Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുനമ്പം മനുഷ്യക്കടത്ത് കേസിൽ നിർണായക ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അന്വേഷണം എൽടിടിയിലേക്കും നീളുന്നുവെന്ന് സൂചന; സംഘം ബോട്ട് ലഭിക്കുമോ എന്ന് അന്വേഷിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത് കസ്റ്റഡിയിലെടുത്തവരുടെ ഫോണിൽ നിന്നും; എൽടിടി ബന്ധം തെളിഞ്ഞത് മുഖ്യസൂത്രധാരന്റെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് പിന്നാലെ

മുനമ്പം മനുഷ്യക്കടത്ത് കേസിൽ നിർണായക ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അന്വേഷണം എൽടിടിയിലേക്കും നീളുന്നുവെന്ന് സൂചന;  സംഘം ബോട്ട് ലഭിക്കുമോ എന്ന് അന്വേഷിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത് കസ്റ്റഡിയിലെടുത്തവരുടെ ഫോണിൽ നിന്നും;  എൽടിടി ബന്ധം തെളിഞ്ഞത് മുഖ്യസൂത്രധാരന്റെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മുനമ്പം മനുഷ്യക്കടത്തു കേസിൽ നിർണായക ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികൾക്ക് എൽടിടി ബന്ധമുണ്ടെന്നും സൂചന. മുനമ്പത്ത് നിന്നും യാത്രയ്ക്കായി പ്രതികൾ ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയത്. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് സൈബർ വിഭാഗം ഇത് റിട്രീവ് ചെയ്‌തെടുക്കുകയായിരുന്നു.

കേസിൽ അന്വേഷണ സംഘം തിരയുന്ന ശ്രീലങ്കൻ സ്വദേശികളായ ശെൽരാജും ശ്രീകാന്തും ദൃശ്യങ്ങളിലുണ്ട്. ഇവർ ഓരോ ബോട്ട് കയറിയിറങ്ങി അന്വേഷിക്കുകയും തങ്ങൾക്ക് വലിയ ബോട്ടാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കേസിലെ മുഖ്യ പ്രതികളായ ശ്രീകാന്തും ശെൽവരാജും മുനമ്പത്തു നേരിട്ട് എത്തിയതിനുള്ള പ്രധാന തെളിവാണിത്.കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് ഒരാളെക്കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

അംബേദ്കർ നഗർ കോളനിയിൽ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയാണ് പിടിയിലായത്. ഇയാൾ സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി രവിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു. നേരത്തേ പിടിയിലായ പ്രഭു ദണ്ഡപാണിയുടെ കൂട്ടുകാരനാണ് രവി. രവിയുടെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ യാത്രപോയ സംഘത്തിലുണ്ടെന്ന് പറയുന്നു. ഡൽഹിയിൽ നിന്ന് പിടിച്ച പ്രഭുവിനെ നേരത്തേ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

അന്വേഷണം എൽടിടിയിലേക്കും...

കേസ് അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൽടിടിഇയിലേക്കും നീളുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും ശ്രീലങ്കൻ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതായിട്ടാണ് സൂചന. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും കേസിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്ന എറണാകുളം റൂറൽ എസ്‌പി ഓഫീസിൽ നേരിട്ടെത്തിയാണ് കേന്ദ്ര ഏജൻസികൾ കേസ് വിലയിരുത്തിയത്. ഇതിനിടയിൽ മുനമ്പം ഫിഷിങ് ഹാർബറിൽ നിന്നും പുറപ്പെട്ട ദയാമാതയെന്ന ബോട്ട് ഇൻഡോനേഷ്യയുടെ അതിർത്തിയിൽ എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.അതേസമയം, മനുഷ്യക്കടത്തിലെ മുഖ്യ ഇടനിലക്കാരനെന്ന് സംശയിക്കുന്ന തമിഴ് വംശജൻ രവി സന്ദിപ് രാജ (31) യെ ഇന്നു പുലർച്ചെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഡൽഹി അംബേദ്കർ കോളനിയിൽ നിന്നും രവിയെ തിങ്കളാഴ്ചയാണ് കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളാണ് പ്രധാന ഏജന്റെന്നാണ് പൊലീസിന്റെ നിഗമനം. ഡൽഹിയിലെ ഒരു കോളനിയിൽ നിന്നു മാത്രമായി മുന്നൂറോളം പേർ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി പ്രദേശവാസികൾ അന്വേഷണ സംഘത്തിന് വിവരം നല്കി. നേരത്തേ ഈ കോളനിയിൽ നിന്നും പിടികൂടിയ പ്രഭു ദണ്ഡപാണിയെ ഉന്നത പൊലീസ് സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. അംബേദ്കർ കോളനിയിലെ പല വീടുകൾ അടഞ്ഞുകിടക്കുന്നതും പ്രദേശവാസികളുടെ നിസഹകരണവും അന്വേഷണത്തിനു തടസമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന.

കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി ശ്രീകാന്തൻ ഒളിവിലാണ്. ഇയാളുടെ തിരുവനന്തപുരത്തെ വീട് പരിശോധിച്ചപ്പോൾ ലഭിച്ച ചില തെളിവുകളാണ് എൽടിടിഇ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഇയാളുടെ സഹായിയായ ബോട്ടുടമ അനിൽകുമാറിനെയും ചോദ്യം ചെയ്തു വരികയാണ്. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ദയമാതാ ബോട്ട് ശ്രീകാന്തും അനിൽകുമാറും ചേർന്ന് വാങ്ങി രൂപമാറ്റം വരുത്തിയാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രഭുവും രവിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയ ലക്ഷ്യമാക്കിയുള്ള ബോട്ടിന്റെ യാത്ര കനത്ത സുരക്ഷാ നിരീക്ഷണങ്ങൾ ഉള്ള ആന്ധ്രപ്രദേശ്, ശ്രീലങ്ക തീരങ്ങൾ ഒഴിവാക്കിയാണ് മുന്നോട്ടുപോകുന്നത്. ആലുവയിലെത്തിച്ച രവിയെ ഇന്ന് ഐജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ഡൽഹിയെ കൂടാതെ ബോട്ടിൽ കടന്നവരുടെ തമിഴ്‌നാട്, ശ്രീലങ്ക ബന്ധം പരിശോധിക്കാൻ കോയന്പത്തൂർ, ചെന്നൈ, കന്യാകുമാരി എന്നിവിടങ്ങളിലും റൂറൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP