കുറഞ്ഞ പലിശയിൽ 25,000 രൂപ മുതൽ 15 ലക്ഷം വരെ വായ്പ വാഗ്ദാനം; 10,000 രൂപ മുതൽ 40,000 രൂപ വരെ മുൻകൂറായി വാങ്ങി; രസീത് ആവശ്യപ്പെട്ടവർക്ക് നൽകിയത് വ്യാജൻ; സ്ഥാപനം പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതെ; ഒടുവിൽ കൊടുത്ത തുക തിരിച്ചുചോദിച്ചപ്പോൾ കൈമലർത്തി; ഇരുപതോളം പരാതികൾ ഒറ്റയടിക്ക് ലഭിച്ചയോടെ നടപടികളുമായി പൊലീസ്; പേയാട് വായ്പയുടെ മറവിൽ ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മിനിമോൾ പിടിയിലാവുമ്പോൾ
December 01, 2019 | 09:55 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലക്ഷങ്ങൾ ചെറിയ പലിശക്ക് വായ്പ്പ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് മൂൻകൂർ പണം വാങ്ങി തട്ടിപ്പു നടത്തിയ സ്ത്രീ പിടിയിൽ.
പേയാട് ജംക്ഷന് സമീപത്തെ നന്ദനം ഗ്രൂപ്പ് ഉടമ വെള്ളനാട് മുണ്ടേല മിനിഭവനിൽ നിന്നു വിട്ടിയം കാട്ടുവിള വിജയ സ്കൂളിന് സമീപം ആക്ഷിയാന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മിനിമോൾ (46) ആണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഇരുപതോളം പരാതികൾ ലഭിച്ചതോടെ ആണ് വിളപ്പിൽശാല പൊലീസ് അന്വേഷണം ആരംഭിച്ചത്.
ലൈസൻസ് ഇല്ലാതെ ആണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് കണ്ടെത്തി. മിനിയെ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ചു. ഇതറിഞ്ഞ് ഇടപാടുകാർ എത്തി ബഹളമുണ്ടാക്കി. സംഘർഷം കണക്കിലെടുത്ത് സ്ഥാപനം പൂട്ടി ഉടമയെയും മറ്റ് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മിനിമോളെ കൂടാതെ ഒരു സ്ത്രീ അടക്കം നാലു ജീവനക്കാർ ഉണ്ടായിരുന്നു. ഇവരെ വൈകിട്ടോടെ വിട്ടയച്ചു. കുറഞ്ഞ പലിശയിൽ 25,000 രൂപ മുതൽ 15 ലക്ഷം വരെ വായ്പ വാഗ്ദാനം ചെയ്താണ് ജീവനക്കാർ പലരെയും നേരിട്ടും ഫോണിലും വിളിച്ചത്.
രേഖകളോടൊപ്പം മുൻകൂറായി തുകയും വാങ്ങി. 10,000 രൂപ മുതൽ 40,000 രൂപ വരെ സ്ഥാപനത്തിൽ അടച്ചവരുണ്ട്. പലർക്കും രസീതുകൾ നൽകിയിട്ടില്ല. ആവശ്യപ്പെട്ടവർക്ക് വ്യാജ രസീത് ആണ് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. മിനിമോളെ കോടതിയിൽ ഹാജരാക്കി.
