Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിസോർട്ടിലെ സിമ്മിങ് പൂളിൽ മരിച്ച സൗദി ബാലന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി; ഷോക്കേറ്റാണോ മരണമെന്ന് വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണം; സ്വിമ്മിങ് പൂളിലെ വെള്ളത്തിൽനിന്ന് ഒരാൾക്ക് മാത്രമായി വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ; നീതി ലഭിക്കാൻ പോരാടാൻ ഉറച്ച് സൗദിക്കാരനായ പിതാവ്

റിസോർട്ടിലെ സിമ്മിങ് പൂളിൽ മരിച്ച സൗദി ബാലന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി; ഷോക്കേറ്റാണോ മരണമെന്ന് വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണം; സ്വിമ്മിങ് പൂളിലെ വെള്ളത്തിൽനിന്ന് ഒരാൾക്ക് മാത്രമായി വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ; നീതി ലഭിക്കാൻ പോരാടാൻ ഉറച്ച് സൗദിക്കാരനായ പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുമരകത്തെ റിസോർട്ടിന്റെ സിമ്മിങ് പൂളിൽ മരിച്ച സൗദി ബാലന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. എറണാകുളം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്ത് ശനിയാഴ്ച വൈകീട്ട് 5.50നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സൗദിയിലേക്ക് കൊണ്ടുപോയത്. കുടുംബവും ഒപ്പം യാത്ര തിരിച്ചിട്ടുണ്ട്. അവധി ആഘോഷിക്കാൻ കേരളത്തിലെത്തിയ യാത്രയിൽ ഒരു മകനെ നഷ്ടമായതിന്റെ ആഘാതത്തിലാണ് കടുംബം. അതേസമയം മകന് ജീവൻ നഷ്ടമാകാൻ ഇടയാക്കിയത് റിസോർട്ട് അധികാരികളുടെ അനാസ്ഥയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മകൻ ഷോക്കേറ്റാണ് മരിച്ചതെന്നാണ് ഇവർ പറയുന്നത്.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ റിസോർട്ട് ജീവനക്കാരുടെ മൊഴി കുമരകം പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മരണം ഷോക്കേറ്റാണെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് 6.45ന് വേമ്പനാട്ടുകായൽ തീരത്തുള്ള അവേദ റിസോർട്ടിലെ കുട്ടികളുടെ സിമ്മിങ് പൂളിലാണ് സൗദി ജിദ്ദ സ്വദേശി ഇബ്രഹിം ഹമീദാദിന്റെ മകൻ അലാദീൻ ഇബ്രാഹിം (നാല്) മരിച്ചത്. കുളിക്കുന്നതിനിടെയായിരുന്നു അപകടം.

വൈദ്യുതാഘാതത്തെത്തുടർന്ന് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞദിവസം ഫോറൻസിക് വിദഗ്ധരും റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു.വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് കുമരകം എസ്.ഐ ജി. രാജൻ കുമാർ പറഞ്ഞു. തിങ്കളാഴ്ച മാത്രമേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുകയുള്ളൂ. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അലാദിൻ മരിക്കാനിടയായത് വൈദ്യുതാഘാമേറ്റാണെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിവ് ഓഫിസിൽനിന്ന് വിദഗ്ധരെത്തി സിമ്മിങ് പൂളിലെ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ലൈനുകൾ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത കണ്ടെത്താനായില്ലെന്ന് ഇൻസ്‌പെക്ടർ പി.വി. അലക്‌സ് അറിയിച്ചു. സ്വിമ്മിങ് പൂളിലെ വെള്ളത്തിൽനിന്ന് ഒരാൾക്ക് മാത്രമായി വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയില്ലെന്നും വിശദീകരിച്ചു. അതേസമയം, നാലടിയോളം വെള്ളമുള്ള കുളത്തിൽ കുട്ടി മുങ്ങിത്താഴുന്നതായി മലയാളിയായ വിനോദസഞ്ചാരിയുടെ ശ്രദ്ധയിൽപെട്ടിരുന്നു.

കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വിനോദസഞ്ചാരിക്ക് വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചതായി റിസോർട്ട് ജീവനക്കാരൻ പൊലീസിനോട് പറഞ്ഞിരുന്നു. ഇതും രണ്ടും തമ്മിൽ പൊരുത്തമില്ലാത്തത് പൊലീസിനെ കുഴക്കുന്നുമുണ്ട്. കോട്ടയം ഡിവൈ.എസ്‌പി. സഖറിയ മാത്യൂസ് അവേറ റിസോർട്ടിലെത്തി പരിശോധിച്ചിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയുമെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അടുത്ത ദിവസങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തും.

വൈദ്യുതിയാഘാതമേറ്റതായി സംശയിക്കുന്നതായണ് കുടുംബം ചൂണ്ടിക്കാട്ടിയത്. ജിദ്ദയിലെ ഫാർമസി കമ്പനിയിൽ ജോലിചെയ്യുന്ന ഇബ്രാഹിം ഹമീദാദിന്റെ മകൻ അലാദീൻ ഇബ്രാഹിം (നാലു വയസ്സ്) വ്യാഴാഴ്ച രാത്രിയാണ് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചത്. സംഘത്തിലെ കുട്ടികൾ കുട്ടികളുടെ നീന്തൽക്കുളത്തിലും മുതിർന്നവർ സമീപത്തെ വലിയ നീന്തൽക്കുളത്തിലും കുളിക്കവേ അലാദീൻ മുങ്ങിത്താഴുകയായിരുന്നു.

സംഭവത്തിൽ സൗദി എംബസി അധികൃതരും ഇടപെട്ടിട്ടുണ്ട്. നീന്തൽക്കുളത്തിന് സമീപം കളിച്ചിരുന്ന ആലാദിൻ കുളത്തിലേക്കിറങ്ങുമ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നെന്ന് പിതാവ് ഇബ്രാഹിം പറഞ്ഞിരുന്നു. മലയാളി വിനോദസഞ്ചാരി ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഷോക്കേറ്റു. സംഭവത്തിൽ റിസോർട്ടിന് വീഴ്ച സംഭവിച്ചതായും വിശദ അന്വേഷണം നടത്തണമെന്നും നീതിലഭിക്കാതെ രാജ്യം വിട്ടുപോകില്ലെന്നും ഇബ്രാഹിം പറഞ്ഞു. വിവരം ചോദിച്ചറിയാൻ ശ്രമിച്ച തങ്ങളോട് റിസോർട്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നുമാണ് പിതാവായ ഇബ്രാഹിം ആരോപിച്ചത്.

നീന്തൽക്കുളത്തിനു സമീപത്തെ വഴിയിലൂടെ പി.വി സി പൈപ്പ് വലിച്ച് വൈദ്യുതി കേബിൾ കടത്തിവിട്ടിരുന്നെന്നും ഇവിടെനിന്ന് ഷോക്കേറ്റതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സ്വിമ്മിങ് പൂളിലെ ഫൗണ്ടനിലേക്കും വൈദ്യുതി ലൈറ്റുകളിലേക്കുമാണ് ഇതുവഴി വൈദ്യുതി കേബിൾ വലിച്ചിരിക്കുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് പരിശോധനക്കെത്തിയ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ മുമ്പാകെ റിസോർട്ട് ജീവനക്കാർ നൽകിയ മൊഴിയിൽ, കുട്ടിയെ രക്ഷിക്കാൻ തുനിഞ്ഞ ഡോക്ടർ വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചതായി മൊഴിനൽകിയിട്ടുണ്ട്. പൊലീസിനും ഇവർ സമാന മൊഴിനൽകി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ചയാണ് ഏഴംഗ സൗദി കുടുംബം കുമരകത്തെത്തിയത്. ഇബ്രാഹിമിന്റെ നാലാമത്തെ മകനാണ് മരിച്ച അലാദീൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP