Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദു തീവ്രവാദം ഉണ്ടെന്ന് സമ്മതിക്കാൻ മോദി സർക്കാരിന് സാധിക്കുമോ? മലേഗാവ് സ്‌ഫോടനത്തിലെ പ്രതികൾക്കെല്ലാം ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി എൻഐഎ; രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ കർക്കരെയെ കുറ്റപ്പെടുത്തി റിപ്പോർട്ട്; പ്രോസിക്യൂട്ടറുടെ ആരോപണം ഒടുവിൽ ശരിയാകുന്നു

ഹിന്ദു തീവ്രവാദം ഉണ്ടെന്ന് സമ്മതിക്കാൻ മോദി സർക്കാരിന് സാധിക്കുമോ? മലേഗാവ് സ്‌ഫോടനത്തിലെ പ്രതികൾക്കെല്ലാം ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി എൻഐഎ; രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ കർക്കരെയെ കുറ്റപ്പെടുത്തി റിപ്പോർട്ട്; പ്രോസിക്യൂട്ടറുടെ ആരോപണം ഒടുവിൽ ശരിയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സംസ്ത നേതാവ് സാധ്വി പ്രഗ്യാസിങ് ഠാക്കൂറിനെ ദേശീ അന്വേഷണ ഏജൻസി കുറ്റ വിമുക്തയാക്കും. അന്തിമ കുറ്റപത്രത്തിൽ സാധ്വി പ്രഗ്യാസിങ് ഠാക്കൂർ പ്രതിയായി ഉണ്ടാകില്ല. ഇതോടെ സാധ്വി പ്രഗ്യാസിങ് ഠാക്കൂറിന്റെ ജയിൽ മോചനവും സാധ്യമാകും. കേസിൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടൽ നിയമം (മൊക്കോക്ക) ചുമത്തേണ്ടതില്ലെന്നും എൻഐഎ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഹിന്ദു തീവ്രവാദത്തിന്റെ സാന്നിധ്യം ചർച്ചയാക്കിയ കേസാണിത്. ഇതിന് വിരുദ്ധമായ നിഗമനത്തിലേക്കാണ് എൻഐഎ എത്തുന്നത്.

മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ തലവനായിരുന്ന ഹേമന്ത് കാർക്കരെയുടെ നേതൃത്വത്തിലെ അന്വേഷണത്തേയും കുറ്റപ്പെടുത്തു. കേസിലെ മറ്റൊരു പ്രതി ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതിനെതിരെ തെളിവുകൾ വ്യാജമായ സൃഷ്ടിച്ചുവെന്നാണ് കാർക്കരയ്‌ക്കെതിരായ ആരോപണം. സ്‌ഫോടക വസ്തുക്കൾ പ്രസാദ് പുരോഹിതിന്റെ വീട്ടിൽ കൊണ്ട് വച്ചത് മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണെന്നാണ് എൻഐഎയുടെ വാദം. ഫലത്തിൽ പ്രതികൾക്കെല്ലാം രക്ഷപ്പെടാനുള്ള പഴതുകളിട്ടാകും കുറ്റപത്രം സമർപ്പിക്കുക. ആർഡിഎക്‌സ് കൊണ്ട് വച്ചത് അന്വേഷണ സംഘമാണെന്ന വിലയിരുത്തൽ അതിന് വേണ്ടി ഉൾപ്പെടുത്തുന്നതാണെന്നാണ് വാദം. സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തിയാണ് കാർക്കറെ. 2011ലെ മുംബൈ തീവ്രവാദ ആക്രമണത്തിനിടെ രക്തസാക്ഷിത്വം വരിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് കുറ്റപ്പെടുത്തിയാണ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത്.

സാധ്വി പ്രഗ്യാസിങ് ഠാക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് ഉൾപ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടൽ നിയമം (മൊക്കോക്ക), യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരുന്നത്. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേസിൽ മൃദുസമീപനം സ്വീകരിക്കാൻ മുതിർന്ന എൻ.ഐ.എ ഉദ്യോഗസ്ഥൻ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി നേരത്തെ എൻ.ഐ.എയുടെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന രോഹിണി സല്യാൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

മലേഗാവ് സ്‌ഫോടനക്കേസിൽ മൃദുസമീപനം സ്വീകരിച്ചാൽ മതിയെന്ന് ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം എൻഐഎ തന്നോട് ആവശ്യപ്പെട്ടുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സല്യാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എൻഐഎയുടെ അന്വേഷണത്തിലുള്ള 2008ലെ സ്‌ഫോടനക്കേസിലാണ് ഉന്നത ഉദ്യോഗസ്ഥൻ സമീപിച്ചതെന്നായിരുന്നു പറഞ്ഞത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയശേഷം 2014 ജൂൺ 12 നാണ് എൻഐഎ ഉന്നതൻ സമീപിച്ചത്. കേസ് നടപടികളിൽ സാവധാനം ഇടപെട്ടാൽ മതിയെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനുശേഷം കോടതിയിൽ ഹാജരായിട്ടില്ല. പിന്നീട് ഇതുസംബന്ധിച്ച അറിയിപ്പുകൾ അന്വേഷണസംഘം തന്നിട്ടില്ലഅവർ പറഞ്ഞിരുന്നു

2008 ൽ ഹമലേഗാവിൽ നടത്തിയ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരയായ ഹിന്ദു സന്യാസിനി പ്രഗ്യാസിങ് താക്കൂറും പ്രസാദ് ശ്രീകാന്ത് പുരോഹിതും പ്രതികളാണെന്ന് 2009ൽ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2011ൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിൽനിന്ന് അന്വേഷണം എൻഐഎ ഏറ്റെടുത്തശേഷം മറ്റു മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു. പിന്നീട് അന്വേഷണസംഘം 12 പ്രതികളെക്കൂടി പിടികൂടി.എന്നാൽ എൻഐഎ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനാലാണ് പ്രതികൾക്ക് ജാമ്യം കിട്ടിയതെന്നും രോഹിണി പറഞ്ഞു. 12 പ്രതികളിൽ നാലുപേരുടെ ജാമ്യാപേക്ഷയിൽ എതിർവാദമുണ്ടായില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞിരുന്നു.

പ്രധാനപ്രതി പുരോഹിതിന്റെ ജാമ്യം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. അടുത്ത വാദംകേൾക്കലിൽ സുപ്രീം കോടതിൽ മഹാരാഷ്ട്ര സർക്കാരിനായി ആരാണ് ഹാജരാകുന്നതെന്ന് വ്യക്തമല്ല. സീനിയർ കോൺസൽ മരിയാർ പുട്ടം ഹാജരാകുന്നതിനെ സോളിസിറ്റർ ജനറൽ അനിൽസിങ് എതിർക്കുന്നതായും അവർ വെളിപ്പെടുത്തി. ഇത് ശരിവയ്ക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ കുറ്റപ്പെടുത്തി പ്രതികളെ രക്ഷിക്കാനാണ് എൻഐഎ ശ്രമിക്കുന്നതെന്നാണ് ആരോപണം.

2008 സെപ്റ്റംബർ 29നു മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ മലേഗാവിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിക്കുകയും 79 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സഭവം നടന്നയുടൻ സ്‌ഫോടനത്തിനു പിന്നിൽ നിരോധിത സംഘടനയായ സിമിയാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലിസ് നിരവധി മുസ്‌ലിം യുവാക്കളെ അറസ്റ്റ്‌ചെയ്തിരുന്നു. എന്നാൽ കേസനേഷിച്ച എ.ടി.എസ് സ്‌ഫോടനത്തിനു പിന്നിൽ ഹിന്ദുതീവ്രവാദികളാണെന്നു കണ്ടെത്തി 2009 ജനുവരിയിൽ ആദ്യകുറ്റപത്രം സമർപ്പിച്ചു. കേസിലെ മിക്ക പ്രതികൾക്കും അജ്മീർ, സംഝോത, 2006ലെ ഒന്നാം മലേഗാവ്, മൊദാസ, മക്കാമസ്ജിദ് എന്നീ സ്‌ഫോടനക്കേസുകളുമായും ബന്ധമുണ്ടാരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP