Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദ്യാർത്ഥിയെ കുത്തി വീഴ്‌ത്തിയ എസ്എഫ്ഐ നേതാക്കൾ മുങ്ങി മൂന്നാം ദിനം എട്ടു പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്; തിരച്ചിലിനൊടുവിൽ മൂന്നു പേർ പിടിയിൽ; കസ്റ്റഡിയിലെടുത്തത് ആരോമൽ ആദിൽ അദ്വൈത് എന്നിവരെ; ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിൽ എഫ്ഐആറിൽ പേര് ചേർക്കാത്ത അമറും; നടപടി പ്രതികൾ പൊലീസ് സഹായത്തോടെ രക്ഷപ്പെട്ടെന്ന ആരോപണം ശക്തമാകുന്നതിനിടയിൽ; അഖിലിന്റെ അച്ഛനെ ഭീഷണിപ്പെടുത്തിയതും പ്രതികൾക്ക് തിരിച്ചടിയാകും

വിദ്യാർത്ഥിയെ കുത്തി വീഴ്‌ത്തിയ എസ്എഫ്ഐ നേതാക്കൾ മുങ്ങി മൂന്നാം ദിനം എട്ടു പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്; തിരച്ചിലിനൊടുവിൽ മൂന്നു പേർ പിടിയിൽ; കസ്റ്റഡിയിലെടുത്തത് ആരോമൽ ആദിൽ അദ്വൈത് എന്നിവരെ;  ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിൽ എഫ്ഐആറിൽ പേര് ചേർക്കാത്ത അമറും; നടപടി പ്രതികൾ പൊലീസ് സഹായത്തോടെ രക്ഷപ്പെട്ടെന്ന ആരോപണം ശക്തമാകുന്നതിനിടയിൽ; അഖിലിന്റെ അച്ഛനെ ഭീഷണിപ്പെടുത്തിയതും പ്രതികൾക്ക് തിരിച്ചടിയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസിറങ്ങി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ, എട്ടാം പ്രതി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഇവരിൽ ആരോമൽ ആദിൽ അദ്വൈത് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കേസിലെ ഒന്ന്,രണ്ട് പ്രതികളും എസ്എഫ്‌ഐ കോളേജ് യൂണിറ്റ് പ്രസിഡന്റും, സെക്രട്ടറിയുമായ ശിവരഞ്ജിത്ത്, നസീമും ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

ഇപ്പോൾ പിടിയിലായിരിക്കുന്ന ആരോമലും രണ്ടാം പ്രതി നസീമും കഴിഞ്ഞ വർഷം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് പൊലീസുകാരെ മർദ്ദിച്ച കേസിലെ പ്രതികളാണ്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. എഫ്ഐആറിൽ പേര് ചേർക്കാത്ത അമർ എന്ന വിദ്യാർത്ഥിക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി അംഗമാണ് അമർ. അമറും അഖിലിനെ ആക്രമിച്ച വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതികൾ ഒളിച്ചിരിക്കുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. എന്നാൽ പ്രതികളെ പാർട്ടി ഓഫീസുകളിൽ പോയി പരിശോധിക്കാൻ ധൈര്യം ഇല്ല എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പടെ അഖിലിനെ മർദ്ദിച്ച സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ ഇതും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല.പ്രതികളിലൊരാൾ ഇന്നലെ ഉച്ചയ്ക്കു ബൈക്കിൽ സെക്രട്ടേറിയറ്റിനു മുന്നിലൂടെ പോകുന്നതായി വിദ്യാർത്ഥികൾ വിളിച്ചറിയിച്ചെങ്കിലും നിരീക്ഷണ ക്യാമറ പോലും പൊലീസ് പരിശോധിച്ചിട്ടില്ല

വിമർശനം ശക്തമായപ്പോൾ ഇന്നലെ അർദ്ധരാത്രി നേമത്ത് നിന്ന് കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളെ പൊലീസ് പൊക്കി. നേമം സ്വദേശി ഇജാബാണ് അറസ്റ്റിലായത്. ഇയാളെ കണ്ടാലറിയാവുന്ന പ്രതികളുടെ കൂട്ടത്തിലാണ് പൊലീസ് പെടുത്തുന്നത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സഹോദര പുത്രനായ അൽ ആനന്ദ് ആനാവൂർ അടക്കമുള്ള നേതാക്കൾ യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷ സമയം ഉണ്ടായിരുന്നു. ഇങ്ങനെ പ്രമുഖരെ ആരേയും 'കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിൽ' പൊലീസ് പെടുത്തുന്നുമില്ല.

കുത്തേറ്റ അഖിലിന്റെ കുടുംബവും സിപിഎമ്മാണ്. അച്ഛനും കടുത്ത പാർട്ടി അനുഭാവി. അതുകൊണ്ട് തന്നെ അഖിലിനെ കൊണ്ട് കേസ് പിൻവലിക്കാൻ ആകുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. പൊലീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിനേയും 28-ാം റാങ്കുകാരനായ നസീമിനേയും കേസിൽ നിന്ന് രക്ഷിച്ച് സർക്കാർ ജോലി ഉറപ്പാക്കാനാണ് ഇത്. ഇതിനുള്ള നീക്കം അണിയറയിൽ പുരോഗമിക്കുകയാണ്. അഖിലിന്റെ അച്ഛനെ ആശ്വസിപ്പിക്കാനും കേസിൽ നിന്ന് പതിയെ പിന്മാറാനുമുള്ള അണിയറ നീക്കത്തിന് മുൻ എംഎൽഎ കൂടിയായ പ്രമുഖ നേതാവിനെ തന്നെ ജില്ലാ സിപിഎം നിയോഗിച്ചിട്ടുണ്ട്.

ഇത് ലക്ഷ്യം കാണുമോ എന്ന അറിഞ്ഞ ശേഷമേ കേസിൽ പൊലീസ് പ്രധാന പ്രതികളെ പിടികൂടുകയൂള്ളൂ. അന്വേഷണത്തെ സിപിഎം നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടെന്നും പ്രവർത്തകർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. പ്രതികളായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ കെ. വിശ്വംഭരനും പറഞ്ഞു. എല്ലാം ന്യായീകരിച്ച് നല്ല പിള്ള ചമയാനും പ്രിൻസിപ്പൾ ശ്രമിക്കുന്നുണ്ട്.

യൂണിവേഴ്സിറ്റി കോളജിൽ വിരുദ്ധനിലപാടെടുക്കുന്ന വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ എസ്എഫ്െഎ നേതാക്കൾ ഉപയോഗിച്ചിരുന്ന 'ഇടിമുറികൾ' പൊലീസ് കണ്ടെത്തിയിരുന്നു. എസ് എഫ് ഐ പ്രവർത്തകർക്ക് പോലും പ്രവേശനമില്ലാതിരുന്ന ഇരുട്ടറകളിൽ കത്തികളും മദ്യക്കുപ്പികളും വരെയുണ്ട്. ബൈക്കിന്റെ സൈലൻസർ, ഹാൻഡിൽബാർ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ക്യാംപസിന്റ ഒത്തനടുക്ക് ഓഡിറ്റോറിയത്തിന് പിന്നിലായി കോളജ് യൂണിയൻ ഓഫീസിനോട് ചേർന്നുള്ള രണ്ട് ഇരുട്ടറകളാണ് 'ഇടിമുറികൾ'. പൊലീസ് തെളിവെടുപ്പിനായി കയറിയതുകൊണ്ട് മാത്രമാണ് മാധ്യമങ്ങളും ഈ മുറിയിൽ എത്തി.

മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ പ്രധാന പ്രതികൾ കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി എ.എൻ.നസീം എന്നിവരടക്കം ഏഴു പേരാണ്. ഇവരുൾപ്പെടെ 30 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാദ ഒഴിവാക്കാൻ ഇതിൽ ഒരാളെയാണ് പിടികൂടിയത്. എന്നാൽ പ്രധാന പ്രതികളെ അന്വേഷിച്ച് ആരുടെയും വീട്ടിൽ പോലും പൊലീസ് പോയിട്ടില്ല. ഇവർ സ്ഥിരം പോകാറുള്ള പാർട്ടി ഓഫിസിലും സ്റ്റുഡന്റ്സ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പരിശോധന നടത്തിയിട്ടില്ല. കാര്യവട്ടം ക്യാമ്പസിലാണ് ഇവർക്ക് താവളമൊരുക്കാൻ സിപിഎം സഹായം ചെയ്തതെന്നാണ് സൂചന. ഇത് പൊലീസിനും അറിയാം.

പൊലീസ് ഇന്നലെ രാവിലെ പൗഡിക്കോണം വരെ പോയെങ്കിലും ഉടൻ മടങ്ങി. ക്രമസമാധാനച്ചുമതലയുള്ള ഡിസിപിയാണ് കേസ് അന്വേഷിക്കുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണർ പറയുന്നു. പ്രതികളെ ഉടൻ പിടിക്കണമെന്നു കമ്മിഷണർ വയർലസിലൂടെ നിർദ്ദേശം നൽകിയെങ്കിലും പൊലീസ് അതു മുഖവിലയ്ക്കെടുത്തിട്ടില്ല. നേരത്തെ പാർട്ടി ഓഫിസിൽ പോയി പ്രതിയെ പിടിക്കാൻ ശ്രമിച്ച വനിതാ ഡിസിപിക്ക് എന്താണ് സംഭവിച്ചതെന്ന് പൊലീസിന് അറിയാം. ജനുവരിയിൽ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എസ്ഐയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ പിടിക്കാൻ അന്നത്തെ ഡിസിപി ചൈത്ര തെരേസ ജോൺ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധന നടത്തി. ഉടൻ കസേരയും തെറിച്ചു. അതുകൊണ്ട് തന്നെ ആരും റിസ്‌ക് എടുക്കാനില്ല.

വെള്ളിയാഴ്ച ക്യാംപസിൽ കയറി പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറാകാത്തതും ഇതുകൊണ്ടാണ്. പ്രിൻസിപ്പൽ പൊലീസിനെ വിളിക്കാതെ ഒത്തുകളിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പാർട്ടിയുടെ ഉറപ്പോടെ പ്രതികൾ കീഴടങ്ങുമ്പോൾ അറസ്റ്റ് രേഖപ്പെടുത്താമെന്ന തീരുമാനത്തിലാണു പൊലീസ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP