Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരകളാക്കുന്നത് രണ്ടാം വിവാഹത്തിന്നൊരുങ്ങുന്ന അതിസമ്പന്നകളെ; വ്യാജ സിമ്മുകൾ വഴി കേൾപ്പിക്കുന്നത് അമ്മായിയമ്മയുടെ പ്രശംസാവചനങ്ങളും; ലൈംഗിക ചൂഷണവും ലക്ഷങ്ങൾ കവരലും പതിവ് പരിപാടി; ഏലിയാസിനെ സൂക്ഷിക്കണമെന്ന് പറഞ്ഞ് എസ്‌പിമാർക്ക് സന്ദേശം നൽകിയതുകൊച്ചി റേഞ്ച് ഐജി; വലയിൽ കുടുങ്ങി മാനവും പണവും പോയത് പിഡബ്ല്യുഡി എഞ്ചിനിയറായ യുവതിക്ക് വരെ; തട്ടിപ്പിന്റെ ഉസ്താദായ ഓൺ ലൈൻ ന്യൂസ് പോർട്ടൽ സിഇഒ തേടി മ്യൂസിയം പൊലീസും

ഇരകളാക്കുന്നത് രണ്ടാം വിവാഹത്തിന്നൊരുങ്ങുന്ന അതിസമ്പന്നകളെ; വ്യാജ സിമ്മുകൾ വഴി കേൾപ്പിക്കുന്നത് അമ്മായിയമ്മയുടെ പ്രശംസാവചനങ്ങളും; ലൈംഗിക ചൂഷണവും ലക്ഷങ്ങൾ കവരലും പതിവ് പരിപാടി; ഏലിയാസിനെ സൂക്ഷിക്കണമെന്ന് പറഞ്ഞ് എസ്‌പിമാർക്ക് സന്ദേശം നൽകിയതുകൊച്ചി റേഞ്ച് ഐജി; വലയിൽ കുടുങ്ങി മാനവും പണവും പോയത് പിഡബ്ല്യുഡി എഞ്ചിനിയറായ യുവതിക്ക് വരെ; തട്ടിപ്പിന്റെ ഉസ്താദായ ഓൺ ലൈൻ ന്യൂസ് പോർട്ടൽ സിഇഒ തേടി മ്യൂസിയം പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് വീരനായ ഒരു ഓൺ ലൈൻ ന്യൂസ് പോർട്ടൽ സിഇഒ എം വിഏലിയാസിനെ തേടി മ്യൂസിയം പൊലീസും. രണ്ടാംവിവാഹത്തിന്നൊരുങ്ങുന്ന യുവതികളെ സമീപിച്ച് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തി മുങ്ങുന്ന ഏലിയാസിനെ ഏറ്റവും ഒടുവിൽ അന്വേഷിക്കുന്നത് മ്യൂസിയം പൊലീസാണ്. നിരവധി വിവാഹത്തട്ടിപ്പ് കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും പതിവാക്കുകയാണ് ഏലിയാസിന്റെ രീതി. രണ്ടാം വിവാഹത്തിനു ഒരുങ്ങുന്നവരെ ഇരകളാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. പിടിച്ചു നിൽക്കാൻ ഓൺ ലൈൻ ന്യൂസ് പോർട്ടൽ മുതൽ എൻഐഎയെ വരെ ഇയാൾ കരുവാക്കിമാറ്റാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ യുവതി നൽകിയ ബലാത്സംഗപരാതിയെ തുടർന്നാണ് ഇയാളെ പ്രതിയാക്കി മ്യൂസിയം പൊലീസ് കേസ് ചാർജ് ചെയ്തത്.

സ്ത്രീകളെ ലൈംഗിക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും ഒരുമിച്ച് വിധേയമാക്കുകയാണ് ഏലിയാസ് ചെയ്യുന്നത്. ഈ രീതിയാണ് ഒട്ടവനധി വിവാഹതട്ടിപ്പ് കേസുകളിൽ പലപ്പോഴും ഇയാൾക്ക് രക്ഷയാകാറ്. സ്ത്രീകൾ ആദ്യം ഇയാൾ അപഹരിച്ച തുക തിരികെ കിട്ടാൻ പരാതി നൽകും. പിന്നീടാകും ലൈംഗിക ചൂഷണത്തിന്റെ പരാതി നൽകാറ്. സാമ്പത്തികപ്രശ്‌നത്തിന്റെ പേരിൽ ബലാത്സംഗ പരാതി നൽകി എന്ന് ഇയാൾ ആരോപിക്കും. അതിന്റെ തെളിവും നിരത്തും. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം എന്നതിന്റെ തെളിവുകൾ ആകും ഹാജരാക്കുക. പൊലീസിന് കേസ് എടുക്കാനും പ്രയാസമാകും. ഈ പഴുത് ഉപയോഗിച്ച് രക്ഷപെടുകയാണ് ഏലിയാസിന്റെ പതിവ്. രണ്ടാം വിവാഹത്തിന്നോരുങ്ങിയ ഈ യുവതിയുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് കേസ് ചാർജ് ചെയ്തത്. പരാതി നൽകിയ യുവതിയെയും സാമ്പത്തിക തട്ടിപ്പിന് ഏലിയാസ് വിധേയമാക്കിയിട്ടുണ്ട്.

രണ്ടു പരാതികളാണ് യുവതി സ്റ്റേഷനിൽ നൽകിയത്. സാമ്പത്തിക തട്ടിപ്പും ബലാത്സംഗവും. മ്യൂസിയം സ്റ്റെഷനിലും ഇയാൾ ഹാജരാക്കിയ തെളിവുകൾ യുവതിയുമായുള്ള അടുപ്പം തന്നെയാണ്. യുവതിയുടെ പരാതിയിൽ ഏലിയാസിനെതിരെ മ്യൂസിയം പൊലീസ് കേസ് ചാർജ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിൽ ലോക്ക് ഡൗൺ കാരണമാണ് അറസ്റ്റ് വൈകുന്നത് എന്നാണ് മ്യൂസിയം പൊലീസ് വ്യക്തമാക്കുന്നത്. പക്ഷെ ആദ്യം സാമ്പത്തിക തട്ടിപ്പിനുള്ള പരാതിയും പിന്നീട് ബലാത്സംഗത്തിനുള്ള പരാതിയുമാണ് യുവതി നൽകിയത്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ അന്വേഷണം വേണമെന്ന നിലപാടാണ് മ്യൂസിയം പൊലീസിനുള്ളത്. അതുകൊണ്ട് തന്നെയാണ് ഇയാളുടെ അറസ്റ്റ് വൈകുന്നത് എന്നാണ് മറുനാടന് അറിയാൻ കഴിഞ്ഞത്. 

ഒരു ഡിടിപി സെന്ററിൽ നിന്നും യുവതി ജോലിക്ക് അപേക്ഷ തേടി ഒരു ബയോഡാറ്റ തയ്യാറാക്കുമ്പോഴാണ് ഈ സമയം ഡിടിപി സെന്ററിൽ വന്ന ഇയാൾ യുവതിയുടെ വിലാസം മനസിലാക്കുന്നത്. ഇത് വഴിയാണ് യുവതിയുമായി ഇയാൾ അടുപ്പം സ്ഥാപിക്കുന്നത്. ഒരു വർഷത്തോളം യുവതിയുമായി ഇയാൾ ബന്ധം പുലർത്തി. മുസ്ലിം ആണെന്ന് പറഞ്ഞാണ് ഇയാൾ അടുത്തത്. മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കുറച്ചു തുക മ്യൂസിയം പൊലീസ് ഇടപെട്ടു ഇവർക്ക് വാങ്ങി നൽകിയിട്ടുണ്ട്. ഇനിയും തുക ലഭിക്കാനുണ്ടെന്നാണ് യുവതി പറയുന്നത്. സാമ്പത്തിക തട്ടിപ്പിനും വിവാഹം കഴിക്കാതെ ഈ ബന്ധം മുന്നോട്ടു പോകവേയാണ് തന്നെയാണ് സമ്പന്നയായ യുവതിയെ ഇയാൾ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയത്. ഇയാൾ മുസ്ലിം അല്ലാ എന്ന് ബന്ധം മുന്നോട്ടു പോകുമ്പോൾ യുവതിക്ക് മനസിലായി. വിവാഹത്തിനായി മുസ്ലിം ആകാമെന്ന് സമ്മതിച്ചു. ബന്ധം നീട്ടികൊണ്ടുപോയി സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും നടത്തി. ഇതിനെ തുടർന്നുള്ള പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് ചാർജ് ചെയ്തത്. അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ തന്റെ ന്യൂസ് പോർട്ടൽ ആയുധമാക്കിയുള്ള കളികളാണ് ഏലിയാസ് നടത്തുന്നത്. പക്ഷെ ഏലിയാസിന്റെ തട്ടിപ്പ് കേസുകൾ അറിയാവുന്ന പൊലീസ് എലിയാസിനെതിരെയുള്ള അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്.

സാമ്പത്തികതട്ടിപ്പിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഉസ്താദ് എന്നാണ് ഏലിയാസ് അറിയപ്പെടുന്നത്. പത്താം ക്ലാസ് വരെ മാത്രമാണ് പഠനം. പിന്നീട് ഇൻവർട്ടറുകൾ ഉണ്ടാക്കി വിൽക്കുന്ന ജോലിയാണ് പയറ്റിയത്. പിന്നീട് വിവാഹത്തട്ടിപ്പുകളിലേക്കും തട്ടിപ്പ് വീരനായും മാറുകയായിരുന്നു. ഇയാൾക്കെതിരെ എറണാകുളം ജില്ലയിൽ കുറുപ്പംപടി പൊലീസ് സ്റ്റെഷനിലും മൂവാറ്റുപുഴയിലും കേസുണ്ട്. നാലോളം കേസുകളിലും പ്രതിയും സാമ്പത്തിക-ലൈംഗിക ചൂഷണങ്ങളുടെ ഉസ്താദായ, എൻഐഎയുടെ പേര് വരെ തട്ടിപ്പിന് ഉപയോഗിക്കുന്ന ഏലിയാസിനെ ഇതുവരെ പൊലീസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഏലിയാസിനെ സൂക്ഷിക്കണം എന്ന് പറഞ്ഞു കൊച്ചി റേഞ്ച് ഐജി എല്ലാ എസ്‌പിമാർക്കും 2014-ൽ തന്നെ കത്ത് നൽകിയിരുന്നു. പക്ഷെ ഉന്നതസ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുകയാണ് ഏലിയാസ് ചെയ്യാറ്. തട്ടിപ്പിന് ഏതറ്റവും പോകാൻ ഏലിയാസ് മടിക്കാറില്ല. മൂവാറ്റുപുഴയിൽ ഏലിയാസ് അറസ്റ്റിലായ കഥ ഇതിനു ഉദാഹരണമാണ്. കോതമംഗലം സ്വദേശിയായ പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയറാണ് ഏലിയാസിന്റെ വലയിൽ കുരുങ്ങിയത്. ലക്ഷങ്ങളാണ് യുവതിയിൽ ഇയാൾ തട്ടിയെടുത്തത്. അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതിയെ തുടർന്നു മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്ന് ഏലിയാസിനെ പൊക്കിയത്. അഞ്ചു ലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത് എന്നാണ് യുവതി നൽകിയ പരാതിയിൽ പറഞ്ഞത്.

സമീപിച്ചത് എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞ്:

പുനർവിവാഹത്തിനാണ് കോതമംഗലത്തുള്ള പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ വിവാഹ പരസ്യം നൽകിയത്. യുവതി നൽകിയ പരസ്യത്തിലേ നമ്പർ കണ്ടു ഏലിയാസ് ബന്ധപ്പെടുകയായിരുന്നു. എൻഐഎ ഉദ്യോഗസ്ഥനാണ് എന്നാണ് ഏലിയാസ് പറഞ്ഞത്. ഏലിയാസിന്റെ പെരുമാറ്റം കണ്ടപ്പോൾ യുവതിയും ബന്ധുക്കളും ഏലിയാസ് എൻഐഎ ഉദ്യോഗസ്ഥൻ തന്നെയെന്നു കരുതി. വിശ്വാസ്യത പിടിച്ചു പറ്റിയപ്പോൾ ഇയാൾ തന്ത്രത്തിൽ യുവതിയുടെ എടിഎം കൈവശപ്പെടുത്തി. എടിഎമ്മിൽ നിന്നാണ് അഞ്ചു ലക്ഷത്തോളം രൂപ ഏലിയാസ് അപഹരിച്ചത്. ഏലിയാസിന്റെ കള്ളത്തരങ്ങൾ മനസിലാക്കിയാണ് യുവതി പരാതി നൽകിയത്. ഈ പരാതിയിൽ ഏലിയാസ് കുടുങ്ങുകയും ചെയ്തു. ഇടുക്കിയിൽ പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യവേയാണ് യുവതി പുനർവിവാഹത്തിനു പത്രപരസ്യം നൽകിയത്.

അഞ്ചു യുവതികളിൽ നിന്ന് തട്ടിയത് പത്ത് ലക്ഷം രൂപ

അഞ്ചു യുവതികളിൽ നിന്നും ഇയാൾ ഇതേ രീതിയിൽ ലക്ഷങ്ങൾ കൈവശമാക്കിയെന്നാണ് അന്ന് ഏലിയാസിനെ അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ഡിവൈഎസ്‌പി ടോമി സെബാസ്റ്റ്യൻ വെളിപ്പെടുത്തിയത്. കോലഞ്ചേരി, ചേലക്കര, അശമന്നൂർ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളെയാണ് ഏലിയാസ് പറ്റിച്ചത്. ഇവർ എല്ലാം തന്നെ പത്രങ്ങളിൽ പുനർവിവാഹത്തിനു പത്രപ്പരസ്യം നൽകിയവരായിരുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് ഇവർക്ക് നഷ്ടമായത്. എല്ലാം ഏലിയാസ് പലതവണയായി ഇവരിൽ നിന്നും തട്ടിയെടുത്തതാണ്. ഏലിയാസ് അറസ്റ്റിലായ്ത് അറിഞ്ഞു മൂവാറ്റുപുഴയിൽ നിരവധി പേർ ഡിവൈഎസ്‌പിയെ ബന്ധപ്പെട്ടിരുന്നു. എല്ലാവരിൽ നിന്നും ഏലിയാസ് തട്ടിപ്പ് നടത്തി എന്നാണ് ഇവർ ഡിവൈഎസ്‌പിയോട് പറഞ്ഞത്. ഇൻവർട്ടർ ബിസിനസുകാരനായി തട്ടിപ്പിലെക്ക് കടന്നു. എറണാകുളം കുറുപ്പംപടിയിൽ ഇൻവർട്ടർ ബിസിനസുകാരനായിരുന്നു. ഈ സമയത്ത് തന്നെയാണ് പുനർവിവാഹ പരസ്യങ്ങൾ തട്ടിപ്പിനുള്ള അയുധമാക്കി മാറ്റിയത്. കോഴിക്കോട് നിന്നും ഇയാൾ വിവാഹം കഴിച്ചിരുന്നു. ഇത് വേർപ്പെടുത്തിയാണ് വിവാഹത്തട്ടിപ്പിനു ഒരുങ്ങിയത്. കോഴിക്കോട് നിന്ന് ആദ്യവിവാഹം നടത്തിയതിന് ശേഷം ചാലക്കുടിയിൽ നിന്ന് വേറെ ഒരു വിവാഹവും കഴിച്ചിരുന്നു.

തട്ടിപ്പിന് അമ്മായിയമ്മയുടെ ശബ്ദം; ജഗജില്ലിയെന്ന് പൊലീസ്

തട്ടിപ്പിന് ഏലിയാസ് നടത്തുന്നത് മികച്ച ആസൂത്രണങ്ങളാണ്. ഈ ആസൂത്രണക്കെണിയിലാണ് എല്ലാവരും പെടുന്നത് എന്നാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്. മികച്ച ആസൂത്രണം, ആകർഷക പെരുമാറ്റം, റെക്കോർഡ് ഫോൺ സംഭാഷണം വഴിയുള്ള ഭീഷണി. ഇതാണ് ഏലിയാസിന്റെ രീതി. മരിച്ചു പോയ ആദ്യഭാര്യയുടെ അമ്മായിയമ്മയുടെ ശബ്ദമാണ് തട്ടിപ്പിന് ഏലിയാസ് ഉപയോഗിച്ചത്. നല്ലത് മാത്രം പറയുകയും ചെയ്യുകയും ചെയ്യുന്ന മരുമകനെ വാഴ്‌ത്തുന്ന അമ്മായിയമ്മയുടെ ശബ്ദമാണ് തട്ടിപ്പിന്നിരയാക്കുന്നവരെ ഏലിയാസ് കേൾപ്പിക്കാറ് . അമ്മായിയമ്മ തന്നെ മരുമകനെക്കുറിച്ച് നല്ലത് പറയുമ്പോൾ തങ്ങൾ എന്തിനു സംശയിക്കുന്നു എന്ന് യുവതികളും കരുതും. വിലകൂടിയ ആഡംബര കാറുകൾ കൂട്ടിനുണ്ടാകും. അന്ന് തന്നെ നാല് സിമ്മുകൾ ഏലിയാസ് കൈവശം വെച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ വരെ പേരിലുള്ള വ്യാജ സിംകാർഡുകൾ ആയിരുന്നു ഇവയിൽ പലതും. ഈ വ്യാജ സിം കാർഡുകൾ തന്നെയാണ് പ്രതിയെ കുരുക്കിയതും.

പത്രങ്ങളിൽ പുനർവിവാഹ പരസ്യം നോക്കലാണ് പ്രധാന ജോലി. ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ തട്ടിപ്പ് ആരംഭിക്കും. ഏലിയാസ് കൃസ്ത്യാനി ആയതിനാൽ പരസ്യത്തിനു അനുസരിച്ച് പേരും ജാതിയും മതവുമൊക്കെ മാറ്റും. ഡൽഹിയിൽ ജോലിയുള്ള യുവതിയെ കുരുക്കാൻ അന്ന് പറഞ്ഞത് ഡൽഹി പൊലീസിലാണ് ജോലിയെന്നാണ്. ഡൽഹി യുവതിയെ കുരുക്കാൻ യുവതി വീട്ടിലേക്ക് പോകുന്ന വേളയിൽ ഏലിയാസ് ഡൽഹിയിലുമെത്തി. താനും നാട്ടിലേക്ക് ആണ് എന്ന് പറഞ്ഞു യാത്രയും ഒരുമിച്ചാക്കി. യുവതിയുടെ വീട്ടിലെത്തിയപ്പോൾ സാമ്പത്തിക ശേഷി ഇല്ലെന്നു മനസിലാക്കി പതിയെ പിൻവലിയുകയായിരുന്നു. ഇടപെടുന്ന ഉദ്യോഗസ്ഥകളായ യുവതികളുടെ ഓഫീസിലെ രഹസ്യങ്ങൾ മനസിലാക്കി പണം തട്ടുന്ന പതിവും എലിയാസിണ്ടായിരുന്നു. കോതമംഗലം പൊതുമരാമത്തിലെ ഉദ്യോഗസ്ഥ കരാറുകാരിൽ നിന്നും പണം പറ്റുന്നതിന്റെ വിവരങ്ങൾ ഫോണിൽ റെക്കോഡ് ചെയ്ത് ഏലിയാസ് ഭീഷണിപ്പെടുത്തിയിരുന്നു. കരാറുകാരിൽ നിന്നും മാസപ്പടിയായി വാങ്ങുന്നതിന്റെ വിവരങ്ങൾ എലിയാസിനോട് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ച് യുവതിയെ ഏലിയാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഏലിയാസ് കുടുങ്ങിയപ്പോൾ പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങൾ ആണിത്.

ഈ അറസ്റ്റിനും ജയിൽവാസത്തിനു ശേഷം പിന്നീട് ഏലിയാസ് പൊങ്ങിയത് ചെങ്ങന്നൂരിലായിരുന്നു. അടുത്ത തട്ടിപ്പിന് ചെങ്ങന്നൂരാണ് തിരഞ്ഞെടുത്തത്. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഓൺലൈൻ ന്യൂസ് പോർട്ടലാണ് ചെങ്ങന്നൂരും തുടങ്ങിയത്. ഇവിടെ നിന്നാണ് ഒരു യുവതിയെ ഏലിയാസ് വളച്ചെടുത്തത്. യുവതി പത്രത്തിൽ പുനർവിവാഹ പരസ്യം നൽകിയതോടെയാണ് ഇയാൾ യുവതിയെ കുരുക്കാൻ പദ്ധതിയിട്ടത്. പിന്നീട് ബിടെക്കുകാരനും കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ ചെങ്ങന്നൂരിലാണ് ജോലി എന്ന് പറഞ്ഞാണ് നേരെ യുവതിയുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഈ പരാതിയിലാണ് അടുത്ത അറസ്റ്റ് വന്നത്.

വിവാഹ തട്ടിപ്പ് ആലപ്പുഴ നിന്നും, അറസ്റ്റ് ആലുവ വന്നപ്പോൾ:

പുനർവിവാഹ പരസ്യം നൽകിയ യുവതിയെയാണ് ആലപ്പുഴ ഏലിയാസ് വീഴ്‌ത്തിയത്. ഓൺലൈൻ ന്യൂസ് ഏജൻസി നടത്തവേയാണ് ആലപ്പുഴ സ്വദേശിയായ യുവതിയെ ഇയാൾ വീഴ്‌ത്തിയത്. പണവും സ്വർണാഭരണങ്ങളുമാണ് കവർന്നത്. യുവതി ആലപ്പുഴ എസ്‌പിക്ക് നൽകിയ പരാതിയെ തുടർന്നു ആലുവ ഗസ്റ്റ് ഹൗസ് പരിസരത്തു നിന്നാണ് ഏലിയാസ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപയും 19 ഗ്രാം തൂക്കമുള്ള രണ്ടു വളകളും ഒരു പവന്റെ സ്വർണനാണയങ്ങളുമാണ് ഏലിയാസ് അടിച്ചുമാറ്റിയത്. ഓൺലൈൻ ന്യൂസ് പോർട്ടൽ നടത്തുന്നതിന്നിടെയാണ് തട്ടിപ്പ് നടത്തിയത്. ബിടെക് കഴിഞ്ഞതാണെന്നും കേന്ദ്ര സർക്കാരിന്റെ രഹസ്വാന്വേഷണ ഏജൻസി ഉദ്യോഗസ്ഥനാണെന്നുമാണ് യുവതിയോട് പറഞ്ഞത്. രണ്ടു തവണയായി 50000 രൂപയും പിന്നീട് സ്വർണാഭരണങ്ങളും വാങ്ങി. പിന്നീട് യുവതി വിളിച്ചാൽ എടുക്കില്ല. ഫോണും സ്വിച്ച് ഓഫ്. അതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയത്. ഇയാൾ ആലുവ ഗസ്റ്റ് ഹൗസിൽ മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗിന് എത്തിയിരുന്നു. ഇത് മനസിലാക്കിയാണ് ആലുവ ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നും പൊലീസ് പൊക്കിയത്. ചെങ്ങന്നൂർ പൊലീസ് ആലുവ എത്തിയാണ് ഏലിയാസിനെ അറസ്റ്റ് ചെയ്തത്. ഏലിയാസിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം ഇങ്ങനെ:

കുറുപ്പംപടി നിന്നും എത്തിയത് മുംബയിൽ:

കുറുപ്പംപടിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ശേഷം ഏലിയാസ് മുംബെയിലേക്ക് മുങ്ങി. അവിടെ നടത്തിയതും തട്ടിപ്പുകൾ തന്നെ. മുംബയിൽ നിന്നും നില്ക്കക്കള്ളിയില്ലാതെ വന്നപ്പോൾ കോഴിക്കോട് എത്തി. ഈ പെൺകുട്ടിയെ വിവാഹം കഴിച്ച് കോഴിക്കോട് താമസമാക്കി. ഈ പെൺകുട്ടിയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയാണ് കോഴിക്കോട് നിന്നും മുങ്ങിയത്. ഇതിനു ശേഷമാണ് ഈ പണവുമായി നാട്ടിലെത്തിയത്. കുറുപ്പംപടി പൊലീസ് സ്റ്റേഷന്റെ അടുത്താണ് ഇൻവർട്ടർ ബിസിനസ് നടത്തിയത്. ഇതിനു ശേഷമാണ് പുനർവിവാഹം നടത്തുന്നവരെ ലക്ഷ്യമാക്കി തട്ടിപ്പ് നടത്താൻ തുടങ്ങിയത്. വ്യാജസിമ്മുകൾ ഉപയോഗിച്ചാണ് ഫോൺ വിളി. യുവതിയെ വിളിച്ച് സംസാരിച്ച ശേഷം അമ്മയ്ക്ക് ഫോൺ നൽകാം എന്ന് പറയും. അമ്മയുടെ സംസാരത്തിൽ ഏലിയാസ് തന്നെ സംസാരിക്കും. കോലഞ്ചേരി, ചേലക്കര, ആശമന്നൂർ, കൂത്താട്ടുകുളം, കോതമംഗലം സ്വദേശികളാണ് ഇയാളുടെ വലയിൽ കുരുങ്ങിയത്.

കോതമംഗലം സ്വദേശിയായ അസിസ്റ്റന്റ്‌റ് എഞ്ചിനീയർ നൽകിയ പരാതിയിലാണ് ഇയാൾ ജയിലിൽ എത്തിയത്. പതിനാലു ദിവസത്തിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പിന്നീടാണ് ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഓൺലൈൻ ന്യൂസിന്റെ പേരിൽ തട്ടിപ്പ് തുടങ്ങിയത്. മംഗളം പത്രത്തിന്റെ ആലപ്പുഴ സർക്കുലേഷൻ മാനേജറുടെ അസിസ്റ്റന്റ് എന്ന് പറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയതായാണ് അറിയാൻ കഴിയുന്നത്. ഇതിനു ശേഷമാണ് ആലപ്പുഴ സ്വദേശിനിയെ വലയിലാക്കുന്നത്. ഇവരും പുനർവിവാഹപരസ്യം നൽകിയിരുന്നു. ഇതുകണ്ട് ഫോണിൽ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളുമാണ് തട്ടിച്ചത്. ഈ കേസിൽ മൂന്നു വർഷം തടവിനും പതിനായിരം രൂപ പിഴയ്ക്കും വിധി വന്നിരുന്നു. ചെങ്ങന്നൂർ കോടതിയുടെ വിധിക്കെതിരെ മാവേലിക്കര അപ്പീൽ നൽകിയാണ് ഏലിയാസ് മുങ്ങിയത്. പിന്നീട് ഓൺലൈൻ ന്യൂസ് പോർട്ടൽ സിഇഒ, വിവരാവാകാശ പ്രവർത്തകൻ എന്ന രീതിയിലായി തട്ടിപ്പ്. തിരുവനന്തപുരത്ത് ഓൺലൈൻ ന്യൂസ് പോർട്ടൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് വിവാഹവാഗ്ദാനം നൽകിയ യുവതിയെ ഇയാൾ വഞ്ചിച്ചത്. ഇതിന്റെ പേരിലാണ് മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഇയാൾ അറസ്റ്റിലാകുമോ എന്നാണു ഏലിയാസിന്റെ തട്ടിപ്പുകളെക്കുറിച്ച് പഠനം വരെ നടത്തിയവർ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP