Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുമളിയിൽ യുവാവിനെ കൊന്നു കുറ്റിക്കാട്ടിൽ തള്ളിയത് 64കാരനായ ഗുരുസ്വാമി ഒറ്റയ്‌ക്കോ ? പ്രതിയുടെ ആത്മഹത്യ അന്വേഷണം വഴിമുട്ടിക്കുമ്പോഴും ആകെയുള്ള പിടിവള്ളി സെന്തിൽ കുമാറിന്റെ ഓട്ടോ ഉപേക്ഷിക്കാൻ പ്രതിയെ സഹായിച്ചയാളുടെ മൊഴി; കൊലപാതകത്തിന് പിന്നിൽ പണമിടപാട് മാത്രമാണോ എന്നും സംശയം; തെളിവ് നശിപ്പിച്ച ശേഷമുള്ള ഗുരുസ്വാമിയുടെ ആത്മഹത്യയോടെ കുഴങ്ങിയത് അന്വേഷണ സംഘം

കുമളിയിൽ യുവാവിനെ കൊന്നു കുറ്റിക്കാട്ടിൽ തള്ളിയത് 64കാരനായ ഗുരുസ്വാമി ഒറ്റയ്‌ക്കോ ? പ്രതിയുടെ ആത്മഹത്യ അന്വേഷണം വഴിമുട്ടിക്കുമ്പോഴും ആകെയുള്ള പിടിവള്ളി സെന്തിൽ കുമാറിന്റെ ഓട്ടോ ഉപേക്ഷിക്കാൻ പ്രതിയെ സഹായിച്ചയാളുടെ മൊഴി; കൊലപാതകത്തിന് പിന്നിൽ പണമിടപാട് മാത്രമാണോ എന്നും സംശയം; തെളിവ് നശിപ്പിച്ച ശേഷമുള്ള ഗുരുസ്വാമിയുടെ ആത്മഹത്യയോടെ കുഴങ്ങിയത് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കുമളി : കുമളിയിൽ യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ പ്രതി ഗുരുസ്വാമി ആത്മഹത്യ ചെയ്തതോടെ ആകെ കുഴങ്ങി അന്വേഷണ സംഘം. കുമളി ഹരി ഭവനിൽ സെന്തിൽ കുമാറിന്റെ(34) മൃതദേഹമാണു ഞായറാഴ്ച വൈകിട്ട് വാളാടി മേപ്രട്ടിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. ഇയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്ന് കരുതുന്ന വാളാടി മേപ്രട്ട് സ്വദേശി ഗുരു സ്വാമിയെ (64) കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം വഴിമുട്ടിയിരിക്കുന്നത്.

സെന്തിലിനെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ഇതിന് ശേഷം ഗുരുസ്വാമി ആത്മഹത്യ ചെയ്തതാകാമെന്നുമാണ് പൊലീസ് നിഗമനം. സെന്തിൽ കുമാറും ഗുരുസ്വാമിയും തമ്മിൽ ബന്ധുക്കളാണ്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്തിൽ കുമാറിനെ കാണാതായത്. എന്നാൽ ഞായറാഴ്ച ഇയാളുടെ മൃതദ്ദേഹം ഗുരുസ്വാമിയുടെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നും ലഭിച്ചതിന് പിന്നാലെ ഗുരുസ്വാമി ഒളിവിൽ പോയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപമുള്ള പുരയിടത്തിൽ ഗുരുസ്വാമിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കുമളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന സെന്തിൽ കുമാർ, 130000 രൂപ ഗുരുസ്വാമിക്ക് കടമായി കൊടുത്തിരുന്നു. വെള്ളിയാഴ്ച ഈ പണം തിരികെ വാങ്ങാൻ പോയ സെന്തിൽ കുമാറിനെ കാണാതാവുകയായിരുന്നു. സെന്തിലിന്റെ ഓട്ടോ അട്ടപ്പള്ളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ശനിയാഴ്ച കണ്ടെത്തി. പണം തിരികെ വാങ്ങാനാണ് സെന്തിൽകുമാർ പോയിരുന്നത് എന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഗുരു സ്വാമിയെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിരുന്നു.

പണം വാങ്ങി എഗ്രിമെന്റ് തിരികെ തന്ന ശേഷം സെന്തിൽകുമാർ മടങ്ങിപ്പോയി എന്നാണ് ഗുരുസ്വാമി പൊലീസിനോട് പറഞ്ഞത്. ഒരു വർഷം മുൻപ് ഭാര്യ മരിച്ചതിനു ശേഷം ഗുരുസ്വാമി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.ഗുരുസ്വാമിയുടെ വീടിന് സമീപത്തെ കുന്നിൻ ചരുവിൽ കുറ്റിക്കാട്ടിലാണ് സെന്തിൽകുമാറിന്റെ മൃതദേഹം കിടന്നിരുന്നത്. മണം പിടിച്ചെത്തിയ പൊലീസ് നായ് ഗുരുസ്വാമിയുടെ വീട്ടിലാണ് എത്തിയത്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. ഇവിടെ വച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതിന്റെ സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം സെന്തിൽ കുമാറിന്റെ മൃതദേഹം കുറ്റിക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി എന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. എന്നാൽ 64 വയസ്സുള്ള ഗുരുസ്വാമിക്ക്, ഒറ്റയ്ക്ക് സെന്തിൽ കുമാറിന്റെ മൃതദേഹം കുന്നിൻചെരുവിൽ പല തട്ടുകൾ കടത്തി കൊണ്ടുപോകാൻ കഴിഞ്ഞോ? ഇതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മൃതദേഹം കുറ്റിക്കാട്ടിൽ മറവു ചെയ്യാനായിരുന്നു ഗുരുസ്വാമിയുടെ പദ്ധതി എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇയാൾക്ക് ഒറ്റയ്ക്ക് ഇത് സാധിക്കുമായിരുന്നോ? ഇതിന് ഗുരുസ്വാമി ആരുടെയെങ്കിലും സഹായം തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഗുരുസ്വാമിയുടെ കണക്കുകൂട്ടൽ പിഴച്ചതാണ് നിയമത്തിന് മുന്നിൽ കീഴടങ്ങാതെ ജീവനൊടുക്കാൻ ഇയാളെ പ്രേരിപ്പിച്ചതെന്നു പൊലീസ്. കൊലപ്പെടുത്തിയ ശേഷം സെന്തിൽ കുമാറിനെ വിജനമായ കുറ്റിക്കാട്ടിൽ മറവു ചെയ്യാമെന്നായിരുന്നു ഗുരുസ്വാമിയുടെ നീക്കം. ഇതിനുള്ള തന്ത്രങ്ങളെല്ലാം ഇയാൾ മെനഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം ആൾസഞ്ചാരമില്ലാത്ത കുറ്റിക്കാട്ടിൽ മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയി ഒളിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

അന്വേഷണ സംഘത്തെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്തിൽ കുമാറിന്റെ ഓട്ടോറിക്ഷ അട്ടപ്പള്ളത്തുകൊണ്ടുപോയി ഉപേക്ഷിച്ചതെന്നും പൊലീസ് കരുതുന്നു. ഇതിന് സമീപവാസിയായ യുവാവിന്റെ സഹായമാണ് ഗുരുസ്വാമി തേടിയത്. സെന്തിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുസ്വാമി ആവശ്യപ്പെട്ട പ്രകാരം ഓട്ടോറിക്ഷ അട്ടപ്പള്ളത്ത് എത്തിച്ചതല്ലാതെ തനിക്ക് ഒന്നും അറിയില്ല എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

എന്നാൽ പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ലെന്നാണു സൂചന. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണു അന്വേഷണ ചുമതല. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സെന്തിൽകുമാർ, ഗുരുസ്വാമി എന്നിവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സെന്തിൽ കുമാറിന്റെ മരണം പുറം ലോകം അറിഞ്ഞത് തങ്കച്ചൻ എന്നു വിളിക്കുന്ന വി.ജി ഏലിയാസിലൂടെയാണ്.

വെള്ളിയാഴ്ച മുതൽ കാണാതായ സെന്തിൽ കുമാറിനായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് വാളാർഡി മേപ്രട്ട് കുറ്റിക്കാടിനുള്ളിൽ ഏലിയാസ് ഒരു മൃതദേഹം കണ്ടത്. പശുവിന് പുല്ലു ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു ഏലിയാസ്. കാട്ടുചെടികൾക്ക് ഇടയിൽ എന്തോ കിടക്കുന്നത് കണ്ടു. കാട്ടുപന്നിയാണ് എന്നാണ് ആദ്യം കരുതിയത്. അടുത്തു ചെന്ന് നോക്കിയപ്പോഴാണ് ആരോ മരിച്ചു കിടക്കുന്നതാണ് എന്ന് മനസ്സിലായത്. ഉടൻ തന്നെ ഇയാൾ വിവരം പഞ്ചായത്ത് അംഗത്തെയും പൊലീസിനേയും അറിയിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP