ഖത്തറിലേക്ക് പോകാനൊരുങ്ങവെ ഭാര്യയുടെ ബന്ധു എത്തിയത് ചിപ്‌സ് പാക്കറ്റുമായി; വിമാനമിറങ്ങുമ്പോൾ സാധനം വാങ്ങാനാളെത്തും എന്ന് പറഞ്ഞപ്പോൾ സമ്മതംമൂളി യുവാവ്; ചെറിയ പാക്കറ്റിൽ സംശയം തോന്നി പൊട്ടിച്ച് നോക്കിയപ്പോൾ കിട്ടിയത് കഞ്ചാവ് പൊതി; ഭാര്യയുടെ ബന്ധു വഴി വന്ന ചതിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മലപ്പുറം സ്വദേശി ആബിദ്; നാട്ടിലെത്തി മടങ്ങുമ്പോൾ പ്രവാസികൾ ഒന്ന് സൂക്ഷിക്കണം പ്ലീസ്
June 21, 2019 | 10:33 AM IST | Permalink

ജംഷാദ് മലപ്പുറം
മലപ്പുറം: ഖത്തറിൽ പോകുന്ന യുവാവിന് ഭാര്യയുടെ മാതൃ സഹോദരിയുടെ മകൻ മറ്റൊരാൾക്ക് നൽകാനായി ഏൽപ്പിച്ച ചിപ്സ് പാക്കറ്റിൽ കഞ്ചാവ്. മലപ്പുറത്തെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഭാര്യയുടെ മാതൃ സഹോദരിയുടെ മകനാണ് ആബിദിനെ പാക്കറ്റ് ഏൽപ്പിച്ചത്. ചിപ്സിന്റെ വളരെ ചെറിയ പാക്കറ്റിൽ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് കഞ്ചാവ് കാണപ്പെട്ടത്. ഖത്തറിലുള്ള സുഹൃത്തിനെ ഏൽപ്പിക്കാൻ ബന്ധു കൊണ്ടുവന്ന പാക്കിലാണ് കഞ്ചാവ്. നന്നമ്പ്ര പാണ്ടിമുറ്റം കല്ലത്താണി സ്വദേശി കക്കോടി വീട്ടിൽ ആബിദിനെയാണ് ഭാഗ്യം തുണച്ചത്.
കഴിഞ്ഞ ദിവസം സുഹൃത്തുമൊത്ത് ഖത്തറിലേക്ക് പുറപ്പെട്ട ആബിദിന് ഭാര്യയുടെ ബന്ധു മറ്റൊരാൾക്ക് നൽകാനായി ഏൽപ്പിച്ച ചിപ്സ് പാക്കറ്റിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യയുടെ മാതൃ സഹോദരിയുടെ മകനാണ് ആബിദിനെ പാക്കറ്റ് ഏൽപ്പിച്ചത്. അയാളുടെ സുഹൃത്ത് ഖത്തറിലുള്ള സ്നേഹിതന് നൽകാൻ ഏൽപ്പിച്ചതാണത്രെ ഇത്. യാത്രയുടെ ഏതാനും മണിക്കൂർ മുമ്പ് ചിപ്സ് പാക്കറ്റ് വീട്ടിൽ എത്തിച്ചത്. ചിപ്സിന്റെ വളരെ ചെറിയ പാക്കറ്റിൽ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് അൻപത് ഗ്രാമോളം കഞ്ചാവ് കാണപ്പെട്ടത്. വിമാനമിറങ്ങിയാൽ എത്തുന്ന ആൾക്ക് കൈമാറാനിരുന്നു ആബിദിന് ലഭിച്ച നിർദ്ദേശം.
പൊതി ഏൽപ്പിച്ചയാളെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്ന് ആബിദിന്റെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് താനൂർ പൊലിസ് അന്വേഷണം ആരംഭിച്ചു. ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ കഞ്ചാവുമായി പിടിയിലായാലുള്ള ശക്തമായ നിയമങ്ങൾ അറിഞ്ഞിട്ടും ഭാര്യയുടെ ബന്ധു ഇത്തരത്തിൽ നൽകിയ പണിക്കെതിരെ ബന്ധുക്കൾ യുവാവിനെ ചോദ്യംചെയ്തതായും പറയപ്പെടുന്നുണ്ട്.
അതേ സമയം ചരസ്സ്, ഹാഷിഷ് ഓയിൽ ,കഞ്ചാവ് അടക്കമുള്ള മാരക മയക്കുമരുന്നുകളുമായി യുവാവിനെ തിരൂർ എക്സൈസ് സംഘം ഇന്ന് അറസ്റ്റ് ചെയ്തു. ഇരിങ്ങാവൂർ സ്വദേശിയും തൃക്കണ്ടിയൂരിൽ താമസക്കാരനുമായ കൂടിയേടത്ത് വീട്ടിൽ ഹരൺ പ്രദീപ് (24) ആണ് അറസ്റ്റിലായത്. നേരത്തെ 900 ഗ്രാം എംഡിഎംഎയുമായി വൈലത്തൂരിൽ നിന്നും എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്ത പൊന്നാനി നാലാട്ടു വീട്ടിൽ സുമിത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്നു വ്യാപാര ശൃംഗലയിലെ ഒരു കണ്ണിയെ കൂടി അറസ്റ്റ് ചെയ്യാനായത്.
സംഘത്തിലെ കോട്ടക്കൽ സ്വദേശിയെ കൂടി പിടികൂടാനുണ്ട്. രാത്രിയിൽ യുവാക്കളേയും വിദ്യാർത്ഥികളേയും വശീകരിച്ചു വരുത്തി ഇരുളിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുകയും ഉപയോഗിക്കുന്നവരുമാണ് ഇവർ. തിരൂരിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ യുവാക്കൾ കൂട്ടം കൂടിയിരിക്കുന്നത് എക്സൈസ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഹരൺ പ്രദീപിനെ തിരൂർ മുനിസിപ്പൽ ടൗൺഹാളിനു സമീപത്തുനിന്നാണ് പിടികൂടിയത്. ഇയാളുടെ ബാഗിൽ നിന്നും 340 മില്ലി ചരസ്, രണ്ടു ഗ്രാം ഹാഷിഷ് ഓയിൽ, 25 ഗ്രാം കഞ്ചാവ് 140 ഗ്രാം എംഡി എം എ എന്നിവയാണ് കണ്ടെടുത്തത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ബാഗിൽ നിന്നും കണ്ടെടുത്തു.