Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലയാളി മുഹമ്മദ് നിസാമിനു ജയിലിൽ സുഖവാസം; ഇഷ്ടഭക്ഷണത്തിനും സുഖസൗകര്യങ്ങൾക്കുമായി നൽകിയത് ലക്ഷങ്ങൾ; കിട്ടിയ അവസരം മുതലാക്കാൻ ജയിൽ ഉദ്യോഗസ്ഥർ.

തൃശൂർ: പണക്കാർക്കും സ്വാധീനമുള്ളവർക്കും വേണ്ടി ജയിലിൽ നിയമങ്ങൾ മാറിനിൽക്കുന്നതു മലയാളികൾ പലതവണ കണ്ടിട്ടുണ്ട്. നിയമങ്ങൾ അഥവാ മാറിനിന്നില്ലെങ്കിലും അവിടത്തെ ഉദ്യോഗസ്ഥർ മാറിനില്ക്കാറുണ്ട്. അതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങളും അന്വേഷണങ്ങളുമുണ്ടായിട്ടുണ്ടെങ്കിലെന്താ അതൊക്കെ വീണ്ടും ആവർത്തിക്കും.

ഇപ്പോഴുമങ്ങനെതന്നെ സിപിഐ(എം) സമ്മേളനത്തിലേക്ക് മുഖ്യധാരാ മാദ്ധ്യമങ്ങൾ ശ്രദ്ധതിരിച്ചതോടെ ചന്ദ്രബോസ് കൊലക്കേസ് പ്രതിയായ മുഹമ്മദ് നിസാമിനു ജയിലിൽ സുഖവാസമായി. നിസാമിന് ഇഷ്ടഭക്ഷണം വാങ്ങി നൽകാൻ ദിവസവും ആയിരക്കണക്കിനു രൂപയാണ് ഉദ്യോഗസ്ഥർക്ക് നിസാമിന്റെ ബന്ധുക്കൾ എത്തിച്ചു കൊടുക്കുന്നത്.

മറ്റു പ്രതികൾക്ക് ലഭിക്കാത്ത എല്ലാ സൗകര്യങ്ങളും നിസാമിന് നൽകാൻ ലക്ഷങ്ങളാണ് ഉദ്യോഗസ്ഥർക്ക് വാഗ്ദാനം ചെയ്യുന്നത്. മാദ്ധ്യമങ്ങളുടെ ശ്രദ്ധ നിസാമിൽനിന്ന് തിരിഞ്ഞതോടെ നിസാമിന്റെ പ്രീതി പിടിച്ചു പറ്റി കലക്കവെള്ളത്തിൽ മീൻപിടിക്കുക എന്ന ലക്ഷ്യമാണ് ചില ജയിൽ ഉദ്യോഗസ്ഥർക്കുള്ളത്. ജയിലിൽനിന്നുള്ള ഭക്ഷണത്തിന് പകരം നിസാം ആവശ്യപ്പെടുന്ന ഭക്ഷണം പുറത്തുനിന്നു വാങ്ങി നൽകുന്നതായി ഇതിനോടു താൽപര്യമില്ലാത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഇതിന് ജയിൽ ഉദ്യോഗസ്ഥർ പറയുന്ന ന്യായീകരണം ഇങ്ങനെ- ' പ്രതികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണം നൽകണമെന്ന് ജയിൽ വകുപ്പിന്റെ തന്നെ ഉത്തരവുണ്ട് '. നിസാമിന്റെ ആരോഗ്യകാര്യത്തിൽ ജയിൽവകുപ്പിനെക്കാൾ ശ്രദ്ധ പൊലീസ് വകുപ്പിനാണ് . നിസാമിന് ആവശ്യമുള്ള സൗകര്യങ്ങൾ നൽകണമെന്നും എല്ലാ ദിവസവും നിസാമിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജയിൽ സൂപ്രണ്ടിനെ വിളിക്കാറുണ്ടെന്നും ജയിൽ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ നിസാമിനു വഴിവിട്ട സഹായങ്ങൾ ചെയ്യാൻ കൂട്ടാക്കാത്ത ഉദ്യോഗ്സ്ഥരെ നിസാമിന്റെ പിടിപാടിനെക്കുറിച്ചു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായും ജയിലിലെ ചില വാർഡർമാർ വ്യക്തമാക്കുന്നു. ബിരിയാണി, ചപ്പാത്തി, പൊറോട്ട, ചിക്കൻ വിഭവങ്ങൾ എന്നിവയാണ് നിസാമിനായി ജയിലിൽ എത്തിക്കുന്നത്. കൂടാതെ നിയമം ലംഘിച്ച് സന്ദർശകരെയും അനുവദിക്കാൻ ജയിൽ ഉദ്യോഗസ്ഥർക്ക് മടിയൊന്നുമില്ല.

അതിനിടെ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ നിസാം ഉപയോഗിക്കുന്നുതായും സൂചനയുണ്ട്. കേസിൽനിന്നു രക്ഷപ്പെടാനും സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാനുമുള്ള ശ്രമങ്ങൾക്കാണ് ജയിൽ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉപയോഗിക്കുന്നത്. ഇത് ജയിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കും നിസാമിനും താക്കീത് നൽകിയെങ്കിലും ഇതു ഫലം കണ്ട മട്ടില്ല.

നിസാമിനു വഴിവിട്ട ഇത്തരം സഹായങ്ങൾ ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ ഇടയിൽത്തന്നെ രണ്ടഭിപ്രായമുണ്ട്. ഒന്ന്, തന്റെ കാര്യങ്ങൾ തടസമില്ലാതെ നടക്കാൻ എത്ര പണം പോലും ചെലവാക്കുന്ന നിസാമിൽനിന്ന് ഉള്ള സമയം കൊണ്ട് പത്ത് കാശുണ്ടാക്കുക. രണ്ട്, നിസാമിനെ വെറുപ്പിച്ചാൽ പുറത്തിറങ്ങിക്കഴിഞ്ഞാൽ തിരിച്ചു പണി കിട്ടുമോ എന്ന പേടി.

അതിനിടെ, നിസാമിന്റെ പാസ്‌പോർട്ടും തോക്കും കണ്ടെത്താൻ കേന്ദ്രഏജൻസികൾ ശക്തമായ നിർദ്ദേശം നൽകിയെങ്കിലും പൊലീസ് ഇക്കാര്യത്തിൽ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ തൃശൂർ കമ്മീണറായി നിശാന്തിനി എത്തിയതോടെ കാര്യങ്ങൾ വേണ്ട രീതിയിൽ മുന്നോട്ടുപോകുന്നില്ലെന്നാണ് കാശുമായി രംഗത്തിറങ്ങിയിരിക്കുന്ന നിസാമിന്റെ ബന്ധുക്കളുടെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP