Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിമന്യുവിനെ കൊല്ലാൻ പോപ്പുലർ ഫ്രണ്ട് നേരത്തെ തീരുമാനിച്ചിരുന്നു; നെട്ടൂരും പള്ളുത്തുരുത്തിയിലും ആലുവായിലും കൊല നടത്താനുള്ള പരിശീലനങ്ങൾ നേടി; പ്രധാന പ്രതികൾ നെട്ടൂർ സംഘത്തിലെ സഹോദര കൊലയാളികൾ; ഇരുവരും കേരളം വിട്ടു; പോസ്റ്റർ ഒട്ടിക്കൽ വിവാദം കൊലപാതകത്തിന് വേണ്ടി ഒരുക്കിയ തിരക്കഥയുടെ ഭാഗം; ക്യാമ്പസ് കൊലയുടെ ഉള്ളുകളികൾ അറിഞ്ഞ് ഞെട്ടി അന്വേഷണ സംഘം

അഭിമന്യുവിനെ കൊല്ലാൻ പോപ്പുലർ ഫ്രണ്ട് നേരത്തെ തീരുമാനിച്ചിരുന്നു; നെട്ടൂരും പള്ളുത്തുരുത്തിയിലും ആലുവായിലും കൊല നടത്താനുള്ള പരിശീലനങ്ങൾ നേടി; പ്രധാന പ്രതികൾ നെട്ടൂർ സംഘത്തിലെ സഹോദര കൊലയാളികൾ; ഇരുവരും കേരളം വിട്ടു; പോസ്റ്റർ ഒട്ടിക്കൽ വിവാദം കൊലപാതകത്തിന് വേണ്ടി ഒരുക്കിയ തിരക്കഥയുടെ ഭാഗം; ക്യാമ്പസ് കൊലയുടെ ഉള്ളുകളികൾ അറിഞ്ഞ് ഞെട്ടി അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. അഭിമന്യുവിനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പദ്ധതി മുൻകൂട്ടി തയാറാക്കിയിരുന്നുവെന്നാണ് സൂചന. നെട്ടൂർ, പള്ളുരുത്തി, ആലുവ എന്നിവിടങ്ങളിലുള്ള സംഘങ്ങൾ കൊല നടത്താനായി തയ്യാറായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ ദിവസം രണ്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫ, സനീഷ് എന്നിവരെ ചോദ്യംചെയ്തപ്പോൾ പൊലീസിന് വിലപ്പെട്ട വിവരങ്ങൾ കിട്ടിയതായാണ് സൂചന.

നെട്ടൂർ സംഘത്തിലെ ഏതാനും പേരെയാണ് ഇനി കിട്ടാനുള്ളത്. റിഫയെ വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സനീഷിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.

മുഹമ്മദ് റിഫ മുൻകൂട്ടി തയ്യാറാക്കിയ മൊഴിയാണ് പൊലീസിനു നൽകുന്നതെന്ന് അവർക്ക് സംശയമുണ്ട്. തയ്യാറെടുത്തു വന്നെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണോയെന്നും സംശയിക്കുന്നുണ്ട്.

നെട്ടൂർ ഗ്രൂപ്പിലെ സഹോദരന്മാരടങ്ങുന്ന ഗ്രൂപ്പാണ് സംഘത്തിലെ പ്രധാനികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലുള്ള മനാഫ്, ഷിജു എന്നിവർ ഒരുമിച്ച് കേരളം വിട്ടതായും പൊലീസ് കരുതുന്നു. 15 പേരാണ് ഇതുവരെ പിടിയിലായത്. ഇതിൽ ഏഴുപേർ കൊലയാളി സംഘത്തിലുണ്ടായിരുന്നവരാണ്.

നെഞ്ചിൽ കുത്തേറ്റ് ഹൃദയം മുറിഞ്ഞതാണ് അഭിമന്യുവിന്റെ മരണ കാരണം. കരൾ വേർപെട്ട നിലയിലായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കും മുമ്പേ അഭിമന്യു മരണത്തിന് കീഴടങ്ങിയതും മുറിവിന്റെ രീതിയും വച്ചാണ് പ്രൊഫഷണലായി പരിശീലനം സിദ്ധിച്ചവരാണ് കൊല നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

പുറത്തു നിന്നെത്തിയ ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ കത്തിയടക്കമുള്ള മാരകായുധങ്ങൾ കരുതിയിരുന്നു എന്ന് അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. കോളജിന്റെ പിൻഭാഗത്ത് ഐ.എം.എ ഗേറ്റിനു സമീപത്തുവച്ചാണ് കുത്തേൽക്കുന്നത്. കുത്തേറ്റ് ഓടിയ അഭിമന്യു 50 മീറ്ററോളം ദൂരം പിന്നിട്ടതും നിലത്തുവീണു.

തട്ടിവീണതാകും എന്നാണു കരുതിയതെന്നു സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന രണ്ടാംവർഷ മലയാളം വിദ്യാർത്ഥി അരുൺ പറഞ്ഞു. പിന്നീടാണ് നെഞ്ചിൽനിന്നു ചോര ഒലിക്കുന്നത് കണ്ടത്. അഭിമന്യുവുമായി ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.

മഹാരാജാസിൽ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായിരുന്നു അഭിമന്യു. നവാഗതരുടെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് പോസ്റ്ററുകൾ പതിപ്പിക്കുന്നതിനിടെയാണ് തർക്കം ആരംഭിച്ചത്. എസ്.എഫ്.ഐ. പ്രവർത്തകർ മുൻകൂട്ടി ബുക്ക് ചെയ്ത മതിലിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എഴുതുകയായിരുന്നു എന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. തുടർന്ന് ഇതു ചോദ്യംചെയ്യുകയും ചെറിയ സംഘർഷം ഉണ്ടാകുകയും ചെയ്തു. രാത്രി 8.30നാണ് ഈ സംഭവങ്ങൾ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP