Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർഗ്ഗവാസന കാമുകീവികാരമാക്കിയ പ്രിൻസിപ്പൽ കുടുങ്ങും; നന്ദനയുടെ മരണത്തിൽ സസ്‌പെൻഷനിലായ അദ്ധ്യാപികയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണാക്കേസ് എടുക്കും; നിർണ്ണായകമാകുന്നത് മജിസ്‌ട്രേട്ടിന് നൽകിയ മരണമൊഴി

സർഗ്ഗവാസന കാമുകീവികാരമാക്കിയ പ്രിൻസിപ്പൽ കുടുങ്ങും; നന്ദനയുടെ മരണത്തിൽ സസ്‌പെൻഷനിലായ അദ്ധ്യാപികയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണാക്കേസ് എടുക്കും; നിർണ്ണായകമാകുന്നത് മജിസ്‌ട്രേട്ടിന് നൽകിയ മരണമൊഴി

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന +2 വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പലിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുക്കും. മുൻകൂർ ജാമ്യം നേടിയതു കൊണ്ട് മാത്രമാണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് പൊലീസ് നൽകുന്ന സൂചന. മൂവാറ്റുപുഴ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയും വാഴക്കുളം മണിയന്തടം പനവേലിൽ അനിധരന്റെ മകളുമായ നന്ദനയാണ് (17) അഞ്ചു ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷം ഇന്നലെ പുലർച്ചെ 12.40ന് മരണത്തിനു കീഴടങ്ങിയത്.

സ്‌കൂൾ പ്രിൻസിപ്പലിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ മനംനൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് നന്ദന മൊഴി നൽകിയിരുന്നു. കഴിഞ്ഞ രണ്ടിനു പരീക്ഷയ്ക്കു വിദ്യാർത്ഥികൾ ഹാളിൽ പ്രവേശിക്കുന്ന സമയത്ത്, മൊബൈൽ ഫോണുണ്ടോ എന്നറിയാൻ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചിരുന്നു. പരിശോധനയിൽ നന്ദനയുടെ ബാഗിൽനിന്ന് ഒരു കത്തു ലഭിച്ചു. തുടർന്ന് പ്രിൻസിപ്പൽ നന്ദനയെ ഓഫിസിൽ വിളിച്ചുവരുത്തി മറ്റ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ കത്തിലെ ഉള്ളടക്കം പരാമർശിച്ചു സംസാരിച്ചുവെന്നാണു പരാതി. സ്‌കൂൾ വിട്ടു വീട്ടിലെത്തിയശേഷം നന്ദന മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ ഈ സമയം ആളില്ലായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ സമീപവാസികൾ ഉടൻ തീകെടുത്തിയശേഷം തൊടുപുഴ കാരിക്കോട് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 80ശതമാനത്തിലേറെ പൊള്ളലേറ്റ നന്ദന ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്‌കൂളിൽ പരീക്ഷ നടക്കു ദിവസമാണ് നന്ദന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ പരിക്ഷ തുടങ്ങുതിന് മുമ്പായി അദ്ധ്യാപകർ കുട്ടികളുടെ ബാഗും മറ്റും പരിശോധിച്ചു. ഇതിനിടെ നന്ദനയുടെ ബാഗിൽ നിന്നും ഒരു കത്ത് ലഭിച്ചു. ഇത് സമ്പന്ധിച്ച് പ്രധാന അദ്ധ്യാപിക ഓഫീസിൽ വിളിച്ച് വരുത്തി നന്ദനയോട് വിവരങ്ങൾ തെരക്കുകയും ഉപദേശിക്കുകയും ചെയ്തു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. സ്‌കൂളിൽ നിന്നും വീട്ടിലെത്തിയ നന്ദന അയൽവക്കത്തെ വീട്ടിൽ നിന്ന് മണ്ണെണ്ണ വാങ്ങി വീട്ടിലെത്തിയശേഷമാണ് തീകൊളുത്തിയത്.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കുശേഷം മൂന്നിനാണു നന്ദനയെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. തലവഴി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതിനാൽ തലയോട്ടിക്കു കാര്യമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച ആദ്യ രണ്ടു ദിനങ്ങളിൽ ബോധമുണ്ടായിരുന്നു. ഈ സമയത്ത് ഏറ്റുമാനൂർ മജിസ്‌ട്രേട്ട് എത്തി മൊഴി രേഖപ്പെടുത്തി. പ്രിൻസിപ്പലിന്റെ പെരുമാറ്റം തനിക്ക് അപമാനമുണ്ടാക്കിയെന്നും ഇതിൽ മനം നൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നുമാണ് നന്ദന മൊഴി നൽകിയത്. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. തുടർന്നു മരുന്നുകളോടും പ്രതികരിക്കാതെ വന്നു.

ഭക്ഷണമോ വെള്ളമോ നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെയും പൊള്ളൽ ബാധിച്ചിരുന്നതിനാൽ അണുബാധയുമേറ്റു. നന്ദനയുടെ പിതാവ് അനിധരൻ നൽകിയ പരാതിയിൽ പ്രിൻസിപ്പലിനെതിരെ വാഴക്കുളം പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ ബാഗിൽ നിന്നു കണ്ടെത്തിയ കുറിപ്പ് കാമുകനെഴുതുന്നതു പോലെ തോന്നിക്കുന്നതായിരുന്നെന്നും വാചകങ്ങളിൽ പലതും സഭ്യതക്ക് നിരക്കുന്നതല്ലെന്നുമായിരുന്നു അദ്ധ്യാപകസംഘത്തിന്റെ വിലിരുത്തൽ. താൻ സ്വപ്‌നം കാണുന്ന ജീവിതത്തെക്കുറിച്ച് കുറുപ്പിൽ പെൺകുട്ടി വിശദമായി വിവരിച്ചിരുന്നെന്നും പതിനെട്ടുവയസ്സുവരെ മാത്രമേ തനിക്ക് ജീവിതമുള്ളതെന്നും ഇതിനകം നീ എനിക്ക് എല്ലാ ജീവിതസുഖങ്ങളും നൽകണമെന്നും വിദ്യാർത്ഥിനി കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ടെന്നുമാണ് പ്രധാനാദ്ധ്യാപിക പൊലീസിനു നൽകിയ വിവരം. ഇതേത്തുടർന്നു പെൺകുട്ടിയെ ഓഫീസ് റൂമിൽ വിളിച്ചു വരുത്തി ഇക്കാര്യത്തിൽ പ്രധാനാദ്ധ്യാപിക വിശദീകരണം തേടിയെന്നും മാതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെന്നും മനോവിഷമത്താലാവാം പെൺകുട്ടി ആത്മഹത്യക്ക് തുനിഞ്ഞതെന്നുമാണ് പൊലീസ് അനുമാനം.

സംഭവത്തെത്തുടർന്ന് അദ്ധ്യാപികയ്‌ക്കെതിരെ ബാലപീഡനത്തിന് വാഴക്കുളം പൊലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് ഒളിവിലായിരുന്ന ഇവർക്ക് ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പുറത്തുവിട്ടിട്ടുള്ള വിവരം മറ്റൊന്നാണ്. മകൾ കഥകളും കവിതകളുമൊക്കെ എഴുതാറുണ്ടെും ഇത്തരത്തിൽ പാതിപൂർത്തിയാക്കിയ രചനയിലെ ഒരുഭാഗം മാത്രം കണ്ടെത്തി മകളെ അദ്ധ്യാപക സംഘം മാനം കെടുത്തുകയായിരുന്നെന്നുമാണ് ഇവരുടെ വാദം. സ്റ്റാഫ് റൂമിൽ മറ്റ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും മുന്നിൽ വച്ചാണ് പ്രധാനാദ്ധ്യാപിക ഇക്കാര്യത്തിൽ മകളോട് പരുഷമായ ഭാഷയിൽ വിശദീകരണം തേടിയതെന്നും ഇതേത്തുടർന്നുള്ള മാനഹാനിയും മനോവിഷമവും മൂലമാണ് മകൾ ഈ കടുംകൈ ചെയ്തതെന്നുമാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ.

ലേഖയാണ് നന്ദനയുടെ അമ്മ. നയന സഹോദരിയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP