Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺസ്റ്റബിളായി തുടക്കം; പരീക്ഷ എഴുതി എസ് ഐ ആയത് 2003ൽ; വാഹന മോഷ്ടാവിനെ വെറുതെ വിടാൻ ഭാര്യയുടെ താലിമാലയിൽ കണ്ണ് വച്ച് സിഐ; സിപിഎം നേതാവിനെതിരായ എഫ് ഐ ആർ വലിച്ചു കീറിയ രാഷ്ട്രീയക്കാരുടെ പ്രിയ തോഴൻ; രാത്രിയിൽ വീട്ടിലേക്ക് ഭക്ഷണം വാങ്ങാനിറങ്ങിയ സനലിനെ മരണത്തിലേക്ക് പിടിച്ചു തള്ളിയത് ഇഷ്ടക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന ഹരികുമാർ; നെയ്യാറ്റിൻകരയെ അടക്കി ഭരിച്ച ഡി വൈ എസ് പി ഒളിവിൽ തന്നെ

കോൺസ്റ്റബിളായി തുടക്കം; പരീക്ഷ എഴുതി എസ് ഐ ആയത് 2003ൽ; വാഹന മോഷ്ടാവിനെ വെറുതെ വിടാൻ ഭാര്യയുടെ താലിമാലയിൽ കണ്ണ് വച്ച് സിഐ; സിപിഎം നേതാവിനെതിരായ എഫ് ഐ ആർ വലിച്ചു കീറിയ രാഷ്ട്രീയക്കാരുടെ പ്രിയ തോഴൻ; രാത്രിയിൽ വീട്ടിലേക്ക് ഭക്ഷണം വാങ്ങാനിറങ്ങിയ സനലിനെ മരണത്തിലേക്ക് പിടിച്ചു തള്ളിയത് ഇഷ്ടക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന ഹരികുമാർ; നെയ്യാറ്റിൻകരയെ അടക്കി ഭരിച്ച ഡി വൈ എസ് പി ഒളിവിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരിയിൽ അർദ്ധരാത്രിയിൽ യുവാവിനെ അതിവേഗം വന്ന കാറിന് മുന്നിലേക്ക് പിടിച്ചു തള്ളി കൊന്ന ഡിവൈഎസ് പി ബി ഹരികുമാറിനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയാണ്. അതിനിടെ കുപ്രസിദ്ധനായ ഓഫീസറാണ് ഹരികുമാർ എന്നത് നാട്ടുകാരുടെ പ്രതിഷേധം ഇരട്ടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും ഹരികുമാറിനെ രക്ഷിച്ചെടുക്കാനാണ് പൊലീസിലെ ചിലരുടെ ശ്രമം. ഹരികുമാറിനെ ഒളിപ്പിച്ച് താമസിപ്പിക്കുന്നത് നെയ്യാറ്റിൻകരയിലെ പൊലീസാണെന്ന ആരോപണവും സജീവമാണ്. സേനയിൽ പൊലീസ് കോൺസ്റ്റബിളായി കയറിയ ഹരികുമാർ 2003 ലാണ് എസ്‌ഐ പരീക്ഷ എഴുതി പൊലീസുകാരുടെ ക്വോട്ടയിൽ ഓഫിസറായത്.

നെയ്യാറ്റിൻകര എസ് ഐ ആയപ്പോൾ ഉണ്ടായ ബന്ധമാണ് കൊടുങ്ങാവിളയിലേത്. അന്ന് യുവതിയുമായി ഹരികുമാർ അടുത്തു. ഇതോടെ ഈ പെൺസുഹൃത്തിന്റെ വീട്ടിലെ നിത്യ സന്ദർശകനായി. ഈ ബന്ധമാണ് ഇപ്പോൾ സനൽ കുമാറിന്റെ മരണത്തിന് കാരണമാകുന്നത്. കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായാണ് സനലിനെ മരണത്തിലേക്ക് തള്ളിയിട്ടത്.

ബി.ഹരികുമാർ മുൻപ് കസ്റ്റഡിയിലിരുന്ന കള്ളനെ വിട്ടയയ്ക്കാൻ അയാളുടെ ഭാര്യയിൽ നിന്നു കൈക്കൂലി വാങ്ങിയ 'ഉദ്യോഗസ്ഥനാണ്. ഇതടക്കം സസ്‌പെൻഷനും അച്ചടക്ക നടപടിയും സർവീസിൽ ഇഷ്ടം പോലെ. നാലു മാസം മുൻപു മറ്റൊരു കേസിൽ ഇദ്ദേഹം ഉൾപ്പെടെ മൂന്നു ഡിവൈഎസ്‌പിമാരെ ഉടൻ സ്ഥലംമാറ്റി അന്വേഷണം നടത്താനുള്ള റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ ശുപാർശ പൊലീസ് ആസ്ഥാനത്തു മുക്കിയിട്ടുമുണ്ട്. ഫോർട്ട് സിഐ ആയിരിക്കെയാണു സംസ്ഥാനാന്തര വാഹനമോഷ്ടാവായ ഉണ്ണിയെ വിട്ടയയ്ക്കാൻ കൈക്കൂലി വാങ്ങി ഹരികുമാർ സസ്‌പെൻഷനിലായത്. തമ്പാനൂർ പൊലീസായിരുന്നു അന്നു പ്രതിയെ സാഹസികമായി പിടികൂടിയത്.

പ്രതിയുടെ ഭാര്യ സഹായം തേടി സിഐയെ സമീപിച്ചു. ഇദ്ദേഹം ചോദിച്ച കൈക്കൂലി നൽകാൻ നിവൃത്തിയില്ലാതെ ഒടുവിൽ അവർ മാല പണയം വച്ചു പണം നൽകി. സിഐ പ്രതിയെ വിട്ടയയ്ക്കുകയും ചെയ്തു. ഇതിനൊപ്പം ഗുണ്ടാകാട് സാബു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ വേദിക്ക് അരികിലെത്തിയതും ഹരികുമാറിന് വിനയായിരുന്നു. പണയം വച്ച മാല സ്വർണക്കടയിൽ നിന്നു തൊണ്ടിയായി കണ്ടെത്തിയാണു ഹരികുമാറിനെ അന്നു സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി ആളെ വിദേശത്തേക്കു കടത്തുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുമ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഎൽഎയെ സ്വാധീനിച്ച് ആലുവ ഡിവൈഎസ്‌പിയായി.

ഈ സർക്കാർ വന്നതോടെ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെയും എൻജിഒ യൂണിയന്റെയും പിന്തുണയോടെ നെയ്യാറ്റിൻകരയിലുമെത്തി. ഈ വർഷം സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടന്ന ഹൈദരാബാദിൽ ഓഫിസേഴ്‌സ് അസോസിയേഷന്റെ ഏതാനും നേതാക്കളെ വിമാനത്തിൽ കൊണ്ടുപോയത് ഇദ്ദേഹത്തിന്റ ശ്രമഫലമായിട്ടാണെന്ന് ഇന്റലിജൻസ് കണ്ടെത്തി. വെള്ളറടയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രാദേശിക സിപിഎം നേതാവിനെ പ്രതിയാക്കി എസ്‌ഐ കേസ് എടുത്തിരുന്നു. എന്നാൽ എസ്‌ഐയെ തന്റെ ഓഫിസിൽ വിളിച്ചു വരുത്തി ഇദ്ദേഹം ആ എഫ്‌ഐആർ വലിച്ചുകീറിയെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഭാര്യ വിജിയും മക്കളായ ആൽബിനും എബിനും അടങ്ങുന്നതാണ് ഇലക്ട്രീഷ്യനും പ്ലമ്പറുമായ സനലിന്റെ കുടുംബം. പണികഴിഞ്ഞെത്തിയ സനൽ കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാനും വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങിവരാനുമാണ് തട്ടുകടയിലേക്കു പോയത്. റോഡുവരികിൽ മറ്റൊരു കാറിനു മുന്നിലായി വാഹനം പാർക്ക് ചെയ്ത് സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറി. 'ആരെടാ ഇവിടെ കാർ കൊണ്ടിട്ടത്' എന്ന് ഉച്ചത്തിൽ ചോദിക്കുന്നത് കേട്ടാണു ഭക്ഷണം പാതിവഴിക്കിട്ടു സനൽ അവിടേക്ക് ഓടി എത്തിയത്. കാർ പിന്നിലേയ്‌ക്കെടുത്താൽ പോകാമല്ലോ എന്നു സനൽ പറഞ്ഞത് ഹരികുമാറിന് പ്രകോപനമായി. അരിശം മൂത്ത ഹരികുമാർ സനലിനെ പിടിച്ചു തള്ളിയതു മരണത്തിലേക്കായിരുന്നുവെന്നു ദൃക്‌സാക്ഷിമൊഴി. സനൽ കാറിനു മുന്നിലേക്ക് വീണ ഉടൻ തന്നെ ഹരികുമാർ അവണാകുഴി ഭാഗത്തേക്ക് ഓടി. പിൻതുടർന്ന നാട്ടുകാർ ഹരികുമാറിനെ കൈകാര്യം ചെയ്തു.

ഡിവൈഎസ്‌പിയെ സന്ദർശിക്കാനെത്തിയ കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനു ഹരികുമാറിന്റെ കാറിൽ പിന്നാലെ പാഞ്ഞെത്തി. ഹരികുമാറിനെ അതിൽ കയറ്റി അവണാകുഴി ജംക്ഷനിലെത്തിച്ച് കാറും നൽകി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലം പൊലീസിന്റെ നിയന്ത്രണത്തിലായ ശേഷമാണ് ബിനു വീട്ടിൽ മടങ്ങിയെത്തിയത്. ഇതിനിടെ ബിനുവിന്റെ വീടിനു നേരെ കല്ലേറുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP