Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കുടുങ്ങാനുള്ളത് വമ്പൻ സ്രാവുകൾ? ഉന്നതരുടെ പേരുകളെല്ലാം ആർഡിഎസ് എംഡി സുമിത് ഗോയലിന് അറിയാം; പേരുകൾ പറയാത്തത് കനത്ത മാനസിക സമ്മർദ്ദവും ഭയവും കാരണം; സുമിത് ഗോയലിനെ പുറത്ത് വിട്ടാൽ രാഷ്ട്രീയ നേതാക്കൾ രക്ഷപ്പെടുമെന്ന് അന്വേഷണ സംഘം; ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും; അഴിമതിക്കേസിൽ റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കുടുങ്ങാനുള്ളത് വമ്പൻ സ്രാവുകൾ? ഉന്നതരുടെ പേരുകളെല്ലാം ആർഡിഎസ് എംഡി സുമിത് ഗോയലിന് അറിയാം; പേരുകൾ പറയാത്തത് കനത്ത മാനസിക സമ്മർദ്ദവും ഭയവും കാരണം; സുമിത് ഗോയലിനെ പുറത്ത് വിട്ടാൽ രാഷ്ട്രീയ നേതാക്കൾ രക്ഷപ്പെടുമെന്ന് അന്വേഷണ സംഘം; ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും; അഴിമതിക്കേസിൽ റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിയിൽ ഉന്നതർക്ക് പങ്കെന്ന് വിജിലൻസ് റിപ്പോർട്ട്. പാലം പണിയുടെ കരാറുകാരായ ആർഡിഎസ് കമ്പനിയുടെ എംഡിയായ സുമിത് ഗോയലിന് ഇവർ ആരെല്ലാമാണ് എന്ന് അറിയാമെന്നും എന്നാൽ പേടി കാരണം ആരുടേയും പേരുകൾ വെളിപ്പെടുത്താതിരിക്കുകയാണ് അദ്ദേഹമെന്നും വിജിലൻസ് റിപ്പോർ്ട്ടിൽ പറയുന്നു. സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആണ് ഉന്നതരുടെ പങ്ക് സംബന്ധിച്ച് വിജിലൻസ് റിപ്പോർട്ട്. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ്, കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് സുമിത് ഗോയൽ വെളിപ്പെടുത്താത്തത്. സുമിത് ഗോയലിനു ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതികൾ രക്ഷപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. ആർഡിഎസിന്റെയും സുമിത് ഗോയലിന്റെയും മുഴുവൻ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി വിജിലൻസ് സംശയിക്കുന്ന മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലൻസിന്റെ പക്കലുണ്ട്. ഇവയിൽ അന്വേഷണം നടത്തിവരികയാണെന്നാണ് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവ് തന്നെയാണ് വിജിലൻസിന്റെ കൈവശമുള്ളത്.പാലം നിർമ്മാണത്തിന് തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മുന്മന്ത്രിയാണെന്ന് സൂരജ് ഇന്ന് പറഞ്ഞിരുന്നു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് സൂരജ് ഇങ്ങനെ പ്രതികരിച്ചത്. മുൻ പൊതുമരാമത്ത് സെക്രട്ടറിയായ ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി 19ന് അവസാനിച്ചെങ്കിലും പിന്നീട് വീണ്ടും നീട്ടുകയായിരുന്നു.

കേസിൽ നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ സൂരജിന്റെ നിർണായക വെളിപ്പെടുത്തലാണ് ഫ്ൈള ഓവർ നിർമ്മാണത്തിന് മേൽനോട്ട ചുമതലയുണ്ടായിരുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ മുൻ ചെയർമാൻ കൂടിയായിരുന്ന മുന്മന്ത്രിക്ക് തിരിച്ചടിയായിരിക്കുന്നത്. ഫ്‌ളൈ ഓവർ നിർമ്മിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസിൽ നിർണായക വഴിത്തിരിവായ വെളിപ്പെടുത്തൽ കൂടിയായതിനാൽ വിജിലൻസിന്റെ അന്വേഷണം ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്.

ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. നേരത്തെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ ചൂണ്ടിക്കാട്ടി പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ വേഗത്തിലാക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്.പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ആവർത്തിക്കുന്നത്. സർക്കാർ നയം അനുസരിച്ചിട്ടുള്ള ഫയൽ മാത്രമേ താൻ കണ്ടിട്ടുള്ളൂ. കരാർ കമ്പനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും കണ്ടിട്ടില്ല. താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് ജാമ്യഹർജിയിൽ പറഞ്ഞിട്ടുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ സൂരജ് വ്യക്തമാക്കുന്നു. ഒന്നര വർഷം കൊണ്ടാണ് പാലാരിവട്ടം പാലം അപകടാവസ്ഥയിലായത്. പാലം അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അഴിമതിയിൽ രാഷ്ട്രീയ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വിജിലൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP