Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിലങ്ങണിയിച്ച പൊലീസുകാരോട് 'നിന്റെയൊക്കെ പണി തെറിപ്പിക്കുമെടാ' എന്നുപറഞ്ഞ് കൊലവിളി നടത്തിയ വിക്രമന്റെ വാക്കുകൾ അക്ഷരംപ്രതി പാലിച്ച് പൊലീസ് മേലാളന്മാർ; കതിരൂർ മനോജ് വധക്കേസിലെ പ്രതികളെ വിലങ്ങണിയിച്ചത് എന്തിനെന്ന് ചോദിച്ച് എ ആർ ക്യാമ്പിലെ 16 പൊലീസുകാർക്ക് അസി. കമാൻഡന്റിന്റെ മെമോ

വിലങ്ങണിയിച്ച പൊലീസുകാരോട് 'നിന്റെയൊക്കെ പണി തെറിപ്പിക്കുമെടാ' എന്നുപറഞ്ഞ് കൊലവിളി നടത്തിയ വിക്രമന്റെ വാക്കുകൾ അക്ഷരംപ്രതി പാലിച്ച് പൊലീസ് മേലാളന്മാർ; കതിരൂർ മനോജ് വധക്കേസിലെ പ്രതികളെ വിലങ്ങണിയിച്ചത് എന്തിനെന്ന് ചോദിച്ച് എ ആർ ക്യാമ്പിലെ 16 പൊലീസുകാർക്ക് അസി. കമാൻഡന്റിന്റെ മെമോ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധകേസിലെ പ്രതികളെ കോടതിയിൽ എത്തിക്കുമ്പോൾ വിലങ്ങണിയിച്ചതിന് പൊലീസുകാർക്കെതിരെ നടപടി. പൊലീസുകാരോട് എറണാകുളം എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റാണ് വിശദീകരണം തേടി മെമോ നൽകിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിലാണ് ഇപ്പോൾ ഇവരോട് വിശദീകരണം തേടിയിട്ടുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കുമ്പോഴാണ് വിലങ്ങണിയിച്ചത്. അന്ന് കോടതിയിൽ എത്തിച്ച് തിരിച്ചു കൊണ്ടുപോകുന്നതിനിടെ കേസിലെ പ്രതികളിലൊരാളായ വിക്രമൻ വിലങ്ങുവച്ചതിന് പൊലീസിനെതിരെ അസഭ്യവർഷം ചൊരിയുകയും ഭീഷണിമുഴക്കുകയും ചെയ്തത് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതിൽ പൊലീസുകാർക്കെതിരെ പ്രതിയെ വിലങ്ങുവച്ചത് എന്തിനെന്ന് ചോദിച്ച് മെമോ നൽകിയത് വലിയ ചർച്ചയാവുകയാണ്.

കോടതിയിലെത്തിച്ച് തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് വിക്രമനെ വിലങ്ങ് വെച്ച പൊലീസുകാർക്ക് നേരെ അസഭ്യവർഷവും ഭീഷണിയും ഉയർന്നത്. കേരളം ഭരിക്കുന്നത് കണ്ണൂരിന്റെ നേതാവാണെന്നും, കൈയിൽ വിലങ്ങ് വച്ചാൽ നിന്റെയെല്ലാം പണിതെറിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. കൈയിൽ വിലങ്ങ് വെച്ച് കോടതിയിലേക്കും ജയിലേക്കും കൊണ്ടുപോകാൻ കട്ടിട്ടും മോഷ്ട്ടിച്ചിട്ടുമില്ലല്ലോ ഞാൻ എന്ന് വിക്രമൻ പൊലീസുകാരോട് ചോദിച്ചു. ഭീഷണി വകവെയ്ക്കാതെ കൈ വിലങ്ങ് വച്ചാണ് വിക്രമനെ പൊലീസ് ബസിൽ കയറ്റിയത്.

അതേസമയം, വിക്രമനെ ബസിൽ കയറ്റിയ ഉടനെ വിലങ്ങ് അഴിച്ചുമാറ്റാൻ ക്യാമ്പിൽ നിന്നുള്ള പൊലീസുകാർക്ക് നിർദ്ദേശവും വന്നിരുന്നു. തടർന്ന വിലങ്ങ് അഴിച്ചുമാറ്റുന്നതിനിടെ, വിലങ്ങ് വെച്ച പൊലീസുകാരെ വിക്രമൻ പരിഹസിച്ചു. രവിപുരം അഡീഷ്ണൽ സ്‌പെഷ്യൽ സിബിഐ കോടതിയിലേക്ക് വിക്രമനടക്കം 15 പ്രതികളെ കൊണ്ടുപോയി തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. കണ്ണൂരിൽ നിന്നുള്ള സി.പി.എം നേതാക്കൾ കോടതിയിലുണ്ടായിരുന്നു. ഇവർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഫോണിൽ ബന്ധപ്പെട്ടതിന് ശേഷമാണ്, വിലങ്ങ് അഴിച്ചുമാറ്റാൻ നിർദ്ദേശം ഡിജിപിയുടെ ഓഫീസിൽ നിന്ന് ലഭിച്ചതെന്നാണ് പൊലീസുകാരിൽ നിന്ന് ലഭിക്കുന്ന സൂചന.

നേരത്തേയും ടിപി കേസ് പ്രതികൾ പൊലീസിനെ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉണ്ടായിരുന്നു. മുമ്പ് ടിപി കേസിലെ പ്രതികൾക്ക് ഭക്ഷണം കഴിക്കാനും മാഹിയിൽ നിന്ന് മദ്യം വാങ്ങാനും പൊലീസ് സൗകര്യം ചെയ്തുനൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിക്രമൻ ഒളിവിൽ താമസിച്ചത് അടക്കം സി.പി.എം നേതാക്കളുടെ അറിവോടെയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. കതിരൂരിലെ ആളൊഴിഞ്ഞ കെട്ടിടമായിരുന്നു ഒളിത്താവളമെന്നാണു വിക്രമൻ പറഞ്ഞത്. മനോജിനെ കൊലപ്പെടുത്തും മുമ്പ് വിക്രമൻ ജയരാജനുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന ആരോപണവും ശക്തമായിരുന്നു.

കതിരൂർ മനോജ് വധ ഗൂഢാലോചനക്കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ലെന്ന സൂചന നേരത്തെ തന്നെ സിബിഐ നൽകിയിരുന്നു. ആർ.എസ്. എസ്. നേതാവായിരുന്ന കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ. ഭാഗിക കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു.

ഇതിലെ വിവരങ്ങളിലാണ് ജയരാജനുമായി ബന്ധപ്പെട്ട പരമാർശം ഉള്ളത്. സിബിഐ, മനോജ് വധക്കേസിലെ ഗൂഢാലോചനയാണ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നേരത്തെ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യപ്രതി വിക്രമൻ സിബിഐ. ക്ക് മൊഴി നൽകിയിട്ടുണ്ട്.

വിക്രമനുമായി മനോജ് വധത്തിൽ അജ്ഞാതനായ ഒരാൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കോടതിയിൽ സിബിഐ.യും വ്യക്തമാക്കിയിരുന്നു. ഇത് ജയരാജനാണെന്നാണ് സിബിഐയുടെ നിഗമനം. കിഴക്കെ കതിരൂരിലെ ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേകാവിനു സമീപത്തു വച്ചാണ് മനോജ് വധത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ ജയരാജനും, മറ്റ് രണ്ടുനേതാക്കളും സംബന്ധിച്ചതായും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP