Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാടു പൊലീസ് അടുപ്പിക്കുന്നില്ല; ചോദ്യം ചെയ്യൽ പോലും കഷ്ടി; രൂപേഷിനെയും കൂട്ടരെയും കേരളത്തിനു കസ്റ്റഡിയിൽ കിട്ടാൻ മാസങ്ങൾ വൈകും

തമിഴ്‌നാടു പൊലീസ് അടുപ്പിക്കുന്നില്ല; ചോദ്യം ചെയ്യൽ പോലും കഷ്ടി; രൂപേഷിനെയും കൂട്ടരെയും കേരളത്തിനു കസ്റ്റഡിയിൽ കിട്ടാൻ മാസങ്ങൾ വൈകും

കൊച്ചി: കോയമ്പത്തൂരിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനേയും സംഘത്തേയും കേരളത്തിലെത്തിക്കാനുള്ള കേരള പൊലീസിന്റെ നീക്കം പാളുന്നു. ഇപ്പോൾ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റുകളെ ചോദ്യം ചെയ്യാൻ പോലും കേരള പൊലീസിനു നാമമാത്രമായ സമയം മാത്രമേ ലഭിക്കുന്നുള്ളൂ.

നിലവിൽ കേരളത്തിൽ മാത്രമേ ഇവർക്കെതിരെ കേസുകളുള്ളൂവെന്നിരിക്കെ കേരള-തമിഴ്‌നാട് പൊലീസ് സേനകൾ തമ്മിലുള്ള ശീതസമരമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് കണക്കാക്കപ്പെടുന്നത്. രൂപേഷിനേയും കൂട്ടരേയും പിടികൂടിയത് തങ്ങളാണെന്നും അതിനാൽ അവിടത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർണമായി കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റു സംസ്ഥാനക്കാർക്ക് വിട്ടുകൊടുക്കേണ്ടതുള്ളൂ എന്നുമാണ് തമിഴ്‌നാട് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്. തമിഴ്‌നാടിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിനുശേഷം കർണാടക ,ആന്ധ്ര പൊലീസ് ഇവരെ വിട്ടുകിട്ടാനായി ക്യൂവിലാണ്. അവിടങ്ങളിൽ നടന്ന കൊലപാതകങ്ങളുൾപ്പെടെയുള്ള കേസുകളിൽ ഇവരിൽ നിന്ന് എന്തെങ്കിലും തുമ്പു ലഭിക്കുമോ എന്നാണ് അവർക്കറിയേണ്ടത്.

മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗമായ രൂപേഷിന് ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കുമെന്നാണ് ഇതരസംസ്ഥാന പൊലീസ് സേനയുടെ നിലപാട്. ഇവരുടെ ചോദ്യം ചെയ്യൽ എല്ലാം അവസാനിച്ച ശേഷം മാത്രമേ കേരളത്തിലേക്ക് രൂപേഷിനേയും കൂട്ടരേയും കൊണ്ടുവരുന്നത് ആലോചിക്കാനാകൂ എന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ച് കേരളത്തിൽ നിന്നുള്ള അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.

പ്രതികളെ വിട്ടുകിട്ടാനായി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യലിനോട് ഇവർ കാര്യമായി സഹകരിക്കുന്നില്ലെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. ഇവർക്ക് ശേഷം പിടിയിലായ മുരളി കണ്ണമ്പിള്ളിയും മറ്റും അറസ്റ്റിലാകുന്നതും ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്നാണ് പറയപ്പെടുന്നത്. രൂപേഷ് ഉപയോഗിച്ച സിം കാർഡിലെ വിവരങ്ങളും നമ്പരുകളും ചോർത്തിയെടുത്താണ് മുരളിയുടേതുൾപ്പെടെയുള്ള രഹസ്യങ്ങൾ പൊലീസ് ശേഖരിച്ചത്.

കേരളത്തിലെത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള വിവരങ്ങൾ കൂടി ലഭിക്കുകയുള്ളൂവെന്നാണ് കേരള പൊലീസിന്റെ വാദം. എതാണ്ട് രണ്ടു മാസം കാത്തിരുന്നാൽ മാത്രമേ രൂപേഷിനേയും കൂട്ടരേയും കേരളത്തിലെത്തിക്കാൻ കഴിയൂ എന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കേരളത്തിൽ രാഷ്ട്രീയ പ്രചരണത്തിനായി മാവോയിസ്റ്റ് വേട്ടയും ആയുധമാക്കുന്ന രമേശ് ചെന്നിത്തലയ്ക്കും കൂട്ടർക്കും തിരിച്ചടിയാണ് ഇപ്പോഴത്തെ തമിഴ്‌നാട് പൊലീസ് നിലപാട്. കേസുകളുടേ എണ്ണവും അതിന്റെ പ്രാധാന്യവും കോടതിയെ ബോധ്യപ്പെടുത്തുന്നതിനനുസരിച്ചായിരിക്കും അന്വേഷണ പുരോഗതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP