്തിയ പ്രത്യേക എൻഐഎ സംഘം റെയ്ഡ് നടത്തി. കോഴിക്കോട് രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തേജസ് ന്യൂസിലെ മാധ്യമ പ്രവർത്തകൻ അഭിലാഷ് പടച്ചേരി, പെരുവയലിൽ ബിടെക് വിദ്യാർത്ഥികൾക്കായുള്ള ട്യൂഷൻ സ്ഥാപനം നടത്തിയിരുന്ന വിജിത്ത് വിജയൻ, എൽദോസ് വിത്സൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിജിത്തിനെയും, എൽദോയെയും ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നാണ് സംഘം കസ്റ്റഡിയിലെടുത്തത്. അഭിലാഷിനെ ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപുകളും പൊലീസ് പിടിച്ചെടുത്തു.

ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എൽദോ വിത്സൻ, വിജിത് വിജയൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശി ലോക്ഡൗണിന് മുമ്പായി നാട്ടിലേക്ക് പോയിട്ടുണ്ടെന്ന് അറസ്റ്റിലായവർ എൻഐഎ സംഘത്തോട് പറഞ്ഞു. മൂവരും കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിടെക് പൂർത്തിയാക്കി പെരുവയലിൽ ബിടെക് വിദ്യാർത്ഥികൾക്കായി ട്യൂഷൻ ക്ലാസുകൾ നടത്തിവരികയായിരുന്നു.

അതേ സമയം പാണ്ടിക്കാട്ട് കൊല്ലപ്പെട്ട ജലീലിന്റെ വീട്ടിലുള്ളവരുടെയും ഫോണും ലാപ്ടോപുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരി നൂർജഹാന്റെ ഫോൺ പൊലീസ് ബലം പ്രയോഗിച്ചു കൊണ്ടുപോവുകയായിരുന്നു. പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകരും ജലീലിന്റെ സഹോദരങ്ങളുമായ ജിഷാദ്, നഹാസ്, അവരോടൊപ്പം ഉണ്ടായിരുന്ന ശ്രീകാന്ത് എന്നിവരുടെ മൊബൈൽ ഫോണും വീട്ടിൽ ഉണ്ടായിരുന്ന ലാപ്ടോപ്പും പൊലീസ് പിടിച്ചുകൊണ്ടുപോയി.

ജലീലിന്റെ സഹോദരനായ ഇസ്മയിലിന്റെ ഇ റീഡർ പൊലീസ് ബലംപ്രയോഗിച്ചു എടുത്തുകൊണ്ടുപോവുകയായിരുന്നു എന്നും ജലീലിന്റെ സഹോദരൻ പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്നും ''അലനും താഹക്കും വേണ്ടി ഒരു രാത്രി'' എന്ന പേരിൽ 2020 ഫെബ്രുവരി 28 നു വൈകിട്ട് 5 മണി മുതൽ 29 രാവിലെ 10 മണിവരെ തൃശൂർ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ നടത്തിയ പരിപാടിയുടെ നോട്ടിസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടന്ന റെയ്ഡു അറസ്റ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP