Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാവോയിസ്റ്റുകൾ കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടോ? രേഖാചിത്രങ്ങൾ അടങ്ങിയ ഡയറിക്കുറിപ്പുകൾ പൊലീസിന് ലഭിച്ചു; പശ്ചിമഘട്ടത്തിലെ ഭൂപ്രകൃതി കണക്കിലെടുത്ത് ഓരോ സ്ഥലത്തും വ്യത്യസ്തമായ ആക്രമണ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് ഡയറിക്കുറിപ്പിൽ; മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് പരിശീലനം നടത്തുന്ന വീഡിയോകളും പുറത്തുവന്നു; ഛത്തീസ്‌ഗഡ് സ്വദേശിയം ഷാർപ്പ് ഷൂട്ടറുമായ ദീപക് സായുധ സംഘാംഗങ്ങൾക്ക് പരിശീലനം നൽകുന്ന കമാൻഡോ

മാവോയിസ്റ്റുകൾ കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടോ? രേഖാചിത്രങ്ങൾ അടങ്ങിയ ഡയറിക്കുറിപ്പുകൾ പൊലീസിന് ലഭിച്ചു; പശ്ചിമഘട്ടത്തിലെ ഭൂപ്രകൃതി കണക്കിലെടുത്ത് ഓരോ സ്ഥലത്തും വ്യത്യസ്തമായ ആക്രമണ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് ഡയറിക്കുറിപ്പിൽ; മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് പരിശീലനം നടത്തുന്ന വീഡിയോകളും പുറത്തുവന്നു; ഛത്തീസ്‌ഗഡ് സ്വദേശിയം ഷാർപ്പ് ഷൂട്ടറുമായ ദീപക് സായുധ സംഘാംഗങ്ങൾക്ക് പരിശീലനം നൽകുന്ന കമാൻഡോ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കേരളത്തിലും ആക്രമണം നടത്താൻ പദ്ധതി ഇട്ടതായി സൂചനകൾ. ആക്രമിക്കാൻ പദ്ധതിയിട്ടതിന്റെ തെളിവായുള്ള ഡയറിക്കുറിപ്പുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭൂപ്രകൃതി അനുസരിച്ച് ആക്രമണം നടത്തേണ്ട രീതികളാണ് കുറിപ്പുകളിൽ വിവരിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഭൂപ്രകൃതി കണക്കിലെടുത്ത് ഓരോ സ്ഥലത്തും വ്യത്യസ്തമായ ആക്രമണപദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് ഡയറിക്കുറിപ്പിൽ സൂചിപ്പിക്കുന്നു. ഇത് കേരളത്തെ ലക്ഷ്യമിട്ടാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം രേഖാചിത്രങ്ങൾ അടങ്ങിയ ഡയറിക്കുറിപ്പുകൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

വയനാട്ടിൽ നാടുകാണി, മലപ്പുറത്ത് കബനി, അട്ടപ്പാടിയിൽ ഭവാനി എന്നിങ്ങനെ ദളങ്ങൾ കേന്ദ്രീകരിച്ചാണ് കേരളത്തിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം നടക്കുന്നത്. ഓരോ ദളങ്ങളും വ്യത്യസ്തമായ തരത്തിൽ ആക്രമണങ്ങൾ നടത്തണം. അതിനായി ഏത് രീതിയിൽ പരിശീലനം നടത്തണം, ഏത് രീതിയിൽ അതിന്റെ തയ്യാറെടുപ്പുകൾ നടത്തണം എന്നതുൾപ്പെടെയുള്ള ഡയറിക്കുറിപ്പുകളാണ് പുറത്തുവന്നത്. അതിനിടെ കേരളത്തിലെ മാവോയിസ്റ്റുകൾക്ക് , ജാർഖണ്ഡ്, ഛത്തീസ് ഗഡ് അടക്കമുള്ള മാവോയിസ്റ്റ് സംഘടനകളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നാണ് ഈ നിർണായക രേഖകളും തെളിവുകളും പൊലീസിന് ലഭിച്ചത്. ഇവരുടെ ലാപ്ടോപ്പ്, പെൻഡ്രൈവ് അടക്കമുള്ളവയും പൊലീസിന് ലഭിച്ചിട്ടുണ്ട്. മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നതായി സൂചനയുണ്ട്. ഇവ പൊലീസ് പരിശോധിച്ചു വരികയാണ്.

ഛത്തീസ്‌ഗഡ് സ്വദേശിയായ ദീപക് ഷാർപ്ഷൂട്ടറാണ്. സായുധ സംഘാംഗങ്ങൾക്ക് പരിശീലനം നൽകുന്ന കമാൻഡോ കൂടിയാണ് ദീപക് എന്നാണ് സംശയം. ഇയാളുടെ നേതൃത്വത്തില് തിരിച്ചടിക്കാൻ പദ്ധതി ഉണ്ടാകുമോ എന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിക്ക് അയച്ചുകൊടുക്കാനെടുത്ത പരിശീലനദൃശ്യങ്ങളാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. അതിനിടെ അറസ്റ്റിലായ താഹയുടെ മാവോയിസ്റ്റ് ബന്ധം തുടങ്ങുന്നത് നിലമ്പൂരിൽ പൊലീസ് വെടിവെപ്പിൽ കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികൾ വഴിയാണ് ബന്ധം സ്ഥാപിച്ചത്. പിന്നീട് താഹ മാവോയിസ്റ്റ് കേഡറായി മാറിയെന്നും പൊലീസ് പറയുന്നു.

പൊലീസ് പിടികൂടിയ അലന്റെയും താഹയുടെയും വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രഹസ്യ കോഡുകൾ അടങ്ങിയ പുസ്തകങ്ങളിലെ വിവരങ്ങൾ പൂർണമായും മനസ്സിലാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തും ഓരോ തരത്തിലുള്ള കോഡുകളാണ് അവർ ഉപയോഗിക്കുന്നത്. അലൻ ആറു ഫോണുകൾ ഉപയോഗിച്ചിരുന്നു. ഫോൺവിളിച്ചവരിൽ നിന്ന് വിശദാംശങ്ങൽ ശേഖരിച്ചുവരികയാണെന്നും പൊലീസ് സൂചിപ്പിച്ചു. ജയിലിൽ കഴിയുന്ന താഹയുടെയും അലന്റെയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

അതേസമയം മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങൾ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഇന്നതെ ഉത്തരവിട്ടിരുന്നു. മാവോയിസ്റ്റ് നേതാവ് മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതാണു കോടതി തടഞ്ഞത്. മൃതദേഹം സംസ്‌കരിക്കാമെന്ന പാലക്കാട് സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. സെഷൻസ് കോടതിയുടെ ഉത്തരവ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിഗണിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു.

നിലവിൽ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെവച്ചായിരുന്നു പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നതും. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഈ മരണവുമായി ബന്ധപ്പെട്ട പുകമറ നീങ്ങണമെന്നും കോടതി പരാമർശിച്ചു. മഞ്ചക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയർന്നതോടെയാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട് ഇരുവരുടേയും ബന്ധുക്കൾ ഹൈക്കോടതിയെ കോടതിയെ സമീപിച്ചത്. കേസ് പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP