Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

9000 രൂപ വിലയുള്ള ലോക്കറിന് വാടക കൊടുത്തത് 70000 രൂപ; 2100 രൂപ വില വരുന്ന ഫാൻ വാടകക്ക് എടുത്തത് 10000 രൂപക്ക്! ദേശീയ ഗെയിംസിൽ നടന്നത് അടിമുടി ക്രമക്കേടുകളെന്ന് വ്യക്തമാകുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്: അധികാരികൾ പോക്കറ്റിലാക്കിയത് 25 കോടിയോളം രൂപ

9000 രൂപ വിലയുള്ള ലോക്കറിന് വാടക കൊടുത്തത് 70000 രൂപ; 2100 രൂപ വില വരുന്ന ഫാൻ വാടകക്ക് എടുത്തത് 10000 രൂപക്ക്! ദേശീയ ഗെയിംസിൽ നടന്നത് അടിമുടി ക്രമക്കേടുകളെന്ന് വ്യക്തമാകുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്: അധികാരികൾ പോക്കറ്റിലാക്കിയത് 25 കോടിയോളം രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം ആഥിത്യമരുളിയ ദേശീയ ഗെയിംസിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. മലയാള മനോരമയെ ഇവന്റ് മാനേജ്‌മെന്റ് വിഭാഗം ഏൽപ്പിച്ചപ്പോൾ തുടങ്ങിയ വിവാദം ലാലിസത്തിലൂടെയും മറ്റും കത്തിപ്പടർന്നു. വിവാദങ്ങൾക്ക് ഒടുവിൽ ഭംഗിയായി തന്നെ ഗെയിംസ് നടത്തി. എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തുകയും ഉണ്ടായി. എന്നാൽ, ഈ അന്വേഷണത്തിനൊടുവിൽ യാതൊരു അഴിമതിയും നടന്നില്ലെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. എന്നാൽ ദേശീയ ഗെയിംസ് അഴിമതിയിലെ അന്വേഷണം പോലും കണ്ണിൽപൊടിയിടാൻ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. 35ാമത് ദേശീയ കായികമേളയിൽ നടന്നത് വൻ ക്രമക്കേടാണെന്നാണ് ഓഡിറ്റി റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.

വേദികളുടെ നിർമ്മാണം മുതൽ വാടകയ്ക്ക് എടുത്ത കായിക ഉപകരങ്ങളുടെ കാര്യത്തിൽ വരെ കെടുകാര്യതസ്ഥത ഉണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. 25 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അംഗീകരിച്ചതു മുതൽ ആറു വർഷത്തെ ഇടവേള ലഭിച്ചെങ്കിലും ഈ കാലയളവ് ഫലപ്രദമായി ഉപയോഗിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഗെയിംസുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണം നടത്തേണ്ടി വരുമെന്ന സൂചനയാണ് ഓഡിറ്റ് റിപ്പോർട്ട് നൽകുന്നത്.

വാടകയ്ക്ക് എടുത്ത പല സാമഗ്രികൾക്കും വിപണി വിലയേക്കാൾ കൂടുതൽ ചെലവായെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 9000 രൂപ വിലയുള്ള ലോക്കറിന് വാടക കൊടുത്തത് 70000 രൂപയാണ്. ഇത് കൂടാതെ ഫാൻ വാടകയുടെ കാര്യത്തിൽ തന്നെ വൻ വെട്ടിപ്പാണ് നടന്നത് വിപണിയിൽ 2100 രൂപ വില മാത്രം വരുന്ന ഫാൻ വാടകയ്ക്ക് എടുത്തത് 10000 രൂപ നൽകിയാണ്. നഗ്നമായ ധൂർത്താണ് ഇക്കാര്യത്തിൽ നടന്നതെന്ന കാര്യം വ്യക്തമാണ്.

ഗെയിംസിന് വേണ്ടിയുള്ള വേദികളുടെ നിർമ്മാണം, കായിക ഉപകരണങ്ങളുടെ സമാഹരണം, നടത്തിപ്പ്, മുറ്റുള്ള ചെലവുകൾ എന്നിവയിൽ ആകെ 3.35 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 11 കോടിയോളം രൂപ പാഴ്‌ച്ചെലവായി. പത്തര കോടി രൂപ അധിക ചെലവായെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. ആറ് വർഷത്തെ സമയമുണ്ടായിരുന്നെങ്കിലും ആസൂത്രണം, പദ്ധതികൾക്ക് വിവിധ തലങ്ങളിലുള്ള അംഗീകാരം നേടിയെടുക്കൽ, നിയമാനുമതി നേടിയെടുക്കൽ എന്നിവയ്ക്ക് കാര്യക്ഷമമായി ഉപയോഗിക്കേണ്ട സമയം ഗെയിംസ് അധികൃതരുടെയും സർക്കാരിന്റെയും അലംഭാവത്തിലൂടെ പാഴായെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.

സാദ്ധ്യതാ പഠനം നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കുക, ശാസ്ത്രീയമല്ലാതെ പ്ലാനുകൾ തയ്യാറാക്കുക, ഉയർന്ന നിരക്കുകൾ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കുക, എസ്റ്റിമേറ്റ് നിരക്കിനേക്കാൾ ഉയർന്ന നിരക്ക് അനുവദിക്കുക, എസ്റ്റിമേറ്റിൽ നിന്ന് വ്യതിചലിച്ച് പ്രവൃത്തികൾ നടപ്പിലാക്കുക, യോഗ്യത ഇല്ലാത്ത സ്ഥാപനത്തിന് കൺസൾട്ടൻസി നൽകുക, മതിയായ സമയം നൽകാതെ ടെണ്ടർ പരസ്യം നൽകുക, ടെണ്ടറിന്റെ മൽസര സ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയിൽ നടപടികൾ സ്വീകരിക്കുക, നെഗോസ്യേഷൻ പോലും നടത്താതെ ഏക ബിഡ് അംഗീകരിക്കുക, കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത സ്ഥാപനത്തെ അവഗണിച്ച് ഉയർന്ന നിരക്ക് ക്വോട്ട് ചെയ്ത സ്ഥാപനത്തിന് കരാർ നൽകുക, പ്രീക്വാളിഫിക്കേഷനിൽ അയോഗ്യമാക്കപ്പെട്ട സ്ഥാപനത്തിന് സുതാര്യമല്ലാത്ത നടപടികളിലൂടെ കരാർ നൽകുക, ചുമതലകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയ കൺസൾട്ടൻസിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് വലിയ നഷ്ടമുണ്ടായത്.

തുടർ ഉപയോഗത്തിന് ധാരണാപത്രം ഇല്ലാതെ സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വേദികൾ നിർമ്മിക്കുക, നിലവാരമില്ലാത്ത പ്രവൃത്തികൾക്ക് മതിയായ പരിശോധനയില്ലാതെ തുക അനുവദിക്കുക, വേദികൾക്കോ വാംഅപിനോ അല്ലാത്ത സ്റ്റേഡിയങ്ങൾക്കായി തുക ചെലവഴിക്കുക, കായിക മേഖലയുടെ വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽ വേദികളുടെ തുടർ ഉപയോഗത്തിന് പദ്ധതി തയ്യാറാക്കാതിരിക്കുക തുടങ്ങി നിരവധി അപാകതകൾ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, മേനംകുളം ഗെയിംസ് വില്ലേജ് എന്നിവയുടെ നിർമ്മാണം സർക്കാറിന് വൻബാധ്യതയാണ് ഉണ്ടാക്കിയതെന്ന് ലോക്കൽഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സർക്കാർ 416.64 കോടി രൂപ മുടക്കുമ്പോഴും ഉടമാവകാശം കേരള സർവകലാശാലക്കാണ്. പദ്ധതി ഡി.ബി.ഒ.ടി(ഡിസൈൻ ചെയ്ത് നിർമ്മിച്ച് പ്രവർത്തിപ്പിച്ച് കൈമാറുക)തത്ത്വങ്ങൾക്ക് അനുസൃതമല്ലെന്നും പറയുന്നു.

ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെ സ്വതന്ത്ര കൺസൾട്ടന്റായി നിയോഗിച്ച ചെന്നൈയിലെ എസ്.ടി.യു.പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ തെരഞ്ഞെടുപ്പിലും അപാകതയുണ്ട്. ഏത് മാനദണ്ഡപ്രകാരമാണ് കരാർ നൽകിയതെന്ന് വ്യക്തമല്ല. ഇതുവരെ പ്രതിഫലമായി 2,39,38,440രൂപ ഇവർക്ക് നൽകിയിട്ടുണ്ട്. മേനംകുളം ഗെയിംസ് വില്ലേജിന്റെ നിർമ്മാണത്തിലും നിരവധി അപാകതകൾ കണ്ടത്തെി. ആക്കുളത്ത് ഗെയിംസ് വില്ലേജ് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതിലൂടെ 13.96 ലക്ഷം രൂപ പാഴായതായും റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം അഴിമതി നടന്നതിന്റെ വ്യക്തമായ തെളിവായി വിലയിരുത്തുന്നു.

നേരത്തെ കേന്ദ്ര ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് അഴിമതിയൊന്നും നടന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ ദേശീയ ഗെയിംസ് സുതാര്യമായാണ് നടന്നതെന്ന് വീമ്പു പറഞ്ഞവർക്കുള്ള തിരിച്ചടിയാണ് ഓഡിറ്റ് റിപ്പോർട്ട്. ഗ്രീൻ ഫീൽഡ്‌േേ സ്റ്റഡിയത്തിനായി തയ്യാറാക്കിയ ധാരണാപത്രത്തിൽ വലിയ പിഴവുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ 15വർഷം ചില കായികമത്സരങ്ങൾ സൗജന്യമായി നടത്താം എന്നതൊഴിച്ചാൽ സർക്കാറിന് ഏതെങ്കിലും വരുമാനമോ സേവനമോ ലഭിക്കില്ല. ഇതിനുശേഷം ഒരു മത്സരവും സൗജന്യമായി നടത്താനാവില്ല. സർക്കാറിന്റെ പൂർണ മുതൽമുടക്കിൽ നിർമ്മിക്കുന്ന സ്റ്റേഡിയം ആദ്യ 15വർഷം സ്വകാര്യ നിക്ഷേപകന്റെ കൈവശവും പിന്നീട് സർവകലാശാലയുടെ ഉടമസ്ഥതയിലുമാകും.

സർക്കാറിനുകൂടി നിയന്ത്രണാവകാശം ലഭിക്കുന്ന കരാർ ഉണ്ടാക്കുന്നതിൽ വീഴ്ച സംഭവിച്ചു. സർക്കാർ താൽപര്യങ്ങൾക്ക് അനുസൃതമല്ലാത്ത പാട്ടക്കരാറാണ് ഉണ്ടാക്കിയത്. സ്വകാര്യസംരംഭകരുടെ മുതൽമുടക്ക് സ്റ്റേഡിയം പ്രവർത്തിപ്പിക്കുന്നതിലൂടെയുള്ള വരുമാനത്തിൽ നിന്നാണ് സാധാരണ ലഭിക്കുക. എന്നാൽ ഇവിടെ ആന്വിവിറ്റി, പരിപാലനചെലവിന്റെ 90ശതമാനം എന്നിവ സർക്കാറാണ് നൽകുന്നത്.15 വർഷം കൊണ്ട് 15,84,27,600രൂപ സർവകലാശാലക്ക് പാട്ടം, സേവന നികുതി ഇനത്തിൽ നൽകേണ്ടിവരും. നിർമ്മാണം പൂർത്തിയാകാതെയാണ് ഗെയിംസിന്റെ ഉദ്ഘാടനസമാപനചടങ്ങുകൾ സ്റ്റേഡിയത്തിൽ നടന്നത്.

611.33 കോടി രൂപയുടെ ബജറ്റാണ് ദേശീയ ഗെയിംസിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾക്കും പ്ലാനിങ് കമ്മീഷനും നൽകിയത്. എന്നാൽ പ്ലാനിങ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ഇത് 426 കോടി രുപയുടേതാക്കി പുതുക്കി സമർപ്പിച്ചു. ഇതിന്റെ 30 ശതമാനമായ 121 കോടി രൂപയാണ് കേന്ദ്ര സഹായമായി ലഭിച്ചത്. എന്നാൽ 611.33 കോടി രൂപയുടെ ബജറ്റ് അടിസ്ഥാനമായി സ്വീകരിച്ചാണ് സംസ്ഥാന സർക്കാരും ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റും ചെലവുകൾ നടത്തിയത്. ഈ കണക്കുവച്ച് വെറും 20 ശതമാനം കേന്ദ്ര ധനസഹായമാണ് ലഭിച്ചതെന്നും റിപ്പോർട്ട് പറയുന്നു.

ഡിസംബർ 17ന് നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു. വൈകുന്ന ഓരോ ദിവസത്തിനും ഒരുലക്ഷം രൂപ വീതം പിഴയൊടുക്കാൻ കരാറുകാർ ബാധ്യസ്ഥരാണെങ്കിലും പിഴ ഈടാക്കാൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പണി മുടങ്ങാനുണ്ടായ സാഹചര്യം വിശദീകരിച്ച് കരാറുകാർ നൽകിയ കത്തുകൾക്ക് അധികൃതർ മറുപടി പോലും നൽകിയില്ല. മേനംകുളത്തെ ഗെയിംസ് വില്ലേജിൽ പ്രീഫാബ് നിർമ്മാണം ലഭിച്ചത് പ്രീ ക്വാളിഫിക്കേഷൻ യോഗ്യതയില്ലാത്ത സ്ഥാപനത്തിനാണ്. പവർ ബ്‌ളോക് ഇൻേറണൽ റോഡ് നെറ്റ്‌വർക്ക് നിർമ്മാണത്തിന് അധികനിരക്ക് നൽകിയതിലൂടെ 11.16 ലക്ഷവും ഗെയിംസ് വില്ലേജിനുള്ള പ്രീ ഫാബ് മോക്ക് യൂനിറ്റ് നിർമ്മാണത്തിന് 25.23 ലക്ഷവും അധികചെലവുണ്ടായി.

ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡയറക്ടർ ടി ഭാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 2008 മുതൽ 2015 വരെയുള്ള ദേശീയ ഗെയിംസിന്റെ വരവു ചെലവുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP