Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊടുപുഴയിൽ നിന്നും അറസ്റ്റിലായ മൊയ്തീൻ ഇന്ത്യയെ ആക്രമിക്കാൻ ഇറാക്കിലേക്കും സിറിയയിലേക്കും ഭീകരക്യാമ്പുകളിൽ പരിശീലനം നേടിയ ആൾ; ഒരു വർഷം യുദ്ധം ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയത് കലാപത്തിന് കോപ്പുകൂട്ടാൻ

തൊടുപുഴയിൽ നിന്നും അറസ്റ്റിലായ മൊയ്തീൻ ഇന്ത്യയെ ആക്രമിക്കാൻ ഇറാക്കിലേക്കും സിറിയയിലേക്കും ഭീകരക്യാമ്പുകളിൽ പരിശീലനം നേടിയ ആൾ; ഒരു വർഷം യുദ്ധം ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയത് കലാപത്തിന് കോപ്പുകൂട്ടാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുനെൽവേലിയിൽനിന്ന് എൻ.ഐ.എ അറസ്റ്റുചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഭീകരസംഘടനയായ ഐസിസിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് എഎൻഐയെയുടെ സ്ഥിരീകരണം. ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചെന്നും യുദ്ധം ചെയ്‌തെന്നും എൻ.ഐ.എ.യുടെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. തൊടുപുഴയിൽ താമസമുറപ്പിച്ചിട്ടുള്ള ഈ തമിഴ്‌നാട് സ്വദേശി ഇറാഖിൽനിന്നാണ് ഭീകരപ്രവർത്തനങ്ങളിൽ പരിശീലനം നേടിയത്. ഐസിസിനായി യുദ്ധം ചെയ്യാൻ മൊസൂളിലേക്കാണ് തന്നെ നിയോഗിച്ചിരുന്നതെന്നും സമ്മതിച്ചു.

ഇതോടെ ഐസിസിൽ കേരളത്തിൽ നിന്ന് ആളെത്തിയതിന് ആദ്യ തെളിവ് ലഭിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസിക്ക്. കേരളത്തിൽ നിന്ന് കാണാതായ 21 പേരെ കുറിച്ചുള്ള അന്വേഷണത്തിനും ഇത് തുമ്പാണ്ടാക്കും. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നായി എൻ.ഐ.എ. അറസ്റ്റ് ചെയ്തവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബ്ഹാനിയെ പിടികൂടിയത്. ഒരു വർഷത്തിനിടയിലെ ഇയാളുടെ നീക്കങ്ങളുടെ വിശദാംശങ്ങൾ കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം

തമിഴ്‌നാട്ടിലെ തിരുനൽവേലി കടയനല്ലൂരാണ് ഇയാൾ ഏറെക്കാലമായി താമസിച്ചിരുന്നത്. വസ്ത്രവ്യാപാരത്തിനായി തമിഴ്‌നാട്ടിൽ നിന്നു തൊടുപുഴയിൽ കുടിയേറിയ കുടുംബത്തിലെ അംഗമാണു സുബഹാനി. സിറിയയിലെ പോരാട്ടത്തിനിടെ ഒപ്പമുണ്ടായിരുന്നവർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇയാൾ തിരികെ ഇന്ത്യയിലെത്തിയത്. സിറിയയിൽനിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നു. യാത്രാരേഖകൾ ഒന്നുമില്ലാതിരുന്ന സുബ്ഹാനി, ഇസ്താംബൂളിലെ ഇന്ത്യൻ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. വിനോദസഞ്ചാരിയാണെന്നും പാസ്‌പോർട്ട് നഷ്ടപ്പെട്ടെന്നും ഇയാൾ എംബസി അധികൃതരെ വിശ്വസിപ്പിച്ചു. ഇന്ത്യയിൽ ഐസിസ്. ശൃംഖല വളർത്തുമെന്ന് സിറിയയിലെ ഐസിസ്.മേധാവികൾക്ക് ഉറപ്പുനൽകിയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. ഹാജി മൊയ്തീൻ, അബുമീർ എന്നീ പേരുകളിലും സുബ്ഹാനി അറിയപ്പെടുന്നു.

സമൂഹമാദ്ധ്യമങ്ങൾ വഴി ഐസിസിലേക്ക് ആകൃഷ്ടനായ ഇയാൾ ഉംറ നിർവഹിക്കാനെന്ന പേരിൽ കഴിഞ്ഞ വർഷം ചെന്നൈയിൽനിന്ന് ഇസ്താംബൂളിലേക്കു പോവുകയായിരുന്നു. അവിടെനിന്ന് പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഇറാഖിലെത്തി. അവിടെ മതപരിശീലനവും ആയുധപരിശീലനവും ലഭിച്ചു. താമസവും ഭക്ഷണവും കൂടാതെ മാസം 100 അമേരിക്കൻ ഡോളർ വേതനവും ലഭിച്ചു. മടങ്ങിയെത്തിയശേഷം യുവാക്കളെ ഐസിസിൽ എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇയാൾ. തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്ന് സ്‌ഫോടകവസ്തുക്കൾ വാങ്ങാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒപ്പമാണു ക്ലാസുകളിലും ആയുധപരിശീലനത്തിലും പങ്കെടുത്തത്. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം തിരുനൽവേലിയിലാണു സുബഹാനി താമസിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇയാളുടെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ വിദേശത്തുനിന്നു പണമെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ തമിഴ്‌നാട്ടിലെ വീടും പരിസരവും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധിച്ചിരുന്നു. കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിച്ച സുബഹാനിയെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചാണു 2015 ഏപ്രിൽ എട്ടിനു സുബഹാനി സന്ദർശക വീസയിൽ തുർക്കിയിലെത്തിയത്.

ഐഎസ് ക്യാംപ് ഉപേക്ഷിച്ചു നാട്ടിൽ മടങ്ങിയെത്താനുള്ള കാരണമായി സുബഹാനി ആദ്യഘട്ട ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൊസൂളിലെ പോർമുഖത്തു സുഹൃത്തുക്കളായ രണ്ട് ഐഎസുകാർ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ കൺമുന്നിൽ കരിഞ്ഞുവീഴുന്നതു കണ്ടതോടെ ഭയപ്പെട്ടു ക്യാംപ് വിട്ടുപോന്നതായാണു സുബഹാനിയുടെ വെളിപ്പെടുത്തൽ. മറ്റ് അഞ്ചു വിദേശികൾക്കൊപ്പം ഐഎസിലെ മേലധികാരികൾ തുർക്കിയിലെ ഇസ്തംബുളിൽ തന്നെ ഉപേക്ഷിച്ചതായാണ് ഇയാളുടെ മൊഴി. രണ്ടാഴ്ച അവിടെ തങ്ങിയശേഷം ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചു നാട്ടിലേക്കു മടങ്ങിയെന്നും മൊഴിനൽകി.

വിദേശത്തെ ഐഎസ് ക്യാംപിലെ പരിശീലനത്തിനുശേഷം സുബഹാനി തമിഴ്‌നാട്ടിൽ തങ്ങിയതു ശിവകാശിയിൽ നിന്നു സ്‌ഫോടക വസ്തുക്കൾ ശേഖരിക്കാനെന്ന് എൻഐഎയുടെ നിഗമനം. ഭീകരപ്രവർത്തനത്തിനുള്ള പണവും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാൻ ചെന്നൈയിലും കോയമ്പത്തൂരിലും എത്തിയതിനു തെളിവുണ്ടെന്നും ഓരോ നീക്കവും ഐഎസിന്റെ നിർദേശപ്രകാരമെന്നും എൻഐഎ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP