Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാലുകൾ വലിച്ചകത്തി തുടയിടുക്കിലെ പേശികളിൽ രക്തം പൊടിഞ്ഞു; മൂന്നാമുറയിൽ വൃക്കകൾക്കടക്കം ഗുരുതര പരുക്കേറ്റു; രണ്ടാം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത് 22 പുതിയ പരുക്കുകൾ; ഹരിത ഫിനാൻസ് ഉടമ രാജ്കുമാറിന്റെ മരണം ന്യൂമോണിയ മൂലമാണെന്ന പൊലീസ് വാദം പൊളിയുന്നു; നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്നത് ക്രൂരപീഡനം; അന്വേഷണം പക്ഷപാതപരമെന്ന് ഹൈക്കോടതി

കാലുകൾ വലിച്ചകത്തി തുടയിടുക്കിലെ പേശികളിൽ രക്തം പൊടിഞ്ഞു; മൂന്നാമുറയിൽ വൃക്കകൾക്കടക്കം ഗുരുതര പരുക്കേറ്റു; രണ്ടാം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത് 22 പുതിയ പരുക്കുകൾ; ഹരിത ഫിനാൻസ് ഉടമ രാജ്കുമാറിന്റെ മരണം ന്യൂമോണിയ മൂലമാണെന്ന പൊലീസ് വാദം പൊളിയുന്നു; നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്നത് ക്രൂരപീഡനം; അന്വേഷണം പക്ഷപാതപരമെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

പീരുമേട്: നെടുങ്കണ്ടത്ത് ഫിനാൻസ് കമ്പനി ഉടമ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം പൊലീസിന്റെ വാദങ്ങൾ പൊളിക്കുന്നു. നിർണായക തെളിവുകളാണ് ഈ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെയാണ് കോലാഹലമേട് സ്വദേശി മരിച്ചത്. ഇയാൾ മരിച്ചത് ന്യൂമോണിയ മൂലമല്ല, മർദ്ദനമേറ്റാണെന്ന് കണ്ടെത്തി. പൊലീസ് സ്റ്റേഷനിൽ നടന്ന കടുത്ത മൂന്നാംമുറയിൽ കുമാറിന്റെ വൃക്കകൾ അടക്കം തകരാറിലായി. ഉരുട്ടിക്കൊല എന്ന സംശയിക്കാവുന്ന 22 പുതിയ പരുക്കുകൾ കണ്ടെത്തി.

അതേസമയം, കേസിൽ പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന് ഹൈക്കോടതി വിമർശിച്ചു. റിമാൻഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപ്പോർട്ട് നൽകുന്നതിൽ ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു. എത്ര സാക്ഷികൾ വന്നാലും സാഹചര്യതെളിവുകൾ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. കേസിൽ ഹൈക്കോടതി മജിസ്ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. രാജ്കുമാറിനെ ഹാജരാക്കിയപ്പോൾ പൊലീസ് മർദനത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നോ എന്ന് നാളെ രാവിലേക്കകം റിപ്പോർട്ട് നൽകണം. എസ് ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ആയിരുന്നു കോടതിയുടെ നിർദ്ദേശം. കേസ് അന്വേഷണം പക്ഷപാതപരം ആണെന്നും കേസിൽ ഒരു പാട് കണ്ണികൾ വിട്ടുപോയിട്ടുണ്ട് എന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡി മരണം ഇല്ലാതാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. 35 ദിവസമായിട്ടും അന്വേഷണം പൂർത്തിയാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എസ്‌ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

പുതിയ പോസ്റ്റ്‌മോർട്ടത്തിൽ 22 പുതിയ പരുക്കുകളാണു കണ്ടെത്തിയത് തന്നെ കേസിന്റെ ഗൗരവം കൂട്ടുന്നു. മൂന്നാംമുറ പീഡനത്തിൽ വൃക്കയിൽ ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. കാലുകൾ വലിച്ചകത്തി തുടയിടുക്കിലെ പേശികളിൽ രക്തം പൊടിഞ്ഞെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പുതിയ കണ്ടെത്തലുകളോടെ, കേസിൽ കൂടുതൽ പൊലീസുകാർ പ്രതികളാകാൻ സാധ്യതയുണ്ട്. ആദ്യം പോസ്റ്റ്‌മോർട്ടം ചെയ്ത പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ വകുപ്പുതല നടപടി നേരിടേണ്ടി വരും. ആദ്യ പോസ്റ്റ്‌മോർട്ടത്തെക്കാൾ കൂടുതൽ മുറിവുകൾ കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടെന്നും ചതവുകളാണ് ഏറെയുമെന്നാണു കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പറഞ്ഞത്.

കുമാറിന്റെ മൃതദേഹം, കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസി. പ്രഫസറും പിജി വിദ്യാർത്ഥിയും ചേർന്നാണ് ആദ്യം പോസ്റ്റ്‌മോർട്ടം ചെയ്തത്. മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയയ്ക്കാത്തതും വിമർശനത്തിനിടയാക്കി. തുടർന്നാണു വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ജുഡീഷ്യൽ കമ്മിഷൻ ഉത്തരവിട്ടത്.

നാലു മുതിർന്ന പൊലീസ് സർജന്മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. മൃതദേഹം സംസ്‌കരിച്ച വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ സെമിത്തേരി വളപ്പിൽ പോസ്റ്റ്‌മോർട്ടം നടത്താനാണു തീരുമാനിച്ചിരുന്നതെങ്കിലും ജുഡീഷ്യൽ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. റീ പോസ്റ്റ്‌മോർട്ടത്തിനൊപ്പം ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങളും കമ്മിഷൻ പരിശോധിക്കും. കസ്റ്റഡി മരണക്കേസിൽ മുൻ നെടുങ്കണ്ടം എസ്‌ഐ ഉൾപ്പെടെ 7 പേരെയാണു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കി മുൻ എസ്‌പി, കട്ടപ്പന മുൻ ഡിവൈഎസ്‌പി എന്നിവരുടെ പങ്ക് സംബന്ധിച്ച്, അറസ്റ്റിലായ ഉദ്യോഗസ്ഥർ എല്ലാവരും മൊഴി നൽകിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.

സമാനതകളില്ലാത്ത ക്രൂരത

ലോക്കപ്പ് മർദ്ദനങ്ങളിൽ സമാനതകളൊന്നുമില്ലാത്ത ക്രൂരതയാണ് രാജ് കുമാറിന് നേരിടേണ്ടി വന്നത്. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. കാലിനും ശരീരത്തിന്റെ പലഭാഗത്തും മർദനമേറ്റു. ന്യൂമോണിയ ബാധയെത്തുടർന്നാണ് മരിച്ചത്. എന്നാൽ, മരണകാരണം ഇതല്ല. ന്യൂമോണിയയിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിയമസഭയിൽ പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ കസ്റ്റഡിമരണത്തിന്റെപേരിൽ നിയമസഭയിൽ മറുപടി പറയേണ്ടിവരുന്നത് വിധിവൈപരീത്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ വരാപ്പുഴയിലും മറ്റും പൊലീസിനെ പിന്തുണച്ച സർക്കാർ തന്നെയാണ് ഈ കൊലയിലും പ്രതിസ്ഥാനത്ത്. ലോക്കപ്പിൽ മരണ ശിക്ഷ നടപ്പാക്കുന്നവർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. വിചാരണയിൽ ശിക്ഷ ഉറപ്പാക്കുകയും വേണം. അത് നടപ്പിലാക്കാത്താണ് വീണ്ടും വീണ്ടും ലോക്കപ്പിൽ മലയാളികൾ മരിച്ചു വീഴാൻ കാരണവും.

നെടുങ്കണ്ടം സ്റ്റേഷനിൽ പൊലീസുകാരുടെ വിശ്രമമുറി തന്നെയാണ് ഇടിമുറിയും. കുമാർ 4 ദിവസം ഇവിടെയായിരുന്നു. മർദിച്ചത് എഎസ്ഐയും 2 പൊലീസ് ഡ്രൈവർമാരും. മേൽനോട്ടം ഒരു ഉന്നത ഉദ്യോഗസ്ഥൻ. ലാത്തി കൊണ്ട് കാൽ മുട്ടിനു താഴെ ഉരുട്ടി. കാൽ വണ്ണയിൽ അടിച്ചു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവർമാർ കയറി നിന്നു. ഇവർ മദ്യപിച്ചിരുന്നതായും സൂചന. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് കണ്ടെത്തുന്നത്. അതായത് നെടുങ്കണ്ടം സ്റ്റേഷനിൽ ഇടിമുറിയുണ്ടെന്ന് പൊലീസും സമ്മതിക്കുന്നു. നവോത്ഥാനത്തിന്റെ കാവൽക്കാർ കേരളം ഭരിക്കുമ്പോഴാണ് ഈ നിയമവിരുദ്ധ പ്രവർത്തനം. ഒരാളെ പിടികൂടിയാൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേട്ടിന് മുമ്പിലെത്തിക്കണമെന്ന നിയമവും പാലിക്കപ്പെട്ടില്ല.

ശരീരത്തിലേറ്റ 32 മുറിവുകളിൽ ഏറെയും അരയ്ക്കു താഴെയായിരുന്നു ചോദ്യം ചെയ്യലിനിടെ ഉന്നത ഉദ്യോഗസ്ഥൻ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. ഈ ചവിട്ടിലാണ് കുമാർ കുഴഞ്ഞു വീണതെന്നു പറയുന്നു. ഈ ദിവസങ്ങളിൽ സ്റ്റേഷനിൽ നിന്നു രാത്രി നിലവിളി കേട്ടതായി സമീപവാസികൾ പറയുന്നു. 12ന് കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിലുണ്ട്. അപ്പോൾ ആരോഗ്യവാനായി നടന്നാണു വരുന്നത്. എന്നാൽ കഴിഞ്ഞ മാസം 16ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിനു മുന്നിലേക്കു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളില്ല. തെളിവു നശിപ്പിക്കാൻ ദൃശ്യങ്ങൾ മായ്ച്ചതെന്നു സംശയം. മർദനം നടക്കുമ്പോഴും സിസിടിവി ഓഫ് ചെയ്തു. 16 ന് പുലർച്ചെ ഇടുക്കി മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കിയപ്പോൾ, പ്രതി തീർത്തും അവശനായിരുന്നു. അതിനാൽ പൊലീസ് വാഹനത്തിന് അടുത്തെത്തിയാണു റിമാൻഡ് നടപടികൾ മജിസ്ട്രേട്ട് പൂർത്തിയാക്കിയത്.

എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു ജയിലിലെത്തിച്ചതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാറും പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ പകർത്തിയത് പൊലീസ് പിടിച്ചുവാങ്ങി നശിപ്പിച്ചു. ഇതാണ് കേരളാ പൊലീസ്. പിണറായിയുടെ കാലത്തും ഇതിനൊന്നും മാറ്റമില്ല. നെടുങ്കണ്ടം തൂക്കുപാലത്തുള്ള 'ഹരിത ഫിനാൻസ്' എന്ന സ്ഥാപനത്തിന്റെപേരിൽ തട്ടിപ്പ് നടത്തിയതിലാണ് ഉടമ രാജ്കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഒൻപതുദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാർ, പീരുമേട് സബ്ജയിലിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് 21-നാണ് മരിച്ചത്.

12-ന് രാത്രി ഒരുമണിക്ക് രാജ്കുമാറിനെ തെളിവെടുപ്പിന് പൊലീസ് കോലാഹലമേട്ടിൽ അമ്മയുടെ വീട്ടിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് ബന്ധുക്കളുടെ മുന്നിലിട്ട് പൊലീസ് മർദിച്ചതായി പറയുന്നു. 15-ന് വൈകീട്ടുവരെ രാജ്കുമാർ പൊലീസ് കസ്റ്റഡിയിലായിരുന്നു. 15-ന് രാത്രി എട്ടിന് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. ഒമ്പതുമണിക്ക് മെഡിക്കൽ റിപ്പോർട്ടെടുക്കാൻ പൊലീസ് രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന് മനസ്സിലാക്കിയ ഡോക്ടർ ഒരു പൊലീസുകാരന്റെ കാവലിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. 16-ന് രാജ്കുമാറിന്റെ അറസ്റ്റുരേഖപ്പെടുത്തി. ആശുപത്രിയിൽനിന്ന് സ്‌ട്രെച്ചറിലാണ് കോടതിയിലേക്ക് കൊണ്ടുപോയത്. പിന്നീട് പീരുമേട് സബ്ജയിലിലേക്കും കൊണ്ടുപോയി. അവിടെവച്ചാണ് മരിച്ചത്. മെഡിക്കൽ എടുക്കാൻ പൊലീസ് ആശുപത്രിയിൽ കൊണ്ടുവന്ന പ്രതി നടക്കാൻകഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർമാരും പറയുന്നു. ഹൃദ്രോഗത്തിന് മരുന്നു കഴിച്ചിരുന്നതായി രാജ്കുമാർ പറഞ്ഞിരുന്നു. ഓടിയപ്പോൾ കുഴിയിൽവീണ് പരിക്കുപറ്റിയതാണെന്നാണ് പൊലീസ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP