Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിസാമിന്റെ ബംഗളുരു യാത്ര സ്വത്ത് സംരക്ഷിക്കാനോ? 5000 കോടിയുടെ സമ്പത്ത് നഷ്ടമാക്കില്ലെന്ന് ഉറപ്പിച്ചതു 'നിഗൂഢ സുഹൃത്തുക്കളുടെ' സഹായത്തോടെ; ഭീഷണി തുറന്നുകാട്ടി സഹോദരങ്ങൾ പേടിച്ച് പിന്മാറിയതിന്റെ കാരണങ്ങൾ അവ്യക്തം

നിസാമിന്റെ ബംഗളുരു യാത്ര സ്വത്ത് സംരക്ഷിക്കാനോ? 5000 കോടിയുടെ സമ്പത്ത് നഷ്ടമാക്കില്ലെന്ന് ഉറപ്പിച്ചതു 'നിഗൂഢ സുഹൃത്തുക്കളുടെ' സഹായത്തോടെ; ഭീഷണി തുറന്നുകാട്ടി സഹോദരങ്ങൾ പേടിച്ച് പിന്മാറിയതിന്റെ കാരണങ്ങൾ അവ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 5000 കോടിയുടെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സഹോദരന്മാരുടെ നീക്കം നിസാം പൊളിച്ചത് അധോലോക സംഘത്തിന്റെ സൗഹൃദ കരുത്തിലാണോ? നിസാമിനെതിരെ ഫോൺ ഭീഷണി ആരോപണം സഹോദരന്മാർ ഉന്നയിച്ചത് നിസാമിന്റെ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാനാണെന്ന് വിലയിരുത്തലുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നിസാം പുറത്തിറങ്ങരുത് എന്ന ആഗ്രഹത്തോടെയാണ് ജയിലിലെ ഫോൺവിളിയെ കുറിച്ച് സഹോദരങ്ങൾ പൊലീസിൽ പരാതി നൽകിയതെന്നായിരുന്നു പുറത്തുവന്ന വിലയിരുത്തലുകൾ. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അധോലോക രാജാവ് രവി പൂജാരി ഭീഷണിപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നിസാമിനെതിരെ അതിരൂക്ഷമായ നിലപാട് എടുത്ത സഹോദരന്മാർ ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞത്.

സഹോദരന്മാർ കേസ് പിൻവലിച്ചാലും നിസാമിനെതിരായ ഫോൺ വിളി വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പെട്ടന്നുള്ള വികാരത്തിൽ പൊലീസിൽ പരാതി നൽകിയെന്നാണ് സഹോദരങ്ങളുടെ വിശദീകരണം. എന്നാൽ, ഈ വിശദീകരണത്തിലും കാര്യങ്ങൾ നിൽക്കുന്നില്ല. നിസാം അതിക്രൂരമായി കൊന്ന ചന്ദ്രബോസിന്റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും നിസാമിന്റെ സഹോദരർ പരാതി പിൻവലിച്ചുവെന്നതാണ് ബീഡി വ്യവസായത്തിലെ കുലപതിയുടെ അധോലോക ബന്ധങ്ങളുടെ സൂചനയായി വിലയിരുത്തുന്നവരുമുണ്ട്.

ബംഗ്ലുരുവിൽ വലിയ ബന്ധങ്ങളുള്ള വ്യവസായിയിരുന്നു നിസാം. ഇവിടെയായിരുന്നു പ്രധാന പ്രവർത്തനം. എങ്ങനെ 5000 കോടിയുടെ സ്വത്തിന് ഉടമയായ വ്യവസായി ആയി നിസാം മാറിയെന്നത് ഇനിയും ആർക്കും അറിയില്ല. അധോലോക ബന്ധങ്ങളുടെ കരുത്തിലാണെന്ന് മാത്രമേ അറിയാവൂ. ഇതിന് പുതിയ തലം നൽകുന്ന സംഭവങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. നിസാം പൊലീസ് കസ്റ്റഡിയിലിരിക്കേ വധഭീഷണി മുഴക്കിയെന്ന പരാതി സഹോദരന്മാർ പിൻവലിച്ചത് അധോലോക ഇടപെടൽ കാരണമാണെന്ന് പൊലീസും പറയുന്നു. സഹോദരന്മാരായ അബ്ദുൾ റസാഖ്, അബ്ദുൾ നിസാർ എന്നിവരാണ് നിസാമിനെതിരായ പരാതി പിൻവലിക്കുകയാണെന്ന് കാട്ടി റൂറൽ എസ്‌പി ആർ. നിശാന്തിനിക്ക് കത്തുനൽകിയത് അന്വേഷണത്തിൽ നിർണ്ണായക തെളിവുകൾ പൊലീസിന് കിട്ടയപ്പോഴാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് നിസാമിനെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നും ആ പരാതി പിൻവലിക്കുകയാണെന്നുമാണ് ഇരുവരും കത്തിൽ പറഞ്ഞിരിക്കുന്നത്.

ബിസിനസ്സ് സ്ഥാപനങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിസാം തങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും പരാതിയുമായി രംഗത്തെത്തിയിരുന്നത്. അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളിൽ സഹോദരന്മാർ പിടിമുറുക്കുകയാണെന്നും തനിക്കും കുടുംബത്തിനും അനുഭവിക്കാനുള്ള സ്വത്തുക്കൾ തട്ടിയെടുക്കാനാണ് സഹോദരങ്ങളുടെ ശ്രമമെന്നും ആയിരുന്നു സംഭവത്തിൽ നിസാമിന്റെ വിശദീകരണം. ഇതിൽ സത്യവുമുണ്ടായിരുന്നു. ഇതോടെ 5000 കോടിയുടെ സ്വത്തുകൾ കൈവിട്ടു പോകാതിരിക്കാൻ ചില നീക്കങ്ങൾ നടന്നു. നിസാമിന്റെ ചില അടുത്ത ബന്ധുക്കളുടെ മധ്യസ്ഥതയിലായിരുന്നു ഇടപെടൽ. അതിനിടെയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തി അധോലോക നായകൻ രവി പൂജാരിയുടെ ഫോൺ വിളിയും സന്ദേശവുമെത്തി. ഇതോടെയാണ് നിസാമിന്റെ പിന്നിലെ ശക്തി അധോലോകമെന്ന സംശയം ബലപ്പെടുന്നത്.

ബംഗളുരു കേന്ദ്രീകരിച്ച് നിസാമിന് ദുരൂഹ ബന്ധങ്ങളുണ്ടെന്ന സംശയവും സജീവമാകുന്നു. രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണം ശരിയായ ദിശയിൽ പോയാൽ ഇതെല്ലാം പുറത്തുവരും. കണ്ണൂർ ജയിലിൽ നിന്ന് നിസാം വിദേശത്തേക്ക് ഫോൺ ചെയ്തിട്ടുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്. ഈ ദിശയിലേക്ക് അന്വേഷണം പോകാതിരിക്കാൻ ഗുഡനീക്കവും തുടങ്ങിയിട്ടുണ്ട്. ഈ കേസിൽ കണ്ണൂർ ജയിൽ അധികൃതർ നിസാമിന് അനുകൂമായി മാത്രമേ നിലപാട് എടുക്കൂ. ഇത് മനസ്സിലാക്കിയാണ് സഹോദരരെ കൊണ്ട് കേസ് പിൻവലിപ്പിച്ച്ത. ഇനി നിസാം അറിയാതെ കമ്പനിക്കാര്യങ്ങളിൽ തീരുമാനം എടുത്താൽ പണി കിട്ടുമെന്ന സന്ദേശവും സഹോദർക്ക് നിസാം നൽകി കഴിഞ്ഞു. ഇതോടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നീക്കവും അവർ ഉപേക്ഷിക്കുകയാണ്.

70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോൾസ്‌റോയ്‌സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്‌ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോർഗ്‌നി, ജാഗ്വാർ, ആസ്റ്റൻ മാർട്ടിൻ, റോഡ് റെയ്ഞ്ചർ, ഹമ്മർ, പോർഷേ, ഫെരാരി, ബി.എം.ഡബൽയു എന്നിവയുടെ വിവിധ മോഡലുകൾ നിസാമിനുണ്ട്. നിസാം ബൈക്കുകൾ അലങ്കരിക്കാൻ ഉപയോഗിച്ചത് അസ്ഥികൂടങ്ങൾ വരെയായിരുന്നു എന്നതും പുറത്തുവന്ന വാർത്തകളായിരുന്നു. പൽസ്റ്റിക് നിർമ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കിൽ ചാർത്തിയായിരുന്നു നിസാമിന്റെ യാത്രകൾ. തലയോട്ടിയും വാരിയെല്ലും കാലുകളും ഉൾപ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴൽ മറച്ച് ഇരുമ്പ് ചങ്ങലകളാൽ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കിൽ അസ്ഥികൂടവും ചാർത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തിൽ പാഞ്ഞിരുന്നത്. അസ്ഥികൂടം ചാർത്തിയ ബൈക്കിനൊപ്പം കാറുകൾ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികൾ വിലമതിക്കുന്ന കാറുകൾക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങൾ മുടക്കി.

തൃശൂർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങൾ ഉള്ളത്. കൊലക്കേസിൽ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാർത്തകളിൽ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകൾ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇയാൾക്ക് 5000 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനൽവേലിയിൽ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങൾക്കായി. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു നിസാമിന്. നാൽപതുകൊല്ലത്തോളം നിസാമിന് ജയിലിൽ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എൺപത് വയസ്സുവരെ ജയിലിൽ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങൾ സ്വത്തിൽ കണ്ണ് വച്ചത്. കളി മനസ്സിലായതോടെ തന്റെ ബന്ധങ്ങളെല്ലാം നിസാം ഉപയോഗിച്ചു. ജയിലിൽ കിടന്ന് കരുക്കൾ നീക്കിയതോടെ അധോലോക നായകന്റെ ഇടപെടൽ എത്തി. സ്വത്ത് വേണ്ട ജീവൻ മതിയെന്ന അവസ്ഥയിലേക്ക് മറ്റുള്ളവരും എത്തി.

കമ്പനിയിൽ സഹോരന്മാരുടെ ഇടപെടൽ ശക്തമാകുന്നത് ജയിലിൽ കിടന്ന് നിസാം മനസ്സിലാക്കിയിരുന്നു. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കൾ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തിൽ നിസാം നിയോഗിച്ച വിശ്വസ്തർ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളിൽ നടക്കുന്ന കാര്യങ്ങൾ അറിയിച്ചത്. പൊലീസ് അകമ്പടിയോടെ ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു ഭീഷണിയെന്നു കോൾ വന്ന സമയം വ്യക്തമാക്കുന്നു. സഹോദരരെ നിസാം വിളിച്ചത്. ജീവനക്കാർക്കു ശമ്പളം കൂട്ടിയതിനാണ് നിസാം സഹോദരങ്ങളെ തെറി വിളിക്കുന്നത്. അശ്ലീലം സഹിക്കാനാകാതെ ഒരു സഹോദരൻ, നിസാമിന്റെ സഹോദരനായി ജനിച്ചതിൽ ലജ്ജിക്കുന്നുവെന്നും തല തല്ലി ചാകാൻ തോന്നുന്നുണ്ടെന്നും പറയുന്നു. ഒരു സഹോദരന്റെ വ്യക്തിജീവിതത്തെക്കുറിച്ചു നിസാം പറയുമ്പോൾ സഹോദരൻ തിരിച്ചു കൊലപാതകി എന്നു വിളിക്കുന്നുണ്ട്. താനാണു മാനേജിങ് ഡയറക്ടർ എന്നു പലതവണ നിസാം ഓർമിപ്പിക്കുന്നുണ്ട്.

യാത്രയ്ക്കിടയിൽ ഫോൺ ചെയ്യുന്നതിനോ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിനോ ജയിൽ നിയമം അനുവദിക്കുന്നില്ല. നിസാമിന്റെ ഫോൺ വിളി ബെംഗളൂരു യാത്രയ്ക്കിടെയെന്നു കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു കേസിന്റെ വിചാരണയ്ക്കായി 20നു വൈകിട്ടു കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു രാത്രി ഏഴിനു പുറപ്പെടുന്ന ബസിലാണ് ബെംഗളൂരുവിലേക്കു കൊണ്ടുപോയത്. ഇന്നലെ രാവിലെ 6.30നു ജയിലിൽ തിരികെയെത്തിച്ചു. ഈ യാത്രയ്ക്കിടെ പല ബിസിൻസ് ഡീലുകളും നിസാം നടത്തിയെന്നാണ് സൂചന.

ബംഗളുരുവിൽ കാണേണ്ടവരെ കണ്ട് സഹോദരന്മാരുടെ ഇടപെടൽ അറിയിച്ചു. ഇതൊന്നും അറിയാതെയായിരുന്നു സഹോദരന്മാരുടെ പരാതി നൽകൽ എന്നാണ് സൂചന. ബംഗ്ലുരുവിലേക്കുള്ള ബസ് യാത്രയിൽ നിസാമിന്റെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. നിസാമിനും മാനേജർക്കും സഹായിക്കും വേണ്ടി നിസാമിന്റെ ഓഫിസിൽനിന്നു ബസ് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖയും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം ബിസിനസ് ചർച്ചകൾക്ക് വേണ്ടിയായിരുന്നുവെന്ന വിലയിരുത്തലും എത്തുന്നു.

അതിനിടെ നിഷാമിനെ സഹായിച്ചതിന്റെ പേരിൽ ഇതുവരെ ഒൻപത് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വഴിവിട്ട സഹായത്തിന്റ പേരിൽ ആദ്യമായിട്ടാണ് ഇത്രയും പേർക്കെതിരെ നടപടിയുണ്ടാകുന്നത്. ചന്ദ്രബോസ് വധക്കേസ് അന്വേഷണം നടക്കുന്നതിനിടെ നിഷാമും അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറുമായിരുന്ന ജേക്കബ് ജോബും തമ്മിൽ നടത്തിയ രഹസ്യ ചർച്ച വിവാദമായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രാലയം വകുപ്പുതല അന്വേഷണം നടത്തി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജേക്കബ് ജോബിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

പിന്നീട് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ആഡംബര ഹോട്ടലിൽ നിഷാമിനെ കയറ്റി ബന്ധുക്കളെ കാണിച്ചതിനെതുടർന്ന് എസ്‌ഐ ഉൾപ്പടെ അഞ്ച് പേർക്ക് സസ്‌പെൻഷൻ ലഭിച്ചു. ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന വഴി അവിഹിത ഇടപെടലുകൾ നടത്തിയതിനും നിയമവിരുദ്ധമായി സൗകര്യങ്ങൾ ഒരുക്കിയതിനും മൂന്ന് പൊലീസുകാരെ കൂടി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തതോടെ നിഷാമിനെ സഹായിച്ചതിന്റെ പേരിൽ സസ്‌പെൻഷൻ ലഭിച്ചവരുടെ എണ്ണം ഒമ്പതായി. അതേസമയം നിഷാമിന് ജയിലിലും വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ഇവർക്കെതിരെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്നു തന്നെ പരാതികൾ ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP